121

Powered By Blogger

Sunday, 20 June 2021

സ്വർണവിലയിൽ ഇടിവ് തുടരുന്നു: പവന്റെ വില 35,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്. അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകർച്ചക്കുശേഷം ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണർവുണ്ടായി. സ്പോട് ഗോൾഡ് വില 0.5ശതമാനമുയർന്ന് ഒരു ട്രോയ് ഔൺസിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച വിലയിൽ ആറുശതമാനത്തോളം ഇടിവുണ്ടായശേഷമാണ് വിലയിൽ നേരിയ വർധനവുണ്ടായത്. പലിശ നിരക്ക് ഉയർത്താനുള്ള യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. ഡോളർ കരുത്തുനേടിയതും വിലയിടിവിന് കാരണമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനം ഉയർന്ന് 46,911 നിലവാരത്തിലെത്തി.

from money rss https://bit.ly/35Cv2Gj
via IFTTT

വിലകുറഞ്ഞ 5ജി ഫോണും ലാപ്‌ടോപും വാർഷിക പൊതുയോഗത്തിൽ റിലയൻസ് പ്രഖ്യാപിച്ചേക്കും

ജൂൺ 24ന് നടക്കുന്ന റിയൻസിന്റെ വാർഷിക പൊതുയോഗത്തിൽ വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണും ജിയോ ലാപ്ടോപും അവതരിപ്പിച്ചേക്കും. വർക് ഫ്രം ഹോം വ്യാപകമായതോടെ വിലകുറഞ്ഞ ലാപ് ടോപിന് വിപണിയിൽനിന്ന് മികച്ച പ്രതികരം ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് ജിയോ ലാപ്ടോപ് പുറത്തിറക്കുന്നത്. ഗൂഗിളുമായി സഹകരിച്ചാണ് ജിയോ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. അതിന്റെ വിശദാംശങ്ങൾ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയർമാൻ യാസിർ അൽ റുമയ്യാൻ റിലയൻസിന്റെ ഡയറക്ടർ ബോർഡിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. വർഷങ്ങളായി വാർഷിക പൊതുയോഗത്തിലാണ് റിലയൻസ് പ്രധാന പ്രഖ്യാപനങ്ങൾ നടത്തിവരുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകരും ഉപഭോക്താക്കളും ജൂൺ 24നായി കാത്തിരിക്കുകയാണ്. ജിയോ ഫൈബർ രാജ്യത്തെ 25 ലക്ഷം വീടുകളിൾ ഇതിനകം എത്തിക്കഴിഞ്ഞു. പുതിയ പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

from money rss https://bit.ly/2TRjb4R
via IFTTT

സെൻസെക്‌സിൽ 524 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 15,550ന് താഴെ

മുംബൈ: ആഗോള വിപണികളിലെ സമ്മർദം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെൻസെക്സ് 524 പോയന്റ് നഷ്ടത്തിൽ 51,819ലും നിഫ്റ്റി 164 പോയന്റ് താഴ്ന്ന് 15,518ലുമാണ് വ്യാപാരം ആരംഭിച്ചത്. നെസ് ലെ, ഭാരതി എയർടെൽ, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ടൈറ്റാൻ, ഡോ.റെഡ്ഡീസ്, ഐടിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, പവർഗ്രിഡ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. എല്ലാ സെക്ടറൽ സൂചികകളും നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക്, മെറ്റൽ സൂചികകൾ രണ്ടുശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 0.7ശതമാനവും നഷ്ടത്തിലാണ്. ഓയിൽ ഇന്ത്യ, ഭാരത് ഡൈനാമിക്സ് തുടങ്ങി 70 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35COBhZ
via IFTTT

