121

Powered By Blogger

Wednesday, 21 July 2021

സ്വർണവിലയിൽ വീണ്ടും ഇടിവ്: പവന്റെ വില 35,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ചയും പവന്റെ വില 280 രൂപ കുറഞ്ഞു. ഇതോടെ 35,640 രൂപയായി വില. ഗ്രാമിന്റെ വില 4490 രൂപയിൽനിന്ന് 4455 രൂപയുമായാണ് താഴ്ന്നത്. രണ്ടുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണുണ്ടായത്. ആഗോള തലത്തിൽ ഓഹരി സൂചികകൾ കുതിച്ചതോടെ സ്പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി. ട്രോയ് ഔൺസിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയുംചെയ്തിരുന്നു. തുടർച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ വിലകുറഞ്ഞു. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഫ്യൂച്ചേഴ്സ് വില 47,478 രൂപയിലേക്കാണ് താഴ്ന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3zsRmzj
via IFTTT

തളർച്ചയിൽനിന്ന് കുതിച്ചുയർന്ന് വിപണി: നിഫ്റ്റി വീണ്ടും 15,700ന് മുകളിലെത്തി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനും കഴിഞ്ഞ ദിവസത്തെ അവധിക്കുംശേഷം വിപണിയിൽ വ്യാപാരം ആരംഭിച്ചത് മികച്ചനേട്ടത്തോടെ. നിഫ്റ്റി 15,700ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 380 പോയന്റ് ഉയർന്ന് 52,579ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിൽ 15,744ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്സ്, ബയോകോൺ, ഹിന്ദുസ്ഥാൻ സിങ്ക്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, ഇന്ത്യാമാർട്ട് തുടങ്ങി 44 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hVVGkH
via IFTTT

അമേരിക്കൻ സ്റ്റാർട്ടപ്പായ ‘എപികി’നെ ഏറ്റെടുത്ത് ‘ബൈജൂസ്’

മുംബൈ: മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനിയായ 'ബൈജൂസ്' അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വായനാ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ 'എപികി'നെ ഏറ്റെടുത്തു. ഇന്ത്യൻ വിപണിക്കു പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഇടപാടു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 50 കോടി ഡോളറിന്റെ (3,700 കോടിയോളം രൂപ) ഇടപാടാണിതെന്നാണ് വിവരം. ലോകത്തെ 250 മുൻനിര പബ്ലിഷർമാരുടെ ഉന്നത നിലവാരത്തിലുള്ള 40,000 പുസ്തകങ്ങളുടെ ശേഖരമാണ് 'എപികി'നുള്ളത്. ഭാവി തലമുറയ്ക്ക് വായനയിൽ പ്രചോദനമാകും 'എപിക്' എന്നും അവർക്ക് ജീവിതകാലം മുഴുവൻ പഠനാനുഭവം പകരാൻ വഴിയൊരുക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്നും 'ബൈജൂസ്' ചീഫ് സ്ട്രാറ്റജി ഓഫീസർ അനിത കിഷോർ പറഞ്ഞു. വടക്കേ അമേരിക്കയെ മേഖലയിലെ പ്രധാന വിപണികളിലൊന്നായി കണ്ട് 100 കോടി ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി 'ബൈജൂസ്' നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കയിൽ 'ബൈജൂസി'ന്റെ രണ്ടാമത്തെ ഏറ്റെടുക്കലാണിപ്പോഴത്തേത്. 2019-ൽ വിദ്യാഭ്യാസ ഗെയിമുകൾ തയ്യാറാക്കുന്ന ഒസ്മോയെ 12 കോടി ഡോളറിന് (850 കോടി രൂപ) ബൈജൂസ് ഏറ്റെടുത്തിരുന്നു. അമേരിക്കൻ വിപണിയിൽ വലിയ സാന്നിധ്യമുള്ള കോഡിങ് സ്റ്റാർട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറിനെയും കഴിഞ്ഞ വർഷം സ്വന്തമാക്കി. 'ബൈജൂസി'ന്റെ മൂല്യം ഫിൻടെക് കമ്പനിയായ പേടിഎമ്മിനെയും മറികടന്ന് അടുത്തിടെ 1,650 കോടി ഡോളറിൽ (1.23 ലക്ഷം കോടി രൂപ) എത്തിയിട്ടുണ്ട്.

