പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചാലുള്ള നേട്ടത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ പാഠത്തിൽ വിശദീകരിച്ചത്. എൻപിഎസിനെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആവശ്യവുമായി നിരവധിപേരാണ് ഇ-മെയിൽ അയച്ചത്. അതുകൊണ്ട് ഇത്തവണത്തെ പാഠം എൻപിഎസിനെക്കുറിച്ചാകട്ടെ. സർക്കാർ ജീവനക്കാർക്കുവേണ്ടിയാണ് 2004ൽ നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്) ആദ്യം അവതരിപ്പിച്ചത്. 2009 മെയ് ഒന്നുമുതൽ പൊതുജനങ്ങൾക്കും പദ്ധതിയിൽ ചേരാൻ അവസരം നൽകി. 2020 ഫെബ്രവരി 28ലെ കണക്കുപ്രകാരം 1.33 കോടി പേരാണ് എൻപിഎസിൽ അംഗങ്ങളായിട്ടുള്ളത്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയാകട്ടെ 4.10 ലക്ഷം കോടിയും. ആർക്കാണ് യോജിച്ചത് റിട്ടയർമെന്റുകാല ജീവിതത്തിന് യോജിച്ച നിരവധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. അതിനൊക്കെ നേട്ടങ്ങളും കോട്ടങ്ങളും കാണും. ഇവയിൽനിന്ന് ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതികൾ തിരഞ്ഞെടുക്കുന്നതിലാണ് മികവ് കാണിക്കേണ്ടത്. നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായി പഠിച്ച് നേട്ടങ്ങളും കോട്ടങ്ങളും മനസിലാക്കി ആവശ്യമെങ്കിൽ നിക്ഷേപരീതിയിൽ മാറ്റംവരുത്തി മുന്നേറാൻ സമയമോ കഴിവോ ഇല്ലാത്തയാളാണ് നിങ്ങൾ എങ്കിൽ എൻപിഎസിൽ ചേരാൻ മടിക്കേണ്ട. ജോലി ചെയ്യുന്ന 20-30 വർഷ കാലയളവിൽ ചിട്ടയായി നിക്ഷേപിച്ച് പെൻഷൻ ഫണ്ട് സ്വരൂപിക്കാം. അതായത് 30 വയസിൽ എൻപിഎസിൽ ചേരുന്ന ഒരാൾക്ക് വിരമിക്കാൻ 30വർഷമാണ് പൂർത്തിയാക്കേണ്ടത്. 80വയസുവരെയെങ്കിലും ജീവിക്കുമെന്നും കരുതുക. അങ്ങനെയെങ്കിൽ 50വർഷം നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതിയിലാണ് നിങ്ങൾ എൻപിഎസിലൂടെ തുടക്കമിടുന്നതെന്ന് ചുരുക്കം. നിങ്ങൾക്കുവേണ്ടി ഫണ്ട് മാനേജർമാർ വിദഗ്ധമായ നിക്ഷേപ മാനേജ്മെന്റിലൂടെ ഇത് നിർവഹിക്കും. കടപ്പത്രം, ഓഹരി, സർക്കാർ സെക്യൂരിറ്റി തുടങ്ങിയ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പരമാവധി നേട്ടം നിക്ഷേപകന് നൽകാൻ ഇവർ ശ്രമിക്കുന്നത്. നികുതിയിളവ് 80സിക്ക് പുറമെ, എൻപിഎസിൽ പ്രതിവർഷം 50,000 രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതി ഇളവും(80സിസിഡി 1ബി) ലഭിക്കും. കാലാവധിയെത്തുമ്പോൾ പിൻവലിക്കുന്ന തുകയ്ക്ക് ആദായ നികുതിയിളവ് ലഭിക്കും. ആർക്കൊക്കെ ചേരാം 