121

Powered By Blogger

Friday, 3 April 2020

വിപണി എപ്പോള്‍ തിരിച്ചുകയറാന്‍ തുടങ്ങും? ഒറ്റത്തവണയായി കൂടുതല്‍ നിക്ഷേപിക്കാമോ?

കോവിഡ് വ്യാപനത്തെതുടർന്ന് ഓഹരി വിപണി ഇപ്പോൾ കനത്ത നഷ്ടത്തിലാണല്ലോ. രണ്ടുവർഷംമുമ്പ് തുടങ്ങിയ എസ്ഐപികളെല്ലാം ഇതോടെ നഷ്ടത്തിലായി. വിപണി തിരിച്ചുവരാൻ എത്രകാലമെടുക്കും? എസ്ഐപിയോടൊപ്പം ഒറ്റത്തവണയായി കൂടുതൽ നിക്ഷേപം നടത്താൻ യോജിച്ച സമയമാണോ ഇപ്പോൾ? രവീന്ദ്രൻ(ഇ-മെയിൽ) കോവിഡ് ബാധമൂലം ലോകമാകെ സ്തംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വിപണി എന്ന് തിരിച്ചുവരുമെന്ന് പ്രവചിക്കാൻ ആർക്കുംകഴിയില്ല. ഒരുപക്ഷേ, മൂന്നോ നാലോ മാസമെടുത്തേക്കാം. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷംവരെ വേണ്ടിവന്നേക്കാം. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കാര്യങ്ങളെല്ലാം ശമിച്ച് കമ്പനികൾ പൂർവസ്ഥിതിയിൽ ആയേക്കാം. ചില കമ്പനികളുടെ സാമ്പത്തികനില പൂർണമായും തകരാറിലാകാനും സാധ്യതയുണ്ടെന്നകാര്യംകൂടി കണക്കിലെടുക്കണം. മൊത്തമായി ഒരുതുക നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ എസ്ഐപിക്ക് സമാന്തരമായി അത് ചെയ്യുക. ഒറ്റത്തവണയായി ചെയ്യാതെ ഒരുവർഷക്കാലയളവിൽ പലതവണയായി(പ്രതിമാസം എസ്ഐപി പോലെ)നിക്ഷേപിക്കാം. നിക്ഷേപതുക ആവറേജ് ചെയ്യാൻ ഇത് സാഹായിക്കും. നഷ്ടം കുറയ്ക്കാനും വിപണി തിരിച്ചുകയറുമ്പോൾ മികച്ചനേട്ടം നേടാനും ഈ രീതി സഹായിക്കും.

from money rss https://bit.ly/2X5ODf0
via IFTTT

വിദേശ സ്ഥാപനങ്ങള്‍ക്ക് രാജ്യത്തെ ഓഹരികളില്‍ നിക്ഷേപിക്കാവുന്ന പരിധി ഉയര്‍ത്തി

മുംബൈ: വിവിധ സെക്ടറുകളിലായി വിദേശ പോർട്ട്ഫോളിയോ നിക്ഷപകർക്ക് വാങ്ങാവുന്ന ഓഹരിയുടെ പരിധി ഉയർത്തി. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ്(സിഡിഎസ്എൽ) എന്നിവയാണ് പരിധി ഉയർത്താൻ തീരുമാനിച്ചത്. ചില ഓഹരികളിൽ വിദേശ നിക്ഷേപകരുടെ പരിധി 100ശതമാനം കവിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിലായി.

