ബര്‍ലിന്‍: വര്‍ഷത്തിന്റെ വ്യക്തിയായി ടൈം മാഗസിന്‍ ജര്‍മന്‍ ചാന്‍സലര്‍ ഡോ. അംഗല മെര്‍ക്കലിനെ തെരഞ്ഞെടുത്തു. ഉക്രെയ്ന്‍ പ്രശ്ത്തിന്റെയും ഇസ്ലാമിസ്റ്റ് ഭീകരതയുടെയും പശ്ചാത്തലത്തില്‍ സ്വീകരിച്ച നിലപാടുകള്‍ പരിഗണിച്ചാണിത്.
ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യയുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്കു മുന്‍കൈയെടുത്തത് മെര്‍ക്കല്‍ ആയിരുന്നു. യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവും ലോകത്തെ ഏറ്റവും ശക്തയായ വനിതയുമാണ് മെര്‍ക്കല്‍ എന്നും ടൈംസ് വിലയിരുത്തി.
ഉക്രെയ്ന്‍ പ്രശ്‌നവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉയര്‍ത്തിയ പ്രശ്‌നവും നാറ്റോയെയും യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സഭയെയും ആശയക്കുഴപ്പത്തിലാക്കിയപ്പോഴും ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനും മൂല്യങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കാതിരിക്കാനും മെര്‍ക്കലിനു സാധിച്ചു.
അതേസമയം, റഷ്യ ജര്‍മനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും, വ്‌ളാദിമിര്‍ പുടിന്‍ മെര്‍ക്കലിന്റെ അടുത്ത സുഹൃത്തുമായതിനാല്‍ ഉക്രെയ്ന്‍ പ്രശ്‌നത്തില്‍ ജര്‍മനി സ്വീകരിച്ച നിലപാടിന് കരുത്തു പോരെന്ന വിമര്‍ശനം യൂറോപ്പില്‍ നിലനിന്നിരുന്നു. ഇതു നിരാകരിച്ചാണ് ടൈംസിന്റെ പ്രഖ്യാപനം.
60 കാരിയായ മെര്‍ക്കല്‍ മൂന്നാം തവണയാണ് ജര്‍മനിയുടെ ചാന്‍സലറായി ഭരണത്തിലേറിയത്. 27 അംഗ യൂറോപ്യന്‍ യൂണിയനിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത വ്യക്തിത്വമാണ് മെര്‍ക്കലിന്റേത്. ലോകത്തിലെ വനിതകളുടെ ഇടയില്‍ വീണ്ടും ഒന്നാം നമ്പര്‍ താരമായിരുന്നു. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിയ്ക്കുന്ന ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ശക്തരായ വനിതകളുടെ (ദ മോസ്റ്റ് പൗവര്‍ഫുള്‍ ലേഡി) പട്ടികയിലും രണ്ടു തവണ ആദ്യത്തെ പത്തുപേരുടെ പട്ടികയില്‍ മെര്‍ക്കല്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.
ഹെല്‍മുട്ട് കോളിന്റെ മന്ത്രിസഭയില്‍ മന്ത്രിയായും ഇപ്പോഴും പാര്‍ട്ടി ചെയര്‍പേഴ്‌സണായും ഏറെ തിളങ്ങുന്ന മെര്‍ക്കല്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിയ്ക്കുന്നയാളാണ്. ലോകത്തെ ഏറ്റവും കരുത്തരായ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ജി എട്ടിലെയും ഏഴിലെയും ഉച്ചകോടിയില്‍ ഏക സ്ത്രീ സാന്നിധ്യമാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. സ്യൂട്ടിട്ട പുരുഷന്‍മാര്‍ക്ക് ആധിപത്യമുള്ള ഇത്തരം ഉന്നതതല യോഗങ്ങളിലെ ഡയമണ്ട് ലേഡിയാണ് മെര്‍ക്കല്‍.
ഇന്‍ഡ്യയുടെ ഉരുക്കുവനിതയെന്നു കാലം എന്നും വിശേഷിപ്പിയ്ക്കുന്ന അന്തരിച്ച മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരമോന്നത സമാധാന പുരസ്‌കാരത്തിന് ജര്‍മന്‍ ചാന്‍സലര്‍ ഡോ.അംഗലാ മെര്‍ക്കല്‍ അര്‍ഹയായിരുന്നു. യൂറോപ്പിന്റെ ഉരുക്കുവനിതയെന്നു വിശേഷിപ്പിയ്ക്കുന്ന ഡോ.അംഗലാ മെര്‍ക്കലിന്റെ തലപ്പാവില്‍ ഇതൊരു പൊന്‍തൂവല്‍കൂടിയായി.
25 വര്‍ഷം മുന്‍പ് ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു വീണതിനു പിന്നാലെ ആയിരുന്നു അംഗല മെര്‍ക്കലിന്റെ രാഷ്ട്രീയ പ്രവേശം. ജര്‍മനി ഏകീകകരിക്കപ്പെട്ടപ്പോഴും പഴയ പൂര്‍വ ജര്‍മനി പുതിയ പശ്ചിമ ജര്‍മനിയോളം വളര്‍ന്നിട്ടില്ലെന്ന പരാതി തുടരുകയാണ്. എന്നിട്ടും ഈ പഴയ പൂര്‍വ ജര്‍മനിക്കാരി ജര്‍മനിയുടെ എതിരാളിയില്ലാത്ത മേധാവിയായി പത്തു വര്‍ഷം പിന്നിടുമ്പോള്‍ ഇവര്‍ ഒരു രാഷ്ട്രീയ പ്രതിഭാസമായി വളരുകയാണ്.
