ഇന്ത്യൻ സാമ്പത്തികവളർച്ച കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവശ്യമായ പലനിർദ്ദേശങ്ങളും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ജനങ്ങളുടെ കൈവശം കൂടുതൽ പണം എത്തിച്ചുസാധന സേവനങ്ങളുടെ ആവശ്യകത വർധിപ്പിക്കണം എന്ന വികാരമാണ് പൊതുവേയുള്ളത്, പ്രത്യേകിച്ചും ഇടത് വീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞർക്ക് (Demand side economics). അതിനായി തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള സാമൂഹിക സാമ്പത്തിക മേഖലകളിൽ ഗവണ്മെന്റ് കൂടുതൽ പണം മുടക്കണമെന്നും ആവർ ആവശ്യപ്പെടുന്നു. ആ പ്രതീക്ഷയിൽ ഈ കഴിഞ്ഞ കേന്ദ്ര ബജറ്റിനെ നോക്കികണ്ടവർക്ക് നിരാശരാകേണ്ടിവന്നു. കൂടുതൽ ചെലവഴിക്കും എന്നു പ്രതീക്ഷിച്ചയിടത്ത്അതിനനുസൃതമായ നടപടി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അടിസ്ഥാന സാമ്പത്തിക ശാസ്ത്രംപോലും ഗവണ്മെന്റിന് അറിയില്ല എന്ന വിമർശനവും ഉയർന്നു. എന്നാൽസാമ്പത്തിക രംഗത്തെ തളർച്ചയെ നേരിടാനാവശ്യമായ നടപടികൾ ഗവണ്മെന്റ് ഭാഗത്തു നിന്നുണ്ടായില്ല എന്നല്ല ഇതിനർത്ഥം. മുൻപ് സൂചിപ്പിച്ച demand side economics ൽ നിന്നു വത്യസ്തമായ രീതിയാണ് ഇവിടെ സ്വീകരിച്ചതെന്ന് മാത്രം. ഉൽപ്പാദനം വർധിപ്പിക്കുകവഴി വിപണിയിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുക എന്നനയം ആണ് ഗവണ്മെന്റ് പിന്തുടർന്നത് (Supply side economics). നികുതി നിരക്ക് കുറച്ചുകൊണ്ട് കൂടുതൽ നിക്ഷേപം നടത്തി ഉൽപ്പാദനം വർധിപ്പിക്കാൻ വ്യവസായികളെ പ്രേരിപ്പിക്കുകയാണ് ഈ നയം ലക്ഷ്യമാക്കുന്നത്. ഉൽപ്പാദനം കൂടുമ്പോൾതൊഴിലവസരങ്ങളും അതുവഴി ആളുകളുടെ പക്കൽ കൂടുതൽ പണവും ഉറപ്പുവരുത്തുകയാണ് ഉദ്ദേശം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ആയി കുറച്ചതും, കഴിഞ്ഞ ബജറ്റിൽ കമ്പനികൾ നൽകേണ്ട ലാഭ വിഹിത വിതരണനികുതി (dividend distribution tax) വേണ്ടെന്നു വച്ചതുമൊക്കെ ഇക്കാരണത്താലാണ്. എന്തു കൊണ്ടായിരിക്കും മേൽപ്പറഞ്ഞവയിൽ രണ്ടാമത്തെവഴി ( supply side) തെരഞ്ഞെടുക്കാൻ ഗവണ്മെന്റിന്റെ പ്രേരിപ്പിച്ചത്? പൊതുവെ വിമർശകർ ആരോപിക്കുന്നത് പോലെ കോർപറേറ്റ് പ്രീണനം ആയിരുന്നോ അതിന്റെ ഉദ്ദേശം. അല്ല. ഗവണ്മെന്റിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നു എന്നതാണ് സത്യം. ഒരുപക്ഷെ നികുതിയിളവ് പോലുള്ള നടപടികൾ എടുത്തില്ലായിരുന്നുവെങ്കിൽ വലിയൊരു സാമ്പത്തിക തകർച്ചതന്നെ നാം നേരിടേണ്ടിവന്നേനെ. അതിന്റെ കാരണം വിദേശമൂലധനത്തിന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള സ്വാധീനം