121

Powered By Blogger

Sunday 18 August 2019

ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളില്‍നിന്ന് 1200ലേറെ റസ്റ്റോറന്റുകള്‍ പിന്മാറി

ന്യൂഡൽഹി: 1,200ലേറെ റസ്റ്റോറന്റുകൾ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം നിർത്തി. സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തർക്കങ്ങളെതുടർന്നാണ് പിന്മാറ്റം. മുംബൈ, ഡൽഹി, ബെംഗളുരു, കൊൽക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ക്ഷഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്. ഓൺലൈൻ സ്ഥാപനങ്ങൾ വൻതോതിൽ കിഴിവ് നൽകുന്നത് ബിസിനസിനെ ബാധിക്കുമെന്നതിന്ന വിലയിരുത്തലിനെതുടർന്നാണിത്. പെട്ടെന്നുള്ള പിന്മാറ്റത്തിനെതിരെ സൊമാറ്റോ രംഗത്തുവന്നിട്ടുണ്ട്. കരാർപ്രകാരം 45 ദിവസത്തെ നോട്ടീസ് നൽകിയതിനുശേഷം മാത്രമേ പിന്മാറാവൂയെന്നാണ് സൊമാറ്റോ പറയുന്നത്.

from money rss http://bit.ly/33EUPeR
via IFTTT

ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവം

എ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളിലേക്കെത്തിച്ചു. സൂപ്പർമാർക്കറ്റുകളെയും കടകളെയും പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയുന്ന എ.ടി.എമ്മുകളാക്കി മാറ്റുകയാണ് ഇവർ. ലോകത്ത് ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ തിളക്കമേറിയ സ്റ്റാർട്ട് അപ്പായി മാറുകയാണ് ഇന്ന് 'സോക്യാഷ്'. എ.ടി.എം. തേടി അലയാതെ തൊട്ടടുത്തുള്ള കടകളിൽനിന്ന് പണം പിൻലിക്കാനുള്ള സൗകര്യമാണ് മൊബൈൽ ആപ്പിലൂടെ സോക്യാഷ് പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. ഓരോ ദിവസത്തെയും പണം ബാങ്കിൽ ചെന്ന് നിക്ഷേപിക്കാനുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടും സോക്യാഷ് പരിഹരിക്കുന്നു. അതായത്, സോക്യാഷ് ആപ്പുമായി എത്തുന്ന ഉപഭോക്താവിന് തന്റെ അക്കൗണ്ടിലെ പണം കടയിൽനിന്ന് ആവശ്യാനുസരണം പിൻവലിക്കാനാകുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്നു പോയ പണം വ്യാപാരിയുടെ അക്കൗണ്ടിലെത്തുന്നു. ബാങ്കുകൾക്കാകട്ടെ, എ.ടി.എം. നടത്തിപ്പിന്റെ തലവേദന കുറയ്ക്കാമെന്ന നേട്ടവും. കറൻസി ക്രയവിക്രയം എളുപ്പത്തിലാക്കുന്ന മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് സോക്യാഷ്. ചുരുക്കത്തിൽ സമ്പദ്ഘടനയിൽ കൃത്യമായ പണം കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഹരിയും രേഖയും കൂടി സോക്യാഷിലൂടെ ഒരുക്കുന്നത്. കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ (ഇപ്പോൾ എൻ.ഐ.ടി.) നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി കോഗ്നിസന്റ്, എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവിടങ്ങളിൽ സോഫ്റ്റ്വേർ എൻജിനീയറായി കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ഹരി സിങ്കപ്പൂരിലേക്ക് പോയത്. അവിടെ, സിറ്റി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ ഡിജിറ്റൽ ബാങ്കിങ് വിഭാഗത്തിന്റെ മേധാവിയായി. മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ആറു വർഷത്തിനു ശേഷം, സിങ്കപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡി.ബി.എസിൽ ഡിജിറ്റൽ ബാങ്കിങ് മേധാവിയായി ചേർന്നു. പിന്നീട് റെമിറ്റൻസ് വിഭാഗത്തിന്റെയും തലവനായി. അവിടെ ആയിരിക്കുമ്പോഴാണ് പണം കൈമാറ്റത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുന്നത്. പലപ്പോഴും തിരക്കില്ലാത്ത ഇടങ്ങളിലെ എ.