121

Powered By Blogger

Saturday, 30 January 2021

ജിയോജിതിന്റെ അറ്റാദായത്തില്‍ 93ശതമാനം വര്‍ധന

കൊച്ചി:നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2020- 21 സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 30.60 കോടി രൂപ അറ്റദായം നേടി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 93 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 15.83 കോടി രൂപയായിരുന്നു 2019-20 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനം മൂന്നാം പാദത്തിൽ 104.61 കോടി രൂപയായി വർധിച്ചു. 34 ശതമാനത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 78.31 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് 19.64 കോടി രൂപയിൽ നിന്ന് 40.63 കോടി രൂപയിലെത്തി. 107 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ജിയോജിത്തിന് നിലവിൽ 11,00,000 ഓളം ഇടപാടുകാരുണ്ട്. 47,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

from money rss https://bit.ly/3or657W
via IFTTT

പ്രതിസന്ധിയെ മറികടക്കാന്‍ ബജറ്റില്‍നിന്ന് എന്ത് പ്രതീക്ഷിക്കാം?

സമീപകാല ചരിത്രത്തിലൊന്നും നേരിടാത്ത പ്രതിസന്ധിയിൽനിന്ന് ലോകം കരകയറുകയാണ്. ഘട്ടംഘട്ടമായുള്ള തിരിച്ചവരവിനിടയിലാണ് 2021-22 സാമ്പത്തികവർഷത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കുതിച്ചുകയറുമെന്ന സാമ്പത്തിക സർവെയിലെ വിലയിരുത്തൽ അടിസ്ഥാനമാക്കി ബജറ്റ് എപ്രകാരമായിരിക്കുമെന്ന് വിലയിരുത്താം. വ്യവസായമേഖല നേരത്തെതന്നെ കോർപറേറ്റ് നികുതികുറച്ചതുകൊണ്ട് അത്തരത്തിലുള്ള ഒരുനടപടി ഇനിയും പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം, അടച്ചിടൽ കാലത്തുണ്ടായ നഷ്ടംനേരിടാൻ കമ്പനികളെ സഹായിക്കുന്നതിന് നിക്ഷേപ സൗഹൃദപദ്ധതികളും മുൻവർഷത്തെ നഷ്ടംക്രമീകരിക്കുന്നതിനുള്ള ആശ്വാസനടപടികളും പ്രതീക്ഷിക്കാം. പ്രതിസന്ധിനേരിടുന്ന സെക്ടറുകൾ ദീർഘകാലം രാജ്യവ്യാപകയമായി അടച്ചിടൽ പ്രഖ്യാപിച്ചതിനാൽ വ്യോമയാനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഈ മേഖലകളിലെ വ്യവസായങ്ങൾക്ക് ആശ്വാസംനൽകുന്ന നടപടികളുണ്ടാകും. പ്രവാസികളുടെ നികുതി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിതനാലും വിമാനസർവീസുകൾ ദീർഘകാലം തടസ്സപ്പെട്ടതിനാലും പ്രവാസികൾക്ക് ഏറെകാലം രാജ്യത്ത് തങ്ങേണ്ടിവന്നു. നിശ്ചിതകാലപരിധികഴിഞ്ഞാൽ രാജ്യത്തെ ആദായനികുതി ആനുകൂല്യത്തിന് അർഹത ലഭിക്കാത്ത സാഹചര്യംഉണ്ടാകും. