പാലാരിവട്ടം പഞ്ചവടിപ്പാലത്തിന്റെ നിർമാണത്തിന് രണ്ടുകൊല്ലവും അഞ്ചുമാസവും വേണ്ടിവന്നു. ഇത് പൊളിച്ചു പുനർനിർമിക്കുന്നതിന് 18 മാസം എടുക്കുമെന്നാണ് ആദ്യം കണക്കാക്കിയത്. നിർമാണത്തിനു ചുമതലയേറ്റെടുത്ത ഡൽഹി മെട്രോ കമ്പനി സമയപരിധി നേർപകുതിയാക്കി, ഒമ്പതു മാസമായി, നിശ്ചയിച്ചു. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഞ്ചുമാസവും 10 ദിവസവുംകൊണ്ട് പണി പൂർത്തിയാക്കി. നിലനിന്ന പാലം പൊളിക്കുകയും അതെല്ലാം നീക്കുകയും ചെയ്യുന്ന പണികൂടി ചേർത്താൽ ഫലത്തിൽ പുതിയ പാലം നിർമിക്കുന്നതിനെക്കാൾ വലിയപ്രവൃത്തി. അതാണ് അഞ്ചുമാസവും 10 ദിവസവുംകൊണ്ടു സാധിച്ചത്. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തകരാറും അഴിമതിയുമെല്ലാം സംബന്ധിച്ച് കേസും അന്വേഷണവുമുണ്ട്. അവയെക്കുറിച്ചല്ല ഈ ലേഖനം. വൻകിട പ്രോജക്ടുകളെല്ലാം ഒട്ടുമിക്കപ്പോഴും അനിശ്ചിതമായി നീണ്ടുപോകുന്ന കേരളത്തിൽ പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത് എങ്ങനെ? പുനർനിർമാണത്തിന്റെ പാഠങ്ങൾ എന്ത്? നടത്തിപ്പുകാർ-ഡൽഹി മെട്രോ കമ്പനി. കാര്യക്ഷമവും സമയബന്ധിതവുമായി പ്രവൃത്തി പൂർത്തീകരിക്കുന്നതിന്റെ ഏറ്റവും സുപ്രധാന ഘടകം അതിനു ചുമതലയേൽക്കുന്ന നടത്തിപ്പുകമ്പനിയുടെ സ്വഭാവമാണ്. പുനർനിർമാണത്തിനു ഡി.എം.ആർ.സി.യെയും ഇ. ശ്രീധരനെയും ആണല്ലോ സർക്കാർ ചുമതലപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനമാണെങ്കിലും എത്ര കാര്യക്ഷമമായിട്ടാണ് അവർ പ്രവർത്തിച്ചത്! നമ്മുടെ സംസ്ഥാന പൊതുമേഖലാ നിർമാണക്കമ്പനികളെ ഡി.എം.ആർ.സി.യുമായി താരതമ്യപ്പെടുത്തിയാൽ ചോദ്യത്തിനു പാതി ഉത്തരമാകും. പാലം പുനർനിർമാണത്തിന്റെ ഡിസൈൻ തുടക്കത്തിലേ പൂർണരൂപത്തിൽ അംഗീകരിച്ചു. നമ്മുടെ പല നിർമാണങ്ങളുടെയും ഡിസൈൻ ഘട്ടംഘട്ടമായാണു തയ്യാറാകുന്നത്. ഇതിന് അംഗീകാരം നൽകുന്നതിനുള്ള നടപടികൾ ഓരോവട്ടവും ആവർത്തിക്കേണ്ടത് വലിയ കാലതാമസമാണ് വരുത്തുന്നത്. ഒറിജിനൽ പാലത്തിന്റെ ഡിസൈനിലുള്ള പാകപ്പിഴകളെക്കുറിച്ചു പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിനുള്ള കഴിവ് നമ്മുടെ ഏജൻസികൾക്കില്ല. പൊതുമരാമത്തിന്റേതന്നെ ഡിസൈൻ വിങ്ങിനെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ. ഡി.എം.ആർ.സി. അവർ കരാറേൽപ്പിച്ച ഊരാളുങ്കൽ സൊസൈറ്റിക്കു നൽകിയ പിന്തുണയാണു മറ്റൊന്ന്. ഡി.