മുഖാലങ്കാരത്തിൽ സിന്പിൾ ലുക്ക് കിട്ടുന്ന മിറർ സ്കിൻ പോലുള്ള ട്രെൻഡുകളോടാണ് തന്റെ അഭിനിവേശമെന്ന് മിസ് കോസ്മോ വേൾഡ് മലേഷ്യയിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയും കോഴിക്കോടുകാരിയുമായ സാൻഡ്ര സോമൻ പറയുന്നു. ഇതാകുമ്പോൾ അധികം മേക്കപ്പുചെയ്തെന്ന് തോന്നിക്കുകയുമില്ല, നാച്വറൽ ലുക്ക് കിട്ടുകയുംചെയ്യും. ഹെവിമേക്കപ്പിന്റെ ട്രെൻഡൊക്കെ പോയി. കോഴിക്കോടും മറ്റുനഗരങ്ങളിലും കൗമാരക്കാർക്കിടയിൽ ഇന്നേറ്റവും പ്രചാരത്തിലുള്ളതും ഈരീതിതന്നെയാണെന്നാണ് മണിപ്പാലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനികൂടിയായ സാൻഡ്രയുടെ നിരീക്ഷണം. മറ്റുനഗരങ്ങളെ അപേക്ഷിച്ച് സാധാരണക്കാർക്ക് വാങ്ങിക്കാൻപാകത്തിൽ ശരാശരി വിലയിലുള്ളതും ദിവസേന ഉപയോഗിക്കാൻപറ്റുന്നതുമായ സൗന്ദര്യവർധക ഉത്പന്നങ്ങളാണ് കോഴിക്കോട് കൂടുതൽ ലഭിക്കുന്നതും ഉപയോഗിക്കുന്നവയിലുമേറെ. അതേസമയം, ഉയർന്ന നിലവാരവും ചെലവേറിയതുമായ ഉത്പന്നങ്ങൾ വിൽക്കുന്ന കടകളും ബ്രാൻഡഡ് സ്ഥാപനങ്ങളും കോഴിക്കോട്ടുണ്ട്. ഇഷ്ടംപോലെ ബ്യൂട്ടി സലൂണുകളും പാർലറുകളും ഗ്രാമ-നഗര വ്യത്യാസമില്ലാതെ കോഴിക്കോട്ട് ഉയർന്നുകഴിഞ്ഞു. പത്തോ പതിനഞ്ചോ വർഷത്തെ ചരിത്രമേ ഈ കുതിച്ചുചാട്ടത്തിന് പറയാനുണ്ടാവൂ. മേക്കപ്പും മുഖാലങ്കാരവും ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായെന്നതിന്റെ തെളിവാണ് കഴിഞ്ഞ പത്തുകൊല്ലത്തിനിടെ കോഴിക്കോട്ടെ സൗന്ദര്യശാലകളുടെയും സൗന്ദര്യവർധകവസ്തുക്കളുടെയും വിപണിയിലുണ്ടായ കുതിച്ചുചാട്ടം കാണിക്കുന്നത്. നഗരപരിധിയിൽമാത്രം ചെറുതും വലുതുമായ മുന്നൂറിലധികം പാർലറുകളുണ്ടിന്ന്. ഉത്തരേന്ത്യക്കാരാണ് കോഴിക്കോട്ടെ ബ്യൂട്ടിപാർലറുകളിൽ ജോലിചെയ്യുന്നവരിൽ സിംഹഭാഗവുമെന്നത് എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്. ട്രെൻഡി ടീനേജേഴ്സ് ടീനേജേഴ്സ് ഏറ്റവുമധികം പരീക്ഷണങ്ങൾ നടത്തുന്നത് മുടിയിലാണെന്നാണ് കോഴിക്കോട്ടെ പ്രമുഖ ബ്യൂട്ടിസലൂൺ നടത്തിപ്പുകാരുടെ അഭിപ്രായം. ചുരുട്ടിയും നിവർത്തിയുമെടുത്ത മുടിയിഴകൾ പലരീതിയിൽ വെട്ടിയൊതുക്കുന്നതിലും നീട്ടിവളർത്തുന്നതിലുമൊതുങ്ങുന്നതല്ല കൗമാരക്കാരുടെ ഇഷ്ടങ്ങൾ. ഇന്റർനെറ്റിലും യൂട്യൂബിലും അരിച്ചുപെറുക്കി ലോകത്തെല്ലായിടത്തും പ്രചാരത്തിലുള്ള വിവിധ ഹെയർ സ്റ്റൈലുകളും സൗന്ദര്യപരിചരണരീതികളും കണ്ടുപിടിച്ചുകൊണ്ടുവന്ന് അതുള്ള പാർലറുകൾ കണ്ടുപിടിച്ചെത്തുന്നവരാണ് ആൺ-പെൺ വ്യത്യാസമില്ലാതെ ഇവർ. ടോപ് നോട്ട്സും മിഡിൽ പാർട്ടിഷനും ഹോളിവുഡ്സ് കേൾസുമൊക്കെയാണ് പെൺകുട്ടികളിൽ ആവശ്യക്കാരേറെയുള്ള പുത്തൻ ഹെയർസ്റ്റൈലുകൾ. പുരുഷന്മാരിൽ താടിയിലും മീശയിലുമാണ് പരീക്ഷണളേറെയും. ഒപ്പം ചർമസംരക്ഷണവും. ഹെയർ കളറിങ് തലമുടിയിൽ നിറംചൂടുന്നതാണ് പെൺകുട്ടികൾക്കിടയിലെ ഏറ്റവും പുതിയ ട്രെൻഡെന്ന് വേവ്സ് സലൂൺ ഉടമ അബ്ദുൾ നാസിർ പറയുന്നു. ചർമത്തിന്റെ നിറമനുസരിച്ചാണ് മുടിക്കുനൽകേണ്ട നിറവും തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറയുന്നു. പർപ്പിളിനോടും ചുവപ്പിനോടുമുള്ള അഭിനിവേശം ഒന്നുവേറെയാണ്. ഒപ്പം ഹൈലൈറ്റ്സ് രീതിയിൽ മുടിയിലെ ചിലഭാഗങ്ങളിൽമാത്രമായി പച്ച, നീല തുടങ്ങി ഫാൻസി നിറങ്ങൾ പിടിപ്പിക്കാനിഷ്ടപ്പെടുന്നവരുണ്ട്. കാപ്പിനിറത്തിനും (മോച) ചോക്ലേറ്റ് നിറത്തിനും കടുംചുവപ്പും കാപ്പിയും ഇടകലർന്ന ലിറ്റിൽ ബർഗണ്ടിക്കും ആവശ്യക്കാരേറെയുണ്ട്. ഓംബ്രെ, ബാലിഗേജ്, ബർഗണ്ടി ബാലിഗേജ്, റോസ് ഗോൾഡ് ബാലിഗേജ് എന്നിങ്ങനെ നാൽപ്പതിലധികം ഷെയ്ഡുകൾ ലഭ്യമാണിന്ന്. 1000 രൂപമുതലാണ് ഫീസ്. ഹെയർ ട്രീറ്റ്മെന്റുകൾ ഹെയർ സ്മൂതനിങ് ആയിരുന്നു കുറച്ചുകാലംമുന്പത്തെ ട്രെൻഡെങ്കിൽ സ്മൂതൺ ചെയ്യുന്നതിനൊപ്പം മുടിയുടെ സ്വാഭാവികത നിലനിർത്തി കൃത്രിമത്വം തോന്നാത്ത രീതിയിലുള്ള പരിചരണങ്ങൾകൂടി നൽകുന്നതാണ് പുതിയ ട്രീറ്റ്മെന്റുകളെന്ന് ഒലെ ബ്യൂട്ടി സലൂൺ ഡയറക്ടർ രാഹുൽ കൃഷ്ണ പറയുന്നു. ഇതിൽവരുന്നതാണ് കെരാട്ടിൻ ട്രീറ്റ്മെന്റും ഹെയർ ബൊട്ടോക്സും ക്യു.ഒ.