ടി.എമ്മുകളിലും ബാങ്ക് ശാഖകളിലും കോടിക്കണക്കിന് കറൻസി നോട്ടുകൾ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് മനസ്സിലാക്കുന്നത് അങ്ങനെയാണ്. എ.ടി.എം. കൗണ്ടറിന്റെ വാടക, വൈദ്യുതി, സെക്യൂരിറ്റി എന്നീ ആവശ്യങ്ങൾക്കായി വൻ തുകയാണ് നഷ്ടമാകുന്നത്. സുരക്ഷിതമായ വാഹനങ്ങളിൽ ഇത്തരം എ.ടി.എമ്മുകളിൽ ചെന്ന് പണം നിറയ്ക്കാനുള്ള ചെലവ് വേറെ. ചില നേരത്താണെങ്കിൽ എ.ടി.എമ്മിൽ പണമില്ലാതെ ആവശ്യക്കാർ നെട്ടോട്ടമോടുന്നു. ഇതാണ് 'സോക്യാഷ്' എന്ന ആശയത്തിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചതെന്ന് സോക്യാഷിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ ഹരി ശിവൻ പറയുന്നു. ഡി.ബി.എസിലെ തിളക്കമാർന്ന ജോലി ഉപേക്ഷിച്ച് 2016-ലാണ് ഹരി സോക്യാഷിന് തുടക്കമിട്ടത്. സിറ്റി ബാങ്കിന്റെ പ്രോജക്ടിൽ എൻജിനീയറായിരുന്ന ഭാര്യ രേഖ ഹരിയും ഒപ്പംകൂടി. എൻജിനീയറിങ്, ബാങ്കിങ് മേഖലകളിലെ പരിചയം ഇരുവർക്കും മുതൽക്കൂട്ടായി. പദ്ധതിക്ക് അനുമതി തേടി സിങ്കപ്പൂരിലെ കേന്ദ്രബാങ്കായ 'മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂരി'നെ സമീപിച്ചപ്പോൾ അനുമതിക്കു പുറമെ, രണ്ടു ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ക്യു.ആർ. കോഡിന്റെ സഹായത്തോടെ പണം കൈമാറ്റം സാധ്യമാക്കുന്ന മൊബൈൽ ആപ്പാണ് സോക്യാഷ് വികസിപ്പിച്ചത്. ഒരു വർഷത്തിലേറെയെടുത്ത് സാങ്കേതിക വിദ്യ പൂർത്തിയാക്കിയതോടെ സ്റ്റാർഡേർഡ് ചാർട്ടേഡുമായി ധാരണയിലെത്താനായി. തൊട്ടുപിന്നാലെ സിങ്കപ്പൂരിലെ പണമിടപാടിന്റെ 70 ശതമാനവും കൈയാളുന്ന ഡി.ബി.എസ്. ബാങ്കുമായും ധാരണയിലെത്തി. ഈ രണ്ട് ബാങ്കിനും പുറമെ, പി.ഒ.എസ്.ബി., ഐ.സി.ബി.സി. എന്നിവയെയും പാർട്ണർ ബാങ്കുകളാക്കി മാറ്റാൻ ഇതിനോടകം സാധിച്ചു. കഴിഞ്ഞ 16 മാസങ്ങളിലായി 15 ലക്ഷം ഇടപാടുകളാണ് സോക്യാഷിലൂടെ നടന്നത്. ഗുണഭോക്താക്കളുടെ എണ്ണം 1.25 ലക്ഷത്തിനടുെത്തത്തിയെന്നും ഹരി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനും വായ്പയ്ക്ക് അപേക്ഷ നൽകാനും സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ കൂടി ലഭ്യമാക്കുകയാണ് സോക്യാഷ് ഇപ്പോൾ. ഇതിലൂടെ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക വരുമാനത്തിന് അവസരമൊരുക്കുകയാണ്. ജാപ്പനീസ് കമ്പനിയായ ഗ്ലോറി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ 'എസ്.സി.വെഞ്ച്വേഴ്സ്' എന്നിവയിൽ നിന്നടക്കം ഈയിടെ 60 ലക്ഷം ഡോളറിന്റെ (42 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. ഇതുപയോഗിച്ച് മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഹരി വ്യക്തമാക്കി. സിങ്കപ്പൂർ, മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അവിടെ പണം പിൻവലിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു വരികയാണ്. ഇതിനായി ഇന്ത്യയിലെ ഏതാനും ബാങ്കുകളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ സോക്യാഷ് സേവനം എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഹരി വ്യക്തമാക്കി. കനറാ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ച പി.എൻ. ശിവന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. സുശീല ശിവന്റെയും മകനാണ് ഹരി. roshan@mpp.co.in

