121

Powered By Blogger

Saturday 6 July 2019

‘ആയാസരഹിത ജീവിതം’ സാധ്യമാവുമോ

വളർച്ചനിരക്കിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുകയാണ്. അതിനുള്ള തയ്യാറെടുപ്പുകൾ 1991 മുതൽ തുടങ്ങിയതിനാൽ, വളർച്ച എന്നത് ഏറക്കുറെ സ്വാഭാവികമായി സംഭവിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഡോളർ ട്രില്ല്യൺ കണക്കുകൾ വെറും അലങ്കാരങ്ങൾ മാത്രമാണ്. ആ വളർച്ച എന്ത് തരത്തിലാണ്. ആരൊക്കെയാണ് ഗുണഭോക്താക്കൾ, നമുക്ക് ഓരോരുത്തർക്കും എന്തുമാത്രം പ്രയോജനം ലഭിക്കുന്നു എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് വികസനം എന്ന വാക്കിന്റെ അർഥം പൂർണമാകുന്നത്. ഈ ബജറ്റിൽ പറയുന്ന ധനക്കമ്മിയുടെ കുറവ് നാമമാത്രമാണ്. അതേസമയം, റവന്യൂചെലവ് വർധിക്കുകയും ചെയ്തു. ചെലവുകുറച്ച് മുതൽമുടക്കിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതിനെപ്പറ്റി കൃത്യമായ സൂചനകളില്ല. അതേ സമയം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ, 1,05,000 കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബി.എസ്.എൻ.എൽ. ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിനായി ഒരു ക്രിയാത്മക നിർദേശവും ബജറ്റിൽ ഇല്ല. വ്യോമയാനം, മാധ്യമം തുടങ്ങിയ മേഖലകളിൽ വിദേശനിക്ഷേപം തേടാനാണ് സർക്കാർ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ, ക്രൂഡ് ഓയിലിന് വില കുറഞ്ഞ ഈ സന്ദർഭത്തിൽ, പെട്രോൾ, ഡീസൽ, തുടങ്ങിയവയ്ക്കു സെസ് ഏർപ്പെടുത്താനുള്ള തീരുമാനം നിരാശാജനകമാണ്. അഞ്ചുലക്ഷത്തിനുമേൽ വരുമാനം വരുന്നവർക്ക് ആദായനികുതി ഇളവൊന്നും ഇല്ല എന്നത് ഇടത്തരക്കാരെ നിരാശരാക്കും. അതേസമയം, കോർപ്പറേറ്റ് നികുതിയുടെ പരിധിയിൽ 400 കോടി വരെയുള്ള കമ്പനികൾക്ക് 25 ശതമാനം മാത്രം നികുതി അടച്ചാൽ മതി (മുമ്പ് 250 കോടിവരെയായിരുന്നു). ചുരുക്കത്തിൽ, ഇതിനു പുറത്തുവരുന്ന കമ്പനികൾ മൊത്തം ഒരു ശതമാനത്തിൽ താഴെമാത്രമേ കാണൂ. ആഫ്രിക്കയിൽ വിദേശനിക്ഷേപം നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യയും ഉണ്ട് എന്നതുകൊണ്ടുതന്നെ, രാജ്യങ്ങളിൽ ഇന്ത്യൻ എംബസി തുടങ്ങുന്നു എന്ന സർക്കാർ നയം വ്യക്തമായ കാഴ്ചപ്പാടിന്റെ ഭാഗമാണ്. കാർഷിക, ഗ്രാമീണമേഖല കാർഷിക, മത്സ്യമേഖലുടെയും ഗ്രാമീണമേഖലയുടെയും പുരോഗതിക്കായി ചില പദ്ധതികൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കർഷകന് നേരിട്ട് പ്രയോജനം കിട്ടുന്നതോ, വരൾച്ചയിൽ വലയുന്ന ഗ്രാമീണർക്ക് ആശ്വാസം കിട്ടുന്നതോ ആയ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. കാർഷികമേഖലയുടെ തളർച്ച വ്യാവസായിക മേഖലയെയും പിന്നോട്ടടിക്കും എന്ന ഒരു ധാരണ സർക്കാരിന് ഇല്ലാതെ പോകുന്നത് നിരാശാജനകമാണ്. ഇപ്പോൾ വെറും 2.9 ശതമാനം മാത്രമാണ് കാർഷികരംഗത്തെ വളർച്ച. തൊഴിലുറപ്പുപദ്ധതി ഉൾപ്പെടെയുള്ളവയുടെ വിഹിത വർധന നാമമാത്രമാണ്. ആയാസരഹിതമായ ജീവിതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ, 2022-ഓടുകൂടി എല്ലാ ഇന്ത്യക്കാർക്കും പാചകവാതകവും വൈദ്യുതിയും ഉൾപ്പെടെയുള്ള വീടുകളും 2024-ഓടുകൂടി ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്തുമെന്നും ബജറ്റ് പറയുന്നു. വ്യവസായമേഖല അടിസ്ഥാനസൗകര്യങ്ങളുടെ വികസനം വ്യവസായിക മേഖലയ്ക്കും കാർഷികമേഖലയ്ക്കും ഏറെ സഹായകമാകും. മുൻ സർക്കാരിന്റെ പല പദ്ധതികളും തുടരും എന്ന് മന്ത്രി വ്യക്തമാക്കുന്നുണ്ട്. മെട്രോ പദ്ധതി വ്യാപിപ്പിക്കുന്നതും മറ്റും നഗരവാസികൾക്ക് പ്രയോജനം നൽകും. ചെറുകിട നാമമാത്ര വ്യവസായങ്ങളിൽ ഊന്നൽ കൊടുത്തിട്ടുണ്ട്. ഇതിലൂടെ 'മെയ്ക്ക് ഇൻ ഇന്ത്യ പ്രോജക്ടി'ന് ശക്തിപകർന്ന്, വ്യാവസായിക നേട്ടം ഉണ്ടാക്കാം എന്നാണ് സർക്കാർ കരുതുന്നത്. ഇത് എത്രമാത്രം പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം ചാനൽ തുടങ്ങുന്നുണ്ട്. എന്നാൽ, പലരും പ്രതീക്ഷിച്ച പോലെ ഇവയ്ക്കുള്ള നികുതിയിളവുകൾ നൽകിയില്ല. വളർന്നുവരുന്ന സംരംഭകർക്ക് ഒരു തിരിച്ചടിയാണിത്. അതേസമയം, ചരിത്രത്തിന്റെ ഏറ്റവും വലിയ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ ഈ കാലത്തും ബജറ്റിൽ ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള കാര്യമായ പരാമർശം ഒന്നുമില്ല. സ്ത്രീ ശാക്തീകരണം ഉജ്ജ്വല യോജനയുടെ പ്രയോജനം എട്ടുകോടി കുടുംബങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും എന്നത് നല്ല തീരുമാനം തന്നെ. അതേസമയം, സ്ത്രീകളെ മുദ്രലോണിന്റെ 70 ശതമാനത്തോളം ഗുണഭോക്താക്കളാക്കുമെന്നും സ്വയംസഹായസംഘങ്ങൾ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അതിൽ വരുന്ന ഓരോ സ്ത്രീക്കും ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നും ഒക്കെയുള്ള വാഗ്ദാനങ്ങൾ എത്ര കണ്ടു പ്രാവർത്തികമാകും എന്ന് കണ്ടുതന്നെ അറിയണം. ഇതുവരെ കൊടുത്ത മുദ്ര ലോണുകൾ തന്നെ, കിട്ടാക്കടമായി രൂപാന്തരം പ്രാപിക്കുകയാണ് എന്നാണ് ഒട്ടേറെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജി.എസ്.ടി. സ്ലാബുകളിൽ കുറവ് വരുമെന്ന് കരുതിയെങ്കിലും കണ്ടില്ല. 45 ലക്ഷം രൂപയിൽ താഴെയുള്ള വീടുകൾ വാങ്ങുന്നവർക്ക് നികുതി ഇളവ്, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ് നൽകാം. നികുതി അടയ്ക്കാൻ ആധാർ മതി എന്നത് നികുതിദായകർക്ക് സൗകര്യമാണ്. ആദിവാസികളുടെ കലാസാംസ്കാരിക പരിപാടികൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കും എന്ന ആശയവും നന്ന്. പ്രധാനമന്ത്രി മോദി 'വരാൻ പോകുന്ന ഭരണത്തിന്റെ' ട്രെയിലർ എന്ന് വിശേഷിപ്പിച്ച കഴിഞ്ഞ ഇടക്കാല ബജറ്റ് വലിയതോതിൽ ചർച്ച ചെയ്യപ്പെടാൻ കാരണം അത് ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക വൈവിധ്യത്തെ ഏറക്കുറെ പരിഗണിക്കുന്നതായിരുന്നു എന്നതാണ്. എന്നാൽ, നിർമലാ സീതാരാമന്റെ കന്നി ബജറ്റിന് പ്രസംഗത്തിന്റെ ഭംഗിയൊന്നും പ്രഖ്യാപനങ്ങളിൽ ഉണ്ടായില്ല. (സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ്, കുഫോസ്,കൊച്ചിയിലെ സാമ്പത്തികശാസ്ത്രംഫാക്കൽറ്റി മെമ്പറാണ് ലേഖകൻ)

