അരുൺ വളരെ ആന്മാർത്ഥതയും ഉത്സാഹവുമുള്ള രാഷ്ട്രീയ പ്രവർത്തകനാണ്. ചെറുപ്പത്തിൽ ആദർശവാദം തലയ്ക്കുപിടിച്ചിരുന്ന നാളുകളിൽ ചെലവുചുരുക്കി മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുമെന്ന് തീരുമാനിച്ചു. പ്രത്യേകിച്ച് വലിയ കാറിലൊന്നും യാത്രചെയ്യാതെ ജനങ്ങളോടൊപ്പം അവരിൽ ഒരാളായി കഴിയണം. അന്ന് സൈക്കിളിലായിരുന്നു യാത്ര. പിന്നീട് ബൈക്ക് വാങ്ങി. ഇന്ന് അമ്പതുകളുടെ തുടക്കത്തിൽ തന്റെ ആരോഗ്യത്തിന്റെയും ആവശ്യങ്ങളുടെയും മദ്ധ്യേ തിരിച്ചറിയുന്നു, എല്ലായിടത്തും ഉദ്ദേശിക്കുന്ന സമയത്ത് ആവശ്യത്തിനുള്ള ശാരീരിക ഊർജവുമായി എത്താനാവുന്നില്ല. തനിക്ക് കാർ പോലുള്ള വാഹനം ആവശ്യമാണ്. ഇത് സാമ്പത്തിക ചിന്താഗതിയിൽ വരുന്ന ഒരു പരിണാമമാണ്. ഓരോ കാലഘട്ടത്തിലും സാമ്പത്തിക ചിന്തകൾക്ക് വ്യത്യാസമുണ്ട്. സാമ്പത്തിക ഫിറ്റ്നെസ് എന്ന ആശയം ഈ പരിണാമത്തിലെ പ്രധാനപ്പെട്ട ഒരു തലമാണ്. ശാരീരിക ഊർജം നിലനിർത്താൻ ഫിറ്റ്നെസ് സെന്റർ ഉള്ളതുപോലെതന്നെ സാമ്പത്തികമേഖലയിലും ഊർജസംരക്ഷണത്തിനായി സംവിധാനങ്ങൾ വേണം. ജിം അഥവാ ഫിറ്റ്നെസ് സെന്റർ പോലുള്ള സ്ഥാപനങ്ങളെ യൗവനത്തിൽ മസിൽ വർധിപ്പിക്കാനും ശരീരപുഷ്ടി നിലനിർത്താനുമാണ് പലരും സമീപിക്കുന്നത്. എന്നാൽ, പിന്നീട് രോഗങ്ങൾ തടയാനും രോഗപ്രതിരോധശേഷിക്കായും മധ്യവയസ്കർ ഇതിനായി പണവും സമയവും കണ്ടെത്തുന്നു. സാമ്പത്തികമേഖലയിൽ സർക്കാർബജറ്റിന്റെ നാളുകളിലൂടെയാണ് നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമേഖലയിലും വ്യക്തിപരമായ ബജറ്റ് നിർണയത്തിലൂടെ ഫിറ്റ്നെസ് അളക്കുകയും വിലയിരുത്തുകയും ചെയ്യണം. സാമ്പത്തിക ഫിറ്റ്നെസ് രംഗത്ത് നല്ലത്, ചീത്ത എന്നിങ്ങനെ ഒരു ഐഡിയൽ സ്കോർ ഇല്ല. കാരണം, ഓരോരുത്തരുടെയും ആവശ്യവും മൂല്യങ്ങളുമാണ് ചെലവ് തീരുമാനിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നെസ് നിരത്തിലിറങ്ങുന്നതിനു മുമ്പ് സ്വയം പരിശോധിക്കുന്നതുപോലെ സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട് പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ജീവിതത്തെ നേരിടാനുള്ള ആന്മവിശ്വാസം വർധിപ്പിക്കുന്നു. സാമ്പത്തികമേഖലയിൽ ഇപ്പോൾ എവിടെ നിൽക്കുന്നു, ഇനി മുന്നോട്ട് പോവേണ്ടതെങ്ങനെ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി ഒരുവനെ സഹായിക്കാനുള്ള സംവിധാനമാണ് സാമ്പത്തിക ഫിറ്റ്നെസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന് താങ്കൾക്ക് വ്യക്തിപരമായ ബജറ്റ് ഉണ്ടോ? ചെലവാക്കുന്നതും സമ്പാദിക്കുന്നതും തമ്മിലുള്ള അനുപാതം എത്രയാണ്? നിലവിലുള്ള കടമെത്രയാണ് ? നിങ്ങളുടെ വീട്ടിൽ പെട്ടെന്ന് രോഗമോ തകർച്ചയോ മൂലം ഒരു സാമ്പത്തിക ആവശ്യം വന്നാൽ എന്ത് മുൻകരുതലാണ് എടുത്തിട്ടുള്ളത്? കഴിഞ്ഞ നാളുകളിൽ കുടുംബത്തിന്റെ ചെലവ് വരവിനേക്കാളും കുറഞ്ഞതായിരുന്നോ? ഇലക്ട്രിസിറ്റി ബിൽ പോലുള്ളവ സമയത്ത് അടയ്ക്കാനാവാത്തതുകൊണ്ട് പിഴ അടയ്ക്കേണ്ടിവന്നുവോ? നല്ല സാമ്പത്തിക ഫിറ്റ്നെസിന്റെ ഉടമയാവാൻ നമ്മൾ മുൻകരുതലെടുത്ത് ശ്രദ്ധിക്കേണ്ട