121

Powered By Blogger

Thursday, 4 July 2019

കേന്ദ്ര ബജറ്റ്: പ്രതിഫലിക്കും, ദേശീയാഭിലാഷങ്ങളും പ്രാദേശികമോഹങ്ങളും

ഇത്തവണ സാമ്പത്തികവളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുന്ന നയപരിപാടികളുടെ പ്രഖ്യാപനമാവും നിർമലാ സീതാരാമനിൽനിന്നുണ്ടാവുക. ധനക്കമ്മി നിയന്ത്രിക്കുക, സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കുക, കാർഷികവളർച്ച ത്വരപ്പെടുത്തുക, കയറ്റുമതി വർധിപ്പിക്കുക, കിട്ടാക്കടം പെരുകുന്നത് തടയുക തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ നിർമലയുടെ മുന്നിലുണ്ട്. ആ വെല്ലുവിളികളെ എങ്ങനെയാണ് നേരിടാൻപോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യത്തെ സാമ്പത്തികവിദഗ്ധർ. കയറ്റുമതി വർധിപ്പിക്കാൻനടപടികൾ കാർഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽനിന്ന് ഇന്ത്യയെ വ്യാവസായിക സമ്പദ് വ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുക എന്നതിനാണ് മോദിസർക്കാരിന്റെ പ്രഥമ പരിഗണന എന്നത് വ്യക്തമായ കാര്യമാണ്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വൻതോതിൽ വ്യാവസായിക നിക്ഷേപം നടത്താനുള്ള അന്തരീക്ഷം ഒന്നാം മോദിസർക്കാർ ഒരുക്കിയിരുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നൂറ്റിമുപ്പതാം റാങ്കിൽ നിന്നും എഴുപത്തേഴാം റാങ്കിലേക്ക് രാജ്യം ഉയർന്നു. ഇത്തവണ വൻകിട രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ച് വ്യാവസായികവത്കരണത്തിന് ഊന്നൽ കൊടുക്കാനും തദ്വാരാ കയറ്റുമതി വർധിപ്പിക്കാനുമുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം. ചൈനയുമായി ഇക്കാര്യത്തിൽ ഉള്ള ഭാരിച്ച അന്തരം കുറച്ചു കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. ഒരേ സമയം കയറ്റുമതി വർധനയും തൊഴിൽ വർധനയും സാധ്യമാക്കുന്ന MSME (ചെറുകിട വ്യവസായമേഖല) മേഖലയ്ക്ക് കുതിപ്പേകുന്ന നയപരിപാടികളാണ് ഉണ്ടാകേണ്ടത്. സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ, തുകൽവ്യവസായം, വസ്ത്രവ്യവസായം, ജൂവലറി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പ്രഖ്യാപനങ്ങൾ തീർച്ചയാണ്. കാർഷികരംഗത്തിന്പ്രത്യേകശ്രദ്ധ കാർഷിക ഉത്പാദന വർധനയ്ക്കുള്ള വലിയ പദ്ധതി ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പലതട്ടിലുള്ള ചൂഷണങ്ങളിൽനിന്നും കർഷകരെ മോചിപ്പിച്ച് കാർഷികോത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാനുള്ള വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള പദ്ധതി, ആയിരക്കണക്കിന് കർഷകകൂട്ടായ്മകളുടെ രൂപവത്കരണം, വെയർഹൗസ് ശൃംഖല അടക്കമുള്ള ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് ഊന്നലുണ്ടാകും. മത്സ്യ കൃഷിക്കും പുതിയ പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. തരിശിടുന്ന ഭൂമികളിൽ സൗരോർജ പദ്ധതികൾ സ്ഥാപിക്കുന്നതിനും ഊന്നൽ നൽകിയേക്കും. കർഷകർക്ക് അധിക വരുമാനം നൽകുന്ന ഇടവിള കൃഷികൾക്ക് ബജറ്റിൽ പ്രത്യേക ശ്രദ്ധയുണ്ടാകേണ്ടതുണ്ട് . 