121

Powered By Blogger

Friday, 6 August 2021

സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ: എന്താകും കാരണം?

സംസ്ഥാനത്ത് സ്വർണവിലയിൽ വൻതകർച്ച. പവന്റെ വില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയുമായി. ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസംപവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി ആദായംവർധിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. ആഗോളതലത്തിൽ നിക്ഷേപകർ കൂട്ടമായി സ്വർണംവിറ്റഴിച്ചു. സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 2.31ശതമാനം ഇടിഞ്ഞ് 1,762 ഡോളർ നിലവാരത്തിലെത്തി. വരുംദിവസങ്ങളിലും ആഗോളതലത്തിൽ സ്വർണം വില്പന സമ്മർദംനേരിടാനാണ് സാധ്യത. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില രണ്ടുശതമാനത്തിലേറെ താഴ്ന്ന് 46,616 നിലവാരത്തിലേക്ക് പതിക്കുകയുംചെയ്തു.

from money rss https://bit.ly/2U5uNBK
via IFTTT

റെക്കോഡ് ഉയരത്തിൽ: വിദേശനാണ്യ ശേഖരം 62,057.6 കോടി ഡോളറായി

രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം ജൂലായ് 30ന് അവസാനിച്ച ആഴ്ചയിൽ 942.7 കോടി ഡോളർ വർധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷംകോടി രൂപവരുമിത്. ജൂലായ് 23ന് അവസാനിച്ച ആഴ്ചയിൽ 158.1 കോടി ഡോളർ കുറഞ്ഞ് 61,114.9 കോടി ഡോളറിലെത്തിയിരുന്നു. വിദേശ കറൻസി ആസ്തികളുടെ വർധനവാണ് മൊത്തം കരുതൽ ശേഖരത്തിൽ വർധനവുണ്ടാക്കിയതെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. വിദേശ കറൻസി ആസ്തികളിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര കറൻസികളും ഉൾപ്പെടുന്നുണ്ട്. സ്വർണത്തിന്റെ കരുതൽ ശേഖരം 760 മില്യൺ ഡോളർ ഉയർന്ന് 37.644 ബില്യൺ ഡോളറായതായി കണക്കുകൾ വ്യക്തമാക്കുന്നു. ശേഖരത്തിലുള്ളവ: വിദേശ കറൻസി ആസ്തികൾ സ്വർണം സ്പെഷൽ ഡ്രോയിങ് റൈറ്റ്സ്(ഐഎംഎഫിൽ ഉള്ളത്) റിസർവ് ട്രാഞ്ച് പൊസിഷൻ

from money rss https://bit.ly/3isFLdG
via IFTTT

ധനകാര്യ ഓഹരികൾ സമ്മർദത്തിൽ: സെൻസെക്‌സ് 215 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ റെക്കോഡ് നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിവസം സൂചികകൾ നഷ്ടത്തിലായി. ആർബിഐയുടെ പണവായ്പനയം പുറത്തുവന്നതോടെ ഉച്ചക്കുശേഷം നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. സെൻസെക്സ് 215.12 പോയന്റ് നേട്ടത്തിൽ 54,277.72ലും നിഫ്റ്റി 56.40 പോയന്റ് ഉയർന്ന് 16,238.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സിപ്ല, റിലയൻസ്, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഇൻഡസിൻഡ് ബാങ്ക്, അദാനി പോർട്സ്, ഐഒസി, ഭാരതി എയർടെൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. മെറ്റൽ, ഓട്ടോ, ഐടി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഫാർമ, എഫ്എംസിജി, ഇൻഫ്ര ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.2ശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/2X30JYw
via IFTTT

ആമസോണിന് ആശ്വാസം: റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീംകോടതി തടഞ്ഞതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. സിംഗപൂർ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ സ്റ്റേ നിലനിൽക്കുമെന്ന് ആമസോണിന്റെ അപ്പീൽ പരിഗണിച്ച ജസ്റ്റിസ് റോഹിന്റൺ ഫാലി നരിമാൻ, ബി.ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേചെയ്യുകയുംചെയ്തു. ബിഗ് ബസാർ ഉൾപ്പടെയുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസുകൾ ഏറ്റെടുക്കാനുള്ള റിലയൻസിന്റെ പദ്ധതി ഇതോടെ അനിശ്ചിതത്വത്തിലായി. ചെറുകിട-മൊത്തവ്യാപാരം, ചരക്കുനീക്കം, വെയർഹൗസ് ഉൾപ്പടെയുള്ള ബിസിനസ് ഏറ്റെടുക്കാനായിരുന്നു റിലയൻസിന്റെ പദ്ധതി. എന്നാൽ, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ഫ്യൂച്ചർ കൂപ്പൺസിന്റെ 49ശതമാനം ഓഹരികൾ ആമസോൺ നേരത്തെ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാറിനെതിരെ സിങ്കപ്പുർ തർക്കപരിഹാര കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേരത്തെ നേടിയത്.

from money rss https://bit.ly/3jmaWXi
via IFTTT

'പണ നയ സമിതിയുടെ പ്രഖ്യാപനങ്ങള്‍ സാമ്പത്തിക വളര്‍ച്ചക്ക് പ്രോത്സാഹനമാകും'

സമ്പദ് വ്യവസ്ഥയിലെ വളർച്ചാ മുകുളങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന പ്രഖ്യാപനമാണ് റിസർവ് ബാങ്ക് പണ നയ സമിതിയിൽ ഉണ്ടായരിക്കുന്നത്. പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്താനും ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനത്തിൽ നിർത്താനും നടപ്പു സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്കുകൾ വർധിപ്പിക്കാനുമുള്ള തീരുമാനം പ്രതീക്ഷിച്ചതു തന്നെയാണ്. ഉപഭോക്തൃ വില പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമാക്കി ഉയർത്തിയത് സമീപ മാസങ്ങളിലെ ഉയർന്ന വിലക്കയറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സപ്ളൈ രംഗത്തെ തടസങ്ങൾ കാരണം ഉണ്ടായ വിലക്കയറ്റം താൽക്കാലികം മാത്രമാണെന്ന് പണ നയ സമിതി കരുതുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടു വളർച്ചാ നിരക്കു വർധിപ്പിക്കാനുള്ള ശ്രമത്തിനായിരിക്കും മുൻഗണന നൽകുകയെന്ന് റിസർവ് ബാങ്ക് ഗവർണർ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്കനുകൂലമായി ഇപ്പോഴുള്ള പണ നയത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് വളർച്ചാ വീണ്ടടുപ്പിനെ ബാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ ആശങ്ക. നിലവിലുള്ള ഉദാര പണ നയത്തിൽ നിന്ന് സാധാരണ നിലയിലേക്കുള്ള മാറ്റം റിവേഴ്സ് റിപ്പോ നിരക്ക് ഉയർത്തിക്കൊണ്ടായിരിക്കും. ഇപ്പോഴത്തെ പ്രവണതകളിൽ നിന്നു മനസിലാകുന്നത് 2021 ന്റെ ഒടുവിലോ 2022 ആദ്യത്തിലോ മാത്രമേ ഇതു സംഭവിക്കൂ എന്നാണ്. ഡോ വി കെ വിജയകുമാർ (ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്) വിലക്കയറ്റ സംവാദം കൂടുതൽ പ്രകടമാകുന്നു പ്രതീക്ഷിച്ചതു പോലെ റിസർവ് ബാങ്ക് പണ നയ സമിതി പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്തി ഉദാര നയം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. പലിശ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താനുള്ള എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നെങ്കിലും ഉദാര പണനയം തുടരേണ്ട കാര്യത്തിൽ വോട്ടുകൾ 5 : 1 എന്ന അനുപാതത്തിലായിരുന്നു. വിലക്കയറ്റം സംബന്ധിച്ച സംവാദം കൂടുതൽ പ്രകടമാകുന്നു എന്നാണ് ഇതിനർത്ഥം. 2022 സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ നിരക്ക് നേരത്തേ പ്രഖ്യാപിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് തുറന്ന വിപണി പ്രവർത്തനം അനുവദിക്കാമെന്ന റിസർവ് ബാങ്കിന്റെ ഉറപ്പ് ബോണ്ട് യീൽഡ് നിയന്ത്രിച്ചു നിർത്താൻ സഹായകമാവും. ദീപ്തിമാത്യു (സാമ്പത്തിക വിദഗ്ധ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