എം.ആർ.സി.യുടെ ചീഫ് എൻജിനിയർ കേശവ് ചന്ദ്ര അടക്കമുള്ളവർ 24 മണിക്കൂറും വിളിപ്പുറത്തുണ്ടായിരുന്നു. കേശവ് ചന്ദ്ര എല്ലാദിവസവും രാവിലെ എട്ടുമണിക്ക് സൈറ്റ് സന്ദർശിച്ചു ചർച്ചകൾ നടത്തിയിട്ടേ ഓഫീസിലേക്കു പോകാറുള്ളായിരുന്നത്രേ. ശ്രീധരൻ തന്നെ ഇടയ്ക്കു നേരിട്ടു പരിശോധന നടത്തിയിരുന്നു. ലേബർ ഷെഡ്ഡും കാസ്റ്റിങ് യാർഡുമെല്ലാം ഒരുക്കാൻ മതിയായ സ്ഥലം ഡി.എം.ആർ.സി. ലഭ്യമാക്കി. നിർമാണസാമഗ്രികൾ വേഗം കിട്ടാൻ കമ്പനികളുമായി നേരിട്ടു ബന്ധപ്പെടുകപോലും ചെയ്തു. ഡി.എം.ആർ.സി. പ്രതിനിധികൾ പങ്കെടുത്ത് അടിക്കടി അവലോകനയോഗങ്ങൾ ചേർന്നു. പൊതുമരാമത്തു വകുപ്പുമായും എല്ലാ ബുധനാഴ്ചയും യോഗമുണ്ടായി. സാധാരണ സർക്കാർനിർമാണങ്ങളിൽ പതിവില്ലാത്തതാണ് ഇതൊക്കെ. മേൽനോട്ടത്തിനു സ്വന്തം സംവിധാനം ആദ്യപാലം പണിയാൻ ചുമതലപ്പെടുത്തിയ സ്ഥാപനത്തിനു നിർമാണമേൽനോട്ടത്തിന് ആവശ്യമായ ഉദ്യോഗസ്ഥർ ഇല്ലായിരുന്നു. അതുകൊണ്ട് പണി അവർ കിറ്റ്കോയ്ക്കു കോൺട്രാക്ട് കൊടുത്തു. ഈ സബ് കോൺട്രാക്ട് ഫലപ്രദമായില്ല. ഇതിൽനിന്നു വ്യത്യസ്തമായി ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ നേരിട്ടു പണിക്കു മേൽനോട്ടം വഹിക്കുകയായിരുന്നു. ഇതിനൊക്കെ പ്രാപ്തിയുള്ള എൻജിനിയർമാർ നമ്മുടെ പൊതുമേഖലാ കമ്പനികളിൽ ആവശ്യത്തിനില്ല. റിട്ടയർചെയ്ത മിലിറ്ററി സർവീസ് പോലുള്ളവരെ ഇതിനായി കണ്ടെത്തണം. പണിതീർന്നു ബില്ല് തയ്യാറായാൽ അടുത്തദിവസം പണം ഊരാളുങ്കലിനു കിട്ടും. കിഫ്ബി പ്രോജക്ടുകളിൽപ്പോലും പണം ലഭിക്കുന്നതിനുള്ള കാലതാമസം സംബന്ധിച്ചു പരാതിയുണ്ട്. ഡൽഹി മെട്രോ പോലെയല്ല, നമ്മുടെ പൊതുമേഖലാ നടത്തിപ്പു കമ്പനികൾ. പണി പൂർത്തിയായാലും ബില്ല് തയ്യാറാകാൻ ചിലപ്പോൾ മാസങ്ങളെടുക്കും. ബില്ല് തയ്യാറായാലോ? ചില വകുപ്പുകളിൽ പണം കൊടുക്കുന്നതിനുമുമ്പ് ഡിപ്പാർട്ട്മെന്റിനു സമർപ്പിച്ച് അംഗീകാരം നേടണം. അതോടെ ബില്ല് പാസാക്കൽ മുറപോലെയാകും. എന്തിന് ഈ രണ്ടാമതു പരിശോധന എന്നതിനു തൃപ്തികരമായ ഉത്തരം ഇന്നേവരെ ലഭിച്ചിട്ടില്ല. നമ്മുടെ കമ്പനികൾക്കു പ്രാപ്തിയില്ലെങ്കിൽ അതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഉണ്ടാക്കിക്കൊടുക്കണം. അല്ലാതെ, വീണ്ടും ഒരുതട്ട് പ്രവർത്തനങ്ങൾ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. വിശദമായ ആസൂത്രണം എഗ്രിമെന്റ് ആകുമ്പോഴേ ആസൂത്രണം തുടങ്ങും. അതാണ് അവരുടെ രീതി. സാമഗ്രികൾ, വിദഗ്ധതൊഴിലാളികൾ, യന്ത്രോപകരണങ്ങൾ, ധനവിഭവം എന്നിവ പണിതുടങ്ങുന്നതിനു മുമ്പുതന്നെ ആസൂത്രണം ചെയ്യും. ധനകാര്യം, സാങ്കേതികം, എൻജിനിയറിങ് വിഭാഗം മേധാവികൾമുതൽ ഡയറക്ടർ ബോർഡുവരെ ചർച്ചചെയ്താണ് ആസൂത്രണം. പ്രത്യേക 'പർച്ചേസ് പ്ലാൻ' തന്നെയുണ്ട്. കിട്ടാൻ കാലതാമസം വരുന്ന സാധനങ്ങൾക്ക് അതു കണക്കാക്കി നേരത്തേ ഓർഡർ നൽകും. പാലാരിവട്ടത്തിന്റെ കാര്യത്തിലും എട്ടുമാസത്തേക്കു കരാറെടുത്ത ഊരാളുങ്കൽ ആദ്യംതന്നെ ആറുമാസംകൊണ്ടു പണി പൂർത്തിയാക്കാനുള്ള പദ്ധതി ഉണ്ടാക്കി. മഴയും വെയിലുമെല്ലാം കണക്കിലെടുത്തുള്ള ആസൂത്രണം. കോവിഡ് കാലമല്ലേ, അതുകൊണ്ട് പുതിയ ചിട്ടകൾക്കുതന്നെ രൂപം നൽകേണ്ടിവന്നു. പ്രവൃത്തി തുടങ്ങിയാൽ എല്ലാം നിശ്ചയിച്ചപോലെ നീങ്ങുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിലിടങ്ങളിൽ ദിവസവും നടക്കുന്ന അവലോകനയോഗം ഊരാളുങ്കൽ സൊസൈറ്റിയുടെ സവിശേഷതയാണ്. ഓരോ ആഴ്ചയും പൂർത്തിയാക്കേണ്ട പ്രവൃത്തി ടാർജറ്റായി നിശ്ചയിക്കും. ഓരോ നിർമാണത്തിനും ഓരോ ഡയറക്ടർക്കു പ്രത്യേകചുമതല ഉണ്ടാകും. ഈ ഡയറക്ടർമാർ പങ്കെടുത്ത് ഓൺലൈനായും അല്ലാതെയും നടത്തുന്ന പ്രതിവാരാവലോകനം ഉണ്ട്. ഇതിനുപുറമേ ചെയർമാൻ രമേശൻ പങ്കെടുത്തു മൂന്നു യോഗങ്ങൾ നേരിട്ടും 14 യോഗങ്ങൾ വീഡിയോ വഴിയും പാലാരിവട്ടം പാലം നിർമാണത്തിനായി നടത്തുകയുണ്ടായി. തടസ്സങ്ങൾ മുൻകൂട്ടിക്കണ്ട് ഒഴിവാക്കാനും നിർമാണസാമഗ്രികളും യന്ത്രങ്ങളും മനുഷ്യവിഭവവുമൊക്കെ ആവശ്യാനുസരണം ക്രമീകരിക്കാനുമെല്ലാം ഇതിലൂടെ കഴിയും. രാജ്യത്തെ ഏറ്റവും വലിയ സഹകരണ നിർമാണ സംഘമായ ഊരാളുങ്കലിന്റെ വളർച്ചയെക്കുറിച്ച് ഞാനൊരു ഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. ഊരാളുങ്കലിന്റെ ബ്രാൻഡ് സാമൂഹികപ്രതിബദ്ധതയും ഗുണമേന്മയും സമയനിഷ്ഠയുമാണ്. ഭീമമായ പശ്ചാത്തലസൗകര്യ നിർമാണ ഘട്ടത്തിലേക്ക് കേരളം കടക്കുന്നവേളയിൽ ഊരാളുങ്കലിനെപ്പോലെ കാര്യക്ഷമതയുള്ള, അഴിമതിരഹിതരായ കരാറുകാർ സ്വകാര്യ മേഖലയിലടക്കം വളർന്നുവരേണ്ടത് നാടിന്റെ ആവശ്യമാണ്. പ്രവർത്തനത്തിന്റെ പ്രത്യേക സംസ്കാരം:ഊരാളുങ്കൽ ലേബർ സൊസൈറ്റി പാലം പുനർനിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏൽപ്പിക്കണമെന്നു