22 കാർഷികോത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി മിനിമം സപ്പോർട്ട് പ്രൈസ് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത് കൂടുതൽ വിപുലീകരിക്കാവുന്നതാണ് . അടിസ്ഥാനസൗകര്യവികസനം ജലപാതകളുടെ നിർമാണം, ഗ്രാമീണ റോഡുകളുടെയും ഹൈവേകളുടെയും നിർമാണം, അതിവേഗ റെയിൽപ്പാതകൾ, വിമാനത്താവളങ്ങളുടെ വികസനം എന്നിവയ്ക്കെല്ലാം തീർച്ചയായും പ്രാധാന്യം ലഭിക്കും. അടിസ്ഥാനസൗകര്യ വികസനത്തിലെ നിക്ഷേപം തൊഴിലവസരങ്ങൾ വർധിപ്പിക്കും എന്നതും പ്രധാനമാണ്. കേരളത്തിന് കാര്യമായ പരിഗണന തന്നെ അടിസ്ഥാനസൗകര്യ വികസനത്തിൽ ലഭിക്കും എന്നുറപ്പാണ്. പ്രത്യേകിച്ചും ദേശീയപാത വികസനത്തിലും ദേശീയ ജലപാതകളുടെ വികസനത്തിലും കേരളം മുന്നോട്ടുപോകേണ്ടതുണ്ട്. ജലശക്തി ജനശക്തി ഒന്നാംമോദി സർക്കാരിന്റെ മുഖമുദ്രയായത് സ്വച്ഛ്ഭാരത് ആയിരുന്നെങ്കിൽ രണ്ടാംമോദി സർക്കാരിന്റെ മുഖമുദ്രയാകുന്ന പദ്ധതി ജലശക്തി ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2024-ൽ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് വഴി കുടിവെള്ളം എത്തിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരത്തിന് തുടക്കംകുറിക്കുന്ന നടപടികളുണ്ടാകും. ഇതിന് പ്രായോഗിക തടസ്സമായിരുന്ന വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് ജൽശക്തി മന്ത്രാലയം ഇക്കുറി രൂപവത്കരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതിയായിരുന്ന നദീസംയോജനത്തിനും ഇത്തവണ പ്രാമുഖ്യം ലഭിക്കും. സാമ്പത്തിക പരിഷ്കരണങ്ങൾ നോട്ടസാധുവാക്കലും ജി.എസ്.ടി.യും ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്സി കോഡും ഒന്നാം മോദിസർക്കാരിന്റെ പ്രധാന സാമ്പത്തിക പരിഷ്കരണ നടപടികളായെങ്കിൽ ഇത്തവണ ഭൂനിയമങ്ങളിലെ പരിഷ്കരണം, ജി. എസ്.ടി.യിലെ ക്രമപ്പെടുത്തലുകൾ, കാർഷികരംഗത്തെ ഗതിമാറ്റങ്ങൾ എന്നിവയ്ക്കെല്ലാം പ്രാധാന്യമുണ്ടാകും. 50 ലക്ഷം കോടി ഡോളർസമ്പദ് വ്യവസ്ഥ ദേശീയ അഭിലാഷങ്ങളും പ്രാദേശിക മോഹങ്ങളും സമഞ്ജസിപ്പിച്ചുകൊണ്ടുള്ള (NARA) പുതിയ വികസന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുന്നത് . 2024 ആകുമ്പോഴേക്കും ഇന്ത്യയെ 50 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരി ക്കേണ്ട ദൗത്യമാണ് നിർമല സീതാരാമന് മുന്നിലുള്ളത്. എങ്ങനെയാകും നികുതിപരിഷ്കാരം? നികുതിയിളവുകൾ മധ്യവർഗവും വ്യവസായ സമൂഹവും പ്രതീക്ഷിക്കുന്നുണ്ട്. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ 'മെയ്ക്ക് ഇൻ ഇന്ത്യ'യെ പ്രോത്സാഹിപ്പിക്കാൻ കമ്പനി നികുതിയിൽ ക്രമപ്പെടുത്തൽ പ്രതീക്ഷിക്കുന്നുണ്ട്. കമ്പനി നികുതിയിലെ ക്രമപ്പെടുത്തൽ വ്യാവസായിക നിക്ഷേപങ്ങളിൽ ഒരു കുതിച്ചുകയറ്റത്തിന് സഹായിക്കും. പ്രത്യേകിച്ചും ചൈനയടക്കമുള്ള രാജ്യങ്ങളിലെ നികുതിഘടനയുമായി താരതമ്യംചെയ്യുമ്പോൾ നിക്ഷേപകരെ ആകർഷിക്കാവുന്ന ഒരു നികുതി ഘടനയാണ് ഉണ്ടാകേണ്ടത്. കമ്പനി നികുതിയിൽ നൽകുന്ന ആനുകൂല്യം അത് കൂടുതൽ പേരെ നികുതി കൊടുക്കാൻ പ്രേരിപ്പിക്കുകയും രാജ്യത്തി​െന്റ നികുതി വരുമാനം വർധിക്കുകയും ചെയ്യും എന്നതാണ് യാഥാർഥ്യം. മാത്രമല്ല നികുതി ആനുകൂല്യത്തിലൂടെ ലഭിക്കുന്ന ലാഭം വീണ്ടും വിപണിയിലേക്കുതന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. കോർപ്പറേറ്റുകളുടെ നികുതി കുറയ്ക്കുന്നു എന്ന പ്രചാരണം യാഥാർഥ്യബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന് ചുരുക്കം.നിലവിൽ മൂന്നുതട്ടിലുള്ള ജി.എസ്.ടി. കുറച്ചുകൂടി ലളിതമാക്കണമെന്ന ആവശ്യത്തിന് ജി.എസ്.ടി. കൗൺസിലാണ് തീരുമാനം എടുക്കേണ്ടതെങ്കിലും ഇതു സംബന്ധിച്ച ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാം . റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളെ പുതിയ വളർച്ചാവളവിൽ (Growth curve) എത്തിക്കുന്നതിനായി നടപടികൾ ഉണ്ടാകേണ്ടതുണ്ട്. ഈ മേഖലകളിൽ നികുതി നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച ചില നടപടികൾ ആവശ്യമാണ് .2022-ൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിജയം നൽകിയ ആവേശം ബജറ്റിൽ പ്രതിഫലിക്കും. കോടിക്കണക്കിന് സാധാരണക്കാർക്ക് നാലു ശതമാനംവരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകി സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആദ്യ മോദിസർക്കാരിനായി. ഇത്തവണ ഭവന നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ ജി.എസ്.ടി. അഞ്ചുശതമാനം എന്ന അടിസ്ഥാനനിരക്കിൽ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിൽ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നികുതികളുടെ ഏകീകരണത്തിനുള്ള നിർദേശങ്ങൾക്കും സാധ്യതയുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നതിൽ സംശയമില്ല. മാത്രമല്ല ഹൗസിങ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എന്നിവയിലേക്ക് നിക്ഷേപിക്കുന്ന പണം വാസ്തവത്തിൽ കോടിക്കണക്കിന് സ്കിൽഡ് , അൺസ്കിൽഡ് തൊഴിലവസരങ്ങൾ കൂടിയാണ് സൃഷ്ടിക്കുന്നത് . ഇലക്ഷൻ പൂർവ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങൾ നിലനിൽക്കണം എന്നും അതോടൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കപ്പെടണമെന്നും മധ്യവർഗം ആഗ്രഹിക്കുന്നുണ്ട്. മധ്യവർഗത്തെ തൃപ്തിപ്പെടുത്താനുള്ള അത്തരം ചില പ്രഖ്യാപനങ്ങൾ നിർമലാ സീതാരാമനിൽ നിന്നുണ്ടാകും. (യുവമോർച്ച സംസ്ഥാനസെക്രട്ടറിയാണ് ലേഖകൻ)

from money rss http://bit.ly/2RSSM1r
via IFTTT