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇക്കാര്യത്തിൽ ഇളവുകൾ നൽകിയിരുന്നെങ്കിലും അടുത്ത സാമ്പത്തികവർഷവും ഇതുസംബന്ധിച്ച് ആനുകൂല്യം പ്രഖ്യാപിച്ചേക്കാം. ആരോഗ്യമേഖല നാലുവർഷത്തിനുള്ളിൽ ആരോഗ്യമേഖലയിലെ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലുശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ പ്രതീക്ഷിക്കാം. നിലവിലുള്ള ഒരുശതമാനം ആരോഗ്യനികുതി വർധിപ്പിച്ചും കോർപറേറ്റ് നികുതിയിൽനിന്ന് അധികവരുമാനംകണ്ടെത്തിയുമാകും പദ്ധതി നടപ്പാക്കുക. നിക്ഷേപസമാഹരണം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് വരുമാനംനേടാൻ സർക്കാർ ഇത്തവണയും വൻപദ്ധതി തയ്യാറാക്കിയേക്കും. എൽഐസി പോലുള്ള വൻകിട കമ്പനികളുടെ ന്യൂനപക്ഷ ഓഹരികൾ വിറ്റഴിച്ച് 40 ബില്യൺ ഡോളറെങ്കിലും സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇറക്കുമതി തീരുവ കൂടുതൽ വരുമാനം കണ്ടെത്തുക, രാജ്യത്ത് നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയുടെ ഭാഗമായി വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതിതീരുവ വർധിപ്പിച്ചേക്കും. സ്മാർട്ട്ഫോണുകൾ, ഇലകട്രോണിക് ഘടകങ്ങൾ, ഉപകരണങ്ങൾ എന്നിവ ഉൾപ്പടെ 50ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 10ശതമാനംവരെ വർധിപ്പിക്കാൻ സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് കോവിഡിനെതുടർന്ന് റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ച സ്ഥിതിയിലാണ്. വിപണിമൂല്യംകുത്തനെ ഇടിഞ്ഞിട്ടും സ്റ്റാമ്പ് ഡ്യൂട്ടി, സർക്കിൾ നിരക്കുകൾ എന്നിവ അതേപടി തുടരുകയാണ്. അതുകൊണ്ടുതന്നെ വസ്തു കുറഞ്ഞ മാർക്കറ്റ്വിലയ്ക്ക് വിറ്റുപോയാലും നികുതിബാധ്യതയിൽ കുറവുണ്ടാകുന്നില്ല. മാർക്കറ്റ് വിലയിൽ നികുതി കണക്കാക്കുന്നതരത്തിലുള്ള ഭേദഗതികൾ ബജറ്റിൽ പ്രതീക്ഷിക്കാം. വിവാദ് വിശ്വാസ് പദ്ധതി 2020ലെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെതുടർന്ന് ഫലപ്രദമായി നടപ്പാക്കാനായില്ല. തർക്കനികുതിയുടെ 100ശതമാനം അടച്ച് കേസ് തീർപ്പാക്കാൻ സാഹയിക്കുന്നതാണ് പദ്ധതി. അതിലൂടെ പിഴയും പലിശയും ഒഴിവാക്കാനുള്ള അവസരമാണ് നൽകിയത്. പ്രതിസന്ധികാരണം പദ്ധതിയിൽ പങ്കാളിത്തം പരിമിതമായിരുന്നു. പുതിയ സാഹചര്യത്തിൽ പദ്ധതിയുടെ വിപുലീകരണം സർക്കാർ ആലോചിച്ചേക്കാം. ലാഭവിഹിതവിതരണ നികുതി രാജ്യത്ത് താമസിക്കുന്നവരും പ്രവാസികളും നൽകേണ്ട ലാഭവിഹിത നികുതിയിൽ 2020ലെ ബജറ്റ് അസമത്വം സൃഷ്ടിച്ചിരുന്നു. പ്രവാസികൾക്ക് 20ശതമാനംവരെയാണ് ഈയിനത്തിൽ നികുതി നൽകേണ്ടത്. എന്നാൽ രാജ്യത്ത് താമസിക്കുന്നവർക്ക് സർചാർജുൾപ്പടെ 35.88ശതമാനംവരെ നികുതി ബാധകമായിരുന്നു. നിശ്ചിതശതമാനം നികുതിനിരക്ക് ഏർപ്പെടുത്തി ഇക്കാര്യത്തിലെ