ശ്രീധരൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. വ്യാജവിവാദങ്ങൾ ഉയർന്ന സമയം ആയതിനാൽ അത് ഏറ്റെടുക്കേണ്ട എന്ന സൊസൈറ്റിയുടെ തീരുമാനം ഇ. ശ്രീധരന്റെ നിർബന്ധത്തെത്തുടർന്നാണു മാറ്റിയത്. എന്താണ് ഊരാളുങ്കലിന്റെ പ്രത്യേകത? ഊരാളുങ്കൽ സൊസൈറ്റിക്ക് സ്വന്തമായി 13,000 തൊഴിലാളികളുണ്ട്. ഇവരിൽ നല്ലപങ്കും നിർമാണപ്രവൃത്തികളുടെ ബാലപാഠങ്ങൾ ഓരോന്നായി ചെയ്തുപഠിച്ചു മികവുനേടി വളർന്നുവന്നവരാണ്. ചെയ്യുന്ന പ്രവൃത്തിയെപ്പറ്റി അടിസ്ഥാനധാരണകളും അനുഭവസമ്പത്തും ഉള്ളവർ. ഇതിനു മുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ആർക്കിടെക്ചറൽ, സ്ട്രക്ചറൽ, സർവേ എന്നിങ്ങനെ വിഭാഗങ്ങളിലായി ആയിരത്തിൽപ്പരം എൻജിനിയർമാർ അടങ്ങുന്ന സുശക്തമായ ടീമുമുണ്ട്. കൂടാതെ, ഈ വിഷയങ്ങളിലുള്ള സാങ്കേതികവിദഗ്ധരും. ഇവരെല്ലാമടങ്ങുന്ന സംവിധാനത്തിന്റെ കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവർത്തനം ഒരു പ്രത്യേക സംസ്കാരംതന്നെയാണ്. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക യന്ത്രസംവിധാന ആസ്തികൾ 150 കോടി രൂപ വിലവരും. ഹോളോ ബ്രിക്സും പലതരം ഇഷ്ടികകളും ടൈൽസും അടക്കം പല നിർമാണസാമഗ്രികളും നിർമിക്കാനുള്ള യൂണിറ്റുകളും ക്വാറികളും ക്രഷറുകളും ഒക്കെയുണ്ട്. കേന്ദ്രീകൃത പ്രൊക്യുവർമെന്റ് സമ്പ്രദായം കുറഞ്ഞവിലയിൽ സാമഗ്രികൾ കിട്ടാൻ സഹായിക്കും. വിശാലമായ സംഭരണ യാഡുകളും മുമ്പുമുതലേ അവർക്കുണ്ട്. ഇവയ്ക്കൊക്കെവേണ്ടി ഓടിനടക്കുകയോ കാത്തിരിക്കുകയോ വേണ്ടിവരുന്നില്ല. നിർമാണസാമഗ്രികളുടെയും നിർമാണത്തിന്റെയുമൊക്കെ ഗുണമേന്മ അപ്പപ്പോൾ പരിശോധിക്കാൻ രാജ്യാന്തരനിലവാരമുള്ള ടെസ്റ്റിങ് ലാബും അവർക്കുണ്ട്. സാധാരണ കരാർസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനാവാത്ത കാര്യങ്ങളാണ് ഇവയിൽ മിക്കതും. സംഘത്തിലെ തൊഴിലാളികൾക്കു പരമാവധി തൊഴിൽ കൊടുക്കുക എന്നതു സൊസൈറ്റിയുടെ ജന്മദൗത്യം ആയതിനാൽ എല്ലാ പ്രവൃത്തിയും സംഘം നേരിട്ടാണു ചെയ്യുന്നത് എന്നതാണു മറ്റൊരു പ്രധാനകാര്യം. അതിനാൽ, മറ്റു സ്ഥാപനങ്ങളെപ്പോലെ സൊസൈറ്റി നിർമാണങ്ങളോ അതിന്റെ ഘടകങ്ങളോ ഉപകരാർ കൊടുക്കില്ല; കൊടുക്കാൻ കഴിയുകയുമില്ല.
from money rss https://bit.ly/3w0DfzI
via IFTTT
from money rss https://bit.ly/3w0DfzI
via IFTTT