2020-21 സാമ്പത്തിക വർഷം ആരംഭിച്ചിട്ട് രണ്ടു മാസം പൂർത്തിയാകുകയാണ്. ആദായ നികുതി നിർണയത്തിന് ഏതു സ്കീം തിരഞ്ഞെടുക്കുന്നുവെന്ന് അറിയിക്കാൻ ഒട്ടുമിക്ക തൊഴിലുടമകളും ഇതിനകം ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടാകും. ഇല്ലെങ്കിൽ വരും മാസങ്ങളിൽ ആവശ്യപ്പെടും. നിലവിലുണ്ടായിരുന്ന ആദായ നികുതി നിർണയ രീതിക്കൊപ്പം പുതിയൊരു രീതികൂടി ധനമന്ത്രി നിർമല സീതാരാമൻ ഇക്കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. നികുതി ഘടന ലളിതവും സുതാര്യവുമാക്കുക, നിരക്ക് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ രീതി അവതരിപ്പിക്കുന്നതെന്നാണ് ധനമന്ത്രി പറഞ്ഞത്. നികുതിദായകന് ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇവിടെ നികുതിദായകന്റെ ആകാംക്ഷ ഉണരുകയാണ് ? ഏതു രീതി തിരഞ്ഞെടുത്താലാണ് നേട്ടമുണ്ടാവുക ? ഈ രണ്ടു രീതികളും പരിശോധിച്ചു മാത്രമേ മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാനാകൂ... അതായത്, നികുതിദായകന്റെ ജോലി വർധിച്ചു എന്നർത്ഥം. നിലവിലുള്ള നികുതി നിർണയ രീതി മിക്കവർക്കും പരിചയമുള്ളതാണ്. ഇതിൽ നിക്ഷേപങ്ങളിലൂടെയും ചിലതരം ചെലവുകളിലൂടെയും നികുതിയിളവ് ലഭിക്കും. എന്താണ് പുതിയ രീതി? 2020-21 വർഷത്തെ ബജറ്റിൽ നിർദേശിച്ചിട്ടുള്ളതാണ് നികുതി നിർണയത്തിനുള്ള പുതിയ രീതി. ഇതിനായി ആദായനികുതി നിയമത്തിൽ 115 ബി.എ.സി. എന്നൊരു വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തു. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം. 2020 ഏപ്രിൽ ഒന്നു മുതൽ നേടുന്ന വരുമാനത്തിന് പുതിയ രീതി ബാധകമാണ്. ഇളവുകൾ ഒന്നുംതന്നെ ഇല്ലാതെ നികുതി കണക്കാക്കുന്നതാണ് പുതിയ രീതി. നിക്ഷേപങ്ങൾക്ക് ഇളവുണ്ടാകുകയില്ല. എന്നാൽ, നികുതി നിരക്ക് കുറവായിരിക്കും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ, 80സി നിക്ഷേപങ്ങൾ ഉൾപ്പെടെ നേരത്തെയുണ്ടായിരുന്ന 70 ഇളവുകളാണ് പുതിയ രീതിയിൽ എടുത്തുകളഞ്ഞിട്ടുള്ളത്. രണ്ടു രീതിയിലും നികുതി നിർണയം മുൻകൂട്ടി നടത്തി നിലവിലുള്ളതാണോ, പുതിയതാണോ വേണ്ടതെന്ന് നികുതിദായകർക്ക് കണ്ടെത്താം. ഈ ഉദാഹരണത്തിൽ 12.5 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് പുതിയ നികുതി രീതി സ്വീകരിക്കുമ്പോൾ 1,851 രൂപ ലാഭമുണ്ട്. എന്നാൽ, ആരോഗ്യ ഇൻഷുറൻസ്, എൻ.പി.എസ്., വിദ്യാഭ്യാസ വായ്പ, ഭവനവായ്പ തുടങ്ങിയവ ഉള്ളവരാണെങ്കിൽ നിലവിലുള്ള രീതിയാണ് മെച്ചം. ഈ ഉദാഹരണത്തിൽ 10 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് പുതിയ നികുതി രീതി സ്വീകരിക്കുമ്പോൾ 3,099 രൂപ അധികമായി നൽകേണ്ടി വരുന്നു. അതായത്, നിലവിലുള്ള രീതിയാണ് മെച്ചം. പക്ഷേ, നികുതി ലാഭ നിക്ഷേപങ്ങൾ (80 സി), ആരോഗ്യ ഇൻഷുറൻസ് (80 ഡി), വിദ്യാഭ്യാസ വായ്പ പലിശ (80 ഇ) തുടങ്ങിയവ ഒരു ലക്ഷം രൂപയിൽ കുറവാണെങ്കിൽ പുതിയ നികുതി നിർണയ രീതിയാണ് മെച്ചം. ചുരുക്കത്തിൽ, നികുതി ലാഭ നിക്ഷേപങ്ങളും മറ്റു കിഴിവുകളും കണക്കിലെടുത്ത്, ആദായനികുതി കണക്കാക്കി വേണം യോജിച്ച രീതി തിരഞ്ഞെടുക്കാൻ. പുതിയ രീതിയിൽ എടുത്തുകളഞ്ഞ മുഖ്യ ഇളവുകൾ സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രൊഫഷണൽ ടാക്സ്, എന്റർടെയിൻമെന്റ് അലവൻസ് ലീവ് ട്രാവൽ അലവൻസ് എച്ച്.ആർ.എ. മൈനർ ചൈൽഡ് ഇൻകം അലവൻസ് ഹെൽപ്പർ അലവൻസ് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസ് മറ്റ് പ്രത്യേക അലവൻസുകൾ ഭവനവായ്പ പലിശ നികുതി നിക്ഷേപങ്ങൾ, ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമയം തുടങ്ങിയവ. പുതിയ രീതിയിൽ ലഭിക്കുന്ന മുഖ്യ ഇളവുകൾ നാഷണൽ പെൻഷൻ സ്കീമിലേക്കുള്ള (എൻ.പി.എസ്.) നിക്ഷേപം ഭിന്നശേഷിയുള്ള ആളാണെങ്കിൽ യാത്രാ അലവൻസ് തൊഴിലിന്റെ ഭാഗമായി ഉണ്ടാകുന്ന ചെലവിനായി ലഭിക്കുന്ന കൺവേയൻസ് അലവൻസ്. സ്ഥലംമാറ്റത്തിനും മറ്റും ലഭിക്കുന്ന നഷ്ടപരിഹാരം സ്ഥിരം ജോലിസ്ഥലത്തു നിന്ന് മാറി മറ്റൊരു സ്ഥലത്ത് ജോലിചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിദിന അലവൻസ്. ഏതു നികുതി നിർണയ രീതി തിരഞ്ഞെടുക്കണം? പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ ജോലിക്കാരൻ ഏതു നികുതി നിർണയ രീതിയാണ് തിരഞ്ഞെടുക്കുന്നതെന്ന് തൊഴിലുടമയെ അറിയിക്കണം. ആ ധനകാര്യ വർഷം മുഴുവൻ ആ രീതിയിൽ തുടരുകയും വേണം. എന്നാൽ, ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഏതു രീതി വേണമെങ്കിലും സ്വീകരിക്കാം. താൻ തിരഞ്ഞെടുത്ത നികുതി നിർണയ രീതി ഏതാണെന്ന് ജീവനക്കാരൻ തൊഴിലുടമയെ അറിയിച്ചില്ലെങ്കിൽ, നിലവിലുള്ള രീതി സ്വീകരിക്കുകയും അതനുസരിച്ച് തൊഴിലുടമ സ്രോതസ്സിൽ നികുതി പിടിക്കുകയും ചെയ്യും. ശമ്പളക്കാർക്ക് ഓരോ വർഷവും ഏതു രീതിയും സ്വീകരിക്കാനുള്ള അവകാശമുണ്ട്. അതായത്, ഈ വർഷം പുതിയത് സ്വീകരിച്ചാൽ അടുത്തവർഷം വേണമെങ്കിൽ പഴയതിലേക്ക് തിരിച്ചുപോകാം, മറിച്ചുമാകാം.എന്നാൽ ശമ്പളക്കാരല്ലാത്തവർക്ക്, റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏതു രീതി സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കിയാൽ മതി. നേരത്തെ അറിയിക്കണമെന്നില്ല. ഒരിക്കൽ പുതിയത് തിരഞ്ഞെടുത്താൽ അടുത്ത വർഷവും പുതിയതിൽ തുടരേണ്ടതായി വരും. യോജിച്ച രീതി തിരഞ്ഞെടുക്കാം, നികുതി ആസൂത്രണം ചെയ്യാം നികുതി ആസൂത്രണം പരിഗണിക്കുമ്പോൾ, സാമ്പത്തിക വർഷത്തിന്റെ ആദ്യംതന്നെ നികുതി നിർണയ രീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിലവിലുള്ള രീതിയിലും പുതിയ രീതിയിലും നൽകേണ്ടി വരുന്ന നികുതി താരതമ്യം ചെയ്ത്, യോജിച്ചത് തിരഞ്ഞെടുക്കുക. യോജിച്ച നികുതി നിർണയ രീതി തിരഞ്ഞെടുത്തു കഴിഞ്ഞാൽ നിക്ഷേപവും ടി.ഡി.എസും അല്ലെങ്കിൽ മുൻകൂർ നികുതിയും മറ്റും അതനുസരിച്ച് കണക്കുകൂട്ടി നടപടി സ്വീകരിക്കാൻ കഴിയും.
from money rss https://bit.ly/2ZWBiHh
via
IFTTT