നാല് ലക്ഷത്തോളം വിദേശ മലയാളികൾ ഉടൻ തിരിച്ചെത്തുമെന്നാണ് സൂചന. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർ ഒരു ലക്ഷത്തിലേറെ വരുമെന്നാണ് കണക്ക്. എല്ലാവരും വലിയ ആശങ്കയിലാണ്; 'ഇനി എന്ത്...?' എന്നാണ് ചോദ്യം. നാട്ടിലെ കടങ്ങൾക്കും പ്രാരബ്ധങ്ങൾക്കുമൊപ്പം സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന വരുമാനം കൂടി ഇല്ലാതാകുമ്പോൾ എന്താകും സ്ഥിതി...? സാമൂഹ്യ പ്രവർത്തകരും സർക്കാരും ഇതര സംഘടനകളും ആശ്വാസത്തിന്റെ വഴികൾ തേടിക്കൊണ്ടിരിക്കുന്നു. കേരളത്തിലേക്കുള്ള മടക്കം പ്രവാസി സമൂഹത്തിന്റെ സ്വപ്നങ്ങളുടെ അവസാനമാണെന്ന് ചിന്തിക്കേണ്ടതില്ല. വേണ്ടുവോളം അവസരങ്ങൾ ജന്മനാട് അവർക്കായി ഒരുക്കിയിരിക്കുന്നുവെന്നു കാണാം, ഒന്ന് ശ്രദ്ധിച്ചാൽ. നിപുണരായ തൊഴിലാളികൾ കോഴ്സ് സർട്ടിഫിക്കറ്റ് നേടിയവരെയല്ല, നൈപുണ്യം നേടിയ തൊഴിലാളികളെയാണ് ഇന്ന് കേരളത്തിന് ആവശ്യമുള്ളത്. ഇലക്ട്രീഷ്യൻ, പ്ളംബർ, മെയ്സൺ, െപയിന്റർ, കാർപ്പെന്റർ, എ.സി. മെക്കാനിക്, ലിഫ്റ്റ് ഓപ്പറേറ്റർ, അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ, വെൽഡർ, ഗ്രൈൻഡർ, ഓട്ടോമൊബൈൽ റിപ്പെയറർ, ടയർ ചേഞ്ചർ, പഞ്ചർ വർക്കർ, ടെയ്ലർ, ഹെയർ കട്ടർ, ഡ്രൈവർ, ബ്യൂട്ടീഷ്യൻ, ഡി.ടി.പി. പ്രിന്റർ, അക്കൗണ്ടന്റ്, സോഫ്റ്റ്വേർ എൻജിനീയർ, ഹൗസ് കീപ്പർ, ക്ളീനർ, കാരിയർ, സപ്ളൈയർ തുടങ്ങി നിരവധി തൊഴിലുകളിൽ കേരളത്തിൽ അവസരങ്ങളുണ്ട്. ഇത്തരം മേഖലകളിൽ നിപുണരായവർക്കും ചെയ്യാൻ താത്പര്യമുള്ളവർക്കും ധാരാളം തൊഴിലവസരങ്ങളുണ്ട്. ചെറുകിട സംരംഭങ്ങൾക്ക് വൻ സാധ്യതകൾ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണന രംഗത്ത് വൻ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. മൂന്നരക്കോടി ജനങ്ങൾ സംരംഭകരുെട മൂലധനമാണ്. സ്വന്തമായി ഒരു തൊഴിൽ എന്നതിലുപരി, ഒരു 'ചലഞ്ചിങ് കരിയർ' ഏറ്റെടുക്കാൻ സൂക്ഷ്മ-ചെറുകിട വ്യവസായ മേഖല അവസരം നൽകുന്നു. എത്രത്തോളം വരുമാനം വേണമെന്ന് സംരംഭകനു തന്നെ നിശ്ചയിക്കാം. നിക്ഷേപങ്ങളുടെ സുരക്ഷ, നിയമത്തിന്റെ നൂലാമാലകൾ എന്നീ രണ്ട് ഘടകങ്ങളാണ് സംരംഭകരെ പിന്നോട്ടു നയിച്ചിരുന്നത്. തീരെ റിസ്ക് ഇല്ലാതേയും സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. നാമമാത്രമായ സംഖ്യയുടെ നിക്ഷേപത്തിൽ എത്രയോ സംരംഭങ്ങളാണ് ഇന്ന് സംസ്ഥാനത്ത് വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നത്. കുടുംബ സംരംഭമായും അല്ലാതേയും നല്ല നിലയിൽ സംരംഭങ്ങൾ നടത്തി, നിരവധി പേർക്ക് തൊഴിൽ നൽകുകയും ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്യുന്ന ഒട്ടനവധി സംരംഭകരുണ്ട് നമുക്കു ചുറ്റും. വീടുതന്നെ ആയിരിക്കും ഫാക്ടറി, ചിലപ്പോൾ അടുക്കള