കോവിഡ് ആഘാതം; തൊഴിലില്ലായ്മയിൽ കേരളം ദേശീയ ശരാശരിക്കും മേലെ

കോട്ടയം: കോവിഡ് കാലത്ത് കേരളത്തിന്റെ തൊഴിലില്ലായ്മയിലും വർധന. കോവിഡ് കാലത്തിന് മുമ്പ് കേരളത്തിന്റെ തൊഴിലില്ലായ്മനിരക്ക് 16.3 ശതമാനമായിരുന്നു. 2020 ജൂണിലെ കണക്കുപ്രകാരം ഇത് 27.3 ശതമാനമായി ഉയർന്നു.ദേശീയതലത്തിൽ ഇവ യഥാക്രമം 9.1 ശതമാനവും 20.8 ശതമാനവുമാണ്. കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിറ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ തൊഴിൽ സർവേപ്രകാരം കണ്ടെത്തിയ കണക്കാണിത്. പ്രവാസികളുടെ മടങ്ങിവരവാണ് ഇതിൽ പ്രധാനം.സ്വയം തൊഴിൽ ചെയ്തിരുന്നവരുടെ തൊഴിൽ പോയത്, പിരിച്ചുവിടൽ എന്നിവയെല്ലാമാണ് കേരളത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. ഒരു വർഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 2020 മാർച്ചിൽ എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തിരുന്നവർ 34.24 ലക്ഷം പേരാണ്. 2021 മേയ് 31-ലെ കണക്കുപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37.21 ലക്ഷമായി. ഇതേ വരെ കോവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്തിയ പ്രവാസിമലയാളികൾ 8.43 ലക്ഷമാണ്. ഇതിൽ 5.52 ലക്ഷത്തിനും തൊഴിൽ നഷ്ടമായിയെന്നാണ് വിലയിരുത്തൽ. ഇവർക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്. കേരളത്തിൽ തന്നെ ജോലിചെയ്യുന്ന 127 ലക്ഷം തൊഴിലാളികളിൽ 48.10 ലക്ഷം പേർ സ്വയം തൊഴിലിലൂടെ തന്നെ ജീവിക്കുന്നവരാണ്. 35.2 ലക്ഷം പേർ താത്കാലിക തൊഴിലാളികളാണ്.ഇരു കൂട്ടരിലും അടച്ചിടൽ കാലത്ത് വ്യാപകമായി തൊഴിൽ നഷ്ടമുണ്ടായെന്ന് ഇതേക്കുറിച്ചുള്ള സർക്കാർ പഠനം കണ്ടെത്തിയിരുന്നു. 350 കോടി രൂപയാണ് ഇവരുടെ ആദ്യ അടച്ചിടൽകാലത്തെ വേതനനഷ്ടം. കേരളത്തിൽ 22.1 ശതമാനം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഇല്ലെന്നുള്ളതും പ്രയാസം വർധിപ്പിക്കുന്നതാണ്.

