2008ലെ റിലയൻസ് പവറിന്റെ ഐപിഒ പലരും മറന്നുകാണില്ല. അതുവരെ പ്രവർത്തനംതുടങ്ങാത്ത കമ്പനിക്കുവേണ്ടിയുള്ള ഐപിഒ പ്രഖ്യാപിച്ചപ്പോൾ തേനീച്ചക്കൂട്ടത്തെപോലെയാണ് റീട്ടെയിൽ നിക്ഷേപകർ ഐപിഒയ്ക്കുവേണ്ടി പാഞ്ഞടുത്തത്.നിരവധി പുതുമുഖങ്ങൾ ഈഒരു ഓഹരിയിലൂടെ വിപണിയിലേയ്ക്കിറങ്ങാനായി നേരത്തെതന്നെ ട്രേഡിങ് അക്കൗണ്ടെടുത്ത് കാത്തിരുന്നു. 450 രൂപയാണ് ഓഹരിയൊന്നിന് വിലനിശ്ചയിച്ചത്. ഏഴുലക്ഷംകോടി രൂപമൂല്യമുള്ള അപേക്ഷകളാണ് റിലയൻസ് പവറിന് ലഭിച്ചത്. അതായത് നിശ്ചയിച്ചതിനേക്കാൾ 72 ഇരട്ടി അപേക്ഷകൾ. 11,600 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുംവലിയ ഐപിഒയായി അതുമാറുകയുംചെയ്തു. ലിസ്റ്റ് ചെയ്ത് നാലുമിനുട്ടുകൊണ്ട് ഓഹരി വില 355 രൂപയിലേയ്ക്ക് കൂപ്പുകുത്തി. ഒരുദിവസംകൊണ്ട് കോടിക്കണക്കിന് രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. വിപണിയുടെ സ്വാഭാവംഅറിയാതെ പുതിയതായി വിപണിയിലെത്തിയവർക്ക് പകച്ചുനിൽക്കാനെകഴിഞ്ഞുള്ളൂ. 3ഃ5 അനുപാതത്തിൽ ബോണസ് ഓഹരി പ്രഖ്യാപിച്ച് നഷ്ടത്തിൽ കമ്പനി സഹതാപം പ്രകടിപ്പിച്ചെങ്കിലും വിലതകർച്ച തുടർന്നുകൊണ്ടേിരുന്നു. 3.20 രൂപയാണ് എൻഎസ്ഇയിൽ ഇപ്പോഴത്തെ ഓഹരി വില. ഒരുവലിയ ബ്രാൻഡിന്റെ പേരിൽ തുടങ്ങാൻ പോകുന്ന കമ്പനിക്കുവേണ്ടിയുള്ള നിക്ഷേപ സമാഹരണം വലിയപാഠമാണ് നിക്ഷേപകരെ പഠിപ്പിച്ചത്. അന്ന് നിക്ഷേപംതുടങ്ങിയവരിൽ ഭൂരിഭാഗംപേരും ഇന്ന് സജീവമായി വിപണിയിലില്ല. കോവിഡനന്തര ഇന്ത്യയിൽ ഇതിനുസമാനമായരീതിയിലാണ് പുതിയതായി റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം കുതിച്ചുകയറിയത്. ഇവയിൽ ഏറെപ്പേരും ചെറുപ്പക്കാരാണ്. വിപണിയിൽനിന്ന് എളുപ്പത്തിൽ ലക്ഷങ്ങൾകൊയ്യാമെന്ന സോഷ്യൽമീഡിയ പ്രചാരണങ്ങളിൽ ആകൃഷ്ടരായാണ് പലരുടെയുംവരവ്. കോവിഡിനെ തോൽപിച്ച് മാസങ്ങൾക്കുള്ളിൽ വിപണി റെക്കോഡ് നേട്ടംകൈവരിച്ചതും ഇവർക്ക് ആവേശംപകർന്നു. ഒരുമുന്നേറ്റമുണ്ടെങ്കിൽ തകർച്ചയുമുണ്ടെന്ന് മനസിലാക്കാതെ കയ്യിലുള്ളപണംമുഴുവൻ വിപണിയിലിറക്കിയവരുമുണ്ട്. വിപണിയിൽ വരുംദിവസങ്ങളിലുണ്ടാകാൻപോകുന്ന തകർച്ചയെ അതിജീവിക്കാൻ പുതയനിക്ഷേപകർക്കുകഴിയുമോ? 2008 സംഭവിച്ചതുപോലെ എല്ലാം ഉപേക്ഷിച്ച് കളംവിടേണ്ടിവരുമോ? വിപണിയിലെ ഇടിവ് അതിജീവിക്കാനും അത് മികച്ചനേട്ടത്തിനുള്ളവഴിയാക്കാനുമുള്ള സാധ്യതകൾ പരിശോധിക്കാം. എമർജൻസിഫണ്ട് കയ്യിലുള്ള പണംമുഴുവൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചയാളാണോ നിങ്ങൾ? എങ്കിൽ ലാഭത്തേക്കാൾ നഷ്ടമായിരിക്കും കാത്തിരിക്കുന്നത്. നിത്യജീവിതത്തിലെ അത്യാവശ്യങ്ങൾ നിറവേറ്റാൻ എമർജൻസി ഫണ്ട് കരുതിവെച്ചിട്ടുവേണം ഓഹരി നിക്ഷേപത്തിനിറങ്ങാൻ. അല്ലെങ്കിൽ അത്യാവശ്യഘട്ടംവന്നാൽ ഓഹരിയിൽനിന്ന് പണംപിൻവലിക്കാൻ നിർബന്ധിതരാകും. ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക ഇതിനായി നീക്കിവെയ്ക്കാം. സ്ഥിരനിക്ഷേപവുംവേണം ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി സ്ഥിരനിക്ഷേപ പദ്ധതികളിൽ പണമുണ്ടാകണം. എല്ലാ നിക്ഷേപവും ഓഹരിയിൽതന്നെയാകരുത്. പ്രായത്തിനനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ നിശ്ചിതശതമാനം ഡെറ്റ് പദ്ധതികളിൽ മുടക്കണം.30വയസ്സുകാരനാണെങ്കിൽ 70ശതമാനം നിക്ഷേപവും ഓഹരിയിലാകാം. 50വയസ്സുള്ളയാളാണെങ്കിൽ 50ശതമാനത്തിലൊതുക്കാം. ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കുന്നതിലൂടെ വിപണിയിൽ ഇടപെടാൻ എക്കാലത്തും കരുത്തുണ്ടാകും. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്തപണം ദീർഘകാലലക്ഷ്യത്തോടെ ചിട്ടയോടെ നിക്ഷേപിച്ചാൽമാത്രമെ ഓഹരി വിപണിയിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാൻ കഴിയൂ. ചിലപ്പോൾ ദീർഘകാലം ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നേക്കാം. വിപണിയുടെ ചാഞ്ചാട്ടസ്വാഭാവമാണ് അതിനുപിന്നിൽ. അതുതന്നെയാണ് വിപണിയിലെ നേട്ടസാധ്യതയും. അതിനാലാണ് ഓഹരി വിപണിയിലെ നിക്ഷപത്തിന് റിസ്കുണ്ട് എന്നുപറയുന്നത്. നിശ്ചിതകാലയളവിൽ നിശ്ചിതശതമാനം ആദായം പ്രതീക്ഷിക്കാതെ നിക്ഷേപിക്കാൻ കഴിയണം. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്ത പണംമാത്രമെ ഓഹരിയിൽ മുടക്കാവൂ. അച്ചടക്കമുള്ള സമീപനം വിപണി കുതിച്ചുകയറുമ്പോൾ ഇടയ്ക്കൊക്കെ തിരുത്തൽ സ്വാഭാവികമാണ്. മികച്ച ഓഹരികളിൽ ഘട്ടംഘട്ടമായി ദീർഘകാലലക്ഷ്യത്തോടെ മുന്നേറുന്നവർക്ക് വിപണി എന്നും മികച്ച ആദായമെ നൽകിയിട്ടുള്ളൂ. ക്ഷമയും അച്ചടക്കവുമുള്ള നിക്ഷേപസമീപനം പിന്തുടരുന്നതാകുംനല്ലത്. വികാരങ്ങളെ നിയന്ത്രിക്കുക ഭയം, അത്യാഗ്രഹം എന്നിവ ഓഹരി നിക്ഷേപകരുടെ നിഘണ്ടുവിൽ ഉണ്ടാകരുത്. ഇത്തരം വികാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മമൂലം നിരവധി നിക്ഷേപകർക്ക് പണംനഷ്ടമായിട്ടുണ്ട്. ബുൾമാർക്കറ്റിൽ പെട്ടെന്ന് സമ്പത്തുണ്ടാക്കാമെന്ന മോഹത്തെ നിയന്ത്രിക്കാൻ പ്രയാസമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓഹരി വിപണിയിൽനിന്ന് കോടികൾ സമ്പാദിച്ചവരുടെ കഥകൾകേൾക്കുമ്പോൾ അത്യാഗ്രഹം വർധിക്കുന്നു. റിസ്ക് മനസിലാക്കാതെ ഊഹക്കച്ചവടത്തിനിറങ്ങാനുള്ള പ്രേരണയാകുംഅത്. അറിയാത്ത കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനും ഫ്യൂച്ചേഴ്സിൽ ഭാഗ്യംപരീക്ഷിക്കുന്നതിനും അത് നിക്ഷേപകനെ പ്രേരിപ്പിക്കുന്നു. ഇത്തരക്കാർ അപകടത്തിൽചാടുമെന്നുറപ്പാണ്. വിപണി