ഓഹരി വ്യാപാരം ചൂതാട്ടമാണ്.... ഓഹരികളിൽ നിക്ഷേപിക്കുന്നത് ലോട്ടറിയെടുക്കുന്നതുപോലെയാണ്; കിട്ടിയാൽകിട്ടി.., പണംനഷ്ടപ്പെടുത്താനുള്ള എളുപ്പവഴിയാണ് ഓഹരി നിക്ഷേപം.. ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കിയ ഒരാളെയെങ്കിലും കാണിച്ചുതരാൻ കഴിയുമോ? അടുത്തകാലത്തായി ലഭിച്ച പ്രതികരണങ്ങളിൽ ചിലതാണിവ. ഫ്രീഡം@40 സീരീസിന്റെ ഭാഗമായി നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചപ്പോൾ ഓഹരിയിൽ നേരിട്ടും മ്യൂച്വൽ ഫണ്ട് വഴിയുമുള്ള നിക്ഷേപത്തിനാണ് പ്രധാന്യംനൽകിയത്. ദീർഘകാലയളവിൽ ഓഹരിയേക്കാൾ ആദായം നൽകുന്ന മറ്റൊരു നിക്ഷേപ പദ്ധതിയുമില്ലാത്തതിനാലാണിതെന്നുമനസിലാക്കിയവരുമുണ്ട്. ഓഹരിയെ തള്ളിപ്പറയുന്നവരും അതിൽ നിക്ഷേപംനടത്തുന്നവരും അറിയേണ്ട കാര്യങ്ങളാണ് ഇത്തവണ വിശദീകരിക്കുന്നത്. ഓഹരിയിൽ നിക്ഷേപിച്ചാൽ എന്തുകൊണ്ടാണ് പണം നഷ്ടമാകുന്നത്? ഓഹരിയിൽനിന്ന് നേട്ടമുണ്ടാക്കാൻ മാജിക് ഫോർമുലയുണ്ടോ? നഷ്ടത്തിന് ഉത്തരവാദി ഓഹരി വിപണിയോ? അതോ നിക്ഷേപകനോ? നിക്ഷേപകൻതന്നെയാണെന്നകാര്യത്തിൽ സംശയമില്ല. കാരണം, ആഗോളതലത്തിലെന്നപോലെ വർഷങ്ങളായി രാജ്യത്തെ ഓഹരി വിപണിയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1991ൽ സെൻസെക്സ് 1,908 നിലവാരത്തിലായിരുന്നു. ഇപ്പോൾ 52,200ലെത്തിയിരിക്കുന്നു. തിരുത്തലുകളെ അതിജീവിച്ച് ഭാവിയിലും വിപണികുതിക്കും. നഷ്ടത്തിന് ഉത്തരവാദി വിപണിയല്ല നിക്ഷേപകൻതന്നെയാണെന്ന് മനസിലായിട്ടുണ്ടാകുമല്ലോ. പിന്നെ എന്തുകൊണ്ടാണ് ഭൂരിഭാഗംപേരും ഓഹരി വിപണിയിൽ പരാജയപ്പെടുന്നത്? അതേക്കുറിച്ചുള്ള അന്വേഷണമാണ് ഈ പാഠത്തിൽ. 1. ഭാഗ്യാന്വേഷിയാകരുത് ഒരു ലക്ഷരൂപയുമായി വിപണിയിറങ്ങി ആഴ്ചകൾകൊണ്ട് 10 ലക്ഷം രൂപ നേടാമെന്ന ഉദ്ദേശത്തോടെ ഓഹരി വിപണിയെ സമീപിക്കരുത്. ലോട്ടറിയെടുക്കുന്ന മനോഭാവമല്ല വേണ്ടതെന്ന് ചരുക്കം. നിങ്ങൾ മുടക്കുന്നത് ഓഹരിയില്ലല്ല, ബിസിനസിലാണ് എന്ന് മനസിലാക്കുക. ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ കമ്പനിയിലെ ഉടമകളിൽ ഒരാളായി മാറുകയാണെന്ന മനോഭാവത്തോടെവേണം നിക്ഷേപംനടത്താൻ. 2. പ്രവർത്തനം വിലയിരുത്തണം കമ്പനിയുടെ പ്രവർത്തനം വിലയിരുത്തി ഉത്തമബോധ്യംവന്നശേഷംമാത്രം നിക്ഷേപംനടത്തുക. എന്തുകൊണ്ട് ഈ ഓഹരി? -എന്ന് ചിന്തിക്കണം. ഗൃഹപാഠംചെയ്യാതെ ഓഹരിയിൽ നിക്ഷേപിക്കുന്നവരാണ് ചൂതാട്ടത്തിന് ഇറങ്ങുന്നത്. ഇത്തരക്കാർ പണംനഷ്ടപ്പെടുത്തുമെന്നകാര്യത്തിൽ സംശയമില്ല. 3. നഷ്ടംമുന്നിൽകാണണം പ്രതിസന്ധിയുടെ കാലത്ത് നിക്ഷേപച്ച ഓഹരി 50ശതമാനമെങ്കിലും നഷ്ടത്തിലാകുമെന്ന് മനസിൽകരുതണം. അതായത് ഒരു ലക്ഷം രൂപ ഓഹരിയിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ, വിപണി ഇടിയുമ്പോൾ നിക്ഷേപമൂല്യം 50,000 രൂപയാകുമെന്ന് പ്രതീക്ഷിക്കണം. ഈയൊരു തകർച്ചനേരിടാൻ കരുത്തില്ലെങ്കിൽ വിപരീത ഫലമാകും ഉണ്ടാകുക. ഇത്തരക്കാർക്ക് പറഞ്ഞിട്ടുള്ളതല്ല ഓഹരി നിക്ഷേപം. പ്രതിസന്ധിഘട്ടത്തിൽ കയ്യിൽ പണവും മനസിൽ ധൈര്യവും ഉണ്ടാകണം! 4. നിക്ഷേപം ദീർഘകാലത്തേയ്ക്ക് അച്ചടക്കവും ക്ഷമയും ഓഹരി നിക്ഷേപകരുടെ അടിസ്ഥാന ഗുണങ്ങളാണ്. പരിശ്രമശാലിയും അസാധാരണ കഴിവുമുള്ളയാളാണെങ്കിലും ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. മികച്ചനേട്ടത്തിനായി ചിട്ടയോടെ നിക്ഷേപിക്കുക, ദീർഘകാലംകാത്തിരിക്കുക. എല്ലാതുകയും ഓഹരിയിൽ കൊണ്ടിടരുത്. നിശ്ചിതവിഹിതംമാത്രം അതിനായി നീക്കിവെയ്ക്കുക. നഷ്ടത്തിലായ ഓഹരികൾക്ക് തിരിച്ചുവരാൻ സമയംകൊടുക്കുക. 5. അപകടസാധ്യതകളിൽനിന്ന് മാറിനിൽക്കുക ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് പോലുള്ള ഡെറിവേറ്റീവ് ട്രേഡിങ്ങുകളിൽനിന്ന് മാറിനിൽക്കുക. വൻനാശത്തിന്റെ സാമ്പത്തിക ആയുധങ്ങളാണവ. ഡേ ട്രേഡിങും ആത്യന്തികമായി നിങ്ങളെ നഷ്ടത്തിലേയ്ക്ക് നയിക്കും. ട്രേഡിങ് ഇനത്തിൽ നല്ലൊരുതുക ചെലവാക്കാമെന്നല്ലാതെ മികച്ചനേട്ടം അതിൽനിന്ന് ഉണ്ടാക്കാൻ കഴിഞ്ഞെന്നുവരില്ല. 6. ബുദ്ധിപൂർവം നിക്ഷേപിക്കുക വാല്യു ഇൻവെസ്റ്റിങ് രീതി പിന്തുടരുക. മൂല്യമുള്ള ഓഹരികൾ കുറഞ്ഞവിലയിൽ സ്വന്തമാക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നൂറുരൂപ മൂല്യമുള്ള ഓഹരി 50 രൂപക്ക് സ്വന്തമാക്കുന്നതിന് തുല്യമാണത്. അടിസ്ഥാനമൂല്യത്തേക്കാൾ ഉയർന്ന വിലയിൽ ട്രേഡ് ചെയ്യുന്ന ഓഹരികൾ വാങ്ങരുത്. ഇനിയും വിലകുതിക്കുന്നമെന്ന പ്രതീക്ഷയാണതിനുപിന്നിൽ. 7. ജനക്കൂട്ടത്തിൽനിന്ന് മാറിനിൽക്കുക വിപണി ഉയരുമ്പോഴാകും നിക്ഷേപകർ അത്യാഗ്രഹികളാകുക. അപ്പോൾ മാറിനിൽക്കാനും മറ്റുള്ളവർ ഭയപ്പെടുമ്പോൾ(വിപണി ഇടിയുമ്പോൾ)അത്യാഗ്രഹികളാകാനും ശ്രമിക്കുക. വിപണി കുതിക്കുമ്പോൾ നിക്ഷേപിക്കാൻ ധാരാളംപേരുണ്ടാകും. എന്നാൽ കൂപ്പുകുത്തുമ്പോൾ ഒരാളെപ്പോലും കണ്ടെന്നിവരില്ല. അതുകൊണ്ടുതന്നെ മറിച്ചുചിന്തിക്കാൻ ശ്രദ്ധിക്കുക. വിപണിയിടിയുമ്പോൾ കുറഞ്ഞവിലയിൽ മികച്ച ഓഹരികൾ ലഭ്യമാകും. 