Story Dated: Saturday, March 21, 2015 04:52
ജയ്‌പൂര്‍: രാജസ്‌ഥാനിലെ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം വരുന്ന ഇന്ത്യന്‍ പ്രദേശങ്ങളില്‍ അനധികൃതമായി ലഭിക്കുന്ന പാക് മൊബൈല്‍ സിഗ്നലുകള്‍ പാകിസ്‌ഥാന്‍ ഇന്ത്യയ്‌ക്കെതിരേ ചാരപ്പണിക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മേഖലയിലെ 20 കിലോമീറ്ററുകള്‍ അകത്ത് പോലും പാകിസ്‌ഥാന്‍ മൊബൈല്‍ കമ്പനികളുടെ സിഗ്നല്‍ ലഭിക്കുന്നതിനാല്‍ പാക് സിം ഉപയോഗിച്ച് പാകിസ്‌ഥാന്‍ വ്യാപക നിയമലംഘനങ്ങള്‍ നടത്തുന്നതായിട്ടാണ് വിവരം.
അതിര്‍ത്തിയില്‍ മറ്റൊരു രാജ്യത്തിന്റെ 500 മീറ്റര്‍ പരിധി വരെയെ നെറ്റ്‌വര്‍ക്ക് അനുവദനീയമാകൂ എന്ന ടെലികോം മേഖലയിലെ അന്താരാഷ്‌ട്ര നിയമത്തെ പോലും കാറ്റില്‍ പറത്തിയാണ് ഇവിടെ പാക് പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ പ്രദേശങ്ങളായ ഖോകാപര, ഫോര്‍ട്ട് മന്തര്‍, ബംഗ്‌ളാവ് മാണ്ടി, കന്‍ഗജ് എന്നിവിടങ്ങളില്‍ വരെ പാക് മൊബൈല്‍ കമ്പനികളായ പാക്-പിഎല്‍, വാള്‍ഡ്‌ടെല്‍, പികെ-യുഫോണ്‍ തുടങ്ങിയവയുടെ സിഗ്നലുകള്‍ കിട്ടുന്നുണ്ടെന്നാണ് വിവരം. ഇതിലൂടെ പാകിസ്‌ഥാന്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിക്കുകയും ഇന്ത്യയുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായിട്ടാണ് വിവരം.
അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപമുള്ള ബാര്‍മര്‍, ജെയ്‌സല്‍മര്‍, ബികാനീര്‍, ഗംഗാ നഗര്‍ എന്നിവിടങ്ങളിലെ ടവറുകള്‍ കേന്ദ്രീകരിച്ച് പാകിസ്‌ഥാന്‍ ഇന്ത്യയില്‍ അനേകം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കുന്നതായിട്ടാണ് വിവരം. ഇന്ത്യന്‍ മേഖലയിലെ 20 കിലോമീറ്ററിനകത്ത് വരെ ഈ മൊബൈല്‍ കമ്പനികളുടെ സിഗ്നലുകള്‍ ലഭ്യമാകുന്നുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് പാക് സിമ്മുകള്‍ സംഘടിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. താര്‍ എക്‌സ്പ്രസ് യാത്രികരായി സഞ്ചരിച്ച് ഇവിടുത്തെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ പാകിസ്‌ഥാനിലുള്ളവര്‍ക്ക് സുഗമമായി നല്‍കുകയാണെന്നും അതിനനുസരിച്ച് അവര്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതായിട്ടുമാണ് കണ്ടെത്തല്‍.
from kerala news edited
via IFTTT