121

Powered By Blogger

Monday, 29 November 2021

പാഠം 152 | ആദായനികുതിയിളവും സാമ്പത്തിക ലക്ഷ്യങ്ങളും: നിക്ഷേപിക്കാം ഈ പദ്ധതികളില്‍

മുംബൈയിലെ പ്രമുഖ കോർപറേറ്റ് സ്ഥാപനത്തിൽ ഉന്നത തസ്തികയിലാണ് സുരേഷ് ബാബുവിന് ജോലി. ശമ്പളവരുമാനം പലിശ എന്നിവയോടൊപ്പം ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിൽനിന്നും ആദായമുണ്ട്. റിട്ടേൺ ഫയൽചെയ്യുന്നതിന് ഡിസംബർ 31വരെ സമയംനീട്ടയിതിനാൽ ഇപ്പോഴാണ് അതിനുള്ള ശ്രമം തുടങ്ങിയതുതന്നെ. ലോഗിൻ ചെയ്ത് വിവരങ്ങളെല്ലാം നൽകിയപ്പോഴാണ് 70,000 രൂപ ഇനിയും അടക്കേണ്ടതുണ്ടെന്ന് മനസിലായത്. മുൻകൂർ നികുതി നൽകാൻ വൈകിയതിന്റെ പലിശയിനത്തിൽമാത്രം 15,000 രൂപയിലേറെയാണ് ബാധ്യത. മികച്ചരീതിയിൽ നിക്ഷേപം ക്രമീകരിക്കുന്നതിനോടൊപ്പം ആദായ നികുതിയിൽ ഇളവുനേടാൻ ശ്രദ്ധിക്കാതിരുന്നതാണ് സുരേഷ് ബാബുവിന്റെ ബാധ്യതവർധിപ്പിച്ചത്. നികുതി ലാഭിക്കാൻ വേണ്ടിമാത്രം നിക്ഷേപം നടത്താതിരിക്കാൻ ശ്രദ്ധിക്കുകയുംവേണം. ലഭിക്കുന്ന ആദായത്തിനാകണം പ്രഥമ പരിഗണന. അതോടൊപ്പം അധിക ആനുകൂല്യമായി നികുതിയിളവും സ്വന്തമാക്കാം. നികുതി ബാധ്യത ക്രമീകരിക്കാം നടപ്പ് സാമ്പത്തികവർഷത്തെ നികുതി ഇളവുകൾക്കായി ഇനിയും നിക്ഷേപം നടത്തിയിട്ടില്ലെങ്കിൽ ഇപ്പോൾതന്നെ അതിന് തുടക്കമിടാം. മാർച്ച് മാസത്തേയ്ക്ക് നീട്ടിവെച്ചാൽ ആവശ്യത്തിന് സമയമോ ഒറ്റയടിക്ക് നിക്ഷേപിക്കാൻ പണമോ ഇല്ലാതെവന്നേക്കാം. സാമ്പത്തിക ലക്ഷ്യങ്ങളോടൊപ്പം നികുതിയിളവിനുള്ള നിക്ഷേപപദ്ധതികൾ പരിഗണിക്കുമ്പോൾ ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായവ തിരഞ്ഞെടുക്കാം. ഹ്രസ്വകാല-ദീർഘകാല ലക്ഷ്യങ്ങൾക്കനുസരിച്ചുള്ള നിക്ഷേപ പദ്ധതികൾ നിക്ഷേപലോകത്തുണ്ട്. ഏഴുവർഷമോ അതിലധികമോ കാലയളവുള്ളവയാണ് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് സേവിങ്സ് എന്നിവ ഈഗണത്തിൽപ്പെടുത്താം. മൂന്നു മുതൽ അഞ്ചുവർഷംവരെ കാലാവധിയുള്ളവയാണ് ഹ്രസ്വകാല ലക്ഷ്യങ്ങൾ. വീട്, കാറ്, വിദേശ വിനോദയാത്ര തുടങ്ങിയവ ഈ വിഭാഗത്തിലുംപെടുന്നു. ദീർഘകാലയളവിലെ നിക്ഷേപത്തിൽനിന്ന് മികച്ച ആദായം നേടാൻ ഓഹരി അധിഷ്ഠിത പദ്ധതികളാകും അനുയോജ്യം. ടാക്സ് സേവിങ് ഫണ്ടുക(ഇഎൽഎസ്എസ്)ളാണെങ്കിൽ ആദായനികുതിയിളവിനൊപ്പം ഭാവിയിൽ മികച്ച ആദായവും സ്വന്തമാക്കാം. അഞ്ചുവർഷത്തിൽതാഴെ സമയമാണ് സാമ്പത്തിക ലക്ഷ്യത്തിനുള്ളതെങ്കിൽ ടാക്സ് സേവിങ് ഫണ്ടുകളിൽ നിക്ഷേപംനടത്തേണ്ടതില്ല. നാഷണൽ സേവിങ് സർട്ടിഫിക്കറ്റ്(എൻ.