from money rss https://bit.ly/3dWhHeX
via IFTTT

കോവിഡ് പ്രതിരോധ ഫണ്ടിലേയ്ക്ക് സംഭാവനല്‍കിയാല്‍ കൂടുതല്‍ ആദായനികുതിയിളവ്

കോവിഡ് പ്രതിരോധ ഫണ്ടിലേയ്ക്ക് സംഭാവ ചെയ്യുന്നവർക്ക് ആദായനികുതി 80ജി പ്രകാരം 100ശതമാനം ഇളവ് ലഭിക്കും. പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് നൽകുന്നതുകയക്കാണ് ഈയിളവ്. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെ നൽകുന്ന തുകയ്ക്ക് 2019-20 സാമ്പത്തികവർഷത്തിൽ ഇളവുനേടാം. അതല്ലെങ്കിൽ നടപ്പ് സാമ്പത്തിക വർഷത്തെ(2020-21) ഇളവിനായും പരിഗണിക്കും. Taxation and Other Laws (Relaxation of Certain Provisions) Ordinance, 2020 issued today.#IndiaFightsCorona#StayAtHome#StaySafe pic.twitter.com/usw9QKAXdI — Income Tax India (@IncomeTaxIndia) March 31, 2020 നൽകുന്ന സംഭവാനയ്ക്ക് പരിധിയില്ലാത്ത ഇളവാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. എത്രതുക നൽകുന്നുവോ അതിന് 100 ശതമാനം ആദായനികുതി ഇളവ് ലഭിക്കുമെന്നുചുരുക്കം. 2019-20 സാമ്പത്തിക വർഷത്തെയ്ക്ക് നികുതിയിളവിനുള്ള നിക്ഷേപങ്ങളുംമറ്റും ഇതിനകം പലരും നടത്തിയിട്ടുണ്ടെങ്കിലും സംഭാവയ്ക്കുകൂടി ജൂൺ 30വരെ ഇളവ് അനുവദിച്ചത് ആദായനികുതി ദായകർക്ക് നേട്ടമാണ്.

from money rss https://bit.ly/349D73L
via IFTTT

ബ്രേക്ക് ഡൗണ്‍: സൗജന്യസേവനവുമായി വിളിപ്പുറത്ത് വര്‍ക്ക്‌ഷോപ്പുകള്‍

കണ്ണൂർ: ലോക്ഡൗൺ നിർദേശംപാലിച്ച് വർക്ക്ഷോപ്പുകൾ ഒന്നാകെ അടച്ചിട്ടതോടെ അവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർക്ക് ആശങ്കയായിരുന്നു. ഓടിക്കുന്ന വണ്ടിയുടെ ടയർപോലും മാറ്റിയിടാൻ അറിയാത്തവരാണ് വാഹനവുമായി ഇറങ്ങുന്നവരിലേറെയും. ഇവർക്ക് ആശ്വാസമാവുകയാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള. എ.എ.ഡബ്ല്യു.കെ യുടെ 265 യൂണിറ്റുകളിലുള്ള ഒരു ലക്ഷം തൊഴിലാളികളാണ് ലോക്ഡൗൺകാലത്ത് സൗജന്യ സേവനസന്നദ്ധത അറിയിച്ചെത്തിയത്. പോലീസ് ഉൾപ്പെടെയുള്ള സർക്കാർവാഹനങ്ങൾക്കും സ്വകാര്യവാഹനങ്ങളിൽ യാത്രചെയ്തവർക്കും ഇവർ സഹായമെത്തിക്കുമെന്ന് കണ്ണൂർ ജില്ലാസെക്രട്ടറി പി. പ്രസിൽകുമാർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പോലീസ് വാഹനങ്ങളും ആംബുലൻസുകളുമാണ് നന്നാക്കിയ വാഹനങ്ങളിലേറെയും. മലപ്പുറംജില്ലയിലാണ് പോലീസ് വാഹനങ്ങൾ കൂടുതലായി തകരാറിലായത്. ഓരോ ജില്ലയിലെയും കാര്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഏകോപിപ്പിക്കുന്നത്. 160- ലേറെ വാഹനങ്ങൾ ഇതിനകം നന്നാക്കി. ഒരുരൂപപോലും പണിക്കൂലിയില്ല ഒരുരൂപപോലും പണിക്കൂലിയില്ലാതെയാണ് എ.എ.ഡബ്ല്യു.കെ.യുടെ സേവനം. സംസ്ഥാനത്തിന്റെ ഏതുഭാഗത്തായാലും വണ്ടി തകരാറിലായി കുടുങ്ങുന്നവർക്ക് രാപകൽ ഭേദമെന്യേ സേവനം നൽകും. സർക്കാരിന്റെയും പോലീസിന്റെയും നിർദേശം സ്വീകരിക്കണം. കെ.ജി. ഗോപകുമാർ, ജനറൽസെക്രട്ടറി, എ.എ.ഡബ്ല്യു.കെ സംസ്ഥാന ഹെൽപ്പ് ലൈൻ 9447068853