തലങ്ങൾ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. അത് നിങ്ങളുടെ ഫിറ്റ്നെസ് നിലനിർത്താൻ സഹായകരമായിരിക്കും. ഒന്നാമത് നിങ്ങളുടെ ഇപ്പോഴത്തെ സാമ്പത്തിക നിലവാരം പരിശോധിക്കുക. എന്തൊക്കെ ആസ്തികൾ ഇപ്പോഴുണ്ട്? കടവും ബാധ്യതകളും ഏതൊക്കെയാണ്? ഭാവിയിൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ എന്തൊക്കെയാണ്? രണ്ടാമത്തെ കാര്യം നമ്മൾ ശ്രദ്ധചെലുത്തേണ്ട മേഖലയാണ്. ഇതിൽ നമ്മുടെ സാമ്പത്തികലക്ഷ്യം നിശ്ചയിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. ഈ ലക്ഷ്യങ്ങളെ ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഉദാഹരണത്തിന് ഹ്രസ്വകാലമെന്നത് അടുത്ത ആറുമാസത്തിനുള്ളിൽ സാധിക്കേണ്ട കാര്യങ്ങളാണ്. ചിട്ടി ചേരുക, വായ്പ തീർക്കുക, വിനോദയാത്ര പോവുക എന്നിവ ഉദാഹരണങ്ങളാണ്. ദീർഘകാലത്തിൽ മക്കളുടെ വിദ്യാഭ്യാസം, വിവാഹം പോലുള്ളവ പ്ലാൻചെയ്ത് നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ കടന്നുവരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളെ ആശ്രയിച്ചുകഴിയുന്ന ഗുണഭോക്താക്കളുടെ എണ്ണവും അവരുടെ ആവശ്യവുമാണ്. ഇതിൽ കുടുംബാംഗങ്ങൾ, സ്വന്തമായി സ്ഥാപനമുള്ള ആളാണെങ്കിൽ അതിലെ ജീവനക്കാർ, മറ്റ് ആശ്രിതർ, ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള വ്യക്തികൾ എന്നിവർ അടങ്ങിയിരിക്കുന്നു. നിങ്ങൾ അടച്ചുതീർക്കേണ്ട നികുതി ഇനങ്ങൾ, ബില്ലുകൾ, ഇൻഷുറൻസ് പോലുള്ള മറ്റ് ചെലവിനങ്ങൾ എന്നിവയുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് അടുത്ത മേഖല. ലക്ഷ്യവും നിക്ഷേപവും തമ്മിൽ ചേർന്നുപോവുന്നുണ്ടോ എന്ന് ചിന്തിക്കണം. പണത്തിന്റെ അഞ്ച് ഉപയോഗങ്ങളും അതായത് ആർജിക്കുക, ചെലവാക്കുക, സമ്പാദിക്കുക, സംരക്ഷിക്കുക, വളർത്തുക എന്നിവ സാമ്പത്തിക ഫിറ്റ്നെസുമായി ബന്ധപ്പെട്ടിരിക്കുന്നു. പണം ആർജിക്കുന്ന മേഖലകൾ കണ്ടെത്തുന്നതും മെച്ചപ്പെടുത്തുന്നതും തൊഴിൽമേഖലയുടെ ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം ചെലവാക്കുന്ന മേഖലകൾ നിജപ്പെടുത്തുന്നത് മിതവ്യയത്തിനും അനാവശ്യ കടം വന്നുചേരുന്നത് തടയുന്നതിനുള്ള ഫിറ്റ്നെസിനെ സഹായിക്കുന്നു. പണം സമ്പാദിക്കുന്നത് ഭാവിയിലുള്ള ജീവിതത്തിന്റെ ഫിറ്റ്നെസിന്റെ ആവശ്യങ്ങളെ സഹായിക്കുന്നു. പണം സംരക്ഷിക്കുന്നത് നിങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവിതങ്ങളുടെ സുരക്ഷിതത്വത്തിനുള്ള ഫിറ്റ്നെസാണ്. അന്തസ്സും മാന്യതയുമുള്ള ജീവിതം ഏവരുടെയും അവകാശമാണ്. അതിനായുള്ള ബോധപൂർവമായ പരിശ്രമത്തെയാണ് സാമ്പത്തിക ഫിറ്റ്നെസ് പരിശീലനം കൊണ്ടുദ്ദേശിക്കുന്നത്. പ്ലാനിങ് നല്ലതാണ്, ആവശ്യവുമാണ്. ഭാവിമാത്രം പോരാ, ഇന്നിലും ജീവിക്കണം. ആസൂത്രണത്തിന്റെ അഭാവം നമ്മുടെ സാമ്പത്തിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. ഓർക്കുക, കഴിഞ്ഞുപോയ ഇന്നലെയെക്കുറിച്ച് വ്യസനിക്കുന്നവരും ഭാവിയെക്കുറിച്ച് അമിതമായി ആകുലപ്പെടുന്നവരും ഇന്ന് ജീവിക്കാൻ മറന്നുപോവുന്നവരാണ്.
from money rss http://bit.ly/2YOIDp1
via
IFTTT