121

Powered By Blogger

Tuesday, 3 March 2020

അക്കൗണ്ടിൽനിന്ന് പൈസ പോയോ? കാര്യം ഇതാണ്

കൊച്ചി: പ്രളയാനന്തര പുനർ നിർമാണത്തിന് പണം കണ്ടെത്താൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ബാങ്കുകൾ ഈടാക്കി തുടങ്ങി. 2018-ലെ പ്രളയത്തെ തുടർന്ന് അഞ്ച് ശതമാനത്തിനു മുകളിൽ നികുതിയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നു. 2019 ഓഗസ്റ്റ് ഒന്നുമുതൽ 2021 ജൂലായ് 31 വരെ ഇത് ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ, അടുത്തിടെ മുതലാണ് ബാങ്കുകൾ പ്രളയ സെസ് ഈടാക്കി തുടങ്ങിയത്. സർവീസ് ചാർജിന്റെ ഒരു ശതമാനമാണ് ഈ വകയിൽ ഉപഭോക്താക്കളിൽ നിന്നു പിടിക്കുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതലുള്ള പ്രളയ സെസാണ് ഇപ്പോൾ ഒരുമിച്ച് പിടിച്ചു തുടങ്ങിയിരിക്കുന്നത്. അതേസമയം, ഇതു സംബന്ധിച്ച നിർദേശങ്ങളോ സന്ദേശങ്ങളോ നേരത്തെ നൽകാത്തത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ജീവനക്കാർക്കും ഇക്കാര്യത്തിൽ മുൻകൂട്ടി അറിയിപ്പുകളോ വിശദാംശങ്ങളോ കിട്ടിയിട്ടില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങൾ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ അക്കൗണ്ടിൽ നിന്ന് പണം പോയതെന്തിനാണെന്ന് അന്വേഷിച്ച് ചെല്ലുമ്പോൾ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്നാണ് ഇടപാടുകാരുടെ പരാതി. നെഫ്റ്റ് ഇടപാടുകൾക്കും എ.ടി.എം. സേവനങ്ങൾക്കും അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും പരിധിയിൽ കൂടുതലായി നടത്തുന്ന ഇടപാടുകൾക്കുമെല്ലാം ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കാറുണ്ട്. ബാങ്കിന്റെ സർവീസ് ചാർജുകൾക്കെല്ലാം ജി.എസ്.ടി. 18 ശതമാനമാണ്. ഉദാഹരണത്തിന്, എസ്.ബി.ഐ. ഉപഭോക്താവാണ് നിങ്ങളെങ്കിൽ പരിധിയിൽ കവിഞ്ഞുള്ള എ.ടി.എം. ഇടപാടുകൾക്ക് 23.60 രൂപയാണ് ബാങ്ക് സർവീസ് ചാർജ് ഈടാക്കുക. സർവീസ് ചാർജും 18 ശതമാനം ജി.എസ്.ടി.യും കൂടിയ തുകയാണിത്. ജി.എസ്.ടി. കിഴിച്ച് 20 രൂപയാണ് സർവീസ് ചാർജ് വരുന്നത്. ഇതിന്റെ പ്രളയ സെസ് ഒരു ശതമാനം എന്നുപറയുന്നത് 20 പൈസ ആയിരിക്കും.

from money rss http://bit.ly/2TlL9TC
via IFTTT