from money rss https://bit.ly/39GdKI9
via IFTTT

കമ്പനികള്‍ വാറന്റി സമയം ഉയർത്തി

കൊച്ചി: കൊറോണയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ സാംസങ്ങും മൊബൈൽ ഹാൻഡ് സെറ്റ് കമ്പനികളായ വൺപ്ലസ്, ഒപ്പോ തുടങ്ങിയവയും വാറന്റി കാലാവധി ഉയർത്തി. മാർച്ച് 20-നും ഏപ്രിൽ 30-നും ഇടയിൽ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങൾക്ക് 2020 മേയ് 31 വരെയാണ് സാംസങ് കാലാവധി നീട്ടിനൽകിയത്. മാർച്ച് ഒന്നിനും മേയ് 30-നും ഇടയിൽ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങൾക്ക് വൺപ്ലസ് മേയ് 31 വരെ സമയം അനുവദിച്ചു. ഒപ്പോയാകട്ടെ, ഓൺലൈൻ റിപ്പയർ സർവീസ് ഒരുക്കിയിട്ടുണ്ട്. അതിൽ ശരിയാകാത്തവർക്ക് കൂടുതൽ സമയം അനുവദിക്കും. ഷഓമി ഉൾപ്പെടെ കൂടുതൽ കമ്പനികൾ വരും ദിവസങ്ങളിൽ വാറന്റി സമയം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

from money rss https://bit.ly/2R81ucS
via IFTTT

അക്കൗണ്ടിലെ തുക വായ്പയിലേക്ക്; പണമില്ലാതെ ഇടത്തരക്കാരും കർഷകരും

കൊച്ചി: വായ്പകൾക്ക് കേന്ദ്രസർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകൾ സേവിങ്സ് അക്കൗണ്ടിലുള്ള പണം വായ്പയിലേക്കു വകയിരുത്തിയതിനാൽ കൈയിൽ പൈസയില്ലാതെ ഇടത്തരക്കാർ വലയുന്നു. ചെറുകിട കർഷകരും വ്യാപാരികളും അടക്കമുള്ളവരാണു കുടുങ്ങിയത്. റബ്ബർ മുതൽ കുരുമുളക് വരെ വീട്ടിലിരിപ്പുണ്ടായിട്ടും അവയൊന്നും വിറ്റ് പണമാക്കാൻ മാർഗമില്ല. സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്ന കുറച്ച് പണമായിരുന്നു പലരുടെയും ധൈര്യം. മിക്കവർക്കുമുണ്ട് ബാങ്ക് വായ്പ. ലോക് ഡൗണൊക്കെ തീരുമ്പോൾ കാർഷിക ഉത്പന്നങ്ങളൊക്കെ വിറ്റ് വായ്പയുടെ പലിശ അടയ്ക്കാമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും പ്രതീക്ഷ. പലർക്കും സേവിങ്സ് അക്കൗണ്ടിലുണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. മാർച്ച് 31-നു ശേഷം പണം എടുക്കാനായി എ.ടി.എമ്മിൽ എത്തിയപ്പോൾ കണക്കുകൂട്ടൽ തെറ്റി. അക്കൗണ്ടിൽ പൈസയില്ല. കാര്യം തിരക്കി ബാങ്കിലെത്തിയപ്പോൾ തുക വായ്പയിലേക്ക് വകയിരുത്തിയതാണെന്നു മനസ്സിലായി. ഓട്ടോ ഡെബിറ്റ് ഓപ്ഷൻ കൊടുത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. പലരും മാർച്ചിൽ പലിശയടച്ച് വായ്പ പുതുക്കുന്നവരാണ്. ലോക് ഡൗൺ വന്നതോടെ വായ്പ പുതുക്കാൻ പലർക്കുമായില്ല. എസ്.ബി. അക്കൗണ്ട് ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ വായ്പ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്ന് പോലും അറിയാത്തവരാണ് പലരും. മൊറട്ടോറിയം ആനുകൂല്യം വേണമെങ്കിൽ മുൻകൂർ അറിയിക്കണമെന്നാണ് ഇക്കാര്യത്തിൽ ബാങ്കുകൾ നൽകുന്ന വിശദീകരണം. അപേക്ഷ നൽകിയാൽ പിടിച്ച തുക തിരികെ നൽകുമെന്നും ചില ബാങ്കുകൾ പറയുന്നു.

