പുതിയ ഉയരംകുറിച്ചാണ് ഓഹരി വിപണി ഈയാഴ്ച പിന്നിട്ടത്. ഇന്ത്യയിൽമാത്രമല്ല, ആഗോളതലത്തിൽതന്നെഒരുവർഷത്തിനിടെ റെക്കോഡ് നേട്ടമാണ് വിപണി നിക്ഷേപകന് സമ്മാനിച്ചത്. ഡിമാൻഡ് കൂടിയതിനെതുടർന്നുള്ള പണപ്പെരുപ്പ സമ്മർദത്തിലാണ് യുഎസ്, ചൈന എന്നിവിടങ്ങളിലെ സമ്പദ് വ്യവസ്ഥകൾ. അതേസമയം, രാജ്യത്ത വിലക്കയറ്റനിരക്ക് ആറുശതമാനം പിന്നിട്ട് കംഫർട്ട് സോണിനെ മറികടക്കുകയുംചെയ്തിരിക്കുന്നു. ഡിമാൻഡ് വർധനയല്ല, ഇന്ധനവില റോക്കറ്റുപോലെ ഉയർന്നതാണ് ഇവിടത്തെ വിലക്കയറ്റത്തിന് കാരണം. വിതരണമേഖലയിലെ പ്രതിസന്ധി അസംസ്കൃത എണ്ണവിലയിൽ ഇനിയും വർധനവുണ്ടാക്കാനാണ് സാധ്യത. വർധിക്കുന്ന പണപ്പെരുപ്പം സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്നും ഓഹരി വിപണിക്കത് ഗുണംചെയ്യുമെന്നും വിലയിരുത്തലുണ്ട്. പലിശ നിരക്ക് വർധിപ്പിക്കേണ്ടെന്ന ഉറച്ചതീരുമാനത്തിൽ ആർബിഐ തുടരുന്നതും അതുകൊണ്ടാണ്. പണപ്പെരുപ്പത്തിന്റെയും ബോണ്ട് ആദായത്തിന്റെയും വൈരുദ്ധ്യമായ നീക്കം ഇവിടെ ശ്രദ്ധേയമാണ്. പണപ്പെരുപ്പം ഉയരുകയും ബോണ്ടിലെ ആദായം കുറയുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം മറ്റെല്ലാ സൂചനകളും ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്. ജിഎസ്ടി വരുമാനം ഒരുലക്ഷംകോടി രൂപയ്ക്കുതാഴെയെത്തി. രാജ്യത്തെ കടം ജിഡിപി അനുപാതം 14 വർഷത്തെ ഉയർന്ന നിലയിലുമെത്തിയിരിക്കുന്നു. മോശംസാമ്പത്തിക സാഹചര്യത്തിലേക്ക് ഈ സൂചനകൾ വിരൽചൂണ്ടുമ്പോൾ, അതിനെയെല്ലാംതള്ളി വിപണി റോക്കോഡ് ഉയരങ്ങൾ പിന്നിടുകയാണ്. നിക്ഷേപകരിൽ വലിയൊരു വിഭാഗം നേട്ടം ആസ്വദിക്കുകയുംചെയ്തു. വിപണിയുടെ ഏത് കാലാവസ്ഥയിലും നിക്ഷേപംതുടരുകയെന്ന വലിയൊരുപാഠമാണ് നിക്ഷേപകർക്ക് ഇത് നൽകുന്നത്. പോയആഴ്ച വിപണിയിൽ കാളകൾ പിടിമുറുക്കുമ്പോൾ ഐപിഒകൾ നിക്ഷേപകരിൽ ആവേശമുയർത്തുന്നത് സ്വാഭാവികമാണ്. മാലപ്പടക്കംപോലെ കമ്പനികൾ ഐപിഒകളുമായെത്തുകയുംചെയ്യും. പ്രൊമോട്ടർമാരും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും ആകർഷകമായ മൂല്യനിർണയങ്ങളിൽനിന്ന് പ്രയോജനംനേടുകയുംചെയ്യുന്നു. മൊത്തം ഐപിഒ ഇഷ്യുവിൽ ചെറിയഭാഗംമാത്രമെ റീട്ടെയിൽ വിഭാഗത്തിനായി നീക്കിവെച്ചിട്ടുള്ളൂവെന്നകാര്യം മറന്ന് സബ്സ്ക്രിപ്ഷൻ കണക്കുകളെ വിലയിലുത്തി നിക്ഷേപകർ ആവേശഭരിതരാകുന്നു. യഥാർത്ഥത്തിൽ ഐപിഒകളിൽനിന്ന് ആരാണ് നേട്ടമുണ്ടാക്കുന്നത്? പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരും പ്രൊമോട്ടർമാരുംതന്നെ. ലിസ്റ്റിങിനുശേഷമുള്ള വിലവർധനവിനായി കാത്തിരിക്കുകയാണ് റീട്ടെയിൽ നിക്ഷേപകർ. വിപണിയിലേയ്ക്കുള്ള പണമൊഴുക്ക് തുടരുന്നിടത്തോളംകാലം ഇത് ആവർത്തിച്ചുകൊണ്ടിരിക്കും. പോയ ആഴ്ചയിൽ നിഫ്റ്റി നേട്ടമുണ്ടാക്കിയെങ്കിലും 400 പോയന്റിന്റെ പരിധിമറികടക്കാനാകതെ വട്ടംചുറ്റുകയാണ്. ശക്തമായ പ്രതിരോധമാണ് 15,600ൽ നിഫ്റ്റിക്ക് രൂപപ്പെട്ടിരിക്കുന്നത്. 15,950 മറികടക്കാനായാൽ 16,200 നിലവാരത്തിലേയ്ക്ക് കുതിക്കാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. 1.49ശതമാനം നേട്ടത്തിൽ 15,923.40 നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ്ചെയ്തത്. വരുംആഴ്ച കമ്പനികളുടെ പാദഫലങ്ങളാകും വരുംആഴ്ചയിലും വിപണിയിൽ ചലനമുണ്ടാക്കുക. കഴിഞ്ഞവർഷം ആദ്യപാദത്തിൽ ലോക്ഡൗണിലായിരുന്നതിനാൽ അന്നത്തേതുമായുള്ള താരതമ്യം അപ്രസക്തമാണ്. ഭാവിയിലേക്കുള്ള കമ്പനികളുടെ കാഴ്ചപ്പാടിനായിരിക്കും വിലകൽപ്പിക്കപ്പെടുക. അതുകൊണ്ടുതന്നെ, വിപണി റെക്കോഡുകൾതകർത്താലും കരുതലെടുത്തേ നിക്ഷേപകർ മുന്നേറാവു. അഗ്രസീവായ നിക്ഷേപത്തിൽനിന്ന് പിന്മാറുന്നതാകും ഉചിതം. ഭാഗികമായെങ്കിലും ലാഭമെടുക്കാൻ മറക്കുകയുവേണ്ട.
from money rss https://bit.ly/3wNV8Bk
via IFTTT
from money rss https://bit.ly/3wNV8Bk
via IFTTT