പാസ്റ്ററുടെ മകളായി ജനിച്ചു വളര്‍ന്ന മെര്‍ക്കലിന് ഇന്ന് ഏറ്റവും യോജിക്കുന്ന വിശേഷണങ്ങളിലൊന്നാണ് ലോകത്തെ ഏറ്റവും കരുത്തയായ വനിത എന്നത്. പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞ കഴിവു തെളിയിച്ചത് രാഷ്ട്രീയത്തിലൂടെയുള്ള രാഷ്ട്രതന്ത്രത്തില്‍. സമകാലീനരായ പല ലോക നേതാക്കളും ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് അരങ്ങൊഴിയുമ്പോഴും മെര്‍ക്കലിനു പോന്നൊരു എതിരാളിയോ പിന്‍ഗാമിയോ പോലും ജര്‍മനിയില്‍ ഇതുവരെ വളര്‍ന്നു വന്നിട്ടില്ല.
അറുപതാം വയസില്‍, യൂറോപ്പിന്റെ രാജ്ഞി എന്ന വിശേഷണം കൂടിയാണ് അവരുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. രണ്ടു വട്ടം വിവാഹം കഴിച്ചെങ്കിലും, മക്കളില്ലാത്ത മെര്‍ക്കലിനെ വലിയൊരു വിഭാഗം ജര്‍മനിക്കാര്‍ അമ്മയുടെ സ്ഥാനത്ത് കാണുന്നു.
യൂറോപ്പിലെ ചെലവുചുരുക്കല്‍ നയത്തിന്റെ അപ്പോസ്തലയെന്ന് പലരും പരിഹസിക്കുമ്പോഴും, മെര്‍ക്കലിന്റെ യുക്തിസഹവും പ്രായോഗികവുമായ നിലപാടുകളും സമീപനങ്ങളുമാണ് യൂറോപ്പില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ജര്‍മനിയെ സഹായിച്ചതെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.
അധികാരത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അത്ര പഥ്യമല്ലാത്ത മെര്‍ക്കല്‍ ബര്‍ലിനില്‍ അവരുടെ പദവിയുമായി താരതമ്യം ചെയ്യുമ്പോള്‍ സാധാരണമായൊരു ഫ്ലാറ്റിലാണ് താമസം. പൊതുവേദിയില്‍ പതിവില്ലാത്ത ശാസ്ത്രജ്ഞനായ ഭര്‍ത്താവ് ജോവാഹിം സോവര്‍ കൂട്ടിന്. അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിന് പോകും. അവധിക്കാലം ആഘോഷിക്കാന്‍ ആല്‍പ്‌സിലും പോകും.
മനസിനുള്ളില്‍ യഥാര്‍ത്ഥ ചിന്തകളും ആശയങ്ങളും മറ്റുള്ളവരില്‍നിന്നു മറച്ചു പിടിക്കാന്‍ മെര്‍ക്കലിനെ സഹായിച്ചത് പൂര്‍വ ജര്‍മനിയിലെ കുട്ടിക്കാലമാണെന്നാണ് അവരുടെ ജീവചരിത്രകാരന്‍മാര്‍ വിലയിരുത്തിയിട്ടുള്ളത്.
പഠനത്തില്‍ മുന്നിലായിരുന്ന മെര്‍ക്കല്‍ റഷ്യന്‍ ഭാഷയിലും അവഗാഹം നേടി. ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്റ്ററേറ്റ്. ബര്‍ലിന്‍ ലബോറട്ടറിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഡെമോക്രാറ്റിക് അവേക്കനിങ് എന്ന സംഘടനയില്‍ ചേരുന്നത്. ഇത് പിന്നീട് ക്രിസ്റ്റ്യന്‍ ഡെമെക്രാറ്റിക് യൂണിയനില്‍ ലയിക്കുകയായിരുന്നു.
അന്ന് ഹെല്‍മുട്ട് കോള്‍ ആയിരുന്നു സിഡിയു മേധാവി. അദ്ദേഹത്തിന്റെ തണലിലായിരുന്നു അംഗലയുടെ വളര്‍ച്ച. എന്നാല്‍, അവരെ വില കുറച്ചു കാണുകയും അതിന്റെ വില കൊടുക്കേണ്ടി വരുകയും ചെയ്ത ആദ്യത്തെയോ അവസാനത്തെയോ നേതാവായിരുന്നില്ല കോള്‍.
1999 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം കോളിനെതിരേ ഉയര്‍ന്നതോടെ മെര്‍ക്കല്‍ പാര്‍ട്ടിയില്‍ പരമാധികാരിയായി വളരുകയായിരുന്നു. 2005 നവംബറില്‍ അവര്‍ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാന്‍സലറായി. അതും പ്രഥമ വനിതാ ചാന്‍സലറായി എന്ന വിശേഷണത്തോടെ. ഇപ്പോഴാവട്ടെ പത്തു വര്‍ഷത്തിനിപ്പുറം ആ സ്ഥാനം കൂടുതല്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തിരിക്കുന്നു.
ജര്‍മനിയുടെ പ്രഥമ വനിതാ ചാന്‍സലര്‍ എന്ന വിശേഷണമുള്ള ഡോ.അംഗലാ മെര്‍ക്കല്‍(അംഗല ഡൊറോത്തി കാസ്‌നര്‍) 1954 ജൂലൈ 17 ന് ഹാംബുര്‍ഗിലാണ് മെര്‍ക്കല്‍ ജനിച്ചത്. ഭര്‍ത്താവ് ഡോ. ജോവാഹിം സൗവര്‍. ഇവര്‍ക്ക് മക്കളില്ല.
2013 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആയിരുന്നു ടൈംസിന്റെ ഈയര്‍ ഓഫ് ദ പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.