from money rss https://bit.ly/3eFPuLG
via IFTTT

നിക്ഷേപ ഗ്യാരന്റി സ്‌കീം ഇല്ല; നിക്ഷേപകർ ആശങ്കയിൽ

തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്ക് സഹകരണനിക്ഷേപച്ചട്ടം പ്രകാരമുള്ള നിക്ഷേപ ഗ്യാരന്റി സ്കീമിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വിവരം. തുച്ഛമായ തുകയ്ക്ക് ഇതിൽ അംഗമാകാമെന്നിരിക്കെ നിക്ഷേപകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതിയിൽ അംഗമാകാതിരുന്നത് നിക്ഷേപകർക്ക് ആശങ്കയുണ്ടാക്കുകയാണ്. നൂറുരൂപയ്ക്ക് പത്ത് പൈസ എന്നതാണ് നിക്ഷേപ ഗ്യാരന്റി സ്കീം പദ്ധതിയുടെ ചെലവ്.ഓരോ സാമ്പത്തികവർഷാവസാനത്തിലും ഓരോ അക്കൗണ്ടിലും ബാക്കി കിടക്കുന്ന തുകയ്ക്കാണ് ഇൻഷുറൻസ് എടുക്കേണ്ടത്. എത്ര രൂപ അക്കൗണ്ടിലുണ്ടെങ്കിലും അതിന് ആനുപാതികമായി ഇൻഷുറൻസ് പ്രീമിയം നൽകണം. എന്നാൽ, പരമാവധി ഒരുലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ് കിട്ടുക. 301 കോടിയുടെ നിക്ഷേപമുണ്ട് കരുവന്നൂർ സർവീസ് സഹകരണബാങ്കിന്. ഇതിന്റെ നിക്ഷേപ ഗ്യാരന്റിക്കായി മുതൽമുടക്കാനുള്ള തുകപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ബാങ്കിന്റെ സാമ്പത്തികനില തകർന്നതിനാലാണ് പദ്ധതിയിലേക്ക് പണമിറക്കാതിരുന്നത്. ബാങ്കിന്റെ പ്രവർത്തനം അവസാനിക്കുന്ന ഘട്ടത്തിൽ ആസ്തിയേക്കാൾ ബാധ്യത കൂടുതലാണെങ്കിൽ മാത്രമാണ് നിക്ഷേപ ഗ്യാരന്റി സ്കീം ഉപയോഗപ്പെടുക. ഇ.ഡി. വിവരം തേടി തട്ടിപ്പുസംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പോലീസിൽനിന്ന് പ്രാഥമികവിവരങ്ങൾ തേടി. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന നിഗമനത്തിലാണ് വിവരങ്ങൾ തേടിയത്. പ്രതികളായ ബിജു കരിം, സുനിൽകുമാർ, ജിൽസ് എന്നിവരുടെ ബിനാമി ഇടപാടുകളും ഇ.ഡി. പരിശോധിക്കുന്നുണ്ട്. ഒരു കുടുംബത്തിലെത്തന്നെ നാലുപേർക്കുവരെ 1.20 കോടിയുടെ വായ്പ നൽകിയത് ബിനാമി ഇടപാടാണെന്ന് സംശയിക്കുന്നു. പ്രതികൾ നടത്തിയിരുന്ന തേക്കടി റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ചും സി.എം.എം. ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ബാങ്ക് നിയമാവലിപ്രകാരം ഒരംഗത്തിന് അനുവദിക്കാവുന്ന പരമാവധി വായ്പ 50 ലക്ഷമാണ്. എന്നാൽ, 2020 ഓഗസ്റ്റ്് 26 വരെ ബാങ്ക് 279 പേർക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരേ കർശനനടപടി കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കുറ്റക്കാർക്കെതിരേ കർശനനടപടിയുണ്ടാകും . ആരെയും സംരക്ഷിക്കില്ല. തട്ടിപ്പ് തടയാൻ സഹകരണനിയമങ്ങളിൽ ഭേദഗതി വരുത്തും. ഓഡിറ്റ് സംവിധാനം കുറ്റമറ്റതാക്കും. സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന സുപ്രീംകോടതിവിധി സ്വാഗതാർഹമാണ്. വി.എൻ.വാസവൻ, സഹകരണമന്ത്രി.

