121

Powered By Blogger

Friday, 6 August 2021

വിലയിൽ സമീപഭാവിയിൽ കുതിപ്പ് പ്രതീക്ഷിച്ച് വെള്ളി

വെള്ളിയുടെ വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണിപ്പോൾ. ഈ വർഷം ഇതുവരെയായി 8 ശതമാനത്തിലേറെ വിലക്കുറവുണ്ടായിട്ടുണ്ട്. ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾക്കിടയിലും സുരക്ഷിത ഉൽപന്നങ്ങളുടെ ഡിമാന്റിലുണ്ടായ കുറവ്, യുഎസിലെ സ്ഥിതിഗതികളിൽ വന്നമാറ്റം, മഹാമാരിയുടെ ഡെൽറ്റ വകഭേദെത്തച്ചൊല്ലിയുണ്ടായിരുന്ന ആശങ്കകുറഞ്ഞത് എന്നീ ഘടകങ്ങൾ ബുള്ള്യൻപോലുള്ള സുരക്ഷിത ഉൽപന്നങ്ങൾക്ക് ആവശ്യം കുറയാനിടയാക്കി. യുഎസ് ട്രഷറി യീൽഡിലെ വർധനയും വെള്ളിയുടെ ഡിമാന്റിനെ ബാധിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ ലണ്ടൻ സ്പോട് വില ഔൺസിന് 24 ഡോളറിനും 30 ഡോളറിനും ഇടയിൽ ഞെരുങ്ങി നീങ്ങുകയാണ്. ഔൺസിന് 26 ഡോളർ എന്നനിലയിൽ ആരംഭിച്ച് ഫെബ്രുവരിയോടെ ഔൺസിന് 30 ഡോളർ എന്നനിലയിൽ എത്തിയെങ്കിലും പിന്നീട് തിരുത്തലിനുവിധേയമായി. അഭ്യന്തര വിപണിയിലും ട്രെൻഡിനുമാറ്റമുണ്ടായില്ല. എംസിഎക്സ് സൂചികയിൽ ജനുവരി മുതൽ വില കിലോവിന് 74000 രൂപയ്ക്കും 62600 രൂപയ്ക്കും ഇടയിൽ വ്യത്യാസപ്പെട്ടു. അനേകമാസങ്ങളിലെ താഴ്ചയ്ക്കുശേഷം യുഎസ് ഡോളർ പ്രധാന എതിരാളികൾക്കെതിരെ ശക്തിനിലനിർത്തി. ഡോളർ ശക്തിയാർജ്ജിക്കുന്നത് ബുള്ള്യൻപോലുള്ള സുരക്ഷിത ആസ്തികൾക്ക് ഗുണകരമല്ല. യുഎസ് ട്രഷറി യീൽഡിലുണ്ടായ വർധനയും വെള്ളിയെ ബാധിച്ചു. വൈറസ് ബാധയുടെ പുതിയ കേസുകൾ തലപൊക്കിത്തുടങ്ങുന്നതിനിടയിലും സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്തുംവിധം യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ ഉദാര പലിശനയം തുടരുമെന്നുപ്രതീക്ഷിക്കാം. ഫെഡറൽ ഓപൺ മാർക്കറ്റ് കമ്മിറ്റിയുടെ തീരുമാനങ്ങൾ കാത്തിരിക്കയാണ് ട്രേഡർമാർ. നിലവിലുള്ള ഉദാരപലിശ നയത്തിൽ കുറേശെയായി വ്യത്യാസം വരുത്തുമെന്ന് ജൂണിൽ യുഎസ് കേന്ദ്ര ബാങ്ക് സൂചന നൽകിയിരുന്നു. കേന്ദ്ര ബാങ്കിൽ നിന്നുള്ള സമ്മിശ്രപ്രതികരണങ്ങൾ വ്യാഖ്യാനിക്കാൻ നിക്ഷേപകർ പ്രയാസപ്പെടുകയാണ്. ഈവാരംചേർന്ന യോഗത്തിലും സാമ്പത്തിക ഉദാരീകരണ നടപടികളിലുണ്ടാകാവുന്ന മാറ്റംസംബന്ധിച്ച് സമയക്രമം വെളിപ്പെടുത്താൻ യുഎസ് കേന്ദ്ര ബാങ്കിനു കഴിഞ്ഞിരുന്നില്ല. മഹാമാരിയുടെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഉദാരീകരണ നയങ്ങൾ ക്രമേണയായി പിൻവലിക്കുന്നകാര്യം ചർച്ച ചെയ്തിരുന്നതായി യുഎസ് കേന്ദ്ര ബാങ്ക് സമ്മതിക്കുകയുണ്ടായി. എന്നാൽ തൊഴിൽ വിപണിയിൽ കാര്യമായ വീണ്ടെടുപ്പിനായി