ഇതര ഏഷ്യൻ വിപണികളെയപേക്ഷിച്ച് ഇന്ത്യൻ ഓഹരി വിപണി മെച്ചപ്പെട്ട നിലയിലായിരുന്നു. ചൈനയിൽ നിന്നുള്ള സ്ഥിതിവിരക്കണക്കുകൾ, ടെക് ഓഹരികളിലെ കുതിപ്പ്, ബാങ്ക് നിരക്കുകുറച്ച് സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പണം എത്തിക്കാനുള്ള ചൈനീസ് കേന്ദ്ര ബാങ്കിന്റെ പദ്ധതി എന്നിവയെല്ലാം ഏഷ്യൻ വിപണിയിലെ മുന്നേറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. ഐടി മേഖലയിലെ കുതിപ്പ്, റിയൽ എസ്റ്റേറ്റ്, ധനകാര്യ സ്ഥാപനങ്ങൾ, ലോഹ മേഖലയിലെ ഓഹരികൾ എന്നീ ഘടകങ്ങളും ഒന്നാം പാദത്തിലെ ലാഭവും മറ്റുമാണ് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചത്. ക്രൂഡോയിൽ വിലയിലും ഭക്ഷ്യവിലയിലുമുണ്ടായ നേരിയകുറവ്, മുൻ മാസത്തെയപേക്ഷിച്ച് ഉപഭോക്തൃവില സൂചിക, മൊത്ത വിലസൂചിക എന്നിവയിലെ വർധനയിലുണ്ടായ അയവ് എന്നിവയാണ് സഹായകരമായ ഘടകങ്ങൾ. ഈ വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ വികസിത യൂറോപ്യൻ വിപണി പ്രായേണ നിശബ്ദമായിരുന്നു. കൂടിയ തോതിലുള്ള പണപ്പെരുപ്പവും പലിശയുടെ കാര്യത്തിൽ യുഎസ് കേന്ദ്ര ബാങ്കിന്റെ വരാനിരിക്കുന്ന തീരുമാനത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകളുമാണ് പാശ്ചാത്യ വിപണിയെ സ്വാധീനിച്ചത്. യുഎസ് കേന്ദ്ര ബാങ്കിന്റെ നയ സമിതി യോഗം ജൂലൈ 27, 28 തിയതികളിലാണ് നടക്കാനിരിക്കുന്നത്. മുൻവർഷം ഇതേനാളുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഏഷ്യൻ വിപണികൾ കോവിഡ്-19 രണ്ടാംതരംഗംമൂലം നട്ടംതിരിയുകയായിരുന്നു എന്നുകാണാം. വൻകിട ചൈനീസ് കമ്പനികൾക്കുനേരെയുണ്ടായ സർക്കാർ നടപടികളും, ഹോങ്കോങ്ങിലെ അനിശ്ചിതാവസ്ഥയും യുഎസും ചൈനയും തമ്മിലുള്ള വർധിക്കുന്ന സംഘർഷങ്ങളും വിദേശനിക്ഷേപകരുടെ വിറ്റഴിക്കലുമെല്ലാം വിപണിയെ ബാധിച്ചിട്ടുണ്ട്. എന്നാൽ നിഫ്റ്റി 500ലെ ഓഹരികൾക്ക് 18 ശതമാനം നേട്ടം നൽകിക്കൊണ്ട് ആർഭാടപൂർണമായ കുതിപ്പാണ് ഇന്ത്യൻ വിപണി നടത്തിയത്. യഥാക്രമം 16 ശതമാനം, 14 ശതമാനം എന്നിങ്ങനെ നേട്ടമുണ്ടാക്കിയ പാശ്ചാത്യ വികസിത വിപണികളിലെ ഡൗജോൺസ്, ഡാക്സ്അപ് സൂചികകളോടൊപ്പമായിരുന്നു നമ്മുടെനേട്ടം. ഇന്ത്യൻ വിപണി നല്ലപ്രകടനം കാഴ്വെക്കാനുള്ള പ്രധാന കാരണം ആഗോള വിപണി നൽകിയ സംരക്ഷണമായിരുന്നു. അടച്ചിടലിനുശേഷം ഉണ്ടായ വിലക്കയറ്റം താൽക്കാലികമാണെന്നും ഉദാരവൽക്കരണ നയങ്ങളെ അതുബാധിക്കുകയില്ലെന്നുമുള്ള യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ജെറോം പോവെൽ നൽകിയ ഉറപ്പ് ഫലപ്രദമായി. ഇന്ത്യൻ വിപണിയിലാണെങ്കിൽ വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന ഉണ്ടായിട്ടും മ്യൂച്വൽ ഫണ്ടിൽനിന്നും ചെറുകിട നിക്ഷേപകരിൽ നിന്നുമുള്ളപണത്തിന്റെ വൻതോതിലുള്ള വരവ് നല്ല പ്രകടനത്തിന് താങ്ങായി. ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ മേൽക്കൈ വർധിക്കുന്നുണ്ടെങ്കിലും ഭാവിയിൽ വികസിത വിപണികളുടെ ഗതിവിഗതികൾ നമ്മെ സ്വാധീനിക്കുകതന്നെ ചെയ്യും. അതിസമ്പന്നർ ഐപിഒകൾക്കു നൽകുന്ന പിന്തുണ ഓഹരി വിപണിയിൽ ഇന്ത്യക്കു നല്ലപ്രതീക്ഷ നൽകുന്നുണ്ട്. പ്രധാന സൂചികകളായ നിഫ്റ്റി 50ന്റെയുംമറ്റും ലാഭം പരിശോധിക്കുമ്പോൾ ഹ്രസ്വകാലം മുതൽ ഇടക്കാലം വരെ അവ പരിമിതമായിരിക്കുമെന്നുകാണാം. ജിയോജിത് നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ 2021 ജൂലൈ 16ന് 15,923.40 ന് ക്ളോസ് ചെയ്ത നിഫ്റ്റി 50 ന്റെ 2021 ഡിസമ്പർ ടാർഗെറ്റ് 16,615 ആണ്. ഇതിൽ 5 ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുണ്ടായേക്കാം. വിശാല വിപണി പരിശോധിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ ശോഭനമാണ്. കൂടിയ ഓഹരി വിലകൾ ലക്ഷ്യമിട്ടാണ് വിശകലന വിദഗ്ധർ നേട്ടത്തേയും വിലകളേയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ പുതുക്കിക്കൊണ്ടിരിക്കുന്നത്. അടച്ചിടലിനുശേഷമുള്ള വീണ്ടെടുപ്പ് നൽകുന്ന സാമ്പത്തിക നേട്ടങ്ങളാണ് അവരെ ഇതിലേക്കു നയിക്കുന്നത്. കൂടിയ തോതിൽ എത്തുന്ന പണവും കുറഞ്ഞ പലിശനിരക്കും ആകർഷകമായ ഐപിഒകളും വിപണിക്ക് വലിയപിന്തുണ നൽകുന്നുണ്ട്. മൊത്തത്തിൽ വിപണി അനുകൂല നിലതുടരുമെങ്കിലും ആഗോള വിപണിയിലെ മാറുന്നപ്രവണതകൾക്കനുസരിച്ച് അനിശ്ചിതത്വത്തിനും സാധ്യതയുണ്ട്. മേഖലകൾക്കും ഓഹരികൾക്കുമനുസരിച്ച് ഓഹരികൾ വിൽക്കാവുന്നതാണ്. പോർട്ഫോളിയോയിൽ ഇടത്തരം, ചെറുകിട ഓഹരികളുടെ എണ്ണംകുറച്ച് കടപ്പത്രങ്ങൾക്കും സ്വർണത്തിനും കൂടുതൽ ഇടംനൽകണമെന്നാണ് നിക്ഷേപകരോട് ഉപദേശിക്കാനുള്ളത്. ഹ്രസ്വകാല, ഇടക്കാല അടിസ്ഥാനത്തിലാണിത്. ഐടി മേഖലയിൽ പ്രതീക്ഷിച്ചതിലും ഭേദമായ ഫലങ്ങളാണ് ഈയാഴ്ച പുറത്തുവിട്ടത്. ഫലങ്ങളേക്കാളുപരി കെട്ടിക്കിടന്ന ഓർഡറുകളും ഇടപാടുകളും ഗുണപരമായി മുന്നേറിയത് പ്രതീക്ഷ നൽകുന്നു. റേറ്റിംഗിലും മൂല്യനിർണയത്തിലും ഉണ്ടായ വളർച്ച വരുമാന കണക്കുകൂട്ടലിലും ഓഹരികളുടെ ലക്ഷ്യ വിലയിലും ഉയർച്ചയുണ്ടാക്കി. ബാങ്കിംഗ്, ധനകാര്യ സേവന രംഗത്തും ആരോഗ്യം, ചില്ലറ വിൽപന, നിർമ്മിതി മേഖലകളിലും കമ്പനികൾക്ക് ശക്തമായ വളർച്ചയുണ്ടായി. യുഎസ്, യൂറോപ്യൻ വിപണികളിൽ ഡിജിറ്റൽ സേവനം, കൽഡ് മൈഗ്രേഷൻ, നിർമ്മിത ബുദ്ധി , ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ളോക്ചെയിൽ തുടങ്ങിയവയ്ക്കുള്ള ഡിമാന്റ് വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇടക്കാലം മുതൽ ദീർഘകാലംവരെ ഈ മേഖലകൾ വിപണിയിൽ വലിയ കുതിപ്പു നടത്തും. ഗുണനിലവാരം കൂടിയ ഐടി ഓഹരികളിൽ മുതൽ മുടക്കാനാണ് നിക്ഷേപകർ കൂടുതൽ ശ്രദ്ധവെയ്ക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗേവഷണവിഭാഗം മേധാവിയാണ് ലേഖകൻ)
from money rss https://bit.ly/3zrqUGi
via
IFTTT