തന്നെയാണ്. കടമായും നിക്ഷേപമായും ഏകദേശം 1 ലക്ഷം കോടി ഡോളറാണ്വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇത് നമ്മുടെ ദേശിയവരുമാനത്തിന്റെ 40% വരും. മാത്രമല്ല അടുത്ത 5 വർഷത്തിനുള്ളിൽ 102 ലക്ഷം കോടി രൂപയുടെ പശ്ചാത്തല വികസന പദ്ധതികൾക്കും ഗവണ്മെന്റ് രൂപം നൽകിയിട്ടുണ്ട്. ഇത്രയും ഭീമമായ നിക്ഷേപം നടത്താൻ വിദേശ മൂലധനം കൂടിയേ തീരൂ. വളർച്ചാനിരക്ക് കുറഞ്ഞെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം ഇപ്പോഴും ഭദ്രമാണെന്നു തന്നെയാണ് പൊതുവെയുള്ള വിശ്വാസം.450 ബില്യൻ ഡോളറിന്റെ വിദേശ നാണ്യ ശേഖരമൊക്കെ ഇതിനു നിദാനമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2018 ലെ പോലെ വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തുടർന്നാൽഇത്ര ഭീമമായ വിദേശ നാണ്യ ശേഖരം എത്ര മാത്രം പ്രയോജനപ്പെടും എന്നു കൂടി ആലോചിക്കേണ്ടതുണ്ട്. കാരണം ലളിതമാണ്, അത് നമ്മുടെ സ്വന്തമല്ല. ലോകത്ത് ഏറ്റവും കൂടുതൽ വിദേശ നാണ്യ ശേഖരമുള്ളത് ചൈനക്കാണ്, ഏകദേശം 3000 ബില്യൺ ഡോളർ. ഇത് പൂർണമായും വിദേശവ്യാപാരത്തിലൂടെനേടിയ മിച്ചം കൊണ്ട് സ്വരൂപിച്ചതാണ്. അതിനായിരാജ്യത്തുനിന്നുള്ള സാധനങ്ങളുടെയുംസേവനങ്ങളുടെയും കയറ്റുമതി ഇറക്കുമതിയേക്കാൾ കൂടിയിരിക്കണം. എന്നാൽ ഇന്ത്യയുടെ സ്ഥിതി അതല്ല. മിക്ക വർഷങ്ങളിലും വിദേശ വ്യാപാരത്തിൽ നമുക്ക് കമ്മിയാണ് ഉണ്ടാവുക. അതായത് നമ്മുടെ ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടുതലാണ്, പ്രത്യേകിച്ചും സാധനങ്ങളുടെ (Goods) കാര്യത്തിൽ. എന്നാൽ സോഫ്റ്റ്വെയർ, ഇൻഷുറൻസ്, നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, വായ്പയിന്മേലുള്ള പലിശ എന്നിങ്ങനെയുള്ള സേവനങ്ങളുടെ വ്യാപരത്തിലും കൈമാറ്റത്തിലുംനമുക്ക് എല്ലായിപ്പോഴും മിച്ചം പിടിക്കാൻ സാധിക്കാറുണ്ട്. പക്ഷെ ഈമിച്ചം സാധനങ്ങളുടെ വ്യാപാരത്തിലെ കമ്മി നികത്താൻ തികയാറില്ല. അതുകൊണ്ടാണ് മൊത്തംവിദേശവ്യാപരത്തിൽ നമുക്ക് കമ്മി നേരിടേണ്ടി വരുന്നത്. ഇതിനെയാണ് കറന്റ് അക്കൗണ്ട് കമ്മി (Current Account Deficit) എന്നുപറയുന്നത്.ഈ കമ്മി നികത്താനായി രാജ്യത്തിന്റെ കൈവശമുള്ള വിദേശനാണ്യം ഉപയോഗിക്കുകയോ അല്ലെങ്കിൽ കടമെടുക്കുകയോ ചെയ്യേണ്ടിവരും. അങ്ങനെ വിദേശവായ്പ,വിദേശ നിക്ഷേപം എന്നിവ വഴികറന്റ് അക്കൗണ്ടിലെ കമ്മി നികത്തുന്നതിനാവശ്യമായതിലും അധികമായിവരുന്നവിദേശപണമാണ് നമ്മുടെ വിദേശനാണ്യ ശേഖരം. കൂടാതെ എൻആർഐഡെപ്പോസിറ്റ്, അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള ധനസഹായം തുടങ്ങിയവയും വിദേശ നാണ്യ ശേഖരം വർധിപ്പിക്കുന്നു. അതിനാൽ തന്നെ ചൈനയുടേതിൽ നിന്നു വ്യത്യസ്തമായി നമ്മുടെ വിദേശനാണ്യ ശേഖരം നമുക്ക് സ്വന്തമല്ല, മറിച്ചു നാം അത് സൂക്ഷിക്കുന്നുവെന്നേയുള്ളൂ. അതിന്റെ ഉടമസ്ഥർക്ക് തിരിച്ചു നൽകേണ്ട ബാധ്യതയുമുണ്ട്. നമ്മുടെ രാജ്യത്തെ ഉയർന്ന വളർച്ചാ നിരക്ക്, നിക്ഷേപ സാധ്യത, ഉയർന്ന പലിശ നിരക്ക്, വികസിത രാജ്യങ്ങളിലെ വളർച്ച മുരടിപ്പ്എന്നീ കാരണങ്ങളാണ് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക്ആകർഷിക്കുന്നത്. നമ്മുടെ സാമ്പത്തിക വളർച്ച കുറഞ്ഞത് മൂലം 2018 ൽ ഏകദേശം 11 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിൽ നിന്നു പിൻവലിക്കപ്പെടുകയുണ്ടായി. 2017 ൽ 31 ബില്യൺ ഡോളർ ഇന്ത്യയിലേക്ക് വന്ന സ്ഥാനത്താണിത്. വിദേശപണത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് രൂപയുടെ മൂല്യതകർച്ചക്ക് വഴിയൊരുക്കും. രൂപയുടെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരിൽ സൃഷ്ടിക്കുന്ന ആശങ്ക വീണ്ടും വിദേശ നിക്ഷേപം പിൻവലിക്കപ്പെടുന്നതിനു കാരണമാകും. ഇത്തരം ഒരു വിഷമവൃത്തം തരണം ചെയ്യനാവശ്യമായ വിദേശനാണ്യ ശേഖരം അപ്പോഴേക്കും നമുക്ക് കൈമോശം വന്നിട്ടുണ്ടാകാം.അത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിനും വിദേശ നിക്ഷേപം പിടിച്ചുനിർത്തുന്നതിനും വേണ്ടിയാണ് കോർപറേറ്റു നികുതിയിളവ് പോലെയുള്ള നടപടികൾ സ്വീകരിക്കേണ്ടി വന്നത്. കൂടുതൽ നിക്ഷേപം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതു വഴി വിപണിയിലെ ഡിമാൻഡ് കൂട്ടാമെന്നുമുള്ള സിദ്ധാന്തം ഗവണ്മെന്റ് സ്വീകരിച്ചത് ഇക്കാരണത്താലാണ്. എന്നാൽ നികുതി കുറച്ചത് കൊണ്ടുമാത്രം നിക്ഷേപം കൂടുമോ എന്നചോദ്യം ഉയരുന്നുണ്ട്. അത് കാത്തിരുന്നു കാണേണ്ടി വരും. അപ്പോൾ തൊഴിലുറപ്പ് പോലെയുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി ഗവണ്മെന്റ് പണം കൂടുതൽ ചെലവാക്കണ്ടതല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. തീർച്ചയായും വേണം. പക്ഷെ അതിനുള്ള റവന്യൂ വരുമാനംനമുക്കില്ല. അല്ലെങ്കിൽ കൂടുതൽ കടമെടുക്കേണ്ടിവരും. ഇത് ധനക്കമ്മി (Fiscal deficit) കൂടുന്നതിനിടയാക്കും. ഉയർന്ന ധനക്കമ്മി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഒരു ശുഭസൂചനയല്ല. പിന്നെയുള്ള ഏകമാർഗം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുക എന്നത് മാത്രമാണ്. അത് തന്നെയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും. (പ്രശാന്ത് ചന്ദ്രൻ, ഇന്ത്യൻ ഇക്കണോമിക് സർവീസ്.അഭിപ്രായം വ്യക്തിപരം)
from money rss http://bit.ly/2wivdIv
via
IFTTT