Story Dated: Saturday, March 21, 2015 04:23
കോട്ടയം: ബാര്‍കോഴ വിവാദം ഗൗരവ രൂപം പ്രാപിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് സ്‌റ്റീയറിംഗ് കമ്മറ്റി യോഗങ്ങള്‍ തട്ടിക്കൂട്ടാകുന്നതായി ആരോപണം. ഇന്ന് നടക്കേണ്ടിയിരിക്കുന്ന യോഗവും കാര്യമായ ചര്‍ച്ചയ്‌ക്ക് സാധ്യത ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവസാനിക്കും എന്ന് വന്നതോടെ വിമര്‍ശനം ശക്‌തമായി. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്കെതിരേ രാജി ആവശ്യം ഉള്ളില്‍ തന്നെ ഉയരുമെന്ന ഭീതിയില്‍ യോഗങ്ങള്‍ പ്രഹസനമാക്കുന്നതായിട്ടാണ് വിലയിരുത്തലുകള്‍.
ബാര്‍കോഴ വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ കഴിഞ്ഞ യോഗത്തില്‍ പ്രധാന നേതാക്കള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ പാര്‍ട്ടിവേദി പോലും ഇല്ലാതാക്കുന്ന വിധത്തില്‍ യോഗങ്ങളുടെ ഗൗരവം ചുരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുകയാണെന്നാണ് വിമര്‍ശനം. ഇന്ന് രണ്ടു മണിയോടെ യോഗം നടക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും യോഗം തുടങ്ങിയത് 3.45 ന് മാത്രമായിരുന്നു. നാലു മണിക്ക് പാലായില്‍ മാണിക്ക് പൗരസമിതിയുടെ സ്വീകരണം ഉണ്ടെന്ന കാരണത്താല്‍ ഇതില്‍ പങ്കെടുക്കാന്‍ യോഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഗൗരവമായ അനേകം വിഷയങ്ങള്‍ അടുത്ത യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് കഴിഞ്ഞ യോഗത്തില്‍ ചെയര്‍മാന്‍ നല്‍കിയ വാക്കുകള്‍ പോലും നടപ്പിലായില്ല. വിജിലന്‍സ് കുറ്റപത്രത്തിലേക്ക് ബാര്‍കോഴ വിവാദം നീങ്ങുമ്പോള്‍ മാണി രാജിവെയ്‌ക്കണമെന്ന് പരോക്ഷമായി പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്ന അഭിപ്രായം പ്രത്യക്ഷമായി ഉന്നയിക്കപ്പെട്ടേക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതിനാലാണ് ഇങ്ങനെയെല്ലാം യോഗം തട്ടിക്കൂട്ടായി മാറ്റുന്നതെന്നാണ് ആരോപണം. സ്‌റ്റീയറിംഗ് കമ്മറ്റി യോഗങ്ങള്‍ പ്രഹസനമാക്കുന്നതിനെതിരേ പാര്‍ട്ടിയിലെ പിസി ജോര്‍ജ്‌ജ് വിഭാഗം ശക്‌തമായി രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്.
from kerala news edited
via IFTTT