from money rss https://bit.ly/3hWCSSh
via IFTTT

ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസയച്ചു

ക്രിപ്റ്റോകറൻസിയുടെ വ്യാപാര വിശദാംശങ്ങൾ നൽകണമെന്ന് എക്സ്ചേഞ്ചുകളോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. തുടർച്ചയായി മൂല്യമിടിയുന്ന സമയത്ത് വകുപ്പിന്റെ നടപടി നിക്ഷേപകർക്ക് തിരിച്ചടിയായി. ക്രിപ്റ്റോകറൻസികളുടെ വില, ഇടപാട് നടന്ന സമയം, എണ്ണം എന്നിവ അന്വേഷിക്കുന്നതിനായി ലഡ്ജറുകളിലെ ഇടപാട് വിവരങ്ങളെക്കുറിച്ചറിയാനാണ് മൂന്ന് എക്സ്ചേഞ്ചുകൾക്ക് ഐടി വകുപ്പ് നോട്ടീസ് അയച്ചത്. ബിറ്റ്കോയിന്റെ മൂല്യം എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ 2017ലും ഐടി വകുപ്പ് എക്സ്ചേഞ്ചുകൾക്ക് നോട്ടീസ് അയച്ചിരുന്നു. അതേസമയം, ഇത്തവണത്തെ പരിശോധന ഇടപാടുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാനാണെന്നാണ് സൂചന. സ്റ്റോക് എക്സ്ചേഞ്ചുകളിൽ ഇടനിലക്കാർവഴിയാണ് ഇടപാട് നടക്കന്നത്. എന്നാൽ ക്രിപ്റ്റോകറൻസികളുടെ ഇടപാടുകൾ എക്സ്ചേഞ്ചുകൾവഴി നേരിട്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇടപാടുകാരുടെ വിവരങ്ങൾ ലഭിക്കാനുള്ള ഏക ഉറവിടവും ഇത്തരം എക്സ്ചേഞ്ചുകളാണ്. ക്രിപ്റ്റോകറൻസികൾ വിൽക്കുമ്പോൾ പണം ബാങ്കിലേക്ക് കൈമാറാതെ വിലകുറയുമ്പോൾ വീണ്ടുംവാങ്ങുന്നരീതി ഇടപാടുകാരിൽ പലരും സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടപാടിൽനിന്നുള്ള നേട്ടംകണക്കാക്കാൻ കഴിയാത്തതിനാൽ നികുതി ഈടാക്കുന്നതിന് പരിമിതികളുണ്ട്. ഇടപാട് നടന്നാൽ പണം ബാങ്കിലേക്ക് മാറ്റാൻ ആദായനികുതി വകുപ്പ് എക്സ്ചേഞ്ചുകൾക്ക് നിർദേശം നൽകിയേക്കുമെന്ന് അറിയുന്നു. സെക്യൂരിറ്റീസ് ആക്ടിനുകീഴിൽവരാത്തതിനാൽ ക്രിപ്റ്റോ കറൻസിയുടെ വില്പനക്ക് 30ശതമാനം നികുതി നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3wXnitT
via IFTTT

