നേരത്തെ റിട്ടയർചെയ്യാൻ നിങ്ങൾ തയ്യാറായിക്കഴിഞ്ഞോ? പത്തിലേറെ പാഠങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. നിരവധി പ്രതികരണങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. റിട്ടയർമെന്റുകാല ജീവിതത്തിനായി കോടികൾ സമ്പാദിക്കാൻ ഏതൊക്കെ നിക്ഷേപ പദ്ധതികളാണ് യോജിച്ചതെന്ന് പരിശോധിക്കുകയാണ് ഈ പാഠത്തിൽ. പദ്ധതികൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇപിഎപ്, റിക്കറിങ് ഡെപ്പോസിറ്റ്, ബാങ്ക് നിക്ഷേപം, ചിട്ടി, എൻപിഎസ് തുടങ്ങിയവയെല്ലാം പെൻഷൻകാല നിക്ഷേപത്തിന് പണം സമാഹരിക്കാൻ പ്രയോജനപ്പെടുത്താം. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നേടാൻ നിക്ഷേപ പദ്ധതികളിൽ പലതിനും കഴിയില്ല എന്നതാണ് വാസ്തവം. പിപിഎഫ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ ആർക്കുംചേരാം. റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന മികച്ച സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിപിഎഫ്. 80 സി പ്രകാരം നികുതിയിളവും(എത്രകാലം ഉണ്ടാകുമെന്ന് വ്യക്തമല്ല)നിക്ഷേപത്തിന് ലഭിക്കും. നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും പിൻവലിക്കുമ്പോഴും ആദായ നികുതി ബാധ്യതിയില്ലെന്നത് പദ്ധതിയെ ആകർഷകമാക്കുന്നു. 500 രൂപയുണ്ടെങ്കിൽ പിപിഎഫിൽ നിക്ഷേപം തുടങ്ങാം. ഒരുവർഷം പരമാവധി നിക്ഷേപിക്കാൻ കഴിയുക 1.5 ലക്ഷം രൂപയാണ്. സർക്കാർ ബോണ്ടുകളിൽനിന്നുള്ള ആദായത്തിനനുസരിച്ചാണ് പിപിഎഫിന്റെ പലിശനിരക്കുകൾ കാലാകാലങ്ങളിൽ പരിഷ്കരിക്കുക. നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പോയി അക്കൗണ്ട് തുടങ്ങാം. ഓൺലൈനായും അക്കൗണ്ട് തുടങ്ങുന്നതിന് സൗകര്യമുണ്ട്. നിലവിലെ പലിശ 7.9 ശതമാനമാണ്. 15 വർഷംവരെയാണ് പിപിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. ആവശ്യമെങ്കിൽ അഞ്ചുവർഷംകൂടി കാലാവധി നീട്ടുന്നതിനും അനുവദിക്കും. ഇപിഎഫ് ശമ്പളവരുമാനക്കാരായ ജീവനക്കാർക്കുവേണ്ടിയുള്ളതാണ് ഇപിഎഫ്. ജീവനക്കാരന്റെ ശമ്പളത്തിൽനിന്നുള്ള വിഹിതമായി 12ശതമാനവും അതിന് സമാനമായ തുക തൊഴിലുടമയും ഇപിഎഫിലേയ്ക്ക് മാസംതോറും അടയ്ക്കും. വിരമിക്കുമ്പോൾ ഇപിഎഫിലെ നിക്ഷേപം മുഴുവൻ ജീവനക്കാരന് ലഭിക്കും. 2018-19 സാമ്പത്തികവർഷത്തിൽ 8.65 ശതമാനമാണ് ഇപിഎഫിന്റെ പലിശ. എൻപിഎസ് റിട്ടയർമെന്റ് കാല ജീവിതത്തിനായി നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം(എൻപിഎസ്). ഓഹരി, കടപ്പത്രം, സർക്കാർ സെക്യൂരിറ്റി തുടങ്ങിയവയിലെല്ലാം നിക്ഷേപിക്കാൻ എൻപിഎസിൽ സൗകര്യമുണ്ട്. എത്രശതമാനംവീതംവേണം ഓഹരിയിലുംമറ്റും നിക്ഷേപമെന്ന് തീരുമാനിക്കാൻ കഴിയും. ഭാവിയിൽ ആവശ്യമെങ്കിൽ മാറ്റംവരുത്താനും കഴിയും. 80സിസിഡി(1ബി)പ്രകാരം 50,000 രൂപവരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യവുമുണ്ട്. പിഒപി എന്നറിയപ്പെടുന്ന പോയന്റ്സ് ഓഫ് പ്രസൻസ് എന്ന അംഗീകൃത എൻപിഎസ് സേവന ദാതാക്കളുടെ ശാഖകൾമുഖേന അക്കൗണ്ട് തുറക്കാം. ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, ബ്രോക്കിങ് ഹൗസുകൾ എന്നിവിടങ്ങളിൽനിന്ന് പദ്ധതിയിൽ ചേരാനുള്ള മാർദനിർദേശം ലഭിക്കും. പെൻഷനാകുമ്പോൾ നിക്ഷേപത്തിൽനിന്ന് 60 ശതമാനംവരെയാണ് പിൻവലിക്കാൻ കഴിയുക. ബാക്കിയുള്ള 40 ശതമാനംതുക പെൻഷൻ ലഭിക്കുന്നതിന് ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കേണ്ടിവരും. ആന്വിറ്റി പ്ലാനിൽനിന്ന് താരതമ്യേന കുറഞ്ഞ ആദായമാണ് ലഭിക്കുക. മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി സമ്പത്ത് സ്വരുക്കൂട്ടാൻ യോജിച്ച നിക്ഷേപ പദ്ധതിയാണ് മ്യൂച്വൽ ഫണ്ട്. നഷ്ടസാധ്യത ഏറ്റെടുക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപിക്കാൻ വിവിധ ഫണ്ടുകളുണ്ട്. നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ് ഫണ്ടുമുതൽ നഷ്ടസാധ്യതകൂടിയ സ്മോൾ ക്യാപ് ഫണ്ടുകൾവരെ നിക്ഷേപകന് തിരഞ്ഞെടുക്കാം. എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കാനും നിക്ഷേപം നിർത്താനും നിക്ഷേപം പിൻവലിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. ചിട്ടയായി ദീർഘകാലയളവിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിന് കഴിയും. റിട്ടയർമെന്റ് കാല ജീവിതത്തിനുള്ള സമ്പത്ത് സ്വരൂപിക്കാൻ യോജിച്ചത് മൾട്ടിക്യാപ് ഫണ്ടുകളാണ്. നാലു ഫണ്ടുകൽ ഇവിടെ ശുപാർശ ചെയ്യുന്നു. Equity: Multi Cap Fund* 1 Yr(%)** 3Yr(%)** 5Yr(%)** 7Yr(%)** 7Yr SIP Value(Rs)*** Axis Focused 20.45 16.57 11.70 16.62 14.35 Lakh SBI Focused Equity 19.93 15.52 11.53 16.66 14.49 Lakh Kotak Standard Multicap 9.89 10.17 9.49 17.40 13.35 Lakh Canara Robeco Equity Diversified 14.59 13.87 7.71 14.02 12.79 Lakh *നിക്ഷേപം ഫണ്ടുകളുടെ ഡയറക്ട് പ്ലാനിൽ. **ആദായം കണക്കാക്കിയ തിയതി: 3 മാർച്ച് 2020.***പ്രതിമാസം 10,000 രൂപവീതം ഏഴുവർഷം നിക്ഷേപിച്ച തുക 8.40 ലക്ഷം. ശ്രദ്ധിക്കാൻ റിട്ടയർമെന്റുകാല ജീവിതത്തിന് ഇപിഎഫിലോ പിപിഎഫിലോ നിക്ഷേപം നടത്തിയാൽ മതിയെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം നൽകാൻ ഈ പദ്ധതികൾക്ക് കഴിയില്ലെന്ന് മനസിലാക്കുക. എട്ടുശതമാനം മുതൽ 8.65 ശമതാനംവരെയാണ് ഈ പദ്ധതികൾക്ക് നൽകിവരുന്ന പലിശ. കഴിഞ്ഞ പത്തുവർഷത്തെ ശരാശരി കണക്കെടുത്താൽ ഏഴുമുതൽ എട്ടുശതമാനംവരെയാണ് പണപ്പെരുപ്പമെന്നുകാണാം. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. വിദ്യാഭ്യാസം, ചികിത്സ എന്നീ മേഖലകളിലേത് ഇതിലുമെത്രയോ മുകളിലാണ്. എന്നിരുന്നാലും റിട്ടയർമെന്റ് പോർട്ട്ഫോളിയോയിൽസ്ഥിരനിക്ഷേ പദ്ധതികളെയും ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. 50വയസ്സിനുതാഴെയാണെങ്കിൽ 80 മുതൽ 90ശതമാനംവരെ തുകയും ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നതാകും ഉചിതം. ഉദ്ദേശിച്ചരീതിയിലുള്ള റിട്ടയർമെന്റ് കോർപ്പസ് സ്വരൂപിക്കാൻ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com കുറിപ്പ്: കൊറോണ ഭീതിയിൽ ഓഹരി വിപണി കൂപ്പുകുത്തിയ സമയത്താണ് ദീർഘകാല നിക്ഷേപത്തിന് ഫണ്ടുകൾ ഇത്രയും നേട്ടം നൽകിയത്. അതിനാൽതന്നെ വിപണി മികച്ച നേട്ടത്തിലുള്ളപ്പോൾ 15 ശതമാനം വാർഷീകാദായമെങ്കിലും ലഭിച്ചേക്കാം. ചിട്ടയായ നിക്ഷേപവും കാലാകാലങ്ങളിൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുന്നതും മികച്ചനേട്ടംനേടാൻ നിങ്ങളെ സഹായിക്കും.
from money rss http://bit.ly/2IkrpJM
via
IFTTT