Story Dated: Friday, March 20, 2015 04:27
പാലാ : കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ സന്നദ്ധ സംഘടനകളുടെ മുന്‍നിരയിലേയ്‌ക്ക് പാലാ രൂപതാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയെ വളര്‍ത്തി വലുതാക്കിയ ഫാ. തോമസ് വാലുമ്മേല്‍ പടിയിറങ്ങുന്നു.
ഒന്‍പതുവര്‍ഷം സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്‌ടറും പ്രസിഡന്റുമായി മാതൃകാപരവും ചലനാത്മകവുമായ നേതൃത്വംനല്‍കിയതിനുശേഷം കാനഡയിലെ ടൊറന്റോയിലേക്ക് അജപാലന ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുവാനാണ് ഫാ. വാലുമ്മേല്‍ നിയമിതനായിരിക്കുന്നത്. ഫാ. ജേക്കബ് പുതിയാപറമ്പിലിന്റെ പിന്‍ഗാമിയായി 2006 ഫെബ്രുവരിയിലാണ് ഫാ. വാലുമ്മേല്‍ പി.എസ്‌്.ഡബ്ല്യു.എസ്. ഡയറക്‌ടറായി ചുമതലയേറ്റത്.
ആയിരത്തില്‍പരം സ്വയംസഹായ, സ്വാശ്രയസംഘങ്ങളിലൂടെ പാലാ രൂപതയ്‌ക്കുള്ളിലെ നാനാജാതി മതസ്‌ഥരായ അനേകായിരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വ്യക്‌തി, കുടുംബ, സാമൂഹ്യപുരോഗതിയുടെ ചാലകശക്‌തിയാക്കി മാറ്റുവാന്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദധാരിയായ ഫാ. വാലുമ്മേലിന് സാധിച്ചു. കൃഷി, അനുബന്ധതൊഴില്‍ സംരംഭകര്‍ക്കായി പലിശരഹിത വായ്‌പകള്‍ ലഭ്യമാക്കിയ അദ്ദേഹം കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ സുസ്‌ഥിര കാര്‍ഷിക വികസന പരിപാടി നടപ്പിലാക്കി.
പിറവത്തും പാലായിലും തുടര്‍ച്ചയായി കാര്‍ഷികമേളകള്‍ നടത്തി ശ്രദ്ധേയനായി.ജലനിധി പദ്ധതിയുടെ ഏറ്റവും മികച്ച സഹായ സംഘടനയ്‌ക്കുള്ള അവാര്‍ഡ് പി.എസ്.ഡബ്ല്യു.എസിന് നേടിയെടുക്കാനായത് വാലുമ്മേലച്ചന്റെ നേതൃത്വത്തിലാണ്. സംരംഭകത്വ പരിശീലന പരിപാടികള്‍, നബാര്‍ഡിന്റെ സഹായത്തോടെ ജെ.എല്‍.ജി രൂപീകരണം, കാര്‍ഷിക ഗ്രാമവികസന പരിപാടികള്‍, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും വിവിധ ബാങ്കുകളുടെയും സഹായത്തോടെ നാമമാത്ര പലിശസഹിത സംരംഭകത്വ വായ്‌പകള്‍,
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ഡി.ആര്‍.ഐ വായ്‌പകള്‍, വികലാംഗക്ഷേമം, സ്‌ത്രീശാക്‌തീകരണം, എഡ്യൂകെയര്‍ വിദ്യാഭ്യാസ പദ്ധതി, സൗരോര്‍ജ്‌ജവ്യാപനം, ആരോഗ്യപരിരക്ഷ ബോധവല്‍ക്കരണവും പ്രതിരോധമരുന്ന് വിതരണ പരിപാടി തുടങ്ങിയ നിരവധി പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇക്കാലത്ത് നടപ്പാക്കി.സേവ് എ ഫാമിലി പ്ലാനിന്റെ നേതൃത്വത്തില്‍ കുടുംബസഹായ പദ്ധതിയുടെ പ്രയോജനം നാനാജാതിമതസ്‌ഥരായ ആയിരക്കണക്കിനാളുകള്‍ക്ക് സ്വന്തമാക്കാനായി.
കൂവപ്പൊടി മുതല്‍ മള്‍ട്ടികളര്‍ സോപ്പുകള്‍ വരെ വിപണിയിലിറക്കി. കേരളാ ലേബര്‍ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാലാ രൂപതയില്‍ തുടക്കമായതും ഫാ. വാലുമ്മേല്‍ ഡയറക്‌ടറായിരുന്ന കാലയളവിലാണ്.
സിബിഗിരി പള്ളിയുടെ അജപാലനശുശ്രൂഷ ചെയ്‌തിരുന്ന വാലുമ്മേലച്ചന്‍ കഴിഞ്ഞ എട്ടുമാസം മണ്ണയ്‌ക്കനാട് പള്ളിയുടെ വികാരിയായും സേവനമനുഷ്‌ഠിച്ചു. ഫാ. വാലുമ്മേല്‍ കാനഡയിലെ ടൊറന്റോയില്‍ ചിക്കാഗോ രൂപതയിലേക്കാണ് അജപാലനശുശ്രൂഷകള്‍ക്കായി നിയമിതനായിരിക്കുന്നത്. 23-ന് ഫാ. തോമസ് വാലുമ്മേല്‍ കാനഡയിലേക്ക് യാത്രയാകും.