121

Powered By Blogger

Monday, 30 August 2021

പുതിയ ഉയരങ്ങൾ കീഴടക്കുന്നു: ഏതൊക്കെ മേഖലകളിലെ ഓഹരികളിൽ നിക്ഷേപിക്കാം

മഹാമാരിക്കാലത്തെ മികച്ച പ്രകടനത്തിനുശേഷം ഓഹരി വിപണി ഇപ്പോൾ ഏകീകരണത്തിന്റെ ഘട്ടത്തിലാണ്. ഇടത്തരം, ചെറുകിട ഓഹരികളേക്കാൾ കൂടുതൽ ആകർഷകമായതിനാൽ വൻകിട ഓഹരികളാണിപ്പോൾ കുതിക്കുന്നത്. അടച്ചിടൽ അവസാനിക്കുന്നതോടെ വൻകിട ഓഹരികൾക്കു കൂടുതൽ പ്രയോജനം പ്രതീക്ഷിക്കുന്നതിനാലാണിത്. വിശാല വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ വിലകൾ നീതീകരിക്കത്തക്കതാണ്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വത്തിനിടയിൽ സുരക്ഷിത ആസ്തികളിലേക്കാണ് നിക്ഷേപകർ നീങ്ങുന്നത്. ഉദാര പണനയങ്ങൾ പിൻവലിക്കാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കങ്ങളും പലിശ നിരക്കിൽ വരാനിരിക്കുന്ന വ്യത്യാസവും ഉറ്റു നോക്കുകയാണ് വിപണി. മഹാമാരിക്കാലത്തെ കുതിപ്പിന്റെ പ്രധാന ചാലകമായ ആഗോള വിപണിയിലെ പണമൊഴുക്കിനെ ഇതു ബാധിക്കും. ഉദാരവൽക്കരണത്തിൽനിന്നുള്ള പിൻമാറ്റം എത്രമാത്രം ഉണ്ടാകുമെന്നതു സംബന്ധിച്ച വ്യക്തത കൈവരിക്കാൻ ഈവർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവ് വേണ്ടിവരും. വിപണിയിൽ വർധിക്കുന്ന ചാഞ്ചാട്ടങ്ങളുടേയും ഉൽപന്ന വിലയിലെ വ്യതിയാനങ്ങളുടേയും ഐപിഒയുടേയും ഇടത്തരം, ചെറുകിട ഓഹരികളിലെയും പലിശയുടെ പതനത്തിന്റേയും ഒരുകാരണം ഇതാണ്. യഥേഷ്ടം ഒഴുകിയ പണവും ഉദാരനയങ്ങളും ഓഹരി വിപണിയെ മാത്രമല്ല സമ്പദ് വ്യവസ്ഥയെ പൊതുവേയും ഏറെ സഹായിച്ചിട്ടുണ്ട്. ഈആനുകൂല്യം നിലനിൽക്കുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥക്കു ഗുണംനൽകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ഓഹരി മൂല്യനിർണയം പരമാവധിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതും വിപണിയെ നിയന്ത്രിക്കുന്ന ഒരുഘടകമാണ്. പണമൊഴുക്കു കുറയുകയും കൂടിയവിലകൾ നിലനിൽക്കുകയും ചെയ്യുമ്പോഴും ഹ്രസ്വകാലം മുതൽ ഇടക്കാലത്തേക്കുമാത്രമേ ഏകീകരണത്തിനു സാധ്യതയുള്ളു എന്നാണ് കരുതുന്നത്. കാരണം കുറഞ്ഞ പലിശനിരക്കും ഉദാര നിലപാടുകളും 