from money rss http://bit.ly/2z500H7
via IFTTT

സെന്‍സെക്‌സില്‍ 225 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി വിപണിയിൽ പ്രതീക്ഷയോടെ തുടക്കം. സെൻസെക്സ് 225 പോയന്റ് നേട്ടത്തിൽ 37575ലും നിഫ്റ്റി 62 പോയന്റ് ഉയർന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 921 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 573 ഓഹരികൾ നഷ്ടത്തിലുമാണ്. ഫാർമ, ഐടി, ബാങ്ക്, വാഹനം, എഫ്എംസിജി, ഇൻഫ്ര, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഒഎൻജിസി, ഗെയിൽ, മാരുതി സുസുകി, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2P1E4r9
via IFTTT

അയല്‍പക്കത്തേക്ക് എത്തുന്ന ജനാലകള്‍ അടയ്ക്കുക

'അയലത്തെ അദ്ദേഹം' എന്ന സിനിമയുടെ അവസാനഭാഗത്ത് അതീവഹൃദ്യതയാർന്ന ഒരു രംഗമുണ്ട്... തൊട്ടടുത്ത വീട്ടിലേക്ക് എത്തിനോക്കാൻ സഹായകരമായ തരത്തിലുള്ള ജനാല അടയ്ക്കുന്നതാണത്. തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ സ്വസ്ഥതയ്ക്ക് അത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് നായകൻ അത് ചെയ്യുന്നത്. ജയറാമും ഗൗതമിയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രം ഇന്നും സിനിമാസ്വാദക മനസ്സുകളിൽ നിറച്ചാർത്തോടെ നിലനിൽക്കുന്നു. തങ്ങളുടെ അയൽപക്കത്ത് താമസിക്കുന്ന ദമ്പതിമാരുടെ ജീവിതരീതി കണ്ട്, അതനുസരിച്ച് ജീവിക്കാൻ പരിശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ ദയനീയ ചിത്രമാണ് സിനിമയുടെ ഇതിവൃത്തം. ഒടുവിൽ അത് ശരിയായ നിഗമനമല്ലെന്ന നിലപാടിൽ കുടുംബം എത്തിച്ചേരുന്നു. വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നതും വിൽക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും 'ഉപഭോക്താവിന്റെ സംതൃപ്തി'യുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതുകൊണ്ടാണ്, ഉപഭോക്താവിന്റെ താത്പര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കമ്പോളങ്ങൾ വിപുലമാവുന്നത്. എന്നാൽ, ഉപഭോക്താവിന്റെ സംതൃപ്തിയാവട്ടെ ഒരു പരിധിവരെ ആപേക്ഷികമാണ്. അത് സ്വന്തം താത്പര്യങ്ങളെ മാത്രമല്ല, അയൽപക്കത്തുകാർ അഥവാ മറ്റുള്ളവരുടെ ഉപഭോഗവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. മറ്റുള്ളവർ എന്തൊക്കെ വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നുവെന്നത് ഒരാളുടെ ഉപഭോഗതാത്പര്യങ്ങളെ സ്വാധീനിക്കുന്നതായി സാമ്പത്തികപഠനങ്ങൾ തെളിയിക്കുന്നു. സാമ്പത്തികശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ 'കോൺസ്പീക്കസ് കൺസപ്ഷൻ' എന്ന പദമുപയോഗിച്ചാണ് വിശദീകരിക്കുന്നത്. പ്രശസ്ത നോർവീജിയൻ സാമ്പത്തികശാസ്ത്രജ്ഞനായ 'തോർസ്റ്റീൻ വെബ്ലൻ' സമ്പത്തും വരുമാനവും പ്രദർശിപ്പിക്കാനുതകുന്ന വസ്തുക്കൾ വാങ്ങി പ്രദർശിപ്പിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ കാണിക്കാനുപയോഗിച്ച പദമാണിത്. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി സമ്പന്നരുടെ ഇടയിൽ വളർന്നുവന്ന ഉപഭോഗപ്രവണതെയ ഈ പദംകൊണ്ട് വെബ്ലൻ വിശദീകരിച്ചു. ആഡംബരവസ്തുക്കൾക്ക് 'വെബ്ലൻ വസ്തുക്കൾ' എന്ന പേരുവരെ ഉണ്ടായി. ഈ വസ്തുക്കളുടെ പ്രത്യേകത, 'വില ഉയരുമ്പോൾ ഡിമാൻഡ് വർധിക്കുന്നു' എന്നതാണ്. ഉയർന്ന സാമ്പത്തികശ്രേണിയിൽപ്പെട്ടവർ ഉപയോഗിക്കുന്ന വസ്തുക്കൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന മദ്ധ്യവർഗക്കാരുടെ ഈ പ്രവണതയ്ക്ക് 'ജയിസ് ഡ്യൂസെൻബെറി' എന്ന സാമ്പത്തികശാസ്ത്രജ്ഞൻ 'പ്രകടനപ്രഭാവം' അഥവാ 'ഡെമോൺസ്ട്രേഷൻ ഇഫക്ട്' എന്നാണ് പേരുനൽകിയത്. 'അനുകരണ പ്രവണത' എന്നും ഇതിനെ വിവക്ഷിക്കാനാവുന്നതാണ്. ഈ പ്രകടനമനോഭാവത്തിന് പ്രാദേശികവും അന്തർദേശീയവുമായ മാനങ്ങളുണ്ട്. അത് ചിലർക്ക് ഭക്ഷണവും മറ്റു ചിലർക്ക് കാർ പോലുള്ള വാഹനങ്ങളും വേറെ പലർക്കും വിവാഹം പോലുള്ള ആഘോഷാവസരത്തിലുള്ള പൊങ്ങച്ചവുമായിട്ടാണ് പൊതുവെ ഏറെ നിഴലിച്ചുകാണപ്പെടുന്നത്. ടൂറിസം പോലുള്ള മേഖലകളിലും യാത്രകളിലും ഈ പ്രവണത അനാരോഗ്യകരമായി ഏറിവരുന്നുണ്ട്. ഉദാഹരണത്തിന്, ഒരാൾ താൻ സന്ദർശിച്ചിട്ടുള്ള രാജ്യങ്ങളുടെ പേരുപറയുമ്പോഴും ഈ പൊങ്ങച്ചമനോഭാവം നിഴലിക്കുന്നത് കാണാനാവുന്നു. ജീവിതം മെച്ചപ്പെടണമെന്ന ആഗ്രഹമില്ലാത്തവരില്ല... എന്നാൽ, മെച്ചപ്പെടുന്നത് ഇപ്രകാരമുള്ള അനുകരണ മനോഭാവത്തിലൂടെയാവരുത്. അയൽപക്കത്തുള്ളവർക്ക് ഉള്ളതുപോലുള്ള വസ്തുക്കൾ തങ്ങൾക്കുമുണ്ടാവണമെന്ന് ആഗ്രഹിക്കുന്നതിനേക്കാളുമപ്പുറം അവർക്കുള്ളതിനേക്കാളധികമായും മുന്തിയതും ഉണ്ടാവണമെന്ന വാശിയും ഈ പ്രവണണതയുടെ ദയനീയമായ തലമാണ്. മറ്റുള്ളവരുടെ പ്രവർത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും അത് അനുകരിക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുന്നു. കാരണം, അത് നിലവിലുള്ള