121

Powered By Blogger

Saturday 19 June 2021

തിരുത്തൽ തുടരുമോ? മികച്ച ഓഹരികൾ സ്വന്തമാക്കാൻ കരുതലോടെ നീങ്ങാം

നാലാഴ്ച തുടർച്ചയായി വിപണിയിലുണ്ടായ നേട്ടത്തിന് അർധവിരാമം. മൺസൂൺ കനത്തതും വാക്സിനേഷൻ പുരോഗതിയുമാണ് നഷ്ടംപരിമിതപ്പെടുത്താൻ സഹായകരമായത്. കഴിഞ്ഞയാഴ്ചയിൽ ബിഎസ്ഇ സെൻസെക്സിന് 130.12 പോയന്റും നിഫ്റ്റിക്ക് 115.95 പോയന്റുമാണ് നഷ്ടമായത്. സെൻസെക്സ് ഉയർന്ന നിലവാരമായ 52,869.51ലും നിഫ്റ്റി 15,901.60ലുമെത്തിയശേഷമാണ് ഈ പടിയിറക്കം. ബിഎസ്ഇ മിഡ്ക്യാപ് സൂചിക മൂന്നുശതമാനത്തോളം നഷ്ടത്തിലായി. അദാനി ട്രാൻസ്മിഷൻ, അദാനി പവർ, ഭാരതി ഹെവി ഇലക്ട്രിക്കൽസ്, അദാനി ഗ്രീൻ എനർജി, അശോക് ലൈലാൻഡ് തുടങ്ങിയ ഓഹരികളാണ് മിഡ്ക്യാപിനെ നഷ്ടത്തിലാഴ്ത്തിയത്. അതേസമയം, ഫ്യൂച്ചർ റീട്ടെയിൽ, രാജേഷ് എക്സ്പോർട്സ്, ക്രിസിൽ, ഇൻഫോ എഡ്ജ് ഇന്ത്യ, എബിബി ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ജൂൺ 18ന് അവസാനിച്ച ആഴ്ച സ്മോൾ ക്യാപ് സൂചികയിലെ നഷ്ടം 1.8ശതമാനമാണ്. അദാനി ടോട്ടൽ ഗ്യാസ്, ഗ്രാഫൈറ്റ് ഇന്ത്യ, ഹിന്ദുസ്ഥാൻ കോപ്പർ, മെജസ്കോ, ജെയിൻ ഇറിഗേഷൻ തുടങ്ങിയ ഓഹരികൾ സൂചികയുടെ കരുത്തുചോർത്തിയപ്പോൾ ഗ്ലോബസ് സ്പിരിറ്റ്സ്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രസ്ക്ടചർ, ഫെയർകെം ഓർഗാനിക്സ്, പട്ടേൽ എൻജിനിയറിങ് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കുകയുംചെയ്തു. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക ഒരുശതമാനത്തോളംമാണ് നഷ്ടംനേരിട്ടത്. അദാനി പോർട്സ്, കോൾ ഇന്ത്യ, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ കാർഡ്സ് തുടങ്ങിയവ ഈ വിഭാഗത്തെ ബാധിച്ചു. അതേസമയം, മാരികോ, ഹിന്ദുസ്ഥാൻ യുണിലിവർ, അവന്യു സൂപ്പർമാർക്കറ്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികൾ നേട്ടത്തിൽമുന്നിലെത്തി. വിപണിമൂല്യത്തിൽ ടിസിഎസ് നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും വിപണിമൂല്യത്തിൽ കളംപിടിച്ചു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ആണ് ഏറ്റവുംകൂടുതൽ നഷ്ടംനേരിട്ടത്. 6.6ശതമാനം. റിയാൽറ്റി നാലുശതമാനവും പൊതുമേഖല ബാങ്ക് 3.8ശതമാനവും നഷ്ടംനേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,060.73 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. രാജ്യത്തെ നിക്ഷേപക സ്ഥാപനങ്ങളാകട്ടെ 487.79 കോടി രൂപയുടെ അറ്റവിൽപ്പനക്കാരായി. ജൂണിൽ ഇതുവരെ വിദേശ സ്ഥാപനങ്ങൾ 5,848.76 കോടി രൂപ നിക്ഷേപിച്ചു. രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങൾ 2,293.06 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയുംചെയ്തു. രൂപയുടെ മൂല്യത്തിൽ തകർച്ച നേരിട്ട ആഴ്ചയാണ് കടന്നുപോയത്. 79 പൈസയുടെ നഷ്ടത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.86നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. വരുംആഴ്ച യുഎസ് ഫെഡ് റിസർവിന്റെ തീരുമാനമാണ് കഴിഞ്ഞയാഴ്ച അവസാനം വിപണിയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ അനിശ്ചിതത്വം രാജ്യത്തും പ്രതിഫലിച്ചു. യുഎസിലെ പണപ്പെരുപ്പഭീഷണിയും അതേതുടർന്നുള്ള പലിശ ഉയർത്തലും ബോണ്ട് വാങ്ങൽ പദ്ധതികളും വരുംദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിച്ചേക്കാം. ഫെഡ് റിസർവിന്റെ പ്രഖ്യാപനംവന്നപ്പോൾതന്നെ യുഎസിലെ ട്രഷറി ആദായത്തിൽ കുതിപ്പുണ്ടായി. മൂന്നുമാസത്തിനിടയിലെ ഏറ്റവുംവലിയ കുതിപ്പ് ഒരൊറ്റദിവസംതന്നെ രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപത്തിലെ ഒഴുക്ക് വരുംദിവസങ്ങളിൽ തടസ്സപ്പെട്ടേക്കാം. പോർട്ഫോളിയോയിൽ പണലഭ്യത ഉറപ്പുവരുത്താനാകണം ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടത്. തിരുത്തലുണ്ടാകുമ്പോൾ മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കരുതലോടെ നീങ്ങണം. അതോടൊപ്പം ഇക്വിറ്റി, ബോണ്ട്, സ്വർണം, പണം എന്നിവ ഉൾക്കൊള്ളുന്ന സന്തുലിത പോർട്ട്ഫോളിയോ നിലനിർത്താൻ ശ്രമിക്കുകയുംവേണം. സൂചികകളിൽ തിരുത്തൽ തുടർന്നാലും ഐടി, ഫാർമ, കയറ്റുമതി ഓഹരികളിൽ വരും ആഴ്ചയിലും കുതിപ്പ് തുടരാനാണ് സാധ്യത.

from money rss https://bit.ly/3gDkGfG
via IFTTT