പാഠം 134: എസ്‌.ഐ.പിയിൽനിന്ന് നേട്ടം ഉറപ്പാണോ?|Reveals the Secrets

നാലാളുകൾ കൂടുമ്പോഴുളള നിക്ഷേപചർച്ചകൾക്കിടയിലെ താരമാണ് ഇപ്പോൾ എസ്ഐപി. ഫണ്ടുകൾ വിപണനംചെയ്യുന്നവരെല്ലാം പറയുന്നത് ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം ഉറപ്പായും ലഭിക്കുമെന്നാണ്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ തോമസ് ജോസഫിന്റെ ചോദ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. എസ്ഐപിയായി പത്തോ പതിനഞ്ചോ വർഷം നിക്ഷേപിക്കാൻ തയ്യാറാണ്, 12ശതമാനമെങ്കിലും ആദായം ലഭിക്കുമെന്ന് ഉറപ്പുതരാൻ കഴിയുമോ? കഷ്ടപ്പെട്ട് ജോലിചെയ്തുണ്ടാക്കിയ പണം വിപണിയിൽ കൊണ്ടുപോയി കളയാൻ താൽപര്യമില്ലെന്നും അതുകൊണ്ടാണ് ഈ സംശയമെന്നും ജോസഫ് വ്യക്തമാക്കി. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികൾക്കൊന്നും ഉറപ്പുള്ളനേട്ടം വാഗ്ദാനംചെയ്യാനാകില്ലെന്ന് ആദ്യംമനസിലാക്കുക. അങ്ങനെ ആരെങ്കിലും ഉറപ്പുതരുന്നുണ്ടെങ്കിൽ അത് വ്യാജമാണെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്നിരുന്നാലും നേട്ടത്തിന് സാധ്യതയുണ്ടോ? അതേക്കുറിച്ച് വിലയിരുത്താം. ഓഹരി വിപണിയിലെ നിക്ഷേപത്തിൽനിന്ന് നേട്ടംമാത്രം ലഭിച്ചവർ ആരുമുണ്ടാവില്ല. നഷ്ടംനേരിട്ടിട്ടില്ലാത്ത ഒരു നിക്ഷേപകനുമില്ലന്ന് ചുരുക്കം. ദീർഘകാലയളവിലെ ഇക്വിറ്റി നിക്ഷേപം മികച്ച ആദായം നൽകുമെന്നകാര്യത്തിൽ സംശയമൊന്നുമില്ലെങ്കിലും വിപണിയിൽ കരടികൾ പിടിമുറുക്കുമ്പോൾ പോർട്ട്ഫോളിയോ നഷ്ടത്തിലേയ്ക്ക് പോകുന്നത് സ്വാഭാവികമാണ്. സാധാരണ നിക്ഷേപകന്റെ സന്തോഷം കെടുത്താൻ അത് ധാരാളം. നിക്ഷേപത്തിൽനിന്ന് ഭാവിയിൽ മികച്ച ആദായം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് നഷ്ടസാധ്യയുണ്ടായിട്ടും വിപണിയിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. എസ്ഐപിയുടെകാര്യവും ഇതിൽനിന്ന് വ്യത്യസ്തമല്ല. വിപണി തകരുമ്പോൾ ദീർഘകാലമായി തുടർന്നുവന്ന എസ്ഐപി നിക്ഷേപവും നഷ്ടത്തിലാകുമെന്നകാര്യത്തിൽ സംശയംവേണ്ട. ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ കഴിഞ്ഞ 25 വർഷത്തെ എസ്ഐപി നിക്ഷേപത്തെക്കുറിച്ച് നടത്തിയ പഠനത്തിൽനിന്ന് വെളിപ്പെട്ടകാര്യങ്ങളാണ് തുടർന്നുള്ള ഭാഗത്ത് വിശദീകരിക്കുന്നത്. 