8. നിക്ഷേപകനാകുക വിപണിയിൽനിന്ന് എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗങ്ങൾതേടി കുഴിയിൽ ചാടരുത്. ഊഹക്കച്ചവടക്കാരനാകാതെ നല്ലൊരുനിക്ഷേപകനാകുക. ചിട്ടയായി സ്ഥിരതയോടെ നിക്ഷേപിക്കാനുള്ള മനസാന്നിധ്യംനേടുക. സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായത്തിന് നിശ്ചിതകാലം ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ മികച്ച ആദായംനേടാൻ ഓഹരിക്കും സമയംകൊടുക്കണം. ഇന്ന് നിക്ഷേപിച്ച് നാളെ കോടികളുണ്ടാക്കാമെന്ന മനോഭാവംവെടിയണം. വിപണിയെ മുൻവിധിയോടെ സമീപിക്കരുത്. 9. ശ്രമിച്ചാൽ ആർക്കുംനേടാം ഓഹരി വിപണിയിൽ മികച്ച നിക്ഷേപകനാകാൻ ആർക്കും കഴിയും. അടിസ്ഥാന പാഠങ്ങളോടൊപ്പം അനുഭവജ്ഞാനവും ആർജിക്കണം. ഓഹരിയിൽനിന്ന് മികച്ച ആദായംനേടാൻ സ്റ്റോക്ക് അനലിസ്റ്റോ, അഡൈ്വസറോ ഒന്നും ആകേണ്ട. ലാഘവമനോഭാവംവെടിഞ്ഞ് ഒന്നുമനസിരുത്തിയാൽമതി. നിക്ഷേപകനെന്ന നിലയിൽ വിജയംനേടാൻ അസാധാരണ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. 10. ബുദ്ധിപൂർവം ഇടപെടുക കാര്യങ്ങൾ നിരീക്ഷിക്കുയെന്നതാണ് പ്രധാനം. മറ്റുള്ളവരെടു പുറെക പോകാതിരിക്കുക. തിങ്ക്ടാങ്കായിരിക്കുന്നതിനപകരം വിഢികളാകാതിരിക്കാൻ ശ്രമിക്കുക. പണംനഷ്ടപ്പെടുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനായി വാറൻ ബഫറ്റിന്റെ പ്രശസ്തമായ ഉദ്ധരണി പിന്തുടരാം: Rule No.1: Never lose money. Rule No.2: Never forget rule No.1 feedbacks to: antonycdavis@gmail.com കുറിപ്പ്: ഓഹരിയിൽ പണംമുടക്കുംമുമ്പ് നിശ്ചിതശതമാനംതുക സ്ഥിര നിക്ഷേപ പദ്ധതികളിലുമുണ്ടാകണം. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയിൽ നിക്ഷേപിക്കുക. തിരഞ്ഞെടുത്ത മൂന്നോ അഞ്ചോ ഓഹരികളിൽ പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. വില ഇടിയുന്നതിനനുസരിച്ച് കൂടുതൽ നിക്ഷേപംനടത്തുകയുമാകാം. ഇടക്കിടെ കമ്പനിയുടെ പ്രവർത്തനഫലങ്ങൾ പരിശോധിച്ച് യോജിച്ച തീരുമാനമെടുത്ത് മുന്നേറുക.
from money rss https://bit.ly/3v5pdvx
via IFTTT
from money rss https://bit.ly/3v5pdvx
via IFTTT