മാത്രവും! കാർഷികാധിഷ്ഠിത സംരംഭങ്ങൾ, ഭക്ഷ്യസംസ്കരണം, ഗാർമെന്റ്സ്, പേപ്പർ അധിഷ്ഠിതം, എണ്ണിയാൽ തീരാത്ത ബേക്കറി ഉത്പന്നങ്ങൾ, വറപൊരികൾ, അച്ചാർ, സ്ക്വാഷ്, ജാം, സോഡ, സോഫ്റ്റ് ഡ്രിങ്ക്സ്, കരകൗശല ഉത്പന്നങ്ങൾ, റബ്ബർ ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ, ബ്യൂട്ടി പാർലർ, കാറ്ററിങ് സർവീസ്, ഭക്ഷ്യ എണ്ണകൾ, പ്ളാസ്റ്റിക് കണ്ടെയ്നറുകൾ, ചില്ലുകുപ്പികൾ, കർട്ടൺ വർക്കുകൾ, കാർട്ടൺ ബോക്സുകൾ, വർക്ക് ചെയ്ത സാരികൾ, ബെഡ് ഷീറ്റുകൾ, മോർണിങ് കിറ്റുകൾ, ഓൺലൈൻ കോച്ചിങ് / മാർക്കറ്റിങ് / മറ്റ് സേവനങ്ങൾ... അങ്ങനെ പോകുന്നു ഭവനങ്ങളിൽ ആരംഭിക്കാവുന്ന ലഘു സംരംഭങ്ങൾ. ഉണ്ണിയപ്പവും നെയ്യപ്പവും പരിപ്പുവടയും പപ്പടവടയും കട്ലറ്റും പഫ്സും ഉണക്കിയ പഴങ്ങളും പ്രാദേശിക രുചിഭേദങ്ങൾക്കനുസരിച്ചുള്ള കറികളും കറിക്കൂട്ടുകളും ഇന്ന് ലക്ഷങ്ങൾ വിറ്റുവരവുള്ള ലഘു സംരംഭങ്ങളാണ്. നടപടിക്രമങ്ങൾ ലളിതമായി പ്രവാസികൾക്ക് ആശങ്കകൾ ഇല്ലാതെ സംരംഭം തുടങ്ങാൻ കഴിയും വിധം നടപടികൾ കേരള സർക്കാർ ലളിതമാക്കിയിട്ടുണ്ട്. മുൻകൂർ ലൈസൻസ് ഇല്ലാതെ തന്നെ സംരംഭങ്ങൾ തുടങ്ങുന്നതിന് ഇപ്പോൾ അനുമതി ലഭിക്കുന്നതാണ്. 'റെഡ് കാറ്റഗറി'യിൽ വരാത്തതും 10 കോടിയിൽ താഴെ നിക്ഷേപം വരുന്നതുമായ സംരംഭങ്ങൾക്കാണ് ഈസൗകര്യം ലഭിക്കുക. മൂന്നു വർഷത്തിനു ശേഷം ആറു മാസത്തിനുള്ളിൽ ലൈസൻസുകൾ എടുത്താൽ മതി. അഞ്ച് എച്ച്.പി. പവർ വരെ ഉപയോഗിക്കുന്ന നാനോ ഹൗസ്ഹോൾഡ് സംരംഭങ്ങളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിൽ നിന്ന് പൂർണമായും ഒഴിവാക്കിക്കൊണ്ട് എൽ.എസ്.ജി.ഡി. ഉത്തരവായിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ അനുമതി ലഭിക്കത്തക്ക വിധത്തിൽ ലൈസൻസിങ് സംവിധാനം ലഘൂകരിച്ചിട്ടുണ്ട്. 'കെ-സ്വിഫ്റ്റ്' എന്ന ഓൺലൈൻ പ്ളാറ്റ്ഫോം വഴിയാണ് ഈ സൗകര്യം ലഭിക്കുക. സ്റ്റോപ്പ് മെമ്മോയ്ക്ക് നിയന്ത്രണം, ഡി.എം.ഒ. അനുമതി ഒഴിവാക്കൽ (മെഡിക്കൽ ഇതര സംരംഭങ്ങൾക്ക്), ലൈസൻസുകൾക്ക് അഞ്ച് വർഷത്തെ കാലാവധി, പൊതു അപേക്ഷാ ഫോറം, സംയുക്ത പരിശോധനകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ സംരംഭകർക്ക് സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ വന്ന മാറ്റങ്ങളാണ് ഇത് എന്നുകൂടി ഓർക്കുക. സർക്കാർ സാമ്പത്തിക സഹായങ്ങൾ നിരവധി പ്രവാസികൾക്ക് ആശങ്കകൾ ഇല്ലാതെ സംരംഭ മേഖലയിലേക്ക് കടന്നുവരാൻ കഴിയുന്ന ധാരാളം സാമ്പത്തിക സഹായ പദ്ധതികളും നിലവിലുണ്ട്. 10 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും ഇല്ലാതെ ധനകാര്യ സ്ഥാപനങ്ങൾ വായ്പ അനുവദിക്കുന്നതാണ്. തുടങ്ങുന്ന സ്ഥാപനം മാത്രമാണ് ഇവിെട ജാമ്യം. പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി.എം.ഇ.ജി.