121

Powered By Blogger

Monday, 13 January 2020

ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ വേർപെടുത്തുന്നതിന് കൂടുതൽ സമയം

മുംബൈ:കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ വിഭജിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന് രണ്ടു വർഷം കൂടി സമയം നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉത്തരവിറങ്ങി. 2020 ഏപ്രിൽ ഒന്നിന് നിർബന്ധമാക്കാനിരുന്ന നിയമം 2022 ഏപ്രിൽ ഒന്നിലേക്കാണ് നീട്ടി നൽകിയത്. അതേസമയം, തീയതി നീട്ടുന്നതിന് കാരണമൊന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ ഒന്നു മുതൽ ചെയർമാൻ, മാനേജിങ് ഡയറക്ടർ അല്ലെങ്കിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തികകൾ വേർപെടുത്തണമെന്നായിരുന്നു സെബി നിർദേശം. എന്നാൽ, പല കമ്പനികളും ഇതിന് തയ്യാറെടുത്തിരുന്നില്ല. ഓഹരി വിപണിയിൽനിന്നുള്ള കണക്കുകൾ പ്രകാരം ലിസ്റ്റ് ചെയ്തതിൽ മുൻനിരയിലുള്ള 500 കമ്പനികളിൽ പകുതിയോളം ഈ നിയമം നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്ന് ഇവർ ആവശ്യമുന്നയിച്ചിരുന്നു. വ്യവസായികളുടെ സംഘടനയായ ഫിക്കി, സി.ഐ.ഐ. എന്നിവയും തീയതി നീട്ടണമെന്നാവശ്യപ്പെട്ട് സെബിയെ സമീപിച്ചു. സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞ സാഹചര്യം കൂടി ഇവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയതെന്ന് കരുതുന്നു. പല കമ്പനികളും ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകൾ ലയിപ്പിച്ച് സി.എം.ഡി. തസ്തികയാണ് നിലവിലുള്ളത്. ഇത് ബോർഡിലും മാനേജ്മെന്റിലും തീരുമാനങ്ങളെ ബാധിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ കോർപ്പറേറ്റ് ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവ വേർപെടുത്താൻ 2018 മേയിൽ സെബി ഉത്തരവിറക്കിയത്. മാനേജിങ് ഡയറക്ടർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നിവരുമായി ചെയർമാന് നേരിട്ട് ബന്ധമുണ്ടാകരുതെന്നും സെബി ഇതോടൊപ്പം നിർദേശിച്ചിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ബി.പി.സി.എൽ., ഒ.എൻ.ജി.സി., കോൾ ഇന്ത്യ, വിപ്രോ, ഹീറോ മോട്ടോ കോർപ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ചെയർമാൻ, മാനേജിങ് ഡയറക്ടർ തസ്തികകളിൽ ഒരാളാണ് നിലവിലുള്ളത്. SEBI Extends Deadline By Two Years To Split Chairman And Managing Director Posts

from money rss http://bit.ly/2t6g9N9
via IFTTT