കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ (ജനുവരി-മാർച്ച്) രേഖപ്പെടുത്തപ്പെട്ട 5.8 ശതമാനം വളർച്ചനിരക്ക്, കഴിഞ്ഞ 20 പാദങ്ങളിൽ ഏറ്റവും കുറഞ്ഞതാണ്. മേയ് 31-ന് പ്രസിദ്ധീകരിച്ച, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരമു ള്ള, 2017-'18ലെ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 45 വർഷങ്ങളിലെ ഏറ്റവും ഉയർന്നതും. കാർഷികമേഖലയുടെ വളർച്ച ശരാശരി 3.4 ശതമാനത്തിൽനിന്ന് 2.9 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. കാർഷികരംഗത്തെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഐ.എൽ. ആൻഡ് എഫ്.എസ്. (Infrastructure learning financial services) പ്രശ്നത്തിലൂടെ പുറത്തുവന്ന എൻ.ബി.എഫ്.സി. (Non banking financial company) പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. ഈ മേഖലയിലെ പണഞെരുക്കം ഹ്രസ്വകാല വളർച്ചയെ ബാധിക്കുന്നുമുണ്ട്. മധ്യവരുമാന കെണി ഇന്ത്യ ഒരുപക്ഷേ, മധ്യവരുമാന കെണിയിൽ (middle income trap) പെട്ടേക്കാം എന്ന, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയരൂപീകരണ കേന്ദ്രമായ എൻ.ഐ.പി.എഫ്.പി. (National Institute of Public Finance and Policy) ഡയറക്ടറും പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ സമിതിയംഗവുമായ, ഡോ. രതിൻ റോയിയുടെ നിരീക്ഷണം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിച്ചുകൊണ്ടിരുന്നത് 10 കോടിയോളം മാത്രംവരുന്ന ഉപഭോക്താക്കളുടെ ചോദന (demand) ആയിരുന്നത്രേ! ബാക്കിയുള്ള ബഹുഭൂരിപക്ഷത്തിന്റെ വരുമാനം വർധിപ്പിച്ച്, സമ്പദ്വ്യവസ്ഥയിലെ ഡിമാൻഡ് വർധിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സുസ്ഥിരമായ വളർച്ച സാധ്യമാവാതെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങിയേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു . പ്രശ്നങ്ങളും പ്രതിവിധികളും അപ്പോൾ, ചോദനയുടെ അപര്യാപ്തതയാണ് ഒരു പ്രശ്നം. പക്ഷേ, അതോടൊപ്പം കാർഷികരംഗത്തും ധനകാര്യ മേഖലയിലും മറ്റു മേഖലകളിലൊക്കെയും ആഴത്തിലുള്ളതും ഘടനാപരവുമായ പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് അടിയന്തരമായി ഡിമാൻഡ് കൂട്ടാൻ ശ്രമിക്കുന്നതോടൊപ്പം ഭാവിയിലേക്ക് കൂടുതൽ ആഴത്തിലുള്ള പരിഷ്കാരങ്ങളും ആവശ്യമാണ്. ഉദാഹരണത്തിന് കാർഷികമേഖലയിലെ വരുമാനം വർധിച്ചാൽമാത്രമേ വ്യാവസായിക ഉത്പന്നങ്ങൾക്ക് സ്ഥായിയായ ആവശ്യകത ഉണ്ടാകുകയുള്ളൂ. കാർഷികമേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഗണ്യമായ മൂലധനനിക്ഷേപം കൂടിയേതീരൂ. ആവശ്യകത വർധിപ്പിക്കുന്നതും എളുപ്പമല്ല. ചോദനയുടെ ഘടകങ്ങൾ ഉപഭോഗം (consumption), നിക്ഷേപം (investment), സർക്കാർ വ്യയം (government expenditure), കയറ്റുമതി (export) എന്നിവയാണ്. ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (IP), പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് (PMI) തുടങ്ങിയ സൂചികകൾ ഉപഭോഗം അപര്യാപ്തമാണെന്ന് കാണിക്കുന്നു. അതുപോലെ, പണനയത്തിലൂടെ തുടർച്ചയായി പലിശ കുറച്ചിട്ടും നിക്ഷേപം പ്രതികരിച്ചുതുടങ്ങിയിട്ടില്ല. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ ആദ്യമായി, 2018-'19-ൽ നേരിട്ടുള്ള വിദേശനിക്ഷേപം കുറഞ്ഞു. ഇതേ കാലയളവിൽ, വിദേശനിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ പണം പിൻവലിക്കുകയും ചെയ്തു. അപ്പോൾ, അവശേഷിക്കുന്നത് സർക്കാർ ധനവിനിയോഗമാണ്. പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നതിനാൽ ധനവിനിയോഗം വർധിപ്പിക്കുന്നതുകൊണ്ട് തത്കാലം കുഴപ്പമില്ല. പരിമിതികൾ എന്തൊക്കെ പക്ഷേ, ധനവിനിയോഗം വർധിപ്പിക്കാൻ പണം കണ്ടെത്താൻ പറ്റുമോ? കഴിഞ്ഞവർഷം ബജറ്റിലെ പുതുക്കിയ വരവുചെലവുകണക്കിനെ അപേക്ഷിച്ച് നികുതിവരുമാനത്തിൽ ഏകദേശം 1.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. എന്നിട്ടും ധനക്കമ്മി 3.4 ശതമാനത്തിൽ നിലനിർത്താൻ സാധിച്ചത് ചെലവുചുരുക്കിയും കുറെ ചെലവുകൾ എഫ്.