1. കുറഞ്ഞ കാലയളവ് നഷ്ടസാധ്യതകൂട്ടും എസ്ഐപിയുടെ കാലയളവ് കുറഞ്ഞാൽ നഷ്ടമുണ്ടാകാനുള്ള വർധിപ്പിക്കും. ഒരുവർഷംമാത്രമാണ് എസ്ഐപി തുടരാനായതെങ്കിൽ 25ശതമാനം നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. രണ്ടുവർഷംതുടർന്ന എസ്ഐപിയാണെങ്കിൽ 17ശതമാനവും അഞ്ചുവർഷക്കാലയളവിലെ എസ്ഐപി നിക്ഷേപമാണെങ്കിൽ മുന്നു ശതമാനംമാത്രം നഷ്ടമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. 10വർഷമാണ് നിക്ഷേപംതുടർന്നതെങ്കിൽ നഷ്ടവുംനേട്ടവുമില്ലാത്ത സാഹചര്യംമുണ്ടാകാം. കാലയളവ് കൂടുംതോറും നഷ്ടത്തിന്റെതോത് കുറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം. രാജ്യത്തെ ഓഹരി വിപണിയിലെ തകർച്ചയുടെ കാലയളവ് 12 മാസം മുതൽ 24 മാസംവരെയാണ് നീണ്ടുനിന്നിട്ടുളളതെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. മൂന്നുവർഷം തുടർന്ന എസ്ഐപി നിക്ഷേപത്തിലെ നഷ്ടം കുറഞ്ഞ് പ്രാരംഭ സ്ഥിതിയിലെത്താൻ അതുകൊണ്ടുതന്നെ മതിയായ സമയം ലഭിക്കുന്നു. നാലാമത്തെ വർഷം ഉയർച്ചയുടേതാണ്. വിപണ ഘട്ടംഘട്ടമായി ഉയരാൻ തുടങ്ങുന്നതോടെ മൂലധനനേട്ടത്തിന്റെ തോത് മുകളിലേക്കുപോകും. 2. കാലയളവ് കൂടമ്പോൾ ഇരട്ടയക്കനേട്ടം ഇരട്ടയക്ക ആദായമെങ്കിലും നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ എസ്ഐപിയായി നിക്ഷേപിക്കുന്നത്. 10ശതമാനമെങ്കിലും വാർഷിക ആദായം നേടാനുള്ള സാധ്യത പരിശോധിക്കാം. ഒരു വർഷത്തേയ്ക്ക് എസ്ഐപിയായി നിക്ഷേപിച്ചാൽ 10ശതമാനം ആദായം ലഭിക്കാൻ 55ശതമാനം സാധ്യതയാണുള്ളത്. രണ്ടുവർഷത്തെ എസ്ഐപിക്കാകട്ടെ ഇത് 60ശതമാനവും അഞ്ചുവർഷക്കാലയളവിലാകട്ടെ 65ശതമാനവുമാണ് സാധ്യതയുള്ളത്. 10 വർഷക്കാലയളവിലെ എസ്ഐപിയിൽനിന്നാണെങ്കിൽ 10ശതമാനമെങ്കിലും ആദായംനേടാൻ 95ശതമാനം സാധ്യതയാണുള്ളത്. 3. നേട്ടസാധ്യത എങ്ങനെ വർധിപ്പിക്കാം മാർക്കറ്റ് റെക്കോഡ് നിലവാരത്തിലായിരുന്നപ്പോഴാണ് നിക്ഷേപം തുടങ്ങിയതെങ്കിൽ ആദ്യത്തെയോ രണ്ടാമത്തെയോ വർഷം നഷ്ടമുണ്ടാകാനുള്ള സാധ്യതഏറെയാണ്. അടുത്ത മൂന്നുവർഷത്തിനുള്ളിൽ നഷ്ടത്തിൽനിന്ന് കരകയറാനും നേട്ടത്തിലേയ്ക്ക് പ്രവേശിക്കാനുംകഴിയും. അതേസമയം, വിപണി കുതിപ്പിന്റെ പാതയിലായിരുന്ന സമയത്താണ് നിക്ഷേപം തുടങ്ങിയതെങ്കിൽ അഞ്ചുവർഷത്തിനുള്ളിൽ മികച്ചനേട്ടമുണ്ടാക്കാനുംകഴിയും. തരക്കേടില്ലാത്ത വരുമാനംനേടാൻ അഞ്ചുവർഷമോ അതിൽകൂടുതലോകാലം എസ്ഐപി നിക്ഷേപം തുടരേണ്ടിവരുമെന്ന് ചുരുക്കം. 10 വർഷമെങ്കിലും എസ്ഐപി തുടരാൻ കഴിഞ്ഞാൽ 12ശതമാനത്തിലേറെ വാർഷികാദായം സ്വന്തമാക്കാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 4.