പി.) പ്രകാരം 20 ലക്ഷം രൂപ വരെ, 35 ശതമാനം വരെ സബ്സിഡിയിൽ ഇപ്പോൾ അനുവദിക്കുന്നുണ്ട്. എംപ്ലോയ്മെന്റ് വകുപ്പ് വഴി നടപ്പാക്കുന്ന രണ്ട് പദ്ധതികൾ പ്രവാസികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. മൾട്ടി പർപ്പസ് ജോബ് ക്ളബ്ബ് പ്രകാരം 10 ലക്ഷം രൂപ വരെ വായ്പയും 25 ശതമാനം സബ്സിഡിയും (പരമാവധി രണ്ട് ലക്ഷം രൂപ) ലഭിക്കും. കെ.ഇ.എസ്.ആർ.യു. പ്രകാരം ഒരു ലക്ഷം രൂപ വായ്പയും 20 ശതമാനം സബ്സിഡിയും ലഭിക്കും. നോർക്ക റൂട്ട്സ് വഴി 20 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നുണ്ട്. 15 ശതമാനം സബ്സിഡിയും ലഭിക്കും. രണ്ട് വർഷത്തെ പ്രവാസ സേവനമാണ് ഇതിനു വേണ്ടത്. ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പാക്കുന്ന എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം 15 മുതൽ 40 ശതമാനം വരെ സബ്സിഡി അനുവദിക്കുന്നുണ്ട്. നിർമാണ സ്ഥാപനങ്ങൾക്ക് അതിന്റെ സ്ഥിര നിക്ഷേപത്തിനാണ് സബ്സിഡി അനുവദിക്കുന്നത്. വായ്പ എടുക്കാത്ത സ്ഥാപനങ്ങൾക്കും ഈ സബ്സിഡി ലഭിക്കുന്നതാണ് (പരമാവധി 30 ലക്ഷം രൂപ വരെ). ഖാദി ബോർഡ് വഴി നടപ്പാക്കുന്ന 'എന്റെ ഗ്രാമം' പദ്ധതിപ്രകാരം അഞ്ച് ലക്ഷം രൂപ വായ്പയും 35 ശതമാനം വരെ സബ്സിഡിയും ലഭിക്കും. കൈത്തറി, യന്ത്രത്തറി, കരകൗശലം, നാനോ സംരംഭങ്ങൾ എന്നിവയ്ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി നിരവധി ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. ഫിഷറീസ്, നബാർഡ്, കെ.എഫ്.സി., കൃഷിവകുപ്പ്, െഡയറി, നാളികേര വികസന ബോർഡ്, റബ്ബർ ബോർഡ്, കയർ ബോർഡ്, വനിതാ കോർപ്പറേഷൻ, പിന്നാക്ക കോർപ്പറേഷൻ, നൂനപക്ഷ കോർപ്പറേഷൻ, എസ്.സി./എസ്.ടി. കോർപ്പറേഷൻ, കാർഷിക സർവകലാശാല, വെറ്ററിനറി യൂണിവേഴ്സിറ്റി, സ്റ്റാർട്ട്അപ്പ് മിഷൻ തുടങ്ങിയ ഏജൻസികളിൽനിന്നും സാങ്കേതിക-സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട്. സംരംഭങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക/സാങ്കേതിക സഹായങ്ങൾ, അനുമതികൾ എന്നിവ ലഭിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി കൈത്താങ്ങ് സഹായവും കിട്ടും. എന്തിന്റെ പേരിൽ ആയാലും വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്ക് ആശങ്ക കൂടാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം കേരളം സംരംഭ വികസനത്തിന് പാകപ്പെട്ടിരിക്കുന്നു... ദുരഭിമാനം മാറ്റിവെച്ച് സമൂഹത്തിലേക്കിറങ്ങുകയേ വേണ്ടൂ. (വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'സ്വയംതൊഴിൽ സർക്കാർ സഹായ പദ്ധതികൾ' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്) chandrants666@gmail.com
from money rss https://bit.ly/3g6MA0x
via
IFTTT