from money rss https://bit.ly/2JzspKu
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 673 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിദേശ നിക്ഷേപകർ ഉൾപ്പടെയുള്ളവരുടെ കനത്ത വില്പന സമ്മർദത്തിൽ ഓഹരി വിപണി വീണ്ടും നഷ്ടത്തിലായി. സെൻസെക്സ് 673.30 പോയന്റ് നഷ്ടത്തിൽ 27,590ലും നിഫ്റ്റി 170 പോയന്റ് താഴ്ന്ന് 8083.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1126 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1078 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. സൺ ഫാർമ, സിപ്ല, ഗെയിൽ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഊർജം, അടിസ്ഥാനസൗകര്യവികസനം, എഫ്എംസിജി, ഫാർമ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. വാഹനം, ബാങ്ക്, ഐടി, ലോഹം ഓഹരികളാണ് വില്പന സമ്മർദത്തിപ്പെട്ടത്.

from money rss https://bit.ly/2JDg8Vj
via IFTTT

നിയന്ത്രണങ്ങള്‍നീക്കി: സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപം സ്വീകരിച്ചുതുടങ്ങി

നേരത്തെ എസ്ഐപി നിക്ഷേപംമാത്രം തുടരാൻ അനുവദിച്ചിരുന്ന സ്മോൾക്യാപ് ഫണ്ടുകൾ നിയന്ത്രണങ്ങൾ നീക്കി. മൊത്തം നിക്ഷേപം സ്വീകരിച്ചുതുടങ്ങി. 2015 ഓക്ടോബറിലാണ് എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട് പുതിയ നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിവെച്ചത്. അതേസമയം എസ്ഐപി, എസ്ടിപി നിക്ഷേപം തുടരാൻ അനുവദിച്ചിരുന്നു. ഒരു നിക്ഷേപകന് എസ്ഐപിയായി പരമാവധി നിക്ഷേപിക്കാവുന്ന തുക 25,000രൂപയിൽ ഒതുക്കുകയും ചെയ്തിരുന്നു. ഡിഎസ്പി സ്മോൾ ക്യാപ് ഫണ്ടും ഏപ്രിൽ ഒന്നുമുതൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 2017 ഫെബ്രവരിയിൽ എസ്ഐപി നിക്ഷേപം ഉൾപ്പടെയുള്ളവ സ്വീകരിക്കുന്നതിൽനിന്ന ഫണ്ട് പിന്മാറിയിരുന്നു. പിന്നീട് 2018 സെപ്റ്റംബർമുതലാണ് എസ്ഐപി നിക്ഷേപം സ്വീകരിച്ചുതുടങ്ങിയത്. എസ്ബിഐ, ഡിസ്പി ഫണ്ടുഹൗസുകൾക്കുപിന്നാലെ നിപ്പോൺ ഇന്ത്യയും സ്മോൾ ക്യാപ് ഫണ്ടിലേയ്ക്ക് ഏപ്രിൽ മൂന്നുമുതൽ നിക്ഷേപം സ്വീകരിച്ചുതുടങ്ങി. രണ്ടുവർഷംമുമ്പാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിലേയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിയത്. താഴ്ന്ന നിലവാരത്തിൽ മികച്ച സ്മോൾ ക്യാപ് ഓഹരികൾ വിപണിയിൽ ലഭ്യമായതോടെയാണ് ഫണ്ടുഹൗസുകൾ നിക്ഷേപം സ്വീകരിക്കുന്നത് വീണ്ടുംതുടങ്ങിയത്. പല സ്മോൾ ക്യാപ് ഫണ്ടുകളുടെയും അറ്റ ആസ്തിയിൽ ഈയിടെ വലിയ ഇടിവുണ്ടാകുകയും ചെയ്തിരുന്നു. അതീവ ചാഞ്ചാട്ട സ്വാഭാവമുള്ള ഓഹരി മ്യൂച്വൽ ഫണ്ടുകളിൽ ഒറ്റത്തവണയായി കൂടുതൽ തുക നിക്ഷേപിക്കുന്നത് ഉചിതമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. എസ്ഐപി രീതിയിൽ മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്നരീതി തുടരുന്നതാകും അഭികാമ്യം.