ഡി. ട്രീറ്റ്മെന്റുമൊക്കെ. മുടിയിഴകൾക്ക് കേടുപാടുകൾ സംഭവിക്കാത്തരീതിയിലുള്ള പ്രത്യേക ട്രീറ്റ്മെന്റുകളാണിവയെന്ന് അദ്ദേഹം പറയുന്നു. ബ്രാൻഡഡ് പാർലറുകൾ കോഴിക്കോട്ട് ഒട്ടേറെ ബ്രാൻഡഡ് ബ്യൂട്ടിസ്ഥാപനങ്ങൾ വേരുറപ്പിച്ചുകഴിഞ്ഞു. ലാക്മീ, വേവ്സ്, ഒലേ, എലൻ, നാച്വറൽസ്, ടോണി ആൻഡ് ഗൈ, ബെറ്റെർ ഹാഫ് തുടങ്ങിയവയെല്ലാം ഇതിനകം ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയവരാണ്. പ്രചാരംനേടിയ ഉത്പന്നങ്ങൾ മേക്കപ്പ് ഇട്ടിട്ടില്ലെന്നുതോന്നിപ്പിക്കുന്ന സിമ്പിൾ ഫൗണ്ടേഷനുകളാണ് പുതിയ തലമുറയ്ക്കിഷ്ടം. മുഖത്തിൻറെ സ്വാഭാവികനിറത്തെ കൂടുതൽ ആകർഷണീയമാക്കാൻ ഓയിലി ഫൗണ്ടേഷൻ മുതൽ ബിബി ക്രീം, സിസി ക്രീം, ലിക്വിഡ് ഫൗണ്ടേഷൻ, ക്രീം ഫൗണ്ടേഷൻ, മൂസ് ഫൗണ്ടേഷൻ, കോംപാക്ട് ഫൗണ്ടേഷൻ എന്നിവവരെയുണ്ട്. ഫൗണ്ടേഷന് മറയ്ക്കാനാകാത്ത മുഖത്തെ കരുവാളിപ്പും പാടുകളും ഭംഗിയായി മറയ്ക്കുന്ന സ്റ്റിക്, ക്രീം, ലിക്വിഡ് രൂപങ്ങളിലുള്ള കൺസീലറുകൾ ലഭിക്കും. പലനിറത്തിലുള്ള ലിപ്സ്റ്റിക്കുകളും ലഭ്യമാണെങ്കിലും ലളിതമായി ഉപയോഗിക്കുന്നതാണ് പുതിയ ട്രെൻഡ്. കണ്ണുകളുടെ അലങ്കാരത്തിന് ചോക്കോ ലുക്ക് കിട്ടുന്ന കോപ്പർ ഷെയ്ഡ് ഐഷാഡോമുതൽ ഗോൾഡൻ ഐഷാഡോ, വൈറ്റ് ഷിമർ ഐഷാഡോ, സ്നോവൈറ്റ് ഷെയ്ഡ്, സിൽവർ ഐഷാഡോ തുടങ്ങിയവ ലഭ്യമാണ്. ആണുങ്ങളിലാണെങ്കിൽ താടിമിനുക്കുന്ന ഓയിലുകളും ജെല്ലുകളുമാണ് ഏറ്റവുംപുതിയ മുന്നേറ്റം നടത്തിയത്. ലോറിയൽ, മെട്രിക്സ് തുടങ്ങിയവയാണ് ബിയേർഡ് ഓയിലുകളിലെ പ്രധാന ബ്രാൻഡുകൾ. വിവാഹത്തിനൊരുങ്ങാൻ വധുമുതൽ മുത്തശ്ശിവരെ ബ്രൈഡൽ മേക്കപ്പ് സർവസാധാരണമായി. മുമ്പൊക്കെ വിവാഹത്തിന് വധുമാത്രമേ പാർലറുകളെ സമീപിച്ചിരുന്നുള്ളൂവെങ്കിൽ ഇന്ന് കല്യാണവീട്ടിലുള്ളവർ കുടുംബസമേതം പാർലറുകളെ സമീപിക്കുന്ന രീതിയാണ്. വധുവിന്റെയും വരന്റെയും അടുത്ത ബന്ധുക്കളെ സാരിയുടുപ്പിക്കാൻവരെ ബ്യൂട്ടീഷ്യൻതന്നെ വരേണ്ട സ്ഥിതിയായി. shinilamathottathil814@gmail.com
from money rss http://bit.ly/381VVCM
via
IFTTT