കാത്തിരിക്കയാണവർ. ധനപരമായ ഉത്തേജനനടപടികൾ തുടരുന്നത് ബുള്ള്യനു എന്നും സഹായകമായിട്ടുണ്ട്. കഴിഞ്ഞ വർഷമുണ്ടായ അസാധാരണ സംഭവവികാസങ്ങൾ വിതരണ-ഡിമാന്റ് സന്തുലനത്തിൽ സൃഷ്ടിച്ച തീവ്രമായ ആന്ദോളനങ്ങൾ വെള്ളിവിലയിൽ വൻതോതിലുള്ള ചാഞ്ചാട്ടത്തിനു കാരണമായിട്ടുണ്ട്. സുരക്ഷിത ആസ്തികൾക്ക് സൃഷ്ടിക്കപ്പെട്ട വർധിച്ചതാൽപര്യവും ഖനികളിലെ ഉൽപാദനക്കുറവും 2020ൽ വെള്ളിക്ക് നല്ല ലാഭമുണ്ടാക്കി. ആഭരണങ്ങൾക്കും വെള്ളി പാത്രങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും പോയവർഷം ആവശ്യക്കുറവുണ്ടായി. സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിഗമനമനുസരിച്ച് വെള്ളിയുടെ ആഗോള ഡിമാന്റ് ഈ വർഷം 11 ശതമാനം ഉയർന്ന് 6 വർഷത്തെ ഏറ്റവും കൂടിയ നിലയായ 1.025 ബില്യൺ ഔൺസിലെത്തും. 2021ൽ നിക്ഷേപ ഡിമാന്റ് കാര്യമായി വർധിക്കുമെന്നും സംഘടന കണക്കാക്കുന്നു. വെള്ളിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇടിഎഫ് ആയ സിൽവർ ട്രസ്റ്റ് ഇടിഎഫിന്റെ ഐ ഷെയർ ഹോൾഡിംഗുകൾ തുടർച്ചയായ രണ്ടാംമാസവും താഴാൻ പോവുകയാണ്. ഫെബ്രുവരിയിൽ 615.899 മില്യൺ എന്ന റിക്കാർഡുയരത്തിലായിരുന്ന ഇടിഎഫിന്റെ മൊത്തം ഹോൾഡിംഗ് ഇപ്പോൾ 552.27 മില്യണാണ്. യുഎസ് കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന്റെ കണ്ടെത്തലനുസരിച്ച് ഉൽപന്ന എക്സ്ചേഞ്ചായ കോമെക്സിൽ ഹെഡ്ജ് ഫണ്ടുകളും ധനകാര്യ മാനേജർമാരും ബുള്ളിഷ് നിലയിൽനിന്നുമാറി കരടികളായിത്തീർന്നത് പോയവാരങ്ങളിൽ വെള്ളി വില കുറയാൻ ഇടയാക്കി. ചൈനയിലും യൂറോപ്യൻ രാജ്യങ്ങളിലും പെട്ടെന്നുണ്ടായ കോവിഡാനന്തര വ്യാവസായിക വളർച്ചകാരണം വരും നാളുകളിൽ വ്യവസായരംഗത്ത് വെള്ളിയുടെ ആവശ്യം വർധിക്കും. കോവിഡ് സൃഷ്ടിച്ച തടസങ്ങൾക്കുശേഷം ഖനികൾ പ്രവർത്തിച്ചുതുടങ്ങിയതോടെ ആഗോളമായി വെള്ളിയുടെ വരവ് വർധിച്ചുതുടങ്ങും. ആഗോളവളർച്ചാ സാധ്യതകളും, ധന നയവും, കോർപറേറ്റ് യീൽഡ് സാധ്യതകളും, യുഎസ് ഡോളറിന്റെ പ്രകടനവും കൂലങ്കഷമായി നിരീക്ഷിച്ചുകൊണ്ട് വെള്ളിയുടെ ഇടക്കാല സാധ്യതകൾ മെനയുകയാണ് ട്രേഡർമാർ. കോമെക്സിൽ സമീപ ഭാവിയിൽ വിലകളിൽ 30-22 ഡോളറിനിടയിൽ വ്യതിയാനം പ്രതീക്ഷിക്കുന്നുണ്ട്. ഏതു ദിശയിലുണ്ടാകുന്നവ്യതിയാനവും വിലയിൽമാറ്റമുണ്ടാക്കും. കിലോയ്ക്ക് 75000 രൂപയ്ക്കുമുകളിൽ വരുമ്പോഴേ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിൽ വിലയിൽ സാരമായ വ്യതിയാനം ഉണ്ടാകൂ. കിലോയ്ക്ക് 62000 രൂപ വരെ താഴാനും ഇടയുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ)

from money rss https://bit.ly/2Vt8ExQ
via IFTTT