from money rss http://bit.ly/2L4UdcB
via IFTTT

പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം കുറയ്ക്കല്‍: 1,780 കമ്പനികളെ ബാധിക്കും

ന്യൂഡൽഹി: ലിസ്റ്റ് ചെയ്ത കമ്പനികളിലെ പ്രൊമോട്ടർമാരുടെ പരമാവധി ഓഹരി വിഹിതം 65 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ധനമന്ത്രി നിർദേശം നൽകി. അതായത് പൊതുഓഹരി ഉടമകളുടെ വിഹിതം 25 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കി ഉയർത്തണമെന്നാണ് ആവശ്യം. സെബിയാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ ലിസ്റ്റ് ചെയ്ത 1780 കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 65 ശതമാനത്തിലും കൂടുതലാണ്. ഇതുപ്രകാരം കൂടുതലുള്ള ഓഹരികൾ പ്രൊമോട്ടർമാർ കയ്യൊഴിയേണ്ടിവരും. നിലവിലെ വിപണിവില പ്രകാരം ഈ കമ്പനികളുടെ വിറ്റഴിക്കേണ്ട ഓഹരികളുടെ മൂല്യം 3,87,000 കോടിയോളം രൂപവരും. സെബിക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപ്പാക്കേണ്ട കാലാധവി നിശ്ചയിച്ചിട്ടില്ല. വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. ഇത്രയധികം ഓഹരികൾ വിറ്റൊഴിക്കുമ്പോൾ കാര്യമായിതന്നെ അത് വിപണിയിൽ പ്രതിഫലിക്കും. അതുകൊണ്ടുതന്നെ ആവശ്യമായ സമയം സെബി പ്രൊമോട്ടർമാർക്ക് നൽകിയേക്കും. ടിസിഎസ്, വിപ്രോ, അവന്യു സൂപ്പർമാർക്കറ്റ്, ബന്ധൻ ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐഡിബിഐ, കോൾ ഇന്ത്യ, ജനറൽ ഇൻഷുറൻസ് കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ്, ഇന്റർഗ്ലോബ് ഏവിയേഷൻ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്, ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്, ബാങ്ക് ഓഫ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ്, കോർപ്പറേഷൻ ബാങ്ക്, സീമെൻസ്, പിഎൻബി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, എബിബി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടർമാരുടെ ഓഹരി വിഹിതം 75ശതമാനത്തിൽ കൂടുതലാണ്. ടിസിഎസിന് 59,600 കോടി രൂപയുടെ ഓഹരികളും വിപ്രോയ്ക്ക് 15,000 കോടിയുടെ ഓഹരികളും അവന്യു സൂപ്പർമാർക്കറ്റിന് 14,000 കോടി മൂല്യമുള്ള ഓഹരികളും വിറ്റഴിക്കേണ്ടിവരും.

from money rss http://bit.ly/2NCo12d
via IFTTT