from money rss https://bit.ly/2xJhUBF
via IFTTT

സംസ്ഥാനങ്ങള്‍ നികുതി കൂട്ടി; ബെംഗളുരുവിലും മുംബൈയിലും കൊല്‍ക്കത്തയിലും പെട്രോള്‍ വിലകൂടി

ന്യൂഡൽഹി: 18 ദിവസമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണെങ്കിലും മുംബൈ, ബെംഗളുരു, കൊൽക്കത്ത എന്നിവിടങ്ങളിൽ വിലകൂടി. വിവിധ സംസ്ഥാന സർക്കാരുകൾ ഒരു രൂപ മുതൽ ഒന്നര രൂപവരെ നികുതി(വാറ്റ്) വർധിപ്പിച്ചതാണ് വിലകൂടാനിടയാക്കിയത്. മുംബൈയിൽ പെട്രോളിനും ഡീസലിനും ഒരുരൂപവയാണ് വർധിപ്പിച്ചത്. ബെംഗളുരുവിൽ പെട്രോളിന് 1.58 രൂപയും ഡീസലിന് 1.55 രൂപയുമാണ് കൂട്ടിയത്. ഇതോടെ മുംബൈയിൽ പെട്രോളിന് 76.31 രൂപയായി. ഡീസലിനാകട്ടെ 66.21 രൂപയുമാണ്. ബെംഗളുരുവിൽ പെട്രോളിന് 73.55 രൂപയും ഡീസലിന് 65.96 രൂപയുമാണ് ഈടാക്കുന്നത്. കൊൽക്കത്തയിലാകട്ടെ പെട്രോളിന് 73.30 രൂപയും ഡീസലിന് 65.62 രൂപയുമായി. കേരളത്തിൽ വിലയിൽ മാറ്റമില്ല. യൂറോ 6 മാനദണ്ഡത്തിന് തുല്യമായ നിലവാരത്തിലുള്ള ബിഎസ് 6 ഇന്ധനമാണ് ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. 35,000 കോടി രൂപയാണ് ഇതിനായി എണ്ണക്കമ്പനികൾ ചെലവഴിച്ചത്. ഒരുരൂപവീതം ഇതിനായി കൂട്ടാൻ നിശ്ചയിച്ചിരുന്നെങ്കിലും എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്ക് അസംസ്കൃത എണ്ണവില കൂപ്പുകുത്തിയതിനെതുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

