Story Dated: Saturday, March 21, 2015 03:20
പയേ്ാേളി: മേലടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ഐ വിഭാഗം പത്രിക സമര്‍പ്പിച്ചു. ഐ. വിഭാഗത്തിന്റെ പ്രതിനിധിയായി മനയില്‍ നാരായണനാണ് വരണാധികാരിയായ മേലടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നേരത്തെ തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊടലൂര്‍ രാജീവന്‍ പത്രിക നല്‍കിയിരുന്നു. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തു വന്നു . സ്‌ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ നടത്തിയെങ്കിലും തീരുമാനമാകത്തതിനെ തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വിഷയം ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കൈമാറിയിരുന്നു.
ഗ്രൂപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാനായുള്ള കോര്‍ കമ്മറ്റി വിളിച്ചു ചേര്‍ത്ത് തര്‍ക്കം ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും എ ഗ്രൂപ്പ് പ്രതിനിധിയായ ഡി.സി.സി. പ്രസിഡന്റ് തീരുമാനം ഒറ്റയ്‌ക്ക് പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഐ വിഭാഗം നേതാക്കള്‍ പറയുന്നത്. ഐ വിഭാഗം നേതാവായ കൊടലൂര്‍ രാജീവനെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ഡി.സി.സി. പ്രസിഡന്റിന്റെ ഈ നടപടിക്കെതിരെ ഐ വിഭാഗം യോഗം ചേര്‍ന്നു പ്രമേയം പാസാക്കി. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും എ വിഭാഗത്തിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനും ഐ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു.
പുറക്കാട് ഡിവിഷനിലെ അംഗമായ പി. മഹമൂദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എ വിഭാഗത്തിന്റെ പ്രതിനിധിയായ അംഗത്തിന്റെ മരണത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിത്വം എ വിഭാഗത്തിന് നല്‍കുകയായിരുന്നുവെന്നും സംസ്‌ഥാനത്ത് മുഴുവന്‍ ഉണ്ടാക്കിയ ധാരണ പ്രകാരം സ്‌റ്റാറ്റസ്‌കോ നിലനിര്‍ത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്‌തതെന്നും എ വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാല്‍ വിജയ സാധ്യതയുള്ള സ്‌ഥാനാര്‍ഥികളെ മാത്രമേ നിര്‍ത്തേണ്ടതുള്ളു എന്ന കെ. പി. സി. സിയുടെ നിര്‍ദേശപ്രകാരമാണ് മനയില്‍ നാരായണനെ സ്‌ഥാനാര്‍ഥിയായി നിര്‍ത്തുന്നതെന്നാണ് ഐ യുടെ നിലപാട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് തിക്കോടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ ഐ വിഭാഗത്തിനാണ് ഭൂരിപക്ഷമെന്നും ഇത് നേതൃത്വം കണക്കിലെടുക്കണമെന്നുമാണ് ഐ. ഗ്രൂപ്പ് നേതാക്കളുടെ വാദം.
യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ മൂര്‍ച്‌ഛിച്ചതോടെ ഉപതെരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവായാണ് കണക്കാക്കുന്നത്. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരമാവധി മുതലെടുക്കാനും വിജയം ഉറപ്പിക്കാനുമുള്ള ശ്രമങ്ങള്‍ എല്‍.ഡി.എഫ.് തുടങ്ങിക്കഴിഞ്ഞു. ഡി.വൈ.എഫ.്‌ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ടായ കളത്തില്‍ ബിജുവാണ് എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥിയാവുക. ഇദ്ദേഹം അടുത്ത ദിവസം തന്നെ പത്രിക നല്‍കും. ഉപതെരഞ്ഞെടുപ്പിലെ ഫലം ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിന് നിര്‍ണായകമായിരിക്കും.
from kerala news edited
via IFTTT