എസ്.സി), അഞ്ചുവർഷ ബാങ്ക് എഫ്.ഡി എന്നിവയാകും അനുയോജ്യം. ആസ്തി വിഭജനം വിപണി അധിഷ്ഠിതവും അല്ലാത്തവയുമായി നികുതിയിളവ് ലഭിക്കുന്നതിന് നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എല്ലാ നിക്ഷേപവും ഇക്വിറ്റി അധിഷ്ഠിത പദ്ധതികളിലാകാതെ ശ്രദ്ധിക്കണം. റിസ്ക് എടുക്കാനുള്ള കഴിവ് വിലയിരുത്തി ഇക്വിറ്റി-ഡെറ്റ് അനുപാതം ക്രമീകരിക്കാം. നിലവിൽ ഓഹരിയിൽ കാര്യമായ നിക്ഷേപമില്ലെങ്കിൽ ടാക്സ് സേവിങ് ഫണ്ടിൽ എസ്.ഐ.പി തുടങ്ങാൻ മടിക്കേണ്ട. അതേസമയം, ഓഹരി അധിഷ്ഠിത പദ്ധതികളിലാണ് കൂടുതൽ നിക്ഷേപമെങ്കിൽ പിപിഎഫ്, വിപിഎഫ് എന്നിവയും നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)വും പരിഗണിക്കാം. ആറ് ജനപ്രിയ പദ്ധതികൾ 1. ടാക്സ് സേവിങ് ഫണ്ടുകൾ(ഇഎൽഎസ്എസ്). ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം എന്ന പേരിൽ അറിയപ്പെടുന്ന ടാക്സ് സേവിങ് ഫണ്ടുകൾ. നികുതിയളവിനുള്ള നിക്ഷേപ പദ്ധതികളിൽ ഏറ്റവുംകുറഞ്ഞ ലോക്ക് ഇൻ പിരിഡ് (മൂന്നുവർഷം)ആണ് ഈ പദ്ധതിക്കുള്ളത്. 80സി പ്രകാരം 1.5ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. നിക്ഷേപം പിൻവലിക്കുമ്പോൾ വർഷത്തിൽ ഒരുലക്ഷം രൂപവരെയുള്ള മൂലധനനേട്ടത്തിന് നികുതി നൽകേണ്ടതില്ല. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനമാണ് ആദായ നികുതി നൽകേണ്ടത് 2. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (എൻഎസ്.സി). നിശ്ചിത ശതമാനം ആദായവും നികുതിയിളവും ഉറപ്പുനൽകുന്ന ലഘു സമ്പാദ്യ പദ്ധതിയാണിത്. സർക്കാർ ഗ്യാരണ്ടിയുള്ളതിനാൽ സുരക്ഷയെക്കുറിച്ച് ആശങ്കവേണ്ട. പോസ്റ്റോഫീസുകൾ വഴി നിക്ഷേപിക്കാം. മിനിമം നിക്ഷേപതുക: 1,000 രൂപ പലിശ: 6.8ശതമാനം കാലാവധി: അഞ്ചുവർഷം നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന പലിശക്ക് ആദായ നികുതി നൽകണം. ഇൻകം ഫ്രം അദർ സോഴ്സസ് വിഭാഗത്തിൽപ്പെടുത്തി, ഒരോരുത്തരുടെയും വരുമാനത്തോട് ചേർക്കുമ്പോൾ ബാധകമായ സ്ലാബിനനുസരിച്ചാണ് നികുതി നൽകേണ്ടിവരിക. 3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). കേന്ദ്ര സർക്കാരിന്റെതന്നെ ദീർഘകാല നിക്ഷേപ പദ്ധതിയാണിത്. 