തിരഞ്ഞെടുപ്പിൽ മികവ് പുലർത്തണം എസ്ഐപി നിക്ഷേപത്തിനായി തിരഞ്ഞെടുത്ത ഫണ്ട് മികച്ചതല്ലെങ്കിൽ മുകളിൽ വിശദമാക്കിയ സാധ്യതകളെല്ലാം അപ്രസക്തമാകും. ദീർഘകാലയളവിൽ ഫണ്ട് നൽകിയ ആദായം വിലയിരുത്തിയശേഷം സാമ്പത്തിക ലക്ഷ്യത്തിനും നിക്ഷേപകാലയളവിനും അനുസരിച്ച് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഓരോ മ്യൂച്വൽ ഫണ്ട് സ്കീമിനും ബാധകമായ ബെഞ്ച്മാർക്കിനേക്കാൾ ആദായം കാലാകാലങ്ങളിൽ ഫണ്ട് നൽകുന്നുണ്ടോയെന്ന് പരിശോധിക്കണം. അതായത്, ഒരിക്കൽ തുടങ്ങിയാൽ അങ്ങ് പോയ്ക്കോളും പിന്നെ, 10 വർഷംകഴിഞ്ഞ് തിരിച്ചെടുക്കാൻ ചെന്നാൽമതിയെന്ന് കരുതിയിരിക്കരുതെന്ന് ചുരുക്കം. ചില മ്യൂച്വൽ ഫണ്ട് വിതരണക്കാർ 10 വർഷത്തേയ്ക്ക് എസ്ഐപി ചേർത്തുന്നതുകണ്ടിട്ടുണ്ട്. പിന്നെ അവർ തിരിഞ്ഞുനോക്കാറില്ലെന്നതാണ് വാസ്തവം. രണ്ടാമതായി, ഒരേ കാറ്റഗറിയിലെ ഫണ്ടുകളുടെ പ്രകടനം താരതമ്യംചെയ്യണം. ഫണ്ടുകളുടെ പ്രകടനം വിലയിരുത്താൻ അതിലൂടെകഴിയും. ഫണ്ടിൽ ചേർന്നാൽമാത്രംപോര, വർഷത്തിലൊരിക്കലെങ്കിലും പ്രകടനം വിലയിരുത്തുകയും ഉചിതമായ തീരുമാനമെടുക്കുകയുംവേണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ നേട്ടംലഭിക്കില്ലെന്നുമാത്രമല്ല, നിക്ഷേപിച്ചതുകപോലും നഷ്ടമാകാനും സാധ്യതയുണ്ട്. നിക്ഷേപകാലയളവ് എത്രനീട്ടിയാലും പ്രയോജനമുണ്ടാകുകയുമില്ല. പ്രകടനംമോശമായ ഫണ്ടുകളിൽ എസ്ഐപി തുടരുന്നത് ചെലവിനത്തിലുള്ള തുകനഷ്ടപ്പെടുത്താനും ലഭിക്കേണ്ട നേട്ടം ഇല്ലാതാക്കാനുംമാത്രമെ ഉപകരിക്കൂ. എസ്ഐപികളിൽ വർഷങ്ങളോളം നിക്ഷേപംതുടർന്നിട്ടും നേട്ടമുണ്ടാക്കാൻകഴിയാത്ത നിരവധി ഉദാഹരണങ്ങൾ മുന്നിലുണ്ട്. അതിനാൽ കാറ്റഗറിയിലെ മറ്റുഫണ്ടുകളുടെ പ്രവർത്തനം പതിവായി അവലോകനംചെയ്യേണ്ടതുണ്ട്. feedbacks to: antonycdavis@gmail.com കുറിപ്പ്: മികച്ചരീതിയിൽ നിക്ഷേപം കൈകാര്യംചെയ്യാൻ കഴിയുമെങ്കിൽ ദീർഘകാലയളവിൽ മികച്ചനേട്ടമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടിലെ എസ്ഐപിയോളം ഒരു പദ്ധതിക്കുംകഴിയുകയില്ലെന്നത് വാസ്തവമാണ്. ചുരുങ്ങിയത് 12ശതമാനമെങ്കിലും വാർഷികാദായം പ്രതീക്ഷിക്കാം. നേട്ടം 15ലേക്കും 20ലേക്കും വളർന്നേക്കാം. വിലക്കയറ്റത്തെ അതിജീവിക്കുന്നനേട്ടംലഭിക്കാൻ വിപണി അധിഷ്ഠിത പദ്ധതികൾ പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കണമെന്നകാര്യത്തിൽ സംശയമില്ല.

from money rss https://bit.ly/3eHHk5s
via IFTTT