തകർന്നുതുടങ്ങുമ്പോൾ പരിഭ്രാന്തരായി കനത്ത നഷ്ടത്തിൽ ഓഹരികൾ വിറ്റൊഴിയാനുള്ള പ്രേരണയുണ്ടാകും. ഓഹരിനിക്ഷേപകുണ്ടാകുന്ന മോശംവികാരങ്ങളാണ് ഭയവും അത്യാഗ്രഹവും. ഈവികാരങ്ങളായിരിക്കരുത് ഒരുനിക്ഷേപകനെ നയിക്കേണ്ടത്. യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുക യാഥാർഥ്യവുമായി ബന്ധമില്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികലക്ഷ്യങ്ങൾ ക്രമീകരിക്കരുത്. ഉദാഹരണത്തിന് സമീപകാലത്തെ ബുൾ റണിൽ ധാരാളം ഓഹരികൾ 100ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയെന്നുകരുതി ഭാവിയിൽ ലഭിച്ചേക്കാവുന്ന ആദായം കണക്കാക്കരുത്. ദീർഘകാലയളവിൽ 12ശതമാനത്തിലേറെ ആദായം പോർട്ട്ഫോളിയോയിൽനിന്ന് ലഭിച്ചാൽതന്നെ അത് മികച്ചതായി കരുതുക. നിക്ഷേപിക്കുംമുമ്പ് ഗവേഷണംനടത്തുക അപൂർവമായിമാത്രം നടക്കുന്നകാര്യമാണ് നിക്ഷേപിക്കുംമുമ്പ് ശരിയായി ഗവേഷണം നടത്തുകയെന്നത്. സുഹൃത്തുക്കളും ഓഹരി ബ്രോക്കർമാരുംനൽകുന്ന വിവരത്തെ അടിസ്ഥാനമാക്കിയാകും പലരും ഓഹരി വാങ്ങുന്നത്. ഓഹരിയിലല്ല കമ്പനിയുടെ ബിസിനസിലാണ് നിക്ഷേപിക്കുന്നതെന്ന മനോഭാവത്തോടെ മികച്ചവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കമ്പനിചെയ്യുന്ന ബിസിനസിനെക്കുറിച്ചും പ്രവർത്തന മികവിനെക്കുറിച്ചും വ്യക്തമായധാരണയുമുണ്ടായിരിക്കണം. മികച്ച പോർട്ട്ഫോളിയോ വിവിധ സെക്ടറുകളിലെ മികച്ച ഓഹരികളിലായി നിക്ഷേപം ക്രമീകരിച്ച് ചിട്ടയോടെ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നരീതി സ്വീകരിക്കുക. നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസൃതമായിരിക്കണം ഈ വൈവിധ്യവത്കരണം. അതിനായി മികച്ച അഞ്ച് ഓഹരികൾ തിരഞ്ഞെടുക്കാം. കൂടുതൽ ഓഹരികളിൽ നിക്ഷേപിച്ചാൽ കത്യമായി അവയെ നിരീക്ഷിച്ച് യോജിച്ചസമയത്ത് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: ലോകപ്രശസ്ത ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റിന്റെ വാക്കുകൾ കടമെടുക്കാം. മറ്റുള്ളവർ അത്യാഗ്രഹികളാകുമ്പോൾ ഭയപ്പെടുക. മറ്റുള്ളവർ ഭയപ്പെടുമ്പോൾ അത്യാഗ്രഹികളാകുക. അതായത് വിപണി കൂപ്പുകുത്തുമ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുക. വിപണികുതിക്കുമ്പോൾ (ഓഹരി വാങ്ങാൻ) ഇടിവിനായി കാത്തിരിക്കുക. ചിട്ടയായി നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല. അവർ മികച്ച ഓഹരികളിൽ നിക്ഷേപം തുടരട്ടെ. മിച്ചമുള്ള പണംമാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. വായ്പയെടുത്ത് ഓഹരിയിൽ മുടക്കരുത്.
from money rss https://bit.ly/3cgOXPR
via IFTTT
from money rss https://bit.ly/3cgOXPR
via IFTTT