121

Powered By Blogger

Sunday, 18 August 2019

ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവം

എ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളിലേക്കെത്തിച്ചു. സൂപ്പർമാർക്കറ്റുകളെയും കടകളെയും പണം പിൻവലിക്കാനും നിക്ഷേപിക്കാനും കഴിയുന്ന എ.ടി.എമ്മുകളാക്കി മാറ്റുകയാണ് ഇവർ. ലോകത്ത് ഫിനാൻഷ്യൽ ടെക്നോളജി രംഗത്തെ തിളക്കമേറിയ സ്റ്റാർട്ട് അപ്പായി മാറുകയാണ് ഇന്ന് 'സോക്യാഷ്'. എ.ടി.എം. തേടി അലയാതെ തൊട്ടടുത്തുള്ള കടകളിൽനിന്ന് പണം പിൻലിക്കാനുള്ള സൗകര്യമാണ് മൊബൈൽ ആപ്പിലൂടെ സോക്യാഷ് പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. ഓരോ ദിവസത്തെയും പണം ബാങ്കിൽ ചെന്ന് നിക്ഷേപിക്കാനുള്ള വ്യാപാരികളുടെ ബുദ്ധിമുട്ടും സോക്യാഷ് പരിഹരിക്കുന്നു. അതായത്, സോക്യാഷ് ആപ്പുമായി എത്തുന്ന ഉപഭോക്താവിന് തന്റെ അക്കൗണ്ടിലെ പണം കടയിൽനിന്ന് ആവശ്യാനുസരണം പിൻവലിക്കാനാകുന്നു. ഉപഭോക്താവിന്റെ അക്കൗണ്ടിൽനിന്നു പോയ പണം വ്യാപാരിയുടെ അക്കൗണ്ടിലെത്തുന്നു. ബാങ്കുകൾക്കാകട്ടെ, എ.ടി.എം. നടത്തിപ്പിന്റെ തലവേദന കുറയ്ക്കാമെന്ന നേട്ടവും. കറൻസി ക്രയവിക്രയം എളുപ്പത്തിലാക്കുന്ന മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് സോക്യാഷ്. ചുരുക്കത്തിൽ സമ്പദ്ഘടനയിൽ കൃത്യമായ പണം കൈമാറ്റം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് ഹരിയും രേഖയും കൂടി സോക്യാഷിലൂടെ ഒരുക്കുന്നത്. കോഴിക്കോട് റീജണൽ എൻജിനീയറിങ് കോളേജിൽ (ഇപ്പോൾ എൻ.ഐ.ടി.) നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി കോഗ്നിസന്റ്, എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവിടങ്ങളിൽ സോഫ്റ്റ്വേർ എൻജിനീയറായി കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ഹരി സിങ്കപ്പൂരിലേക്ക് പോയത്. അവിടെ, സിറ്റി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഒരു വർഷത്തിനുള്ളിൽ ഡിജിറ്റൽ ബാങ്കിങ് വിഭാഗത്തിന്റെ മേധാവിയായി. മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. ആറു വർഷത്തിനു ശേഷം, സിങ്കപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡി.ബി.എസിൽ ഡിജിറ്റൽ ബാങ്കിങ് മേധാവിയായി ചേർന്നു. പിന്നീട് റെമിറ്റൻസ് വിഭാഗത്തിന്റെയും തലവനായി. അവിടെ ആയിരിക്കുമ്പോഴാണ് പണം കൈമാറ്റത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ആലോചിക്കുന്നത്. പലപ്പോഴും തിരക്കില്ലാത്ത ഇടങ്ങളിലെ എ.ടി.എമ്മുകളിലും ബാങ്ക് ശാഖകളിലും കോടിക്കണക്കിന് കറൻസി നോട്ടുകൾ ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് മനസ്സിലാക്കുന്നത് അങ്ങനെയാണ്. എ.ടി.എം. കൗണ്ടറിന്റെ വാടക, വൈദ്യുതി, സെക്യൂരിറ്റി എന്നീ ആവശ്യങ്ങൾക്കായി വൻ തുകയാണ് നഷ്ടമാകുന്നത്. സുരക്ഷിതമായ വാഹനങ്ങളിൽ ഇത്തരം എ.ടി.എമ്മുകളിൽ ചെന്ന് പണം നിറയ്ക്കാനുള്ള ചെലവ് വേറെ. ചില നേരത്താണെങ്കിൽ എ.