from money rss https://bit.ly/2UDyr2V
via IFTTT

ലോക് ഡൗണ്‍ അതിജീവിച്ചാല്‍ ആഭ്യന്തരവ്യാപാരം സജീവമാകും

സാമ്പത്തിക വർഷത്തിന്റെ ആദ്യദിനം പ്രതികൂലമായാണ് തുടങ്ങിയത്. ആഗോള വിപണിയിലെ സന്ദേഹങ്ങളും ബാങ്കുകളിലെ കിട്ടാക്കടങ്ങളും വാഹന വിപണിയിലെ പ്രശ്നങ്ങളുംകാരണം ഇന്ത്യൻ വിപണിയിലുണ്ടായ അനിശ്ചിതത്വമായിരുന്നു ഇതിനുപിന്നിൽ. വിദേശ സ്ഥാപനങ്ങൾ 62,000 കോടി രൂപയുടെ നിക്ഷേപമാണ് മാർച്ചിൽ വിറ്റൊഴിഞ്ഞത്. അണുവ്യാപനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ സ്ഥിതി കൂടുതൽ മോശമാകുമെന്നാണ് പൊതുവേ വിപണിയിലെ കാഴ്ചപ്പാട്. എന്നാൽ കൊറോണ ഭീതിയിൽ നിന്ന് ലോകം കരകയറിയാൽ വീണ്ടെടുപ്പിന്റെ നിരക്ക് ഇന്ത്യയിൽ കൂടുതലായിരിക്കും. ആഗോള ഓഹരി വിപണിയിലെ തകർച്ചയും സെബിയുടെ നിബന്ധനകളുംകാരണം താഴോട്ടുപോയ ഇന്ത്യൻ ഓഹരി വിപണി കേന്ദ്ര സർക്കാരിന്റെ ഉത്തേജക പദ്ധതിയും സാമ്പത്തിക പാക്കേജും വരാനിരിക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങളും ലോക വിപണിയിലുണ്ടായമാറ്റവും കാരണം വീണ്ടുംഉണരുകയായിരുന്നു. 2020 സാമ്പത്തിക വർഷത്തിന്റെ അവസാനവാരത്തിൽ മാർച്ച് 31ന് സ്ഥാപനങ്ങളുടെ ഓഹരിവാങ്ങൽ വർധിച്ചതിനെത്തുടർന്ന് അനുകൂലാവസ്ഥ നിലനിർത്താനും കഴിഞ്ഞു. യുഎസും യൂറോപ്യൻ രാജ്യങ്ങളുമുൾപ്പടെ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികൾ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ തീർത്തും പ്രോത്സാഹക ജനകമായിരുന്നു. വരുംപാദങ്ങളിൽ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽ നിന്നു കരകയറ്റാൻ ഉദാരനയങ്ങൾക്കു എളുപ്പംകഴിയും. നിബന്ധനകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വ്യാപാര രംഗത്തെ മൂന്നുമാസത്തിലധികം ബാധിക്കില്ല എന്നതിനാൽ ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിച്ച ജിഡിപിയുടെ 4 ശതമാനംവരുന്ന ഉത്തേജക പദ്ധതി തീർത്തും ഗുണകരമാണ്. ജനസംഖ്യയിലെ ഏറ്റവും വലിയ വിഭാഗമായ പാവപ്പെട്ടവർക്കും ഗ്രാമീണ കാർഷിക മേഖലയ്ക്കും കൈത്താങ്ങാകുന്ന പദ്ധതിയാണത്. പ്രതിരോധം, ചണ വ്യവസായം, കൃഷി, വേഗത്തിൽ വിറ്റു പോകുന്ന ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നീ മേഖലകൾ സുദൃഢമാക്കാൻ ഇതിനു കഴിയും. ലോക് ഡൗൺ കാലാവധി വിജയകരമായി പൂർത്തിയാക്കിയശേഷം ഉപഭോക്തൃ ഉൽപന്നങ്ങളുടെ വ്യാപാരം അതിജീവിക്കുമെന്നും സാധാരണ നിലയിലേക്കു തിരിച്ചു വരുമെന്നുമുള്ള ആത്മവിശ്വാസം ജനിപ്പിക്കാൻ ഉത്തേജക പദ്ധതി കാരണമായിട്ടുണ്ട്. 2020 ഏപ്രിൽ 15ഓടെ സാമ്പത്തികരംഗം പുനരുജ്ജീവിക്കപ്പെടും. കിട്ടാക്കടങ്ങളുടെ വർഗീകരണത്തിലുണ്ടായ ഇളവുകളും പലിശയിലെ കുറവും ഖജനാവിലേക്കുള്ള പണത്തിന്റെ വരവും ബാങ്കുകൾക്കു ഗുണകരമാണ്. വിദേശനാടുകളിലേക്കു ഉൽപന്ന കയറ്റുമതിയോ ഇറക്കുമതിയോ ഇല്ലാത്ത സ്വയംപര്യാപ്തമായ അഭ്യന്തര വ്യാപാരങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധചെലുത്തേണ്ടത്. മാന്ദ്യ ഭീഷണി നേരിടുന്ന 2020ൽ പ്രതിരോധാത്മക ഓഹരികളായിരിക്കും മികച്ച പ്രകടനം കാഴ്ചവെക്കുക. മാന്ദ്യഭീഷണിയിൽനിന്നു സാമ്പത്തികരംഗം കരകയറുകയും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയും ചെയ്തശേഷം മാത്രമേ അടിസ്ഥാനസൗകര്യങ്ങൾ, സിമെന്റ്, കയറ്റുമതി, ലോഹം തുടങ്ങിയ വ്യവസായരംഗങ്ങളിൽ വളർച്ച ഉണ്ടാകൂ. പുതുവർഷത്തിന്റെ തുടക്കത്തിൽ ആഭ്യന്തര സാമ്പത്തികരംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ശക്തമായിരുന്നു ഓഹരി വിപണി. എന്നാൽ ഒന്നുംരണ്ടും പാദങ്ങളിലെ മോശം സാമ്പത്തിക പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021 സാമ്പത്തികവർഷം മാന്ദ്യത്തിലാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹ്രസ്വകാലയളവിൽ ഓഹരി വിപണിയിലെ പ്രവണത വെല്ലുവിളി നിറഞ്ഞതായിരിക്കും. ലോക് ഡൗണിനുശേഷം കാര്യങ്ങൾ സാധാരണ നിലയിലായി സാമ്പത്തികരംഗം തിരിച്ചുവരവു നടത്തുന്നതുവരെ കാത്തിരിക്കണം. 21 ദിവസത്തെ ലോക് ഡൗൺ വിജയകരമായിത്തീരുകയും ആഭ്യന്തര വിപണി സജീവമാവുകയും ചെയ്യുന്നതോടെ വരുംആഴ്ചകൾ വിപണിയെ സംബന്ധിച്ചേടത്തോളം പ്രതീക്ഷാ നിർഭരമായിരിക്കും. അതോടൊപ്പം ആഗോള ലോക് ഡൗൺ അവസാനിക്കുകയും ആരോഗ്യരംഗം വീണ്ടെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2waxW7b
via IFTTT

