രണ്ടുവര്‍ഷത്തെ ദുരിതത്തിന് ശേഷം അബ്ദുല്ല നാട്ടിലേക്ക്
Posted on: 20 Mar 2015
ദുബായ്: രണ്ടുവര്‍ഷത്തെ ദുരിതത്തിനൊടുവില്‍ കോഴിക്കോട് കൊടുവള്ളിയിലെ ഓമശ്ശേരി കൊളത്തക്കര സ്വദേശി കണാരങ്കണ്ടി അബ്ദുല്ല എന്ന ആബിദ് നാട്ടിലേക്ക് മടങ്ങി.
രണ്ടുവര്‍ഷം മുമ്പ് തൊഴില്‍ വിസയില്‍ യു.എ.ഇ.യിലെത്തിയ ആബിദ് ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കിയതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. ഇതില്‍ ക്ഷുഭിതനായ സ്‌പോണ്‍സറുടെ നിയമനടപടികളുടെ നൂലാമാലയില്‍പ്പെട്ട് യാതന അനുഭവിക്കുകയായിരുന്നു ആബിദ്.
വേറെ ജോലിക്ക് പോവാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ വലിയ ദുരിതത്തിലായി. പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് വഴി നേടിയ ഔട്ട് പാസ്സും തൊഴിലുടമ തന്ത്രപൂര്‍വം കൈവശപ്പെടുത്തിയിരുന്നു.
ദരിദ്രകുടുംബത്തിന്റെ അത്താണിയായിരുന്ന ആബിദിനൊപ്പം കുടുംബവും പ്രയാസത്തിന്റെ നടുക്കയത്തിലായിരുന്നു ഇക്കഴിഞ്ഞ രണ്ടുകൊല്ലവും. ഒടുവില്‍ ദുബായ് സത്വ കെ.എം.സി.സി. യാണ് ആബിദിനു നാട്ടില്‍ പോവാനുള്ള വഴി ഒരുക്കിയത്. പി.വി. ഇസ്മായില്‍ പാനൂരിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച സഹായസമിതിയുടെ പ്രവര്‍ത്തനങ്ങളാണ് ആബിദിന് തുണയായത്. ആബിദിന് സഹായമെത്തിക്കാന്‍ സഹകരിച്ചവര്‍ക്ക് ഭാരവാഹികളായ ഹാരിസ് മുറിച്ചാണ്ടി, യൂനുസ് അമ്പലക്കണ്ടി, പി.വി. ഇസ്മായില്‍ പാനൂര്‍ എന്നിവര്‍ നന്ദി അറിയിച്ചു.
from kerala news edited
via IFTTT