121

Powered By Blogger

Friday, 20 March 2015

പ്രണയത്തിന്റെ നൂറ് ദിനരാത്രങ്ങള്‍











കാലവും കഥയും മാറിയെങ്കിലും അറിയാതെ മനസ്സില്‍ പെയ്തിറങ്ങുന്ന പ്രണയം എന്ന വികാരത്തിന് പുതിയ കാലത്തിലും മാറ്റമൊന്നുമില്ല. ജീവിത വഴിയിലെ പ്രണയനിമിഷങ്ങള്‍ പലതാവുമെങ്കിലും പ്രണയികളിലെ വികാരങ്ങള്‍ക്ക് ഒരേ നിറം. പ്രണയത്തിന്റെ നൂറ് ദിനരാത്രങ്ങളുമായി,കൊച്ചു കൊച്ചു നര്‍മ്മ മൂഹൂര്‍ത്തങ്ങളിലൂടെ കഥ പറഞ്ഞ 100 ഡെയ്‌സ് ഓഫ് ലൗ എന്ന റൊമാന്റിക് കോമഡി ചിത്രം ഇത്തരം കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.

നവാഗതനായ ജനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ ഹൈലൈറ്റുകളിലൊന്ന് ദുല്‍ഖര്‍ സല്‍മാന്‍-നിത്യാമേനോന്‍ ജോഡിയുടെ മിന്നുന്ന പ്രകടനമാണ്. അഭിനയത്തിന്റെ വ്യത്യസ്ത റേഞ്ചുകളിലൂടെയാണ് ഇരുവരുടേയും കഥാപാത്രങ്ങളുടെ സഞ്ചാരം. സിനിമ രസിപ്പിക്കുന്നതിനൊപ്പം ചില സന്ദേശങ്ങള്‍ നല്കുന്നതു കൂടി നന്നാകുമെന്ന് പൊതുവെ പറയാറുണ്ട്. ബോധപൂര്‍വ്വമല്ലാതെ ചില നര്‍മ്മ സംഭാഷണങ്ങളിലൂടെയാണ് 100 ഡെയ്‌സ് ഓഫ് ലൗ ആ കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുന്നത്. മദ്യപാനം ആരോഗ്യത്തിനുമാത്രമല്ല ചിലപ്പോള്‍ അഭിമാനത്തിനും ഹാനികരമാകുമെന്ന് ചിന്തോദ്ദീപകമായ രീതിയില്‍ ദുല്‍കറിന്റെ കഥാപാത്രത്തിനെ കൊണ്ട് പറയിപ്പിക്കുന്നു ചിത്രം . ചെറുപ്പത്തിന്റെ കഥ പറയുന്ന പ്രണയ സിനിമയാണെങ്കിലും കുടുംബങ്ങളിലെ സ്‌നേഹ മുഹൂര്‍ത്തങ്ങള്‍ക്കും '100 ഡെയ്‌സ് ഓഫ് ലൗവി'ല്‍ പ്രാധാന്യമുണ്ട്.





ഫേസ്ബുക്ക, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെയുള്ള സോഷ്യല്‍ സ്‌പേസുകളില്‍ മുഴുകുന്ന യുവത വളരെ പ്രായോഗികമായി ചിന്തിക്കുന്നവരാണ്. അവരിലെ പ്രണയം ഹൈടെക് പ്രണയമാണ് എന്നൊക്കെ പറയുമെങ്കിലും പ്രണയമനസ്സ് പൈങ്കിളിയാണ് എന്ന് ചിത്രം അടിവരയിടുന്നു. കോമേഴ്‌സ്യല്‍ സിനിമ കഥ പറയുന്നതിനൊപ്പം നല്ല ദൃശ്യങ്ങളോടെ എന്റര്‍ടെയ്‌നറാകണമെന്ന അലിഖിത നിയമത്തെ കൃത്യമായി പാലിച്ചാണ് നവാഗതനായ ജനൂസ് മുഹമ്മദ് തന്റെ ആദ്യ ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന പ്രണയസിനിമകള്‍ സമ്മാനിച്ച കമല്‍ എന്ന സംവിധായകന്റെ മകന്‍ ജനൂസ് തന്റെ ആദ്യചിത്രത്തിന് പ്രണയകഥ തിരഞ്ഞെടുത്തത് തികച്ചും യാദൃച്ഛികമാവാം, പക്ഷേ, കമല്‍ എന്ന സംവിധായകനില്‍ നിന്നെത്തിയ നല്ല പ്രണയസിനിമകള്‍ക്കൊപ്പവും മറ്റു സംവിധായകരുടെ നല്ല പ്രണയസിനിമകള്‍ക്കൊപ്പവും ജനൂസിന്റെ 100 ഡെയ്‌സ് ഓഫ് ലൗവും ചേര്‍ത്തു വെക്കാം. ആദ്യസംവിധാനത്തിന്റെ കൈക്കുറ്റപ്പാടുകളില്ലാതെ തന്റെ ആദ്യചിത്രം ഒരുക്കാന്‍ ജനൂസിന് കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങളുടെ പേരുകളിലെല്ലാം പുതുമയുമായെത്തിയ ചിത്രത്തിലെ എല്ലാ താരങ്ങളും അവരവരുടെ റോളുകളില്‍ മിതത്വം പാലിച്ചു. കഥാപാത്രങ്ങളുടെ പേരിലും നര്‍മ്മം ഒളിച്ചു വച്ചാണ് കഥാപാത്ര സൃഷ്ടി നടത്തിയിരിക്കുന്നത്. ശേഖര്‍മേനോന്‍, അജുവര്‍ഗീസ്, രാഹുല്‍മാധവ്, വിനീത്. പ്രവീണ, വി.കെ.പ്രകാശ്. ഷാനി തുടങ്ങി ഒരു സീനില്‍ മാത്രം വന്നു പോകന്നുവരുടെ പ്രകടനം പോലും വളരെ യഥാതഥമാണ്. കഥാപാത്രത്തിന് അനുഗുണമായ താരങ്ങള്‍, കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലം,ചെറുപ്പത്തിന്റെ സംഗീതം എല്ലാം '100 ഡെയ്‌സ് ഓഫ് ലൗവി'നെ മികച്ചതാക്കുന്നു.


