ഓഹരിയോ, സ്വർണമോ, റിയൽ എസ്റ്റേറ്റോ ഏത് ആസ്തിയാണ് ഭാവിയിൽ നിങ്ങൾക്ക് മികച്ചനേട്ടംനൽകുക? നേട്ടത്തിന്റെ കണക്കുകളിലേയ്ക്ക് ചരിത്രം നിങ്ങളെ നയിക്കും. ചിന്തിക്കുന്നപോലെ അത്രനഷ്ടസാധ്യതയുള്ളതല്ല ഓഹരിയിലെനിക്ഷേപമെന്ന് അപ്പോൾ വ്യക്തമാകും. കോവിഡ് ബാധയുടെ വ്യാപനം എല്ലാനിക്ഷേപ ആസ്തികളിലും കനത്ത സമ്മർദമുണ്ടാക്കി. കടപ്പത്രം, ഓഹരി, റിലയൻ എസ്റ്റേറ്റ്, സ്വർണം എന്നിവയ്ക്കൊന്നും ഇതിൽനിന്ന് മാറിനിൽക്കാൻകഴിഞ്ഞില്ല. നിക്ഷേപിച്ച ഓഹരിയുടെ വിലയും മ്യൂച്വൽ ഫണ്ടിന്റെ എൻഎവിയും ദിനംപ്രതി പരിശോധിക്കുന്നയാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ലോകത്ത് ഏറ്റവും ചാഞ്ചാട്ടമുള്ളത് ഓഹരിയിലെ നിക്ഷേപത്തിനാണെന്ന് മനസിലാക്കാം. അതോടൊപ്പം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും വസ്തുവിലയും സ്വർണവിലയും അങ്ങനെതന്നെ സൂക്ഷ്മമായി പരിശോധിച്ചുനോക്കൂ...ചാഞ്ചാട്ടത്തിന്റെകാര്യത്തിൽ ഈ ആസ്തികൾക്കും വ്യത്യാസമൊന്നുമില്ലെന്നുകാണാം. ഓഹരിയും ഓഹരി അധിഷ്ഠിത ഫണ്ടുകളും സുതാര്യമായി ഓരോദിവസവും കണക്കുകൾ നിക്ഷേപകർക്കുമുന്നിൽ ലഭ്യമാക്കുന്നു. എല്ലാദിവസവും നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്താൻ ഇതിലൂടെ കഴിയുന്നു. എന്നാൽ വിലയിലെ ചാഞ്ചാട്ടം നോക്കിയിരിക്കുന്ന നിക്ഷേപകൻ പലപ്പോഴും മറ്റ് നിക്ഷേപ ആസ്തികളിലുള്ള അപകടസാധ്യതകൾ അത്രതന്നെ ഗൗരവത്തോടെ കാണുന്നില്ല. തിരിച്ചടവിൽ കോർപ്പറേറ്റുകൾ വിഴ്ചവരുത്തിയാൽ ബാങ്കുകളെ ബാധിക്കും. കടപ്പത്രങ്ങളുടെ കാര്യത്തിലാണെങ്കിൽ നിക്ഷേപിച്ചതുകയെപ്പോലും അത് ഇല്ലാതാക്കും. റിലയൽ എസ്റ്റേറ്റ് മേഖലയിലാണെങ്കിൽ വിലയിടിവിനുപുറമെ പണമാക്കാനുള്ള ബുദ്ധിമുട്ടും നിയമപരമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം.സ്വർണമാണ് എല്ലാറ്റിനേക്കാളും അപകടസാധ്യതയുള്ള ആസ്തി. കാരണം അത് സ്ഥിരമായ വരുമാനം നിങ്ങൾക്ക് നൽകുന്നില്ല. സ്വർണ നിക്ഷേപത്തിന്മേലുള്ള നിങ്ങളുടെ ലാഭം അതിന്റെ വിലയിലെ ചലനങ്ങളെ ആശ്രയിച്ചുമാത്രമാണിരിക്കുന്നത്. മറ്റ് ധനകാര്യ ആസ്തികളെപ്പോലെതന്നെ പലിശനിരക്ക്, കറൻസിയുടെ ചലനങ്ങൾ, സാമ്പദ് വ്യവസ്ഥ തുടങ്ങിയവ സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടാക്കുന്നു.അതുകൊണ്ടാണ് മൊത്തം ആസ്തിയിൽ അഞ്ചുശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപിക്കേണ്ടെന്ന് വിദഗ്ധർ പറയുന്നത്. എന്തുകൊണ്ട് ഓഹരി ആദായത്തിന്റെകാര്യത്തിൽ മുന്നിൽ ഓഹരിതന്നെ. 1979 മുതൽ 2019വരെയുള്ള സൂചികയുടെ നേട്ടംപരിശോധിക്കുകയാണെങ്കിൽ 17 ശതമാനമാണ് വാർഷിക(സിഎജിആർ)വളർച്ചയെന്നുകാണാം. രാജ്യത്തെ ഒരൊറ്റ നിക്ഷേപ ആസ്തിയും ഇത്രയും ആദായം നൽകിയിട്ടില്ല. ഈതേകാലയളവിൽ സ്വർണത്തിൽനിന്ന് ലഭിച്ച ആദായം 10ശതമാനംമാത്രമാണ്. 