from money rss https://bit.ly/3xu8qUb
via IFTTT

വിലയിൽ സമീപഭാവിയിൽ കുതിപ്പ് പ്രതീക്ഷിച്ച് വെള്ളി

വെള്ളിയുടെ വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഈ വർഷം ഇതുവരെയായി 8 ശതമാനത്തിലേറെ വിലക്കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾക്കിടയിലും സുരക്ഷിത ഉൽപന്നങ്ങളുടെ ഡിമാന്റിലുണ്ടായ കുറവ്, യുഎസിലെ സ്ഥിതിഗതികളിൽ വന്നമാറ്റം, മഹാമാരിയുടെ ഡെൽറ്റ വകഭേദെത്തച്ചൊല്ലിയുണ്ടായിരുന്ന ആശങ്കകുറഞ്ഞത് എന്നീ ഘടകങ്ങൾ ബുള്ള്യൻപോലുള്ള സുരക്ഷിത ഉൽപന്നങ്ങൾക്ക് ആവശ്യം കുറയാനിടയാക്കി. യുഎസ് ട്രഷറി യീൽഡിലെ വർധനയും വെള്ളിയുടെ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ലണ്ടൻ സ്പോട് വില ഔൺസിന് 24 ഡോളറിനും 30 ഡോളറിനും ഇടയിൽ ഞെരുങ്ങി നീങ്ങുകയാണ്. ഔൺസിന് 26 ഡോളർ എന്നനിലയിൽ ആരംഭിച്ച് ഫെബ്രുവരിയോടെ ഔൺസിന് 30 ഡോളർ എന്നനിലയിൽ എത്തിയെങ്കിലും പിന്നീട് തിരുത്തലിനുവിധേയമായി. അഭ്യന്തര വിപണിയിലും ട്രെൻഡിനുമാറ്റമുണ്ടായില്ല. എംസിഎക്സ് സൂചികയിൽ ജനുവരി മുതൽ വില കിലോവിന് 74000 രൂപയ്ക്കും 62600 രൂപയ്ക്കും ഇടയിൽ വ്യത്യാസപ്പെട്ടു. അനേകമാസങ്ങളിലെ താഴ്ചയ്ക്കുശേഷം യുഎസ് ഡോളർ പ്രധാന എതിരാളികൾക്കെതിരെ ശക്തിനിലനിർത്തി. ഡോളർ ശക്തിയാർജ്ജിക്കുന്നത് ബുള്ള്യൻപോലുള്ള സുരക്ഷിത ആസ്തികൾക്ക് ഗുണകരമല്ല. യുഎസ് ട്രഷറി യീൽഡിലുണ്ടായ വർധനയും വെള്ളിയെ ബാധിച്ചു. വൈറസ് ബാധയുടെ പുതിയ കേസുകൾ തലപൊക്കിത്തുടങ്ങുന്നതിനിടയിലും സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുംവിധം യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ ഉദാര പലിശനയം തുടരുമെന്നുപ്രതീക്ഷിക്കാം. ഫെഡറൽ ഓപൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ കാത്തിരിക്കയാണ് ട്രേഡർമാർ. നിലവിലുള്ള ഉദാരപലിശ നയത്തിൽ കുറേശെയായി വ്യത്യാസം വരുത്തുമെന്ന് ജൂണിൽ യുഎസ് കേന്ദ്ര ബാങ്ക് സൂചന നൽകിയിരുന്നു. കേന്ദ്ര ബാങ്കിൽ നിന്നുള്ള സമ്മിശ്രപ്രതികരണങ്ങൾ വ്യാഖ്യാനിക്കാൻ നിക്ഷേപകർ പ്രയാസപ്പെടുകയാണ്. ഈവാരംചേർന്ന യോഗത്തിലും സാമ്പത്തിക ഉദാരീകരണ നടപടികളിലുണ്ടാകാവുന്ന മാറ്റംസംബന്ധിച്ച് സമയക്രമം വെളിപ്പെടുത്താൻ യുഎസ് കേന്ദ്ര ബാങ്കിനു കഴിഞ്ഞിരുന്നില്ല. മഹാമാരിയുടെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഉദാരീകരണ നയങ്ങൾ ക്രമേണയായി പിൻവലിക്കുന്നകാര്യം ചർച്ച ചെയ്തിരുന്നതായി യുഎസ് കേന്ദ്ര ബാങ്ക് സമ്മതിക്കുകയുണ്ടായി. എന്നാൽ തൊഴിൽ വിപണിയിൽ കാര്യമായ വീണ്ടെടുപ്പിനായി കാത്തിരിക്കയാണവർ. ധനപരമായ ഉത്തേജനനടപടികൾ തുടരുന്നത് ബുള്ള്യനു എന്നും സഹായകമായിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ അസാധാരണ സംഭവവികാസങ്ങൾ വിതരണ-ഡിമാന്റ് സന്തുലനത്തിൽ സൃഷ്ടിച്ച തീവ്രമായ ആന്ദോളനങ്ങൾ വെള്ളിവിലയിൽ വൻതോതിലുള്ള ചാഞ്ചാട്ടത്തിനു കാരണമായിട്ടുണ്ട്. സുരക്ഷിത ആസ്തികൾക്ക് സൃഷ്ടിക്കപ്പെട്ട വർധിച്ചതാൽപര്യവും ഖനികളിലെ ഉൽപാദനക്കുറവും 2020ൽ വെള്ളിക്ക് നല്ല ലാഭമുണ്ടാക്കി. ആഭരണങ്ങൾക്കും വെള്ളി പാത്രങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും പോയവർഷം ആവശ്യക്കുറവുണ്ടായി. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനമനുസരിച്ച് വെള്ളിയുടെ ആഗോള ഡിമാന്റ് ഈ വർഷം 11 ശതമാനം ഉയർന്ന് 6 വർഷത്തെ ഏറ്റവും കൂടിയ നിലയായ 1.025 ബില്യൺ ഔൺസിലെത്തും. 2021ൽ നിക്ഷേപ ഡിമാന്റ് കാര്യമായി വർധിക്കുമെന്നും സംഘടന കണക്കാക്കുന്നു. വെള്ളിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇടിഎഫ് ആയ സിൽവർ ട്രസ്റ്റ് ഇടിഎഫിന്റെ ഐ ഷെയർ ഹോൾഡിംഗുകൾ തുടർച്ചയായ രണ്ടാംമാസവും താഴാൻ പോവുകയാണ്. ഫെബ്രുവരിയിൽ 615.899 മില്യൺ എന്ന റിക്കാർഡുയരത്തിലായിരുന്ന ഇടിഎഫിന്റെ മൊത്തം ഹോൾഡിംഗ് ഇപ്പോൾ 552.27 മില്യണാണ്. യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന്റെ കണ്ടെത്തലനുസരിച്ച് ഉൽപന്ന എക്സ്ചേഞ്ചായ കോമെക്സിൽ ഹെഡ്ജ് ഫണ്ടുകളും ധനകാര്യ മാനേജർമാരും ബുള്ളിഷ് നിലയിൽനിന്നുമാറി കരടികളായിത്തീർന്നത് പോയവാരങ്ങളിൽ വെള്ളി വില കുറയാൻ ഇടയാക്കി. ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും പെട്ടെന്നുണ്ടായ കോവിഡാനന്തര വ്യാവസായിക വളർച്ചകാരണം വരും നാളുകളിൽ വ്യവസായരംഗത്ത് വെള്ളിയുടെ ആവശ്യം വർധിക്കും. കോവിഡ് സൃഷ്ടിച്ച തടസങ്ങൾക്കുശേഷം ഖനികൾ പ്രവർത്തിച്ചുതുടങ്ങിയതോടെ ആഗോളമായി വെള്ളിയുടെ വരവ് വർധിച്ചുതുടങ്ങും. ആഗോളവളർച്ചാ സാധ്യതകളും, ധന നയവും, കോർപറേറ്റ് യീൽഡ് സാധ്യതകളും, യുഎസ് ഡോളറിന്റെ പ്രകടനവും കൂലങ്കഷമായി നിരീക്ഷിച്ചുകൊണ്ട് വെള്ളിയുടെ ഇടക്കാല സാധ്യതകൾ മെനയുകയാണ് ട്രേഡർമാർ. കോമെക്സിൽ സമീപ ഭാവിയിൽ വിലകളിൽ 30-22 ഡോളറിനിടയിൽ വ്യതിയാനം പ്രതീക്ഷിക്കുന്നുണ്ട്. ഏതു ദിശയിലുണ്ടാകുന്നവ്യതിയാനവും വിലയിൽമാറ്റമുണ്ടാക്കും. കിലോയ്ക്ക് 75000 രൂപയ്ക്കുമുകളിൽ വരുമ്പോഴേ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിൽ വിലയിൽ സാരമായ വ്യതിയാനം ഉണ്ടാകൂ. കിലോയ്ക്ക് 62000 രൂപ വരെ താഴാനും ഇടയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ)

from money rss https://bit.ly/2Vt8ExQ
via IFTTT