18 വയസിനും 65 വയസിനും ഇടയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ അംഗമാകാം. മേൽവിലാസവും ഐഡന്റിറ്റിയും തിരിച്ചറിയുന്നതിന് കവൈസി നിബന്ധനകൾ പാലിക്കണം. പ്രവാസികൾക്കും നിക്ഷേപിക്കാം. പ്രവാസികൾക്കും എൻപിഎസിൽ ചേരാം. ഓൺലൈൻ ബാങ്കിങ് സൗകര്യമുപയോഗിച്ച് പദ്ധതിയിലേയ്ക്ക് തുക കൈമാറാം. എങ്ങനെ ചേരാം രണ്ടുതരത്തിൽ എൻപിഎസിൽ ചേരാം ഓഫ്ലൈൻ: പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി(പിഎഫ്ആർഡിഎ)യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോയന്റ്സ് ഓഫ് പ്രസൻസ്(പിഒഎസ്)കേന്ദ്രങ്ങളിലെത്തി അപേക്ഷ നൽകിയാൽ മതി. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവവഴിയെല്ലാം ചേരാൻ സാധിക്കും. രജിസ്റ്റർ ചെയ്താൽ പെർമനെന്റ് റിട്ടയർമെന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ(പ്രാൻ)ലഭിക്കും. ഭാവിയിൽ ഈ നമ്പർ ഉപയോഗിച്ചായിരിക്കും ഇടപാടുകൾ നടത്താനാകുക. ഓൺലൈൻ: ഇഎൻപിഎസ്-എ്ന്ന് ഓൺലൈൻ പ്ലാറ്റ് ഫോംവഴി(http://bit.ly/2I42nw4) ചേരുന്നതാണ് കൂടുതൽ സൗകര്യപ്രദം. പാൻ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമുണ്ടെങ്കിൽ ആർക്കും ഓൺലൈനായി ചേരാം. മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ആവശ്യമാണ്. ആധാർ വേണമെന്ന് നിർബന്ധമില്ല. ഓൺലൈനായി നേരിട്ട് ചേർന്നാൽ ഓരോതവണ നിക്ഷേപം നടത്തുമ്പോഴും സർവീസ് ചാർജും നൽകേണ്ടതില്ല. എന്താണ് ടിയർ 1 അക്കൗണ്ട് രണ്ട് തരത്തിലുള്ള അക്കൗണ്ടാണ് എൻപിഎസ് വാഗ്ദാനം ചെയ്യുന്നത്. ടിയർ 1, ടിയർ 2. ടിയർ 1 അക്കൗണ്ട് അടിസ്ഥാന പെൻഷൻ അക്കൗണ്ടാണ്. ഈ എക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ടിയർ 2 നിക്ഷേപത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഈ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാം. ടിയർ 2 അക്കൗണ്ട് തുടങ്ങാൻ ടിയർ 1 അക്കൗണ്ട് ആവശ്യമാണ്. ടിയർ 2 അക്കൗണ്ട് തുടങ്ങണമെന്ന് നിർബന്ധവുമില്ല. നേട്ടങ്ങൾ പോർട്ടബിലിറ്റി: ജോലിയോ, സ്ഥലമോ മാറുമ്പോൾ എൻപിഎസിൽ മാറ്റംവരുത്തേണ്ട ആവശ്യമില്ല. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പർ ജീവിതകാലംമുഴുവൻ ഉപയോഗിക്കാനുള്ളതാണ്. ഏത് ആസ്തിയിൽ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാം:ഓഹരിയിലോ, കടപ്പത്രത്തിലോ, സർക്കാർ സെക്യൂരിറ്റിയിലോ നിശ്ചിത അനുപാതത്തിൽ നിക്ഷേപം നടത്താൻ നിർദേശിക്കാം. രണ്ടുവർഷത്തിലൊരിക്കൽ ഈ അനുപാതത്തിൽ മാറ്റംവരുത്തുകയുമാകാം. വർഷത്തിലൊരിക്കൽ ഫണ്ടുമാനേജരെ മാറ്റാനും അവസരമുണ്ട്. ആക്ടീവ് അല്ലെങ്കിൽ ഓട്ടോ ചോയ്സ്:ആക്ടീവ് ചെയ്സ് സ്വീകരിക്കുന്നതാണ് നല്ലത്. ഓഹരി(ഇ), ഗവൺമെന്റ് ബോണ്ട്(ജി), കോർപ്പറേറ്റ്(സി), മറ്റ് ആസ്തികൾ(എ) എ്ന്നിങ്ങനെയാണ് തിരഞ്ഞെടുക്കാനുള്ള അവസരമുള്ളത്. 55 വയസ്സിന് താഴെയാണ് നിങ്ങളുടെ പ്രായമെങ്കിൽ ഇ സ്വീകരിക്കാം. 70 ശതമാനം ഓഹരിയും 15 ശതമാനംവീതം ജി-യും സി-യും എന്ന അനുപാതം സ്വീകരിക്കുന്നതാകും ഉചിതം. 55 വയസ്സാകുമ്പോൾ അതുവരെ നേടിയ സമ്പത്ത് സംരക്ഷിക്കുന്നതിന് ജി-യിലേയ്ക്ക് നിക്ഷേപം മാറ്റാം. ആദായം വിപണിയുമായി ബന്ധപ്പെട്ടതായതിനാൽ മറ്റ് പെൻഷൻ പദ്ധതികളെ അപേക്ഷിച്ച് മികച്ച നേട്ടം എൻപിഎസിൽനിന്ന് പ്രതീക്ഷിക്കാം. കുറഞ്ഞ ചെലവ് നിലവിൽ ഏറ്റവും കുറഞ്ഞ ചെലവ് ഈടാക്കുന്ന നിക്ഷേപ പദ്ധതിയാണ് എൻപിഎസ്, വിവിധ ഇൻഷുറൻസ് പദ്ധതികൾ, മ്യൂച്വൽ ഫണ്ട് തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് അനുപാതം വളരെ കുറവാണ്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ വാർഷിക നിരക്കായി 0.01ശതമാനമാണ് ഈടാക്കുന്നത്. സുതാര്യത വ്യക്തികൾക്കുതന്നെ ഓൺലൈനിൽ അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. മൊബൈൽ ആപ്പുവഴിയും വെബ് ലോഗിൻ വഴിയും ഇത് സാധ്യമാണ്.അക്കൗണ്ടിലെ ബാലൻസ് തുക എപ്പോൾവേണമെങ്കിലും പരിശോധിക്കാം. ആദായവും വിലയിരുത്താം. 60വയസ്സാകുമ്പോൾ നിക്ഷേപവും അതിലെ ആദായവും കൂടിയുള്ള മൊത്തം തുകയിൽ 60 ശതമാനം പണമായി തിരിച്ചെടുക്കാം. ഇതിന് ആദായ നികുതി ബാധ്യതയില്ല. ബാക്കിയുള്ള 40 ശമതാനം തുക പെൻഷൻ ലഭിക്കുന്നതിനായി ഏതെങ്കിലും ആന്വിറ്റി പ്ലാനുകളിൽ നിർബന്ധമായും നിക്ഷേപിക്കണം. ഈതുകയ്ക്കും ആദായ നികുതി ബാധകമല്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: എൻപിഎസിൽനിന്ന് പിൻവലിക്കുന്ന തുകയിൽ 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനായി നിർബന്ധമായും ഇൻഷുറൻസ് കമ്പനികളുടെ ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. നിലവിൽ ആന്വിറ്റി പ്ലാനുകളിൽനിന്ന് കുറഞ്ഞ ആദായമാണ് ലഭിക്കുന്നത്. എന്നിരുന്നാലും ആദായനികുതിയിളവും വിപണിയുമായി ബന്ധപ്പെട്ട നേട്ടങ്ങളും താരതമ്യപ്പെടുത്തുമ്പോൾ മ്യൂച്വൽ ഫണ്ടുപോലുള്ള നിക്ഷേപ പദ്ധതികളോടൊപ്പം എൻപിഎസിലെ നിക്ഷേപവും പരിഗണിക്കാം.
from money rss http://bit.ly/39VtHLn
via
IFTTT