സാധാരണ പ്രണയകഥയില്‍ കാണുന്ന സാഹചര്യങ്ങളല്ല 100 ഓഫ് ഡെയ്‌സിലെ പ്രണയകഥയെ നയിക്കുന്നത്. ബാംഗ്ലൂരിലെ 'ദി ടൈംസി'ല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നിയായ യുവാവ് അവിചാരിതമായി കാണുന്ന പെണ്‍കുട്ടി. അവള്‍ക്ക് അവന്റെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ? എന്തിനാണ് അവന്‍ അവളെ പിന്തുടര്‍ന്നത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളിലൂടെയാണ് ചിത്രം പൂര്‍ണമാകുന്നത്. പതിവു സിനിമാരീതിയില്‍ നിന്ന് വ്യതിചലിച്ചാണ് ചിതത്തിന്റെ നരേഷന്‍. ഒരു ചെറിയ പ്രണയകഥയാണെങ്കിലും നിരവധി ട്വിസ്റ്റുകള്‍ ചിത്രത്തിലുണ്ട്. ബാംഗ്ലൂര്‍ നഗര പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സമകാലിക തൊഴിലിടങ്ങളിലെ സമീപനങ്ങള്‍, ഒപ്പം ജോലി ചെയ്യുന്നവര്‍ അവരവരുടെ ഉന്നതിക്കു വേണ്ടി ഏതറ്റവും വരെ പോകുന്ന രീതി തുടങ്ങിയവ ചിത്രത്തിന് വിഷയമാകുന്നു.





ജീവിതം ആഘോഷമാക്കുന്ന ചെറുപ്പത്തിന്റെ കഥയായി മാത്രം ചുരുക്കാവുന്ന ഒന്നല്ല 100 ഡെയ്‌സ് ഓഫ് ലൗ. ജീവിതത്തില്‍ ഇഷ്ടമേഖല തിരഞ്ഞെടുക്കുന്ന കുട്ടിയുടെ ജീവിതഗ്രാഫ് മാറി മറയുന്നതിലേക്കും ചിത്രത്തിന്റെ ക്യാമറ തിരിയുന്നു. വരകളെയും എഴുത്തിനെയും ഇഷ്ടപ്പെടുന്ന കുട്ടിയെ അവന്റെ ഇഷ്ടത്തിന് വിടണമെന്ന് പറയാതെ പറയുന്നുണ്ട് ചിത്രം. സമ്പന്ന കുടുംബത്തില്‍ പിറന്നവനാണെങ്കിലും തന്റെ ഇഷ്ടമേഖലയില്‍ നില്ക്കാന്‍ ആഗ്രഹിച്ചതുകൊണ്ട് കുടുംബത്തില്‍ നിന്ന് അകലം പാലിക്കേണ്ടി വരുന്ന നായകന്‍. അവനെ തിരിച്ചറിയുന്ന സുഹൃത്ത്. മകളുടെ ഇഷ്ടമെന്തെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ അങ്ങനെ നമ്മള്‍ കാണാനിടയുള്ള കഥാസന്ദര്‍ഭങ്ങളിലൂടെയാണ് 100 ഡെയ്‌സ് ഓഫ് ലൗവിന്റെ യാത്ര. അതിനാല്‍ അതിഭാവുകത്വം ചിത്രത്തിലില്ല.

ബാംഗ്ലൂരിന്റെ രാത്രികാല സൗന്ദര്യം നന്നായി പകര്‍ത്തിയിട്ടുള്ള ചിത്രം കൂടിയാണ്് 100 ഡെയ്‌സ് ഓഫ് ലൗ. പ്രദീഷ് വര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോവിന്ദ് മേനോന്റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റു കൂട്ടുന്നു. ഐശ്വര്യ സ്‌നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മ്മിച്ച ചിത്രം ആന്‍മെഗാമീഡിയയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇന്ത്യയിലൊന്നാകെ 100 തിയേറ്ററുകളില്‍ പ്രണയകഥ പറഞ്ഞെത്തിയ ചിത്രത്തിലൂടെ ബീപ് ശബ്ദമില്ലാതെ ന്യൂജന്‍ സിനിമ കാണാം. ഒപ്പം ഒരു പ്രണയകഥ ആസ്വദിക്കാം.











from kerala news edited

via IFTTT