സി.ഐ.യുടെ കണക്കുബുക്കിലേക്കു മാറ്റിയുമാണ്. ഫിസിക്കൽ റെസ്പോൺസിബിലിറ്റി ചട്ടം (FRA) നിലവിലുള്ളതിനാൽ ഉയർന്ന ധനക്കമ്മിയെപ്പറ്റി ആലോചിക്കുന്നത് പ്രായോഗികമല്ല. ഭേദഗതിവരുത്തിയ എഫ്.ആർ.എ.പ്രകാരം പൊതുകടം നിലവിലുള്ള 47 ശതമാനത്തിൽ വാർഷിക വരുമാനത്തിന്റെ 40 ശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. അധികവിഭവ സമാഹരണം സാധ്യമോ ഈ സാഹചര്യത്തിൽ, അധികവിഭവ സമാഹരണത്തിനു പ്രധാനമായും രണ്ടു സ്രോതസ്സുകളെയാണ് സർക്കാർ ആശ്രയിക്കാൻ സാധ്യത. ഒന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയാണ്. പക്ഷേ, എയർ ഇന്ത്യയുടെ ഓഹരിവിൽപ്പനയും നീതി ആയോഗ് മുന്നോട്ടുവെച്ച, രണ്ടു ഡസനോളംവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തന്ത്രപരമായ വിൽപ്പനയും നടന്നില്ല. മറ്റൊന്ന് ആർ.ബി.ഐ.യുടെ കരുതൽ മൂലധനമാണ്. യുക്തമായ കരുതൽ മൂലധനമെത്രയാണെന്നു കണ്ടെത്താൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ജലാൻ കമ്മിറ്റി, ബജറ്റ് അവതരണത്തിനുമുൻപുതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതിയിരുന്നത്. 1-3 ലക്ഷം കോടിരൂപവരെ ഇത്തരത്തിൽ സമാഹരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. (എന്നാൽ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.) ഈ സാഹചര്യത്തിൽ നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള വലിയ പദ്ധതികൾക്ക് സർക്കാർ തയ്യാറാവുമെന്നാണ് സൂചന. സർക്കാർ ഭൂമി, ടെലികോം ടവറുകൾ, റെയിൽവേ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള 60 ഓളം ആസ്തികൾ ഇതിനായി കണ്ടെത്തികഴിഞ്ഞത്രെ. നടപ്പാക്കേണ്ടത് വികസനമായിരുന്നു ഒന്നാം എൻ.ഡി.എ. സർക്കാരിന്റെ മുദ്രാവാക്യം. അത് വോട്ടർമാർക്ക് ഇനിയും അനുഭവവേദ്യമായിട്ടില്ല. അതിനാൽ വികാസനോമുഖമായ പദ്ധതികൾ ആവിഷ്കരിക്കാനും സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ അതിവേഗ വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാനും ഈ ബജറ്റിലൂടെ തുടക്കമിടുമെന്നുവേണം കരുതാൻ. 2024-ഓടെ ഭാരതത്തെ ഒരു 5 ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയാക്കണമെന്നു പ്രധാനമന്ത്രി നീതി ആയോഗ് ഭരണസമിതി മീറ്റിങ്ങിൽ പറഞ്ഞിട്ടുണ്ട്. അതിനുള്ള കർമപദ്ധതികളുടെ തുടക്കം ഈ ബജറ്റിൽ പ്രതീക്ഷിക്കാം. കാർഷികമേഖലയ്ക്കായി പ്രഖ്യാപിച്ച ഹൈലെവൽ ടാസ്ക് ഫോഴ്സ് ശരിയായ ദിശയിലുള്ളതാണ്.സർക്കാരിന്റെ വിശ്വാസ്യത വർധിപ്പിക്കാനുള്ള നടപടികളും ആവശ്യമാണ്. സ്വതന്ത്രവും വിശ്വാസ്യവുമായ ഒരു വിവരശേഖരണ വിതരണ സംവിധാനം ഉറപ്പുവരുത്തണം. അതുപോലെ, ബജറ്റിന് പുറത്തുള്ള ധനവിനിയോഗ കണക്കുകൾ കൊണ്ടുള്ള കളികൾ ഒഴിവാക്കുന്നതും പ്രധാനമാണ്. ഇത്തരത്തിൽ വികാസനോമുഖമായ ഒരു സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ്, സ്റ്റോക്ക് മാർക്കറ്റിന്റെ മികച്ച പ്രകടനത്തിന്റെ പിന്നിൽ.. കേരളത്തിന്റെ പ്രതീക്ഷകൾ ഇടക്കാല ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടിരുന്നു. ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിൽ കേരളസർക്കാരിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടാവണം. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഐയിംസിനും ടെസ്റ്റിങ് ലാബിനും വേണ്ടിയുള്ള വാദം ശക്തമാക്കണം. പ്രളയ പുനരുദ്ധാരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമുള്ള മികച്ച പദ്ധതികൾ മുന്നോട്ടുവെക്കാൻ നമുക്ക് സാധിക്കുമെന്നും അവയ്ക്ക് തുക വകയിരുത്തിക്കിട്ടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. (തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ അധ്യാപകനുംഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽഗവേഷകനുമാണ് ലേഖകൻ) content highlights:union budget 2019
from money rss http://bit.ly/2RZLM2U
via
IFTTT