1979ൽ 10,000രൂപ നിങ്ങൾ സ്ഥിര നിക്ഷേപമിട്ടെന്നിരിക്കട്ടെ അതിന്റെമൂല്യം ഇപ്പോൾ 2,68,114 രൂപയായിട്ടുണ്ടാകും. സ്വർണത്തിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ അതിന്റെമൂല്യം 4,08,474 രൂപയുമായി. അതേസമയം, സെൻസെക്സ് ഓഹരികളിലാണ് നിങ്ങൾ നിക്ഷേപിച്ചതെങ്കിൽ 45,28,568 രൂപയായി മൂല്യം ഉയർന്നിട്ടുണ്ടാകും(പട്ടിക കാണുക). നേട്ടത്തിന്റെ കണക്കിങ്ങനെ... ബാങ്ക് നിക്ഷേപം* സ്വർണം* സെൻസെക്സ്* 2,68,114രൂപ 4,08,474രൂപ 45,28,568രൂപ *1979ൽ 10,000 രൂപ നിക്ഷേപിച്ചതിന്റെ ഇപ്പോഴത്തെമൂല്യം വേണ്ടത്ര വളർച്ചയില്ലാത്ത ഓഹരികളിലെ നിക്ഷേപത്തെ ഈകണക്കുകൾ പിന്തുണയ്ക്കുന്നില്ലെന്നകാര്യ മനസിലാക്കുക. അതുകൊണ്ടുതന്നെ വിപണിയിൽനിന്ന് പണം സമ്പാദിക്കൽ എളുപ്പവുമല്ല. വൈകാരികമായി ഇടപെടാതെ ബുദ്ധിപൂർവം നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാനുള്ള ആർജവം നിക്ഷേപകന് ആവശ്യമാണ്. 2008ലെ നഷ്ടത്തിനുശേഷമുണ്ടായ ആദായം ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം സെൻസെക്സ് 150ശതമാനമാണ് ഉയർന്നത്. വാർഷിക ആദായ(സിഎജിആർ)മാകട്ടെ 20ശതമാനവും. ഇടിവിന്റെ സമയത്ത് നിക്ഷേപം പിൻവലിച്ച് സുരക്ഷിത നീക്കം നടത്തിയിട്ടുണ്ടെങ്കിൽ ഈ റാലി നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടാകും. അതായത് വിപണിയുടെ ചാഞ്ചാട്ട സ്വഭാവം മനസിലാക്കി നീങ്ങാൻ കഴിവുണ്ടെങ്കിൽ സാമ്പത്തിക വളർച്ചയ്ക്കൊപ്പം വിപണിയിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനും കഴിയുമെന്ന് വ്യക്തം. വിപണി തകർച്ചയിലാകുമ്പോൾ മികച്ച അടിസ്ഥാനമുള്ള ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തുമെന്നകാര്യത്തിൽ സംശയമില്ല. അപ്പോൾ വിറ്റൊഴിയാനുള്ള ധൃതിയല്ല കാണിക്കേണ്ടത്. കൂടുതൽ നിക്ഷേപിക്കാനുള്ള ആർജവമാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് മികച്ചനേട്ടം തീർച്ചയായും കൈപ്പിടിയിലൊതുക്കാനാകും. ചരിത്രത്തിലേയ്ക്കുവരാം 2019 ഏപ്രിൽ ഒന്ന്. ചരിത്രത്തിലാദ്യമായി സെൻസെക്സ് 39,000ലെത്തിയ ദിവസം. ഈ ദിവസംതന്നെയാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 40വർഷം പൂർത്തിയാക്കിയത്. ഇൻഫോഗ്രാഫിക്സ്:ഷമീഷ് കാവുങ്ങൽ ഔദ്യോഗികമായി സെൻസെക്സ് നിലവിൽവന്നത് 1986ലായിരുന്നെങ്കിലും സൂചികയുടെ അടിസ്ഥാനവർഷം 1979ആയിരുന്നു. 100ലായിരുന്നു അന്ന് തുടക്കമിട്ടത്. ഇതോടെ രാജ്യത്തിന്റെ വളർച്ചയുടെയുടെ അടിസ്ഥാന സൂചകമായി സെൻസെക്സ്മാറി. വിവിധ കാലഘട്ടങ്ങളിലുണ്ടായ സമ്പദ് വ്യവസ്ഥയിലെ വ്യതിയാനങ്ങൾ സൂചികയിൽ പ്രതിഫലിച്ചു. എൻജിനിയറിങ്, സിമന്റ്, വളം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്കായിരുന്നു ആദ്യകാലങ്ങളിൽ സൂചികയിൽ ആധിപത്യം. 