from money rss https://bit.ly/2TTfA63
via IFTTT

വരുന്നു, ഐ.പി.ഒ. വിപണിയിലും സ്റ്റാർട്ട്അപ്പ് വസന്തം

ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികൾ പലതും സ്റ്റാർട്ട്അപ്പുകളായി വളർന്ന ടെക്നോളജി സംരംഭങ്ങളാണ്. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ (ആൽഫബെറ്റ്), ടെൻസെന്റ്, ആലിബാബ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. ഈ കമ്പനികൾ ചുരുങ്ങിയ നാളുകൾകൊണ്ട് നിക്ഷേപകർക്ക് പല മടങ്ങ് നേട്ടമാണ് നേടിക്കൊടുത്തത്. യു.എസിലും ചൈനയിലും മറ്റും കണ്ട ഈ സ്റ്റാർട്ട്അപ്പ് വസന്തം ഇതാ ഇന്ത്യയിലും വരുന്നു. ഓൺലൈൻ ഭക്ഷ്യവിതരണ സംരംഭമായ സൊമാറ്റോ, ഓൺലൈൻ ഫാഷൻ വസ്ത്ര റീട്ടെയ്ലറായ നൈക, ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ വൻ ശക്തിയായി മാറുന്ന പേടിഎം, ഓൺലൈൻ ഇൻഷുറൻസ് വില്പനക്കാരായ പോളിസി ബസാർ, ഓൺലൈൻ മരുന്നു വിതരണക്കാരായ ഫാർമ് ഈസി എന്നിവയാണ് ഇന്ത്യയിൽനിന്ന് പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്ക് ഒരുങ്ങുന്ന സ്റ്റാർട്ട്അപ്പുകൾ. ഇ-കൊമേഴ്സ് കമ്പനികൾക്ക് ലോജിസ്റ്റിക്സ്, ഡെലിവറി സേവനമൊരുക്കുന്ന ഡൽഹിവറി, കണ്ണടകളുടെ ഓൺലൈൻ റീട്ടെയ്ലറായ ലെൻസ്കാർട്ട്, ഓൺലൈനിലൂടെ പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന ഗ്രോഫേഴ്സ് എന്നിവയും ഐ.പി.ഒ.യ്ക്ക് തയ്യാറെടുക്കുന്നതായിറിപ്പോർട്ടുകളുണ്ട്. വിമാന ടിക്കറ്റ്, ഹോട്ടൽ റൂം എന്നിങ്ങനെ യാത്രാ സംബന്ധമായ സേവനങ്ങളൊരുക്കുന്ന ഓൺലൈൻ കമ്പനിയായ ഈസ് മൈട്രിപ്പ്, ഗെയിമിങ് സ്റ്റാർട്ട്അപ്പായ നസാര ടെക് എന്നിവ ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഐ.പി.ഒ. പൂർത്തിയാക്കി ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച സംരംഭങ്ങളാണ്. സൊമാറ്റോ ഇതിനോടകം, ഐ.പി. ഒ.യ്ക്കായുള്ള കരടുരേഖ 2021 ഏപ്രിലിൽ തന്നെ ഓഹരി വിപണി നിയന്ത്രണ ബോർഡായ 'സെബി'ക്ക് സമർപ്പിച്ചിട്ടുണ്ട്. 8,250 കോടി രൂപ സ്വരൂപിക്കാനാണ് പദ്ധതി. ദീപീന്ദർ ഗോയൽ, പങ്കജ് ചദ്ദ എന്നീ ചെറുപ്പക്കാർ ചേർന്ന് 2008-ൽ ആരംഭിച്ച സൊമാറ്റോ, ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഡെലിവറി സംരംഭമാണ്. 2,486 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ വരുമാനം. 2020 ജനുവരിയിൽ ഊബർ ഈറ്റ്സിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്തതിനു പകരമായി ഊബറിന് ഓഹരി പങ്കാളിത്തം നൽകി. പ്രമുഖ ഇന്റർനെറ്റ് കമ്പനിയായ ഇൻഫോ എഡ്ജാണ് സൊമാറ്റോയിലെ ഏറ്റവും വലിയ ഓഹരിയുടമകൾ. മൊത്തം സമാഹരണ ലക്ഷ്യമായ 8,250 കോടി രൂപയിൽ 750 കോടി രൂപ തങ്ങളുടെ ഓഹരി വിറ്റ് ഇൻഫോ എഡ്ജ് എടുക്കും. 7,500 കോടി രൂപയാണ് പുതിയ മൂലധനമായി സൊമാറ്റോയിലെത്തുക. കൊട്ടക് മഹീന്ദ്ര കാപ്പിറ്റലിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഫാൽഗുനി നയ്യാർ തുടങ്ങിയ സംരംഭമാണ് നൈക. ഐ.പി.ഒ. മാനേജ് ചെയ്യാൻ മർച്ചന്റ് ബാങ്കർമാരെ കമ്പനി നിയോഗിച്ചു. ഏതാണ്ട് 33,000 കോടി രൂപ മൂല്യത്തിൽ ഈ വർഷം അവസാനമോ അടുത്ത വർഷമോ ഐ.പി. ഒ. നടത്താനാണ് പദ്ധതി. ഏതാണ്ട് 4,000-5,000 കോടി രൂപയാണ് സമാഹരിക്കുക. ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുകയിൽ ഒരു പങ്ക് നിലവിലുള്ള ഓഹരിയുടമകളുടെ ഓഹരി പങ്കാളിത്തം വിറ്റു നേടുമെന്നാണ് സൂചന. പേടിഎം ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ.കളിലൊന്നാണ് ലക്ഷ്യമിടുന്നത്. ഏതാണ്ട് 22,000 കോടി രൂപ സമാഹരിക്കുമെന്നാണ് കരുതുന്നത്. 1.85 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. അതിനിടെ, യു.എസ്. റീട്ടെയ്ൽ ഭീമന്മാരായ വാൾമാർട്ട് സ്വന്തമാക്കിയ ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാർട്ട് അടുത്ത വർഷം അമേരിക്കൻ വിപണിയിൽ ഐ.പി.ഒ. യ്ക്ക് ഒരുങ്ങുകയാണ്. ഓഹരി വിപണിയിലെ സാഹചര്യങ്ങൾ അനുകൂലമായി നിലനിന്നാൽ, ഈ സാമ്പത്തിക വർഷം രണ്ടിലേറെ സ്റ്റാർട്ട്അപ്പ് ഐ.പി.ഒ.കൾ ഉണ്ടായേക്കും. നേട്ടവും കോട്ടവും സ്റ്റാർട്ട്അപ്പുകളിൽ പലതും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. പേടിഎമ്മിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നഷ്ടം 1,701 കോടി രൂപയാണ്. അതായത്, പ്രതിദിനം 4.66 കോടി രൂപയുടെ നഷ്ടം. അതേസമയം, വാർഷിക നഷ്ടം തൊട്ടു മുൻ വർഷത്തെ 2,942 കോടിയിൽനിന്ന് കുറച്ചുകൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. സൊമാറ്റോ ഒരു ഓർഡറിന്റെമേൽ ശരാശരി 31 രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ടായിരുന്നു. എന്നാൽ, കോവിഡിനെ പിടിച്ചുകെട്ടാനുള്ള ലോക്ഡൗണിൽ ഹോട്ടൽ ഭക്ഷണത്തിന് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ ജനം കൂടുതലായി ആശ്രയിച്ചതോടെ, നഷ്ടം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വില്പന ഉയർന്നത് ഈ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നു. സ്റ്റാർട്ട്അപ്പുകളിൽ വൻ തുക നിക്ഷേപിച്ച്, ചുരുങ്ങിയ കാലംകൊണ്ട് പല മടങ്ങ് നേട്ടമുണ്ടാക്കുന്നത് ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപകരുമാണ്. സ്റ്റാർട്ട്അപ്പുകളുടെ വാല്യുവേഷൻ ഉയരുന്നതിനനുസരിച്ചാണ് മികച്ച നേട്ടം അവർ സ്വന്തമാക്കുന്നത്. ഈ നേട്ടം ചെറുകിട നിക്ഷേപകർക്ക് കൂടി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ടെക്നോളജി സംരംഭങ്ങളുടെയും സ്റ്റാർട്ട്അപ്പുകളുടെയും ഐ.പി.ഒ. ഉയർന്ന നേട്ടത്തിന് അവസരമുള്ളതു പോലെ നഷ്ട സാധ്യതയും കൂടുമെന്നു മാത്രം. roshan@mpp.co.in

from money rss https://bit.ly/3gIwqhb
via IFTTT