121

Powered By Blogger

Saturday, 21 March 2015

കെ.സി. അബുവിന്റെ പ്രസ്‌താവനയ്‌ക്കെതിരേ പ്രതിഷേധം ശക്‌തം











Story Dated: Saturday, March 21, 2015 03:20


കോഴിക്കോട്‌: വനിതാ എം.എല്‍.എമാരെ അപമാനിക്കും വിധത്തിലുള്ള ഡി.സി.സി. പ്രസിഡന്റ്‌ കെ.സി അബുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നു നഗരം പ്രതിഷേധാഗ്നിയില്‍ മുങ്ങി. വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളും മാര്‍ച്ചുകളുമായി രംഗത്തെത്തി. എ.ഐ.വൈ.എഫ്‌, സി.പി.ഐ. പ്രവര്‍ത്തകര്‍ ഡി.സി.സി. ഓഫീസിലേക്കു മാര്‍ച്ചു നടത്തി.

ഓഫീസിനു സമീപം മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നു നടന്ന ധര്‍ണ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കെ.സി. അബുവിന്റെ വസതിയിലേക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌. അഡ്വ.പി. സതീദേവി ഉദ്‌ഘാടനം ചെയ്‌തു. വൈകിട്ടോടെ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

കോഴിക്കോട്‌: ജമീല പ്രകാശം ഉള്‍പ്പെടെയുള്ള വനിതാ എം.എല്‍.എമാരെ ഏറ്റവും നികൃഷ്‌ടമായ ഭാഷയില്‍ അപമാനിച്ച ഡി.സി.സി. പ്രസിഡന്റ്‌ കെ.സി. അബുവിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌ത് നിയമ നടപടിക്ക്‌ വിധേയമാക്കണമെന്നും അല്ലാത്തപക്ഷം ശക്‌തമായ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുമെന്നും ജനതാദള്‍ (എസ്‌) സംസ്‌ഥാന സെക്രട്ടറി കെ. ലോഹ്യ അറിയിച്ചു.

നിയമസഭയില്‍ അപമാനിക്കപ്പെട്ടതു സംബന്ധിച്ച നടപടികള്‍ നടന്നു വരികെയാണ്‌ പരസ്യമായി വീണ്ടും വനിതാ എം.എല്‍.എമാരെ അപമാനിക്കാന്‍ അബു തയാറായത്‌. ഈ നിലപാട്‌ കെ.പി.സി.സിയുടെ അറിവോടെയാണോ എന്ന്‌ വി.എം. സുധീരന്‍ വ്യക്‌തമാക്കണമെന്നും ലോഹ്യ ആവശ്യപ്പെട്ടു.


കേസെടുക്കണം:സി.പി.ഐ.


കോഴിക്കോട്‌: വനിതാ എം.എല്‍.എമാരെ കൈയേറ്റം ചെയ്‌തതിനെ ന്യായീകരിച്ചു കെ.സി. അബു പരാമര്‍ശം നടത്തിയതിനെതിരെ കേസെടുക്കണമെന്നു സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍. തുടര്‍ച്ചയായി അശ്ലീല പ്രയോഗം നടത്തുന്നവര്‍ കോണ്‍ഗ്രസ്‌ സംസ്‌കാരത്തെ നിഷേധിക്കുകയാണെന്ന്‌ നേതൃത്വം ബോധ്യപ്പെടുത്തണമെന്നും ടി.വി. ബാലന്‍ ആവശ്യപ്പെട്ടു.

പ്രകടനം നടത്തി


കൊടുവള്ളി: ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കൊടുവള്ളിയില്‍ പ്രകടനം നടത്തി. കെ.കെ. അഖിലേഷ്‌, കെ.ടി. രാകേഷ്‌, നാസര്‍ ചുണ്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

ഡി.വൈ.എഫ്‌.ഐ നേതൃത്വത്തില്‍ പന്നൂരിലും പ്രകടനം നടത്തി. ബിജു പന്നൂര്‍, ഇ.കെ. സലാം, സയിദ്‌ പുനത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT