തികച്ചും സന്തുലിതമായ, യാഥാർഥ്യ ബോധത്തോടെയുള്ള ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. കോവിഡിനെതുടർന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഘട്ടത്തിൽ അധിക നികുതികൾ അടിച്ചേല്പിക്കാതെയും, എന്നാൽ സാധാരണക്കാർക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് അർഹിക്കുന്ന പ്രാധാന്യം കൊടുത്തും പശ്ചാത്തല വികസന പദ്ധതികൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും ഉറച്ചപിന്തുണനൽകിയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് ഊന്നൽ നൽകിയിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയതുമുതൽ പൊതുജനാരോഗ്യ മേഖലയിൽ ഗവണ്മെന്റിന്റെ പങ്ക് എന്താണ് എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഇൻഷുറൻസ് ഒരിക്കലും സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന് പകരമാവില്ല എന്ന വാദത്തിനു കോവിഡ് കൂടുതൽ ബലമേകി. അതിനാൽതന്നെ, കോവിഡിനെ ചെറുക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പൊതുജനാരോഗ്യമേഖലക്ക് ബജറ്റ് നൽകിയ അംഗീകാരം ആയിരിക്കും ഒരുപക്ഷേ പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ത് ഭാരത് യോജന. പ്രൈമറി ഹെൽത്ത് സെന്റർ മുതൽ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് 64180 കോടി രൂപയാണ് അടുത്ത 6 വർഷത്തേക്ക് ബജറ്റ് നീക്കിവച്ചത്. ദേശീയ കുടുംബരോഗ്യ സർവേയുടെ 2020 ലെ റിപ്പോർട്ട് അനുസരിച്ച് 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ പ്രായത്തിന് ആനുപാതികമായി ഉയരം ഇല്ലാത്തവരുടെ അനുപാതം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കൂടുകയുണ്ടായി. അതിനാൽ തന്നെ 3 വർഷം പൂർത്തിയാക്കിയ പോഷൺ അഭിയാൻ പദ്ധതി തുടരും എന്ന സൂചനകൾ ഉണ്ടായിരുന്നു, പ്രത്യേകിച്ചും കോവിഡിന്റെ പശ്ചാത്തലത്തിൽ. മിഷൻ പോഷൺ 2.0 എന്ന പേരിൽ പദ്ധതി തെരഞ്ഞെടുത്ത 112 ജില്ലകളിൽ ഊർജ്ജിതമായി നടപ്പിലാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. അതുപോലെതന്നെ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ഓണ്ലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന, എന്നാൽ യാതൊരു വിധ തൊഴിൽ സുരക്ഷയും ഇല്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി കുറഞ്ഞകൂലിയും ഇൻഷുറൻസ് പരിരക്ഷയും ബജറ്റ് ഉറപ്പ് വരുത്തുന്നുണ്ട്. കൊറോണ കാലത്ത് പാവപ്പെട്ടവർക്ക് കൈത്താങ്ങായിനിന്ന തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിലും വൻവർധന (19%) വരുത്തിയിട്ടുണ്ട്. കൂടാതെ, സൗജന്യ പാചകവാതക സിലിണ്ടർ നൽകുന്ന പദ്ധതി(ഉജ്ജ്വല) അധികമായി 1 കോടി കുടുംബങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനിച്ചു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ അടുത്ത ഒരുദശകത്തിനുള്ളിൽ പുതുതായി 10 കോടി തൊഴിലവസരങ്ങൾ കാർഷികേതരമേഖലയിൽ സൃഷ്ടിക്കേണ്ടതുണ്ട്. ഇവിടെയാണ് സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ പ്രസക്തി. ഈമേഖലയിൽ കൂടുതൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങൾ കൂട്ടുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പ്രോത്സാഹന പദ്ധതിക്ക് അടുത്ത 5 വർഷത്തേക്ക് ഏകദേശം 1.97 ലക്ഷം കോടിരൂപ വകയിരുത്തി. ഈ മേഖലയുടെ ആവശ്യത്തിനുള്ള ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കത്തിലും കുറവ് വരുത്തിയിട്ടുണ്ട്. അതുവഴി ഉൽപ്പാദന ചെലവ് കുറച് കയറ്റുമതി വർധിപ്പിക്കാനാണ് ബജറ്റ് ശ്രമിക്കുന്നത്. കൂടാതെ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന റോഡ്/ഹൈവേ, റെയിൽവേ, മെട്രോ, സാധാരണക്കാർക്കുള്ള പാർപ്പിട നിർമാണം തുടങ്ങിയ മേഖലകളിലും വൻ മുതൽ മുടക്ക് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെ പണം കണ്ടെത്തും രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മേൽപ്പറഞ്ഞ പശ്ചാത്തല വികസനപദ്ധതികളുടെ ചെലവിന്റെ ഭാരം ജനങ്ങളുടെ ചുമലിൽ അടിച്ചേല്പിക്കാതിരിക്കാൻ ബജറ്റ് ശ്രദ്ധിക്കുന്നുണ്ട്. ഇതിനുള്ള വരുമാനം തന്ത്രപ്രധാനമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും അവയുടെ കൈവശമുള്ള അധിക ഭൂമിയുൾപ്പെടെയുള്ള ആസ്തികൾ പണമാക്കുന്നതിലൂടെയും കണ്ടെത്താനാണ് ബജറ്റ് ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്പനക്കായി ഒരു മാർഗ്ഗരേഖ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ബജറ്റും ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും ബാങ്കിങ് മേഖലയിലെ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി മാത്രമല്ല, കിട്ടാക്കടത്തിന് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള നടപടികൾക്കും ബജറ്റ് തുടക്കം കുറിക്കുന്നുണ്ട്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനായി ആസ്തി പുനർനിർമാണ കമ്പനി അഥവാ ആമറ ആമിസ, പ്രതിസന്ധി മൂലം ഏറ്റവും കൂടുതൽ കിട്ടാക്കടം വരുത്തിയ വൈദ്യുതി വിതരണ മേഖലക്കുള്ള 3 ലക്ഷം കോടി രൂപയുടെ സഹായം, പൊതുമേഖല ബാങ്കുകളിൽ 20000 കോടി രൂപയുടെ അധിക മൂലധന നിക്ഷേപം, 2 പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം തുടങ്ങിയ വഴികളിലൂടെ ബാങ്കിങ് രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. മാത്രമല്ല, ദീർഘകാല പദ്ധതികൾക്ക് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിക്കുന്നതിനാൽ, പഴയ കാലത്തെ ICICI, IDBI തുടങ്ങിയവയുടെ മാതൃകയിൽ ഒരു വികസന ബാങ്ക് രൂപീകരിക്കാനും തീരുമാനിച്ചു. കൂടാതെ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നല്ലാതെ, മാർക്കറ്റിൽ നിന്ന് ബോണ്ട് വിൽപ്പന വഴി പണം കണ്ടെത്താൻ കോർപ്പറേറ്റുകളെ സഹായിക്കാനായി ഒരു സ്ഥാപനത്തിനും ബജറ്റ് രൂപം നൽകുന്നുണ്ട്. സാമ്പത്തിക പരിഷ്കരണങ്ങളുടെ തുടർച്ച 2021 ലെ എന്നല്ല, ഒരു പക്ഷെ സമീപകാലത്തെ ബജറ്റുകൾ കണ്ട ഏറ്റവും ധീരമായ തീരുമാനങ്ങളാണ് പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണവും ഇൻഷുറൻസ് മേഖലയിൽ 74%വിദേശ നിക്ഷേപം അനുവദിച്ചതും. ഇൻഷുറൻസ് രംഗം ഇപ്പോഴും ഇന്ത്യയിൽ അതിന്റെ ശൈശവ ദശയിൽ തന്നെയാണ്. വെറും 3% ത്തിൽ താഴെ ഇന്ത്യക്കാർ മാത്രമാണ് ലൈഫ് ഇൻഷുർ ചെയ്തിട്ടുള്ളത്. വിദേശ മൂലധനത്തിന്റെ വരവ് ഈ മേഖലയുടെ വളർച്ചക്കും അത് വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. ധനകമ്മിയും ബജറ്റിലെ സുതാര്യതയും ബജറ്റിലെ വരുമാനത്തെയും ധനകമ്മിയെയും കുറിച്ചുള്ള കണക്കുകൂട്ടലുകൾ ധാരാളം വിമർശനങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. എന്നാൽ വരുമാനം പെരുപ്പിച്ചു കാണിക്കുന്നതിനോ അല്ലെങ്കിൽ കമ്മി മറച്ചു വയ്ക്കുന്നതിനോ ബജറ്റ് ശ്രമിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ച 3.5% ധനക്കമ്മി ഈ വർഷാവസാനത്തോടെ 9.5% ആയി ഉയരും. അടുത്ത വർഷം പ്രതീക്ഷിക്കുന്നത് 6.8% കമ്മി ആണ്. മൊത്തം റവന്യൂ വരുമാനം 17.88 ലക്ഷം കോടി രൂപയും ഓഹരി വില്പനയിലൂടെ മറ്റൊരു 1.75 ലക്ഷം കോടി രൂപയും നേടാനാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ തിരിച്ചുവരവ് സുസ്ഥിരമാണെങ്കിൽ ഇത് നിഷ്പ്രയാസം നേടിയെടുക്കാവുന്നതെയുള്ളൂ. (ഇന്ത്യൻ ഇക്കണോമിക് സർവീസ് ഉദ്യോഗസ്ഥനായ ലേഖകൻ ഇപ്പോൾ കാർഷിക മന്ത്രാലയത്തിൽ ഡയറക്ടറാണ്. അഭിപ്രായം വ്യക്തിപരം)
from money rss https://bit.ly/2MpsPrY
via
IFTTT