ഉപഭോഗരീതിയിൽ അസന്തുഷ്ടി സൃഷ്ടിക്കുകയും സമ്പാദ്യനിരക്കിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഈ അസംതൃപ്തിയുടെ ഫലമായി ചിലരിലെങ്കിലും ജീവിത്തോടുതന്നെ മടുപ്പ് തോന്നിപ്പിക്കുന്ന നിഷേധാത്മക വികാരമായി പരിണമിക്കുകയും ചെയ്യുന്നു. അതുവഴി ജീവിതത്തിൽനിന്ന് ഒളിച്ചോടിയ അവസ്ഥയുണ്ടായവരും ഉണ്ട്. 'തനിക്കില്ലാത്തത് പലതും ഉണ്ട്' എന്ന് കാണിക്കാനുള്ള ഈ 'പൊങ്ങച്ചമനോഭാവം' ചിലരിലെങ്കിലും സ്ഥിരോത്സാഹവും വളർച്ചയും സൃഷ്ടിക്കുമെന്നതും ശരിയാണ്. എന്നാൽ, ആവശ്യത്തിന് വിശ്രമത്തിനോ ജീവിതാസ്വാദനത്തിനോ മുതിരാതെ, പുതിയ ജീവിതശൈലീരോഗങ്ങളുടെ അടിമയായി ഇതുമൂലം പലരും മാറുന്നു. പെെട്ടന്ന് പണക്കാരായവരും അധ്വാനിക്കാത്ത പണം കൈയിൽ വന്നുചേർന്നവരുമാണ് ഈ പ്രവണതയ്ക്ക് ഏറെ അടിമപ്പെടുന്നത്. സാമ്പത്തികരംഗത്ത് മദ്ധ്യവർഗത്തിന്റെ വളർച്ചയും മറ്റൊരു കാരണമായി. മിതവ്യയം എന്നത് കേവലം ഒരു വികാരമെന്നതിനുമപ്പുറം അത് തീരുമാനവുമാണ്. മലയാളഭാഷയിലെ ഒരു പ്രശസ്തനായ എഴുത്തുകാരൻ എഴുതാനുള്ള സൗകര്യത്തിനായി ഒരു ഒറ്റമുറി ഫ്ളാറ്റ് വാങ്ങി അതിലേക്ക് താമസം മാറിയെന്ന് പറയുകയുണ്ടായി. പണ്ട് വിശാലമായ തെങ്ങിൻതോപ്പും പുഴയും എഴുത്തുകാരുടെ ഊർജവും ആവേശവുമായി പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് സങ്കൽപ്പങ്ങൾ മാറിമറിയുകയാണ്. താൻ ഒരു 'ബെൻസ്' കാർ വാങ്ങിയ കാര്യം മറ്റുള്ളവരെ അറിയിക്കാൻ എന്താണ് വഴിയെന്നാലോചിച്ച് പുതുപണക്കാരനായ വിദേശമലയാളി ചെയ്തത് വളരെ രസകരമായ കഥയാണ്. അടുത്ത ഞായറാഴ്ച പള്ളിയിൽ പോയാൽ എല്ലാ മലയാളിസുഹൃത്തുക്കളെയും തന്റെ പുതിയ കാർ കാണിക്കാനാവുമെന്ന് അയാൾ കണക്കുകൂട്ടി. എന്നാൽ ആ ദേവാലയത്തിൽ പാർക്കിങ് സ്ഥലം പരിമിതമായതിനാൽ, പുറത്ത് റോഡിലാണ് കൂടുതൽ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് എന്ന ചിന്ത അദ്ദേഹത്തെ ഭാരപ്പെടുത്തി. ഒടുവിൽ ശനിയാഴ്ച വൈകുന്നേരമായപ്പോൾ ദേവാലയത്തിൽ കൊണ്ടുപോയി കാർ പാർക്ക് ചെയ്തു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത സംഭവകഥയാണ്. 'മിതവ്യയത്തിന്റെ സംസ്കാരം' വലിയ മനസ്സുകളുടെ പ്രത്യേകതയാണ്. 'റിച്ചാർഡ് ഹാൻഡി' അഭിപ്രായപ്പെട്ടതുപോലെ, 'പുറമെ കാണുന്ന അനാവശ്യമായ ഓരോ ആഡംബരവും ആന്തരിക ശൂന്യതയുടേയും മാനസിക അതൃപ്തിയുടേയും അടയാളമാണ്'.