15 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിലും ഉപാധികൾക്ക് വിധേയമായി അതിനുമുമ്പ് നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. മിനിമം നിക്ഷേപം: പ്രതിവർഷം 500 രൂപ പരമാവധി നിക്ഷേപം: പ്രതിവർഷം 1.5ലക്ഷം രൂപ പലിശ: 7.1ശതമാനം. കാലാവധി: 15 വർഷം. 15 വർഷത്തംപൂർത്തിയായാൽ അഞ്ചുവർഷത്തേക്കുകൂടി നീട്ടാൻ അനുവദിക്കും. പിൻവലിക്കുമ്പോൾ നേട്ടത്തിനുൾപ്പടെ ആദായനികുതി ബാധ്യതയില്ല. 4. യുലിപ് (യുണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ). ലൈഫ് ഇൻഷുറൻസും നിക്ഷേപവും കൂടികലർന്ന നിക്ഷേപ പദ്ധതിയാണ് യുലിപുകൾ. സുതാര്യമായ പ്രവർത്തനം, വരുമാനം, പണമാക്കൽ എന്നിവ പരിഗണിക്കുമ്പോൾ മറ്റ് പദ്ധതികളുടെ അത്രതന്നെ മികച്ചതല്ല യുലിപുകൾ എന്ന് പറയേണ്ടിവരും. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ യുലിപുകളിൽനിന്ന് ലഭിക്കില്ല. പദ്ധതി കൈകാര്യംചെയ്യുന്നതിന് ഈടക്കുന്നതുകയും കൂടുതലാണ്. 5. സുകന്യസമൃദ്ധി. പെൺകുട്ടികളുടെ പേരിൽമാത്രം ചേരാവുന്നപദ്ധതിയാണ് സുകന്യസമൃദ്ധി. 2015 ജനുവരി 22നാണ് പദ്ധതിക്ക് തുടക്കമിട്ടത്. 10 വയസ്സോ അതിൽതാഴെയോ പ്രായമുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ബാങ്ക് വഴിയോ പോസ്റ്റോഫീസ് വഴിയോ പദ്ധതിയിൽ ചേരാം. പലിശ: 7.6ശതമാനം കാലാവധി: 21വയസ്സുവരെ. ഉപാധികൾക്കുവിധേയമായി അഞ്ചുവർഷം കഴിഞ്ഞാൽ അക്കൗണ്ട് ക്ലോസ്ചെയ്യാം. കാലാവധി പൂർത്തിയാകുമ്പോൾ പിൻവലിക്കുന്നതുകയ്ക്ക് ഒരുരൂപപോലും ആദായനികുതി നൽകേണ്ടതില്ല. 6. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). സർക്കാർ ജീവനക്കാർക്കുമാത്രമല്ല, എല്ലാവർക്കും പെൻഷൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ എൻപിഎസിന് തുടക്കമിട്ടത്. ഓഹരി, സർക്കാർ ബോണ്ട്, കോർപ്പറേറ്റ് ബോണ്ട് എന്നിവയിൽ നിക്ഷേപിക്കുന്നതിന് എൻപിഎസിൽ അവസരമുണ്ട്. നിലവിൽ ഏറ്റവും ചെലവ്കുറഞ്ഞ വിപണി അധിഷ്ഠിത നിക്ഷേപ പദ്ധതിയാണെന്ന പ്രത്യേകതകൂടി എൻപിഎസിനുണ്ട്. നിക്ഷേപം പിൻവലിക്കൽ: 60വയസ്സ് പൂർത്തിയാകുമ്പോൾ മൊത്തംതുകയുടെ 60ശതമാനം പിൻവലിക്കാം. ബാക്കിയുള്ള 40ശതമാനം തുക പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ഉപാധികൾക്ക് വിധേയമായി കാലാവധിയേത്തുംമുമ്പും നിക്ഷേപ തുക പിൻവലിക്കാൻ അവസരമുണ്ട്. അങ്ങനെചെയ്താൽ പെൻഷൻ നിക്ഷേപത്തിനായി ബാക്കിയുള്ള തുകയുടെ 80ശതമാനം ചെലവിഴിക്കേണ്ടിവരും. 