ടി.എമ്മിൽ പണമില്ലാതെ ആവശ്യക്കാർ നെട്ടോട്ടമോടുന്നു. ഇതാണ് 'സോക്യാഷ്' എന്ന ആശയത്തിലേക്ക് തന്നെ കൊണ്ടു ചെന്നെത്തിച്ചതെന്ന് സോക്യാഷിന്റെ ഫൗണ്ടറും സി.ഇ.ഒ.യുമായ ഹരി ശിവൻ പറയുന്നു. ഡി.ബി.എസിലെ തിളക്കമാർന്ന ജോലി ഉപേക്ഷിച്ച് 2016-ലാണ് ഹരി സോക്യാഷിന് തുടക്കമിട്ടത്. സിറ്റി ബാങ്കിന്റെ പ്രോജക്ടിൽ എൻജിനീയറായിരുന്ന ഭാര്യ രേഖ ഹരിയും ഒപ്പംകൂടി. എൻജിനീയറിങ്, ബാങ്കിങ് മേഖലകളിലെ പരിചയം ഇരുവർക്കും മുതൽക്കൂട്ടായി. പദ്ധതിക്ക് അനുമതി തേടി സിങ്കപ്പൂരിലെ കേന്ദ്രബാങ്കായ 'മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂരി'നെ സമീപിച്ചപ്പോൾ അനുമതിക്കു പുറമെ, രണ്ടു ലക്ഷം ഡോളർ ഗ്രാന്റ് അനുവദിച്ചു. ക്യു.ആർ. കോഡിന്റെ സഹായത്തോടെ പണം കൈമാറ്റം സാധ്യമാക്കുന്ന മൊബൈൽ ആപ്പാണ് സോക്യാഷ് വികസിപ്പിച്ചത്. ഒരു വർഷത്തിലേറെയെടുത്ത് സാങ്കേതിക വിദ്യ പൂർത്തിയാക്കിയതോടെ സ്റ്റാർഡേർഡ് ചാർട്ടേഡുമായി ധാരണയിലെത്താനായി. തൊട്ടുപിന്നാലെ സിങ്കപ്പൂരിലെ പണമിടപാടിന്റെ 70 ശതമാനവും കൈയാളുന്ന ഡി.ബി.എസ്. ബാങ്കുമായും ധാരണയിലെത്തി. ഈ രണ്ട് ബാങ്കിനും പുറമെ, പി.ഒ.എസ്.ബി., ഐ.സി.ബി.സി. എന്നിവയെയും പാർട്ണർ ബാങ്കുകളാക്കി മാറ്റാൻ ഇതിനോടകം സാധിച്ചു. കഴിഞ്ഞ 16 മാസങ്ങളിലായി 15 ലക്ഷം ഇടപാടുകളാണ് സോക്യാഷിലൂടെ നടന്നത്. ഗുണഭോക്താക്കളുടെ എണ്ണം 1.25 ലക്ഷത്തിനടുെത്തത്തിയെന്നും ഹരി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനും വായ്പയ്ക്ക് അപേക്ഷ നൽകാനും സൗകര്യമൊരുക്കുന്ന സാങ്കേതിക വിദ്യ കൂടി ലഭ്യമാക്കുകയാണ് സോക്യാഷ് ഇപ്പോൾ. ഇതിലൂടെ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക വരുമാനത്തിന് അവസരമൊരുക്കുകയാണ്. ജാപ്പനീസ് കമ്പനിയായ ഗ്ലോറി, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ വെഞ്ച്വർ ക്യാപിറ്റൽ വിഭാഗമായ 'എസ്.സി.വെഞ്ച്വേഴ്സ്' എന്നിവയിൽ നിന്നടക്കം ഈയിടെ 60 ലക്ഷം ഡോളറിന്റെ (42 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. ഇതുപയോഗിച്ച് മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഹരി വ്യക്തമാക്കി. സിങ്കപ്പൂർ, മലേഷ്യ, ഇൻഡൊനീഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് അവിടെ പണം പിൻവലിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു വരികയാണ്. ഇതിനായി ഇന്ത്യയിലെ ഏതാനും ബാങ്കുകളുമായി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ സോക്യാഷ് സേവനം എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഹരി വ്യക്തമാക്കി. കനറാ ബാങ്കിൽ അസിസ്റ്റന്റ് ജനറൽ മാനേജരായി വിരമിച്ച പി.എൻ. ശിവന്റെയും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. സുശീല ശിവന്റെയും മകനാണ് ഹരി. roshan@mpp.co.in

from money rss http://bit.ly/2z500H7
via IFTTT