90കളുടെ മധ്യത്തിൽ ധനകാര്യ സേവനങ്ങൾ, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ സേവനമേഖലകൾ വിപണിയുടെ ഭാഗമായി(ഗ്രാഫ് കാണുക). 2000ന്റെ തുടക്കത്തിൽ വിവര സാങ്കേതികവിദ്യ, ഉപഭോക്തൃ വിപണി, ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകൾ സൂചികയിൽ നിർണായക സ്വാധീന ശക്തിയായി. 2006ലാണ് സെൻസെക്സ് 10,000 കടന്നത്. 2007ൽ 20,000വും. 2017ൽ 30,000ത്തിലുമെത്തി. 40വർഷംകൊണ്ടാണ് 100 പോയന്റിൽനിന്ന് 2019 ഏപ്രിൽ ഒന്നിന് 39,000 നിലവാരത്തിലാണെത്തിയത്. അതിവേഗത്തിലുള്ള വളർച്ചയും അപ്രതീക്ഷിത തളർച്ചയും നിക്ഷേപകൻ കണ്ടു. 1990ൽ സൂചിക 1000 പോയന്റ് പിന്നിടാൻ 11 വർഷമെടുത്തു. പിന്നീട് 3000 പോയന്റ് പിന്നിടാൻ എടുത്തതാകട്ടെ ഒരുവർഷത്തിൽതാഴെയും. ഹർഷത്ത് മേത്ത കുംഭകോണം വിപണിയിൽ അനിവാര്യമായ പരിഷ്കാരങ്ങൾക്ക് കാരണമായി. നിക്ഷേപമേഖലയിൽവന്ന ഉദാരവൽക്കരണം സമ്പദ് വ്യവസ്ഥയിൽ പരിഷ്കാരങ്ങളുടെ ആദ്യതരംഗത്തിന് കാരണമായി. തുടർന്ന് ഏഴുവർഷമെടുത്ത് 1999ലാണ് നാലായിരത്തിൽനിന്ന് അയ്യായിരം നിലവാരത്തിലെത്തിലേയ്ക്ക് സെൻസെക്സെത്തിയത്. ഈകാലഘട്ടത്തിലാണ് വിവര സാങ്കേതികവിദ്യ പ്രചാരത്തിലായതും ഇൻഫോസിസ്, ടിസിഎസ് പോലുള്ള കമ്പനികൾ രംഗത്തുവന്നതും. ചൈനയുടെ നേതൃത്വത്തിലുണ്ടായ കമ്മോഡിറ്റി ബൂം ആഗോള വിപണികളിലെന്നപോലെ 2006ൽ രാജ്യത്തെ സൂചികകളിലം നേട്ടത്തിന്റെ കൊടുങ്കാറ്റുവീശി. സെൻസെക്സ് 10,000 കടന്നു. 2007 ഡിസംബറിൽ 20,000വും. 2008 ഒക്ടോബറിൽ രൂപപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യമണ് പിന്നീടുണ്ടായ ഏറ്റവുംവലിയ കൂപ്പുകുത്തലിന് കാരണമായത്. സെൻസെക്സിന് 64ശതമാനം താഴ്ന്ന് 8,500 പോയന്റിലേയ്ക്ക് കൂപ്പുകുത്തി. തുടർന്ന് അഞ്ചുവർഷംകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥ പഴയപതാപം തിരിച്ചുപിടിച്ചു. അതോടെ 2012ൽ വിപണി മികച്ചനേട്ടത്തോടെ തിരിച്ചെത്തി. 2014നുശേഷം നേട്ടത്തിന്റെ ദിനങ്ങളാണ് വിപണി കണ്ടത്. 30,000ലേയ്ക്ക് പടിപടിയായി ഉയർന്ന് 39,000മെന്ന പുതിയ ഉയരംകുറിച്ചു. feedbacks to: antonycdavis@gmail.com പിൻകുറിപ്പ്: ഇപ്പോഴത്തെ ഇടിവിൽ ലക്ഷങ്ങൾ നിക്ഷേപകന് നഷ്ടമായില്ലേയെന്ന് ചോദിച്ചേക്കാം. അതിനുള്ള മറുപടിയാണ് ഈ പാഠം നൽകിയത്. നിക്ഷേപിക്കാനുള്ള മികച്ച അവസരമായി ഓരോ ഇടിവിനെയും കണ്ടാൽ വിപണിയിൽനിന്ന് ലക്ഷങ്ങൾ കൊയ്യാം. ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം.
from money rss https://bit.ly/2VaECL3
via
IFTTT