121

Powered By Blogger

Thursday, 4 July 2019

കേന്ദ്ര ബജറ്റ്: മുന്നിൽ വെല്ലുവിളികൾ

ഇന്ത്യൻ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തിലാണ് നിർമലാ സീതാരാമൻ കേന്ദ്ര ധനമന്ത്രിയായി സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ധനമന്ത്രി ആദ്യം ചെയ്യേണ്ടത് സാമ്പത്തികരംഗത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിക്കുകയാണ്. അത്തരമൊരു തിരിച്ചറിവില്ലാതെ പ്രശ്നങ്ങളെ നേരിടാൻ കഴിയില്ല. അതിനുശേഷം വ്യക്തമായി നിർവചിക്കപ്പെട്ട കർമപരിപാടികളുമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കണം. ബജറ്റ് ഇതിനൊരു തുടക്കമാവട്ടെ. ഇഴയുന്ന സമ്പദ്രംഗം പുതിയ ധനമന്ത്രി സ്ഥാനമേറ്റെടുത്ത ഉടൻ പുറത്തുവന്ന ആദ്യ സ്ഥൂലസാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ സമ്പദ് ഘടനയുടെ മെല്ലെപ്പോക്കിലേക്കാണ് വിരൽചൂണ്ടുന്നത്. 2018-'19 സാമ്പത്തികവർഷം ജി.ഡി.പി. വളർച്ച 6.8 ശതമാനമായും ജി.പി.എ. വളർച്ച 6.6 ശതമാനമായും കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. 2017-'18 അഞ്ചുശതമാനം വളർച്ച കൈവരിച്ച കാർഷികമേഖല 2018-'19 സാമ്പത്തിക വർഷം കൈവരിച്ചത് 2.9 ശതമാനം മാത്രമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ വളർച്ച (-)0.1 ശതമാനമായി താഴോട്ടുപോയിരിക്കുന്നു. അടിസ്ഥാന സൗകര്യ വ്യവസായങ്ങളുടെ വളർച്ച 2018-'19-ൽ 4.3 ശതമാനവും വ്യാവസായികോത്പാദന സൂചികയിലെ വളർച്ച 3.6 ശതമാനവുമായിരുന്നു. പുതിയ സാമ്പത്തികവർഷത്തെ ആദ്യ മാസത്തിൽ മർമവ്യവസായ മേഖല 2.6 ശതമാനം വളർച്ച മാത്രമാണ് കൈവരിച്ചത്. 2017-'18 സാമ്പത്തികവർഷം തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന 6.1 ശതമാനത്തിലാണ് നിന്നത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കനുസരിച്ച് 2019 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയർന്നിരിക്കുന്നു. ബജറ്റ് തയ്യാറാക്കുമ്പോൾ ധനമന്ത്രിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കും. ഉണരാത്ത ഉപഭോഗരംഗം കുറച്ചുകാലമായി ഉപഭോഗരംഗത്ത് അനുഭവപ്പെടുന്ന മാന്ദ്യം ഇപ്പോഴും തുടരുകയാണ്. വാഹനങ്ങൾ മുതൽ ദീർഘകാല ഉപഭോഗ വസ്തുക്കൾ വരെ ഇതിൽപ്പെടുന്നു. സ്വകാര്യ മുതൽമുടക്കിൽ പുരോഗതി ദൃശ്യമാവുന്നില്ല. ഒന്നാം മോദി ഭരണകാലത്ത് സമ്പദ്ഘടനയ്ക്ക് ശക്തി പകർന്നിരുന്ന സർക്കാർ മുതൽമുടക്ക് ധനക്കമ്മി കൂടുമെന്ന പേടിയിൽ വെട്ടിച്ചുരുക്കിയത് സമ്പദ്ഘടനയ്ക്ക് വിനയായി മാറി. എന്നാൽ, പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നതും അസംസ്കൃത എണ്ണയുടെ വില താഴുന്നുണ്ടെന്നതും ആശ്വാസകരമാണ്. തളർന്ന ഗ്രാമീണമേഖല ഗ്രാമീണമേഖലയിലെ സ്ഥിതി വളരെ മോശമാണ്. കാലവർഷത്തെ ആശ്രയിച്ചാണ് കാർഷികമേഖലയുടെ തിരിച്ചുവരവ്. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യപാദ വളർച്ച മങ്ങിയതായിരിക്കുമെന്നാണ് പൊതുവേ കണക്കാക്കുന്നത്. ഉപഭോഗം കൂട്ടണം. അതിന് കൂടുതൽ പണം ജനങ്ങളിലെത്തിക്കണം. അതിന് നികുതിനിരക്കുകൾ കുറയ്ക്കണം. എന്നാൽ, നികുതി നിരക്കുകൾ കുറയ്ക്കുന്നതിനും പരിമിതികളുണ്ട്. അത് സർക്കാറിന്റെ വരുമാനത്തെ ബാധിക്കും. ധനക്കമ്മി കൂടുന്നതായിരിക്കും അതിന്റെ ഫലം. ഇടക്കാല നടപടിയായി സ്വകാര്യ മുതൽമുടക്ക് ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. അതിന് ആദ്യമായി വേണ്ടത് പൊതുവ്യയം കൂട്ടുകയാണ്. ഇതിനെല്ലാം സാമ്പത്തിക പരിഷ്കരണങ്ങൾ ആവശ്യമാണ്. നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്കരണ നടപടികളാണ് ആദ്യം കൈക്കൊള്ളുന്നത്. ഭൂമി ഏറ്റെടുക്കൽ തൊഴിൽ പരിഷ്കരണം എന്നിവയിൽ നിന്നാണ് ഇനിയുള്ള പരിഷ്കരണ നടപടികൾ ആരംഭിക്കേണ്ടത്. പ്രതിസന്ധിയിലായ ബാങ്കുകൾ നമ്മുടെ വാണിജ്യബാങ്കുകൾ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടമെന്ന ടൈംബോംബിന്റെ മുകളിലാണിരിക്കുന്നത്. പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളെ കേന്ദ്രസർക്കാർ പണം നൽകി സഹായിക്കുന്നുണ്ടെങ്കിലും ബാങ്കുകളിൽ നിന്നുള്ള വായ്പപ്രവാഹത്തിൽ അഭിലഷണീയമായ മാറ്റം കാണുന്നില്ല. ഇന്ന് ബാങ്കുകൾ ദ്രവത്വപ്രതിസന്ധി (Liquidity Crisis) മാത്രമല്ല നേരിടുന്നത്. ബാങ്കിങ് വ്യവസായത്തിന്റെ വിശ്വാസ്യത കൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ പോതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ പണം നൽകി അവയുടെ ആരോഗ്യം വീണ്ടെടുക്കണം. അതുപോലെത്തന്നെ ദ്രവത്വ പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും കേന്ദ്രസർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. വേണം പണം ഇതിനൊക്കെയുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നുള്ള ചോദ്യം അവശേഷിക്കുന്നു. നികുതി ചുമത്തി വരുമാനം കൂട്ടുന്നതിന് ചില പരിമിതികളുണ്ട്. അപ്പോൾ സർക്കാർ കാണുന്ന എളുപ്പവഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചു പണം കണ്ടെത്തുകയെന്നതാണ്. ഇടക്കാല ബജറ്റിൽ 90,000 കോടി രൂപയാണ് ഓഹരികൾ വിറ്റഴിച്ച് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നത്. സമ്പൂർണ ബജറ്റിലൂടെ അത് ഒരുലക്ഷം കോടി രൂപയാക്കി ഉയർത്തിയേക്കാം. മാറേണ്ടതുണ്ട് പലതും കുറച്ചുകാലമായി സ്ഥിരനിക്ഷേപം ജി.ഡി.പി.യുടെ 30 ശതമാനത്തെ ചുറ്റിപ്പറ്റിയാണ്. ഇത് മാറേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീടത് മന്ദഗതിയിലായി. മാർച്ചിൽ അവസാനിച്ച 2018-'19 സാമ്പത്തികവർഷം വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ ഒരു ശതമാനത്തിൽ ഇടിവുണ്ടായിരിക്കുന്നു. ഇറാൻ പ്രതിസന്ധി, അമേരിക്ക-ചൈന വ്യാപാരയുദ്ധം, ബ്രെക്സിറ്റ്, വികസിത രാജ്യങ്ങൾ കൈക്കൊള്ളുന്ന സംരക്ഷണ നടപടികൾ തുടങ്ങിയവ നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ലെങ്കിലും രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. നമ്മുടെ പല പ്രമുഖ സ്ഥാപനങ്ങളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അവ വീണ്ടെടുക്കണം. സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകണം. സർക്കാർ പണം ചെലവഴിക്കുമ്പോൾ സംഭവിക്കുന്ന ചോർച്ചകൾ ആധാർ ഉപയോഗപ്പെടുത്തി തടയണം. അതേസമയം, ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തൊഴിൽ നൽകുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയെ എല്ലാ അർഥത്തിലും ശക്തിപ്പെടുത്തണം. ഉത്പാദന ഘടകങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. സ്വകാര്യമേഖലാ മുതൽമുടക്ക് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. മുമ്പുണ്ടായിരുന്ന പ്രോജക്ട് മോണിറ്ററിങ് ഗ്രൂപ്പുകൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ പുനരുജ്ജീവിപ്പിക്കണം. ധനദൃഢീകരണത്തിന് ശ്രമിക്കുന്നതോടൊപ്പം മൂലധനച്ചെലവ് കൂട്ടി സാമ്പത്തിക വികസനത്തിന് സർക്കാർ ഊന്നൽ നൽകണം. കാർഷികമേഖലയിലെ പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടണം. കാർഷികോത്പന്നങ്ങൾക്ക് മാന്യമായ വില ഉറപ്പാക്കുന്നതോടൊപ്പം കുറഞ്ഞ വിലയ്ക്ക് കാർഷികനിവേശങ്ങൾ ലഭ്യമാക്കണം. അസംസ്കൃത എണ്ണയുടെ ആഭ്യന്തരോത്പാദനം ഉയർത്തുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ഊന്നൽ നൽകണം. പുതിയ ഇന്ധന/ഊർജ സ്രോതസ്സുകൾ കണ്ടെത്തണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒരവസരമായിക്കണ്ട് അതിൽനിന്ന് നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കണം. കയറ്റുമതിക്ക് പരമ്പരാഗത രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം പുതിയ മേച്ചിൽ സ്ഥലങ്ങൾ കണ്ടെത്തണം. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും മനുഷ്യ മൂലധനത്തിന്റെ ഗുണമേന്മ കൂട്ടിയും മൂലധന-ഉത്പന്ന അനുപാതം കുറച്ചും സമ്പദ്ഘടനയെ മുന്നോട്ടുനയിക്കണം. എല്ലാറ്റിനുമുപരിയായി കുറഞ്ഞ വരുമാന ഉറപ്പു പദ്ധതിക്ക് രൂപംനൽകി സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കണം. (സംസ്ഥാന ആസൂത്രണ ബോർഡ്ൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

from money rss http://bit.ly/2KYAw6f
via IFTTT