ആഗോളതലത്തിൽ ആശങ്ക ഉയർത്തി യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40വർഷ ചരിത്രത്തിലെ ഉയർന്നനിരക്കാണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണനയത്തിൽ മാറ്റംവരുത്താനുള്ള സാധ്യതയേറി. യു.എസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2020നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8ശതമാനമാണ് ഉയർന്നത്. ഒക്ടോബറിലെ നിരക്കിനേക്കാൾ 0.8ശതമാനമാണ് സൂചികയിലെ വർധന. ഇന്ധനം, താമസം, ഭക്ഷണം, വാഹനം തുടങ്ങിയ മേഖലകളിലെ വിലവർധനവാണ് പണപ്പെരുപ്പ സൂചിക ഉയരാൻ പ്രധാനകാരണമായി വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ചെലവ് വർധിച്ചതിനാൽ ജനങ്ങൾക്ക് കൂടുതൽ പണംചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സമ്മർദത്തിലാണ്. അടുത്തയാഴ്ച നടക്കുന്ന ഫെഡറൽ റിസർവിന്റെ ഈ വർഷത്തെ അവസാന യോഗത്തിൽ ബോണ്ട് തിരികെവാങ്ങൽ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും. കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ യുഎസ് ഫെഡ് റിസർവ് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ പലിശ നിരക്ക് ഉയർത്തി ഘട്ടംഘട്ടമായി പിൻവലിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ൽ പണപ്പെരുപ്പത്തിൽ സമാനമായ ഉയർച്ചയുണ്ടായപ്പോൾ ഫെഡറൽ റിസർവിന്റെ നിരക്ക് 19.10ശതമാനമായിരുന്നു എന്നകാര്യം ഓർക്കണം. നിലവിൽ ഇത് അരശതമാനത്തിൽ താഴെയാണ്. ഇന്ത്യയെ എപ്രകാരം ബാധിക്കും? ആഗോളതലത്തിലെ വിലക്കയറ്റം രാജ്യത്തെ ഇറക്കുമതി ചെലവ് വർധിപ്പിക്കും. അതായത്, രാജ്യത്ത് ഇറക്കുമതിചെയ്യുന്നവയുടെയല്ലാം വിലയിൽ വർധനവുണ്ടാകും. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയർന്നാൽ അയഞ്ഞ പണനയം ഉപേക്ഷിക്കാൻ കേന്ദ്ര ബാങ്കുകൾ നിർബന്ധിതാരാകും. പണനയം കർശനമാക്കുന്നതോടെ പലിശ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് ചുരുക്കം. പലിശ നിരക്കിൽ വർധനവുണ്ടാകുന്നതോടെ കടംവാങ്ങുന്നതിന് നിയന്ത്രണംവരും. സമ്പാദ്യത്തിനാകും ഉത്തേജനമുണ്ടാകുക. അതുകൊണ്ടതുന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും അത് ബാധിക്കും. രാജ്യത്തിനുപുറത്തുനിന്ന് പണം സ്വരൂപിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ചെലവേറും. അതുമാത്രമല്ല, പലിശ നിരക്ക് വർധിപ്പിക്കാൻ റിസർവ് ബാങ്ക് നിർബന്ധിതമാകും. അതാകട്ടെ ഉത്പാദനചെലവിൽ വർധനുണ്ടാക്കുകയും രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുകയുംചെയ്യും. US Inflation and Impact on India.
from money rss https://bit.ly/31UcoeI
via IFTTT
from money rss https://bit.ly/31UcoeI
via IFTTT