121

Powered By Blogger

Friday 20 March 2015

മികച്ച ചിത്രം 'ഞാന്‍'; ഫഹദും ദുല്‍ക്കറും മികച്ച നടന്മാര്‍







തിരുവനന്തപുരം: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ 2014ലെ മികച്ച നടന്മാരായി ഫഹദ് ഫാസിലിനെയും ദുല്‍ക്കര്‍ സല്‍മാനെയും തിരഞ്ഞെടുത്തു. നസ്രിയ നസീം മികച്ച നടിയായി. മികച്ച ചിത്രമായി രഞ്ജിത്ത് സംവിധാനംചെയ്ത 'ഞാന്‍' തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലൂടെ രഞ്ജിത്ത് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.

'ബാംഗ്ലൂര്‍ ഡേയ്‌സ്', 'ഇയ്യോബിന്റെ പുസ്തകം' എന്നീ ചിത്രങ്ങളിലെ അഭിനയം ഫഹദ് ഫാസിലിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. 'ഞാന്‍', 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ദുല്‍ക്കറിന് പുരസ്‌കാരം. 'ബാംഗ്ലൂര്‍ ഡേയ്‌സ്', 'ഓം ശാന്തി ഓശാന' എന്നീ ചിത്രങ്ങളിലെ പ്രകടനം നസ്രിയയ്ക്കും പുരസ്‌കാരം നേടിക്കൊടുത്തു.


'ഹൗ ഓള്‍ഡ് ആര്‍ യു'വിലെ അഭിനയത്തിന് മഞ്ജു വാര്യര്‍ക്കും 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്റെ സംവിധാനത്തിന് അഞ്ജലി മേനോനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. 'ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രവും പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി.

മികച്ച ചിത്രത്തിന് രണ്ടുലക്ഷം രൂപയും മികച്ച നടന്‍, നടി തുടങ്ങിയവര്‍ക്ക് ഒരുലക്ഷം വീതവും സാങ്കേതിക വിദഗ്ദ്ധര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് 50,000 രൂപയുമാണ് നല്‍കുകയെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍, സെക്രട്ടറി എം.രഞ്ജിത്ത്, ജൂറി ചെയര്‍മാന്‍ ഐ.വി.ശശി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


മറ്റു പുരസ്‌കാരങ്ങള്‍: മികച്ച തിരക്കഥാകൃത്ത് - ബോബി-സഞ്ജയ് (ഹൗ ഓള്‍ഡ് ആര്‍ യു), സഹനടന്‍ - അനൂപ് മേനോന്‍ (1983, വിക്രമാദിത്യന്‍), സഹനടി - പാര്‍വതി (ബാംഗ്ലൂര്‍ ഡേയ്‌സ്), പുതുമുഖ നടി -നിക്കി ഗല്‍റാണി (1983, വെള്ളിമൂങ്ങ), ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (ഞാന്‍, ഹൗ ഓള്‍ഡ് ആര്‍ യു, വിക്രമാദിത്യന്‍), സംഗീതസംവിധായകര്‍ - എക്‌സാന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ (ഇയ്യോബിന്റെ പുസ്തകം), ഗായകന്‍ -വിനീത് ശ്രീനിവാസന്‍ ('ഓര്‍മ്മയുണ്ടോ ഈ മുഖ'ത്തിലെ 'ദൂരെ ദൂരെ...'), ഗായിക -ശ്രേയ ഘോഷാല്‍ ('ഹൗ ഓള്‍ഡ് ആര്‍ യു'വിലെ 'വിജനതയില്‍...'), കലാസംവിധായകന്‍ - സാബു മോഹന്‍ (ഇയ്യോബിന്റെ പുസ്തകം), വസ്ത്രാലങ്കാരം -സമീറ സനീഷ് (ഇയ്യോബിന്റെ പുസ്തകം), മേക്കപ്പ്മാന്‍ - മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം).











from kerala news edited

via IFTTT