from money rss http://bit.ly/2TNLixB
via IFTTT

കാർഡ് വഴി രാത്രി പണം കൈമാറേണ്ടെന്ന് എസ്.ബി.ഐ.

കണ്ണൂർ: എ.ടി.എം. കാർഡ് ഉപയോഗിച്ച് രാത്രിയിൽ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാർഡ്. രാത്രി 11 മുതൽ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്. തട്ടിയെടുക്കുന്ന കാർഡ് ഉപയോഗിച്ചും മറ്റും വൻതോതിൽ പണം കൈമാറുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണിത്. നിലവിൽ 40,000 രൂപവരെ എ.ടി.എം. വഴി വേറെ അക്കൗണ്ടിലേക്കോ കാർഡിലേക്കോ കൈമാറാൻ സൗകര്യമുണ്ടായിരുന്നു. വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി വന്നതോടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ഇതോടെയാണ് രാത്രി 11 മുതൽ രാവിലെ ആറുവരെ ഈ സൗകര്യം പൂർണമായി നിർത്തിയത്. content highlights:sbi bans money transfer using atm card in night

from money rss http://bit.ly/2PiNij1
via IFTTT

കോടിയുടുത്ത് ഓണവിപണി; ഇനി മത്സരകാലം

കൊച്ചി: ഓണമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണി സജീവമായി. ഗൃഹോപകരണ വിപണിയിലാണ് ആദ്യ ഉണർവ് കാണുന്നത്. ടെലിവിഷൻ, വാഷിങ് മെഷിൻ, റഫ്രിജറേറ്റർ, എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും വാങ്ങാൻ തിരക്കാരംഭിച്ചതായി വ്യാപാരികൾ പറയുന്നു. ഉപഭോക്താക്കൾക്കായി ഓഫറുകളും ഡിസ്കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ പരിസ്ഥിതിസൗഹൃദ ഉത്പന്നങ്ങളുമായാണ് മിക്കവരും വിപണിയിൽ എത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ടെക്നോളജി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് പുതുതലമുറക്കാരെയാണ്. ഇവരാണ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. ഓരോ ഉത്പന്നത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കിയാവും ഇവരുടെ വരവ്. ഓണക്കാല വിൽപ്പന എല്ലാ കമ്പനികളെ സംബന്ധിച്ചും നിർണായകമായതിനാൽ, ഏറ്റവും പുതിയ ഉത്പന്നങ്ങളുമായാണ് അവരുടെ വരവ്. കൂടുതൽ വലിപ്പമുള്ള ടി.വി. ആളുകളെ കൂടുതൽ ആകർഷിക്കുന്നുവെന്നാണ് വിപണിയിലെ ആദ്യസൂചനകൾ. വീട്ടിൽത്തന്നെ തിയേറ്റർ അനുഭവം പ്രദാനം ചെയ്യുന്നതാണിതെന്ന് ഉപഭോക്താക്കൾ പറയുന്നു. സിനിമ, ലൈവ് മത്സരങ്ങൾ എന്നിവയും ബിഗ്സ്ക്രീനിൽ കാണാൻ ആളുകൾക്ക് താത്പര്യം ഏറിയിട്ടുണ്ട്. വലിപ്പം മാത്രമല്ല, ബ്രാൻഡ്, വാറന്റി, വിൽപ്പനാനന്തര സേവനം, ഇഷ്ടമുള്ള കടകൾ എന്നിവയും ആളുകൾ പരിഗണിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് എക്സ്റ്റൻഡഡ് വാറന്റിയും കാഷ്ബാക്കും മറ്റ് ഓഫറുകളും നൽകുന്നുണ്ട്. റഫ്രിജറേറ്ററിലും വലിപ്പം ഒരു ഘടകമായിക്കഴിഞ്ഞു. കൂടുതൽ ടെക്നോളജിയും സൗകര്യങ്ങളുമുള്ളവ വാങ്ങാനാണ് താത്പര്യം കൂടിയിരിക്കുന്നത്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജോലിയുള്ളവർ, സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് എന്നിവ കണക്കാക്കിയാണ് ഫ്രിഡ്ജുകൾ ആളുകൾ വാങ്ങിയിരുന്നതെങ്കിലും ഇപ്പോൾ കൂടുതൽ സൗകര്യങ്ങളും ആളുകൾ നോക്കുന്നുണ്ട്. സ്റ്റാർ റേറ്റിങ്, ബ്രാൻഡ്, വാറന്റി എന്നിവയ്ക്ക് പ്രാധാന്യമേറി. പുതുതലമുറയ്ക്ക് നിറവും പ്രധാനമാണ്. മൈക്രോവേവ് ഓവന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭക്ഷണം ചൂടാക്കാൻ മാത്രമാണ് മിക്കവരും ഓവൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇതു മാറിയിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങളുള്ള ഇനങ്ങൾ തേടി ഉപഭോക്താക്കൾ എത്തുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. Content Highlights:Electronic products to conquer Onam market

from money rss http://bit.ly/2OWB1Af
via IFTTT