കോട്ടയ്ക്കൽ: ബിറ്റ്കോയിൻ എന്ന നിഗൂഢ കറൻസിക്ക് പിന്നാലെ മറ്റൊരു ക്രിപ്റ്റോ കറൻസിയായ എത്തേറിയത്തിനും കേരളത്തിൽ പ്രചാരമേറുന്നു. തട്ടിപ്പ് വാർത്തകളും കൊലപാതക വാർത്തകളും യുവ നിക്ഷേപകർക്കിടയിൽ ബിറ്റ് കോയിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിത്തുടങ്ങിയ അവസരത്തിലാണ് ലോകത്തിലെ രണ്ടാമത്തെ ക്രിപ്റ്റോ കറൻസിയെന്ന് ഖ്യാതി നേടിയ എത്തേറിയം നിക്ഷേപകർക്ക് പ്രിയങ്കരമാവുന്നത്. ബിറ്റ് കോയിൻ മാസികയുടെ സഹസ്ഥാപകനായ റഷ്യൻ-കനേഡിയൻ പ്രോഗ്രാമർ വിറ്റാലിക്ക് ബ്യൂട്ടറിനാണ് എത്തേറിയത്തിന്റെ ഉപജ്ഞാതാവ്. 2014-ലാണ് എത്തേറിയം എന്ന ക്രിപ്റ്റോ കറൻസി രംഗത്തെത്തുന്നത്. കേരളത്തിൽ മില്യൺ മണി സ്മാർട്ട് കോൺട്രാക്റ്റ് എന്ന വെബ്സൈറ്റിലൂടെയാണ് നിക്ഷേപകർ എത്തേറിയത്തിൽ നിക്ഷേപമിറക്കുന്നത്. ബിറ്റ്കോയിനിൽ വലിയ സംഖ്യയാണ് നിക്ഷേപിക്കേണ്ടതെങ്കിൽ ഇവിടെ അഞ്ചു ഡോളർ (ഏകദേശം നാനൂറു രൂപ) മുതൽ നിക്ഷേപം തുടങ്ങാനുള്ള അവസരമുണ്ട്. ഒരുതരത്തിലും ഹാക്ക് ചെയ്യപ്പെടുകയില്ലെന്നും നിക്ഷേപങ്ങൾ നൂറുശതമാനം സുരക്ഷിതമാണെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു. പണം വൈബ്സൈറ്റിൽ എവിടെയും സൂക്ഷിക്കുന്നില്ലെന്നും ഇടപാടുകൾ ഉപയോക്താകൾക്ക് പ്രത്യേകം തയ്യാറാക്കിയ വാലറ്റുകളിൽനിന്ന് വാലറ്റുകളിലേക്കാണെന്നും വൈബ് സൈറ്റ് പറയുന്നു. പണം ഒരു പ്രത്യേക സെർവറിലല്ല സൂക്ഷിക്കുന്നത് എന്നതുകൊണ്ടുതന്നെ ഹാക്കർമാർക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. ഇതിൽ നിക്ഷേപിക്കുന്നവർ രണ്ടുപേരെവീതം പുതിയതായി ചേർക്കണമെന്നാണ് സൈറ്റ് മുന്നോട്ടുവെക്കുന്ന നിബന്ധന. ഈ സൈറ്റിനെക്കുറിച്ച് മലയാളത്തിലുള്ള വീഡിയോ യൂട്യൂബിലും വാട്സ് ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിനിമയം നടത്തുന്ന ബിറ്റ് കോയിൻ, എത്തേറിയം പോലുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നാണ് കരുതുന്നതെന്ന് െഎ.ടി. വിദഗ്ധനായ ജോസഫ് മാത്യു പറഞ്ഞു. ഇന്റർനെറ്റ് ബാങ്കിങ് വഴി രണ്ടുപേർക്ക് പരസ്പരം പണം കൈമാറാമെന്നിരിക്കെ ഇതിന് ഇടനില നിൽക്കാൻ ബാങ്ക് എന്ന ഒരു സ്ഥാപനത്തിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്. പക്ഷേ, ക്രിപ്റ്റോ കറൻസികളുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ എത്തുമ്പോൾ അവരെ തിരഞ്ഞുപിടിച്ച് നിയമനടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്- അദ്ദേഹം കൂട്ടിച്ചേർത്തു. നിക്ഷേപകർ നേരിടുന്ന വെല്ലുവിളി അപ്രതീക്ഷിതമായ വിലയിടിവാണ് ക്രിപ്റ്റോയിൽ പണമിറക്കുന്ന ഒരോ നിക്ഷേപകനും നേരിടുന്ന വെല്ലുവിളി. ഡിജിറ്റൽ രൂപത്തിലായതിനാൽ തന്നെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് ഹാക്കർമാർ നടത്തുന്ന മോഷണവും വെല്ലുവിളിയാണ്. ക്രിപ്റ്റോ കറൻസികളിലുള്ള നിക്ഷേപത്തിന് സർക്കാർ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താതിനാലും അംഗീകാരം നൽകിയിട്ടില്ലാത്തതിനാലും നഷ്ടങ്ങൾ സംഭവിച്ചാൽ സഹിക്കുകയല്ലാതെ നിക്ഷേപകന് മറ്റ് മാർഗങ്ങളൊന്നുമില്ല. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ എത്തേറിയത്തിന് നിയമസാധുത ഇല്ലങ്കിലും ജപ്പാൻ, മാൾട്ട, ഉക്രൈൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ ചില രാജ്യങ്ങളിൽ എത്തേറിയം അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് നിയമസാധുതയുണ്ട്. ബിറ്റോകോയിന്റെ ഈയാഴ്ചത്തെ ഡോളറുമായുള്ള വിനിമയമൂല്യം 8950 ഡോളർ(635830.92 രൂപ) വരെ ഉയർന്നു. എത്തേറിയവും കഴിഞ്ഞയാഴ്ച മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞയാഴ്ച ഡോളറുമായുള്ള വിനിമയമൂല്യം 140 ഡോളറായിരുന്നു(9947.07 രൂപ). ഒരാഴ്ചകൊണ്ട് അത് 168 ഡോളറിലേക്ക്(11936.48 രൂപ) കുതിച്ചു. 20 ശതമാനം വർധന. തട്ടിപ്പും കൊലപാതകവും തിരിച്ചടിയാവുമ്പോൾ കേരളത്തിൽ പുതുതലമുറ നിക്ഷേപകരിൽ ആദ്യം തംരഗമായിരുന്നു ബിറ്റ്കോയിൻ. എന്നാൽ, ലാഭത്തിനുപുറമെ നഷ്ടങ്ങളും സഹിക്കേണ്ടിവന്നതോടെ പലരും ഇതിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു. ബിറ്റ്കോയിനിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞ് കാശ് വാങ്ങുന്ന തട്ടിപ്പ് സംഘങ്ങൾകൂടി രംഗത്തെത്തിയതാണ് ഈ ക്രിപ്റ്റോ കറൻസിയെ കേരളത്തിൽ സംശയത്തിന്റെ നിഴലിലാക്കിയത്. ബിറ്റ് കോയിൻ ഇടപാടിൽ ഡെറാഡൂണിൽ മലയാളിയായ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടതോടെ ഇതിന് ഒരു സാമൂഹിക വിപത്തിന്റെ രൂപം കൈവന്നു. 485 കോടി രൂപയുടെ ബിറ്റ്കോയിൻ തട്ടിപ്പിലെ മുഖ്യസൂത്രധാരനായിരുന്ന പുലാമന്തോൾ സ്വദേശി അബ്ദുൾ ഷുക്കൂറാണ് ഡെറാഡൂണിൽ വ്യാപാര പങ്കാളികളാൽ കൊല്ലപ്പെട്ടത്.
from money rss http://bit.ly/2THpwO7
via IFTTT
from money rss http://bit.ly/2THpwO7
via IFTTT