2023വരെ തുടരുമെന്നാണ് കരുതപ്പെടുന്നത്. കൂടിയ വിലകൾ ലാഭത്തിൽ കുറവുണ്ടാക്കുമെങ്കിലും ലോക സാമ്പത്തികരംഗം വീണ്ടെടുക്കപ്പെടുന്നത് കൂടിയ മൂല്യനിർണയത്തിനു സഹായകരമാകും. ഇതിനൊക്കെ പുറമേ രാഷ്ട്രീയ, ഭൂമിശാസ്ത്രപരമായ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു എന്നതും കാണാതെവയ്യ. പക്ഷേ വിപണിയിൽ ഇത് കാര്യമായി പ്രതിഫലിച്ചിട്ടില്ല. ഇടത്തരം, ചെറുകിട ഓഹരികളിൽ ഇപ്പോൾ നടക്കുന്ന ഏകീകരണം ദീർഘകാല നിക്ഷേപകർക്ക് ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള അവസരം കൂടിയാണു നൽകുന്നത്. ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ വൻകിട ഓഹരികൾ ക്രിയാത്മകമായ പ്രവണത തുടരുകയും ഇടത്തരം, ചെറുകിട ഓഹരികൾ ചില പ്രത്യേക ഓഹരികളിലും മേഖലകളിലും ഒഴികെ ചാഞ്ചാട്ടത്തിനു വിധേയമായിക്കൊണ്ടിരിക്കുകയുംചെയ്യും. വിപണിയിൽ നല്ലപ്രകടനം നടത്തുന്നതിന്, അപകട സാധ്യത കുറഞ്ഞ പുതുകാല ബിസിനസ് വളർച്ചാ അവസരമുള്ള ഓഹരികളിൽ നിക്ഷേപിക്കുകയാണുവേണ്ടത്. പുതിയ സാമ്പത്തിക വ്യവസ്ഥയ്ക്കനുസരിച്ച് നവീന ബിസിനസ് മാതൃകകൾ സൂക്ഷിക്കുന്ന ടെക് കമ്പനികളും കരാറടിസ്ഥാനത്തിലുള്ള ആഗോള നിർമ്മാണ യൂണിറ്റുകളും മികച്ച അവസരമാണു വാഗ്ദാനം ചെയ്യുന്നത്. ലോകമെങ്ങും ആവശ്യക്കാരുള്ള കെമിക്കൽ, ഐടി, ഇലക്ട്രോണിക്, ഫാർമമേഖലകളിൽ കൂടിയ വളർച്ചാ സാധ്യതയുണ്ട്. മൂല്യ നിർണയം കൂടിയ വിപണിയിൽ ഗുണനിലവാരംനോക്കി ഓഹരികൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. അപകടസാധ്യത കുറച്ച് പോർട്ഫോളിയോയെ ബലപ്പെടുത്താൻ അതിനുകഴിയും. ദീർഘകാലാടിസ്ഥാനത്തിൽ ബാങ്കിംഗ് മേഖല ഗുണകരമാണെങ്കിലും ദുർബ്ബലമായ ആസ്തി നിലവാരം സമീപകാല സാധ്യതകളെ ബാധിക്കുന്നുണ്ട്. ലോഹങ്ങൾ, പ്രധാന ഉൽപന്നങ്ങൾ, വാഹനമേഖല, അടിസ്ഥാന വികസനം തുടങ്ങിയ, നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്ന മേഖലകളിലാണ് നിക്ഷേപിക്കേണ്ടത്. ഈ മേഖലകളിലും കടപ്പത്രങ്ങളിലും സ്വർണ ബോണ്ടുകളിലും നിക്ഷേപിക്കുന്നത് പോർട്ഫോളിയോ സന്തുലനത്തിനും ഗുണംചെയ്യും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3gOHMjo
via IFTTT

ചരിത്രം തിരുത്തി വീണ്ടും സെൻസെക്‌സ്: വ്യാപാരം ആരംഭിച്ചയുടനെ 57,000 കടന്നു

മുംബൈ: റെക്കോഡ് ഉയരങ്ങൾ കീഴടക്കി ഓഹരി സൂചികകൾ മുന്നേറുന്നു. ഇതാദ്യമായി സെൻസെക്സ് 57,000 കടന്നു. 127 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,017ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് ഉയർന്ന് 16,970ലുമെത്തി. കഴിഞ്ഞ ഏഴുവ്യാപാര ദിനത്തിനിടെ ആറിലും മികച്ചനേട്ടത്തിലാണ് സൂചികകൾ ക്ലോസ്ചെയ്തത്. അടുത്തകാലത്തൊന്നും നിരക്കുകൾ ഉയർത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് ആഗോളതലത്തിൽ വിപണികളെ ചലിപ്പിച്ചത്. എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, റിലയൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. എഫ്എംസിജി, ഫാർമ ഓഹരികളിലും നേട്ടം പ്രകടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിന്റെ പാതയിലാണ്.

from money rss https://bit.ly/3mKfIkX
via IFTTT

പി.എഫും ആധാറും ഇന്നുകൂടി ലിങ്ക് ചെയ്യാം

കൊച്ചി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) അക്കൗണ്ടിലെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നുമുതൽ ആധാർ നമ്പർ ബന്ധിപ്പിക്കാത്ത ഇ.പി.എഫ്. അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനാകില്ല. മാത്രമല്ല, ജീവനക്കാർക്ക് പി.എഫ്. നിക്ഷേപം പിൻവലിക്കാനും സാധിക്കില്ല. ജീവനക്കാരുടെ പി.എഫ്. അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, മേയ് 30 വരെയായിരുന്നു ഇ.പി.എഫും ആധാറും ബന്ധിപ്പിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. പിന്നീടിത് ഓഗസ്റ്റ് 31 വരെ നീട്ടുകയായിരുന്നു. പി.എഫ്. ആനുകൂല്യങ്ങൾ തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിനും അക്കൗണ്ട് ലളിതമായി കൈകാര്യം ചെയ്യുന്നതിനും ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇ.പി.എഫ്.ഒ. അറിയിക്കുന്നത്. ഇ.പി.എഫ്.ഒ.യുടെ മെംബർ സേവ പോർട്ടൽ വഴിയോ ഇ-കെ.വൈ.സി. പോർട്ടൽ വഴിയോ ആധാറും യു.എ.എന്നും ബന്ധിപ്പിക്കാം. ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ * വെബ് സൈറ്റ് (epfindia.gov.in/eKYC/) സന്ദർശിക്കുക. * ലിങ്ക് യു.എ.എൻ. ആധാർ ഓപ്ഷൻ ക്ലിക് ചെയ്യുക. * യു.എ.എൻ. നൽകി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി. വെരിഫൈ ചെയ്യുക. * ശേഷം ആധാർ വിവരങ്ങൾ നൽകി ആധാർ വെരിഫിക്കേഷൻ മോഡ് (മൊബൈൽ ഒ.ടി.പി. അല്ലെങ്കിൽ ഇ-മെയിൽ) സെലക്ട് ചെയ്യുക. * വീണ്ടും ഒരു ഒ.ടി.പി. ആധാർ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് വരും. ഇത് വെരിഫൈ ചെയ്ത് ലിങ്കിങ് നടപടി പൂർത്തിയാക്കാം.

from money rss https://bit.ly/2WyCqBY
via IFTTT

കല്യാൺ ജൂവലേഴ്‌സ്‌ 147-ാമത്‌ ഷോറൂം നാസിക്കിൽ തുടങ്ങി

നാസിക്ക്:ഇന്ത്യയിലെ മുൻനിര ആഭരണ കമ്പനികളിലൊന്നായ കല്യാൺ ജൂവലേഴ്സിന്റെ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കിൽ തുടങ്ങി. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാൻഡ് അംബാസഡറായ പൂജ സാവന്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരൺപുർ റോഡിലാണ് ഷോറൂം. കല്യാൺ ജൂവലേഴ്സിന്റെ മഹാരാഷ്ട്രയിലെ ഒൻപതാമത്തെയും നാസിക്കിലെ ആദ്യത്തെയും ഷോറൂമാണിത്. ജനപ്രീതിയാർജിച്ച കല്യാൺ ബ്രാൻഡുമായുള്ള ബന്ധം സന്തോഷകരമാണെന്ന് ഉപയോക്താക്കളുമായി നടത്തിയ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയിൽ പൂജ സാവന്ത് പറഞ്ഞു. നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂർണമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സുരക്ഷയും മുൻകരുതലും എല്ലാ ഷോറൂമുകളിലുമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് പരമാവധി മൂല്യം ഉറപ്പുനൽകുന്നതിനായി ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം ഇളവും പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവും നൽകും. അൺകട്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെ ഇളവും നൽകും. ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. ആകെ തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. നവവധുക്കൾക്കായുള്ള ആഭരണങ്ങളായ മുഹൂർത്ത്, പോൾക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാൽ തീർത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിൾ ജൂവലറിയായ നിമാഹ്, നൃത്തംചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയ എന്നിവയെല്ലാം ഷോറൂമിലുണ്ട്.