ഓഹരി, കടപ്പത്ര വിപണികളിലെ സമ്മര്‍ദം: രൂപയുടെ മൂല്യം താഴ്ന്നു

ഓഹരി വിപണിയിലെ കനത്ത വില്പന സമ്മർദവും വിപണിയിൽനിന്ന് സർക്കാർ കൂടുതൽ കടമെടുക്കാനുള്ള തീരുമാനത്തെതുടർന്ന് കടപ്പത്ര ആദായം വർധിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 76.11 ആയി. ചൊവാഴ്ച മൂല്യം 75.60 നിലവാരത്തിലേയ്ക്ക് ഉയർന്നതായിരുന്നു. വാർഷിക അവധിയായതിനാൽ ഏപ്രിൽ ഒന്നിനും രാംനവമി പ്രമാണിച്ച് രണ്ടിനും ഫോറക്സ് വിപണികൾക്കും ബാങ്കുകൾക്കും അവധിയായിരുന്നു. തുടർന്ന് വിപണി സജീവമായപ്പോഴാണ് രൂപയുടെ നിലവാരത്തെ ബാധിച്ചത്. വിദേശ നിക്ഷേപകരുടെ കനത്ത വില്പന സമ്മർദത്തെതുടർന്ന് സെൻസെക്സ് വെള്ളിയാഴ്ച 500ഓളം പോയന്റ് ഇടിഞ്ഞു. മാർച്ച്മാസത്തിൽ റെക്കോഡ് തുകയാണ് വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികൾ വിറ്റഴിച്ച് കൊണ്ടുപോയത്.

