കുന്നംകുളം:എ.ടി.എമ്മിലൂടെ 2013-ൽ പിൻവലിച്ച പണം തിരിച്ചുകിട്ടാതായതോടെ ബാങ്കുകാർ വെട്ടിലായി. നാലരവർഷം പിന്നിടുമ്പോൾ പിൻവലിച്ച തുകയുടെ ഇരട്ടിയിലേറെയാണ് അക്കൗണ്ട് ഉടമയുടെ പേരിൽ ബാങ്കിലുള്ള ബാധ്യത. റവന്യൂ റിക്കവറിക്ക് നടപടികൾ തുടങ്ങിയെങ്കിലും പണം അടയ്ക്കേണ്ടയാളെ കണ്ടെത്താനായില്ല. കിഴൂർ ഏറത്ത് വീട്ടിൽ സാജു എന്ന വിലാസത്തിലുള്ള ആളാണ് സിൻഡിക്കേറ്റ് ബാങ്കിന്റെ കുന്നംകുളം ശാഖയിലുള്ള അക്കൗണ്ടിലൂടെ 2013 ഡിസംബറിൽ 4600 രൂപ നാലുതവണയായി എ.ടി.എമ്മിലൂടെ പിൻവലിച്ചത്. ആ സമയത്ത് അക്കൗണ്ടിൽ 531 രൂപയാണ് ഉണ്ടായിരുന്നത്. സേവിങ്സ് അക്കൗണ്ടിൽ പണമില്ലെങ്കിലും അക്കൗണ്ട് ഉടമ പിന്നീട് ബാങ്കിന് പണം നൽകുമെന്ന സംവിധാനത്തിൽ 5000 രൂപ വരെ ഇത്തരത്തിൽ നൽകാറുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പരിധി തീർന്നതോടെ പണം ലഭിക്കാതെയായി. സാജു പിന്നീട് ബാങ്കിൽ പണം നിക്ഷേപിക്കുകയോ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയും ബാങ്കിന് ലഭിക്കേണ്ട തുകയും ചേർത്ത് ഇയാൾ ഇപ്പോൾ 10,422.55 രൂപ ബാങ്കിന് നൽകാനുണ്ടെന്നാണ് കണക്ക്. ബാങ്കിലെ ജീവനക്കാർ സാജുവിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്കിൽ നൽകിയിരുന്ന ഫോൺ നമ്പറും ഉപയോഗത്തിലില്ല. ഇതോടെ അവർ റവന്യൂ റിക്കവറിക്ക് അപേക്ഷ നൽകി. അധികൃതർ സാജുവിന്റെ വിലാസത്തിലേക്ക് ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്. പ്രശ്നത്തിൽനിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി 2000 രൂപ അടച്ചാൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കുമെന്ന് ശാഖാ മാനേജർ മുകേഷ്കുമാർ പറഞ്ഞു. എന്നാൽ, ഈ വിവരം സാജുവിനെ അറിയിക്കാനും ബാങ്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
from money rss http://bit.ly/2GYlERs
via IFTTT
from money rss http://bit.ly/2GYlERs
via IFTTT