80സി പ്രകാരം 1.50 ലക്ഷത്തിനുപുറമെ 50,000 രൂപയ്ക്കുകൂടി നികുതിയിളവ് ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ നികുതിയിളവ് ആവശ്യമുള്ളവർക്ക് പദ്ധതി അനുയോജ്യമാണ്. നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയ്ക്കും ആദായനികുതി ബാധ്യതയില്ല. നികുതിയിളവിന് 80സി പ്രകാരം ലഭ്യമായ നിക്ഷേപ പദ്ധതികളിൽ ഏറ്റവും പ്രയോജനകരം ടാക്സ് സേവിങ് ഫണ്ടുകളാണ്. ശമ്പളവരുമാനക്കാരണെങ്കിൽ പിഎഫ് വിഹിതം കിഴിച്ചുള്ള തുക എസ്ഐപിയായി പ്രതിമാസം നിക്ഷേപിക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽനിന്ന് പരമാവധി നേട്ടമുണ്ടാക്കാൻ അതിലൂടെകഴിയും. മൂന്നുവർഷമാണ് ലോക്ക് ഇൻ പരിഡെങ്കിലും അത് കഴിഞ്ഞാൽ നിക്ഷേപം പിൻവലിക്കാതെ ഓരോ വർഷവും നികുതിയിളവ് ലഭിക്കുന്നതിന് നിക്ഷേപം തുടർന്നുകൊണ്ടിരിക്കുക. ദീർഘകാല ലക്ഷ്യങ്ങൾക്ക് മികച്ച ആദായംനേടാൻ അതിലൂടെ കഴിയും. 80സിക്കുപുറത്ത് 50,000 രൂപയുടെ അധിക ഇളവുകൂടി ആവശ്യമുണ്ടെങ്കിൽ എ്ൻപിഎസും പരിഗണിക്കാം. feedback to: antonycdavis@gmail.com കുറിപ്പ്: വിപണി അധിഷ്ഠിത പദ്ധതികളിൽ നിലവിൽ ഏറ്റവുംചെലവുകുറഞ്ഞതാണ്എൻപിഎസ്. അതായത് നിക്ഷേപകനിൽനിന്ന് ചെലവിനത്തിൽ പരമാവധി ഈടാക്കുന്ന തുക 0.09ശതമാനംമാത്രമാണ്. താരതമ്യേന ചെലവുകുറഞ്ഞ ഇൻഡക്സ് ഫണ്ടുകളിൽപോലും ചുരുങ്ങിയത് 0.15ശതമാനമാണ്. വിപണിയിലെ നേട്ടം സ്വന്തമാക്കുന്നതിനോടൊപ്പം 50,000 രൂപവരെയുള്ള നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം അധിക നികുതിയിളവും എൻപിഎസിൽനിന്ന് ലഭിക്കും. 80സി വകുപ്പിലുള്ള 1.50 ലക്ഷം രൂപക്കുപുറമെയാണ് ഇത്. അതായത് 30 ശതമാനം ടാക്സ് സ്ലാബിലുള്ളവർക്ക് നികുതിയും സെസും ഇനത്തിൽ വർഷം 16000 രൂപയോളം അധികമായി ലാഭിക്കാൻ ഇതിലൂടെ കഴിയും.എൻഎസ്ഡിഎൽ, കെ ഫിൻടെക് എന്നിവയുടെ വെബ്സൈറ്റ് വഴി ഓൺലൈനായി ഇ-എൻപിഎസിൽ ചേരാം. ചെലവിനത്തിൽ കൂടുതൽ ലാഭിക്കുകയുംചെയ്യാം.

from money rss https://bit.ly/31gFeoY
via IFTTT