from money rss https://bit.ly/3dMM4oa
via IFTTT

പണം ആവശ്യമുണ്ടെങ്കില്‍ എസ്ബിഐ വീട്ടിലെത്തിക്കും: വിശദാംശങ്ങളറിയാം

നിങ്ങൾക്ക് ബാങ്കിലോ എടിഎമ്മിലോ എത്തി പണമെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലാണോ. എസ്ബിഐ പണം വീട്ടിലെത്തിക്കും. കോവിഡ് വ്യാപനംമൂലം അടച്ചിട്ട സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യാർഥം എസ്ബിഐ ഇത് നടപ്പാക്കുന്നത്. മുതിർന്ന പൗന്മാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കാണ് തിരഞ്ഞെടുത്ത ശാഖകളിൽനിന്ന് ഈസേവനം ലഭിക്കുക. സേവനത്തെക്കുറിച്ച് കൂടുതൽ അറിയാം: 1. പണം നൽകൽ, നിക്ഷേപിക്കാനായി പണം സ്വീകരിക്കൽ, ചെക്ക് സ്വീകരിക്കൽ, ഫോം 15എച്ച് സ്വീകരിക്കൽ, ഡ്രാഫ്റ്റ് നൽകൽ, ലൈഫ് സർട്ടിഫിക്കറ്റ് നൽകൽ, കെവൈസി രേഖകൾ ശേഖരിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. 2. സേവനങ്ങൾക്കായി രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയിൽ 1800111103 എന്ന നമ്പറിൽ ബന്ധപ്പെടുക. 3. അക്കൗണ്ടുള്ള ശാഖകളിൽനിന്നായിരിക്കും സേവനം ലഭിക്കുക. 4. കെവൈസി മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകൾക്കുമാത്രമായിരിക്കും സേവനം ലഭിക്കുക. 5. സാമ്പത്തികേതര ഇടപാടുകൾക്ക് 60 രൂപയും ജിഎസ്ടിയും സാമ്പത്തിക ഇടപാടുകൾക്ക് 100 രൂപയും ജിഎസ്ടിയും സേവന നിരക്കായി നൽകേണ്ടിവരും. 6. ഒരുദിവസം പരമാവധി 20,000 രൂപയാണ് പിൻവലിക്കാനും നിക്ഷേപിക്കാനും അനുവദിക്കുക. 7. അക്കൗണ്ട് വിവരങ്ങളോടൊപ്പം മൊബൈൽ നമ്പർ ഉണ്ടായിരിക്കണം. സ്വന്തം ശാഖയിൽനിന്ന് അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ളവരുമായിരിക്കണം. 8. ജോയിന്റ് അക്കൗണ്ട് ഉടമകൾക്ക് സേവനം ലഭിക്കില്ല. 9. ചെക്ക് അല്ലെങ്കിൽ പിൻവലിക്കൽ ഫോം എന്നിവ ഉപയോഗിച്ചാണ് പണം പിൻവലിക്കാൻ കഴിയുക. പാസ്ബുക്കും കൂടെവേണം. എസ്ബിഐക്കുപുറമെ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ്, കൊട്ടക് മഹീന്ദ്ര ബാങ്കുകളും ഈ സേവനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

from money rss https://bit.ly/2UCjTRm
via IFTTT