from money rss https://bit.ly/3ywoh58
via IFTTT

കുതിപ്പിൽ വിപണി: നിഫ്റ്റി 17,000ലേക്ക്, സെൻസെക്‌സ് 765 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: എക്കാലത്തെയും ഉയരംകുറിച്ച് ഓഹരി സൂചികകൾ ജൈത്രയാത്ര തുടരുന്നു. സെൻസെക്സ് 765.04 പോയന്റ് നേട്ടത്തിൽ 56,889.76ലും നിഫ്റ്റി 225.80 പോയന്റ് ഉയർന്ന് 16,931ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. വ്യാപാരദനത്തിലുടനീളം സൂചികകൾ കുതിപ്പ് നിലനിർത്തി. യുഎസ് ഫെഡ് റിസർവ് മേധാവിയുടെ പ്രഖ്യാപനമാണ് ആഴ്ചകളായി നിലനിന്ന ആശങ്കക്ക് വിരാമമിട്ടത്. വാക്സിനേഷൻ വ്യാപകമായതോടെ പ്രതീക്ഷിച്ചതിലും വേഗത്തിൽ സമ്പദ്ഘടനക്ക് തിരിച്ചുവരാൻ കഴിയുമെന്ന നീതി ആയോഗ് വൈസ് ചെയർമാന്റെ പ്രസ്താവനയും വിപണിക്ക് ആത്മവിശ്വാസംനൽകി. ഭാരതി എയർടെൽ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ്, നെസ് ലെ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. മെറ്റൽ, ഫാർമ, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ രണ്ടുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3sWccoJ
via IFTTT

കോവിഡ്: ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബർ 30വരെ നീട്ടി

ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവുയും ഹെൽത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബർ 30വരെ നീട്ടി. ഓഗസ്റ്റ് 31വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്. കോവിഡ് വാക്സിൻ, ഓക്സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാംതവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവഡ് വ്യാപനതോത് ഉയർന്നുനിൽക്കുന്നതിനാൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും ഓക്സിജൻ ലഭ്യതയെ ബാധിക്കുകയുംചെയ്ത സാഹചര്യത്തിലാണ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്റുകൾ, ജനറേറ്റർ, വെന്റിലേറ്റർ തുടങ്ങിയവയുടെഇറക്കുമതിക്കായിരുന്നുഇളവ് നൽകിയത്.

from money rss https://bit.ly/3jsJN6t
via IFTTT

അവകാശ ഓഹരി വില്പനയിലൂടെ ഭാരതി എയർ ടെൽ 21,000 കോടി സമാഹരിക്കും

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാവായ ഭാരതി എയർടെൽ അവകാശ ഓഹരി വില്പനയിലൂടെ 21,000 കോടി രൂപ സമാഹരിക്കും. 535 രൂപ നിരക്കിൽ 1ഃ14 അനുപാതത്തിലായിരിക്കും ഓഹരി അനുവദിക്കുക. അതായത് ഭാരതി എയർടെലിന്റെ 14 ഓഹരികൾ ഉള്ളവർക്ക് ഒരു ഓഹരി വാങ്ങാൻ അനുമതി ലഭിക്കും. 25 ശതമാനം തുകയാണ് അപേക്ഷക്കൊപ്പം നൽകേണ്ടത്. ബാക്കിയുള്ളതുക രണ്ടോ മൂന്നോ ഘട്ടങ്ങളായി 36 മാസത്തിനുള്ളിലായിരിക്കും സ്വീകരിക്കുക. സ്ഥാപക ചെയർമാൻ സുനിൽ മിത്തലും മറ്റ് ഉന്നതരും ഓഹരി വാങ്ങും. എജിആർ കുടിശ്ശിക അടക്കുക, നെറ്റ് വർക്ക് വിപുലൂകരിക്കുക, 5 ജി സേവനം ആരംഭിക്കുക എന്നിവക്കായിരിക്കും സമാഹരിക്കുന്ന പണം വിനിയോഗിക്കുക. റിലയൻസ് ജിയോയുമായി മത്സരിക്കാൻ പുതിയ നീക്കങ്ങൾ അനിവാര്യമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതേസമയം, അവകാശ ഓഹരി വില്പനയിലൂടെ സമാഹരിക്കുന്ന പണം വിനിയോഗിക്കുന്നതിനെക്കുറിച്ച് കമ്പനി പരാമർശിച്ചിട്ടില്ല. അവകാശ ഓഹരി വില്പന തീരുമാനം പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില 609 നിലവാരത്തിലെത്തി. നിലവിൽ കമ്പനിയിലെ പ്രൊമോട്ടർമാർക്ക് 55.86ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. അവകാശ ഓഹരി ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു). ഉദാഹരണത്തിന് റൈറ്റ്സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്സ് മുഖവിലയ്ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കിൽകൂടി, നിലവിലുള്ള മാർക്കറ്റ് വിലയിൽ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫർ പ്രൈസ്. ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തിൽ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാർക്കറ്റ് വിലയായ 100 രൂപയിൽ നിന്നും 20 രൂപ താഴ്ത്തിയാണ് നൽകപ്പെടുന്നത്. അതിനാൽ ഇതും ഓഹരിയുടമകൾക്ക് ലഭിക്കുന്ന മെച്ചം തന്നെ.

from money rss https://bit.ly/2WBxgEU
via IFTTT