മുംബൈ: കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട മേഖലകളെ സഹായിക്കാൻ ആർബിഐ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം, റസ്റ്റോറന്റ് തുടങ്ങിയവയോടൊപ്പം ബ്യൂട്ടിപാർലറുകൾക്കും പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. ഈമേഖലകളിൽ പണലഭ്യത ഉറപ്പാക്കാൻ 2022 മാർച്ച് 31വരെയാണ് വായ്പ അനുവദിക്കുക. പദ്ധതി പ്രകാരം ഹോട്ടലുകൾ, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കാർ വർക് ഷോപ്പുകൾ, റെന്റ് എ കാർ സേവനദാതാക്കൾ, ഇവന്റ് ഓർഗനൈസർമാർ, സ്പാ, ബ്യൂട്ടിപാർലർ, സലൂൺ തുടങ്ങിയവ ഉൾപ്പടെയുള്ള മേഖലകൾക്കുമാകും വായ്പ ലഭിക്കുക. ഇതിനായി ബാങ്കുകൾക്ക് മൂന്നുവർഷക്കാലയളവിൽ റിപ്പോ നിരക്കായ നാലുശതമാനത്തിൽ ആർബിഐ പണംലഭ്യമാക്കും. കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുംകൂടുതൽ ബാധിച്ചത് ചെറുകിട വ്യാപാരമേഖലയെയാണ്. റിസർവ് ബാങ്കിന്റെ നടപടി ആശ്വാസകരമാണെങ്കിലും ഉയർന്ന റിസ്ക് ഉള്ളതിനാൽ ബാങ്കുകൾ ഈമേഖലകളെ എത്രത്തോളം പരിഗണിക്കമെന്ന് വ്യക്തമല്ല. ഈ പദ്ധതികൾക്കുപുറമെ, ചെറുകിട ഇടത്തരം വ്യാപാരമേഖലയ്ക്കായി സിഡ്ബിവഴി 16,000 കോടി രൂപയുടെ പാക്കേജും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പയ്ക്കും വായ്പാ പുനഃക്രമീകരണത്തിനുമാകും ഈതുക ചെലവഴിക്കുക. വായ്പ പരിധി 25 കോടിയിൽനിന്ന് 50 കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി 50,000 കോടിയുടെ പണലഭ്യതാ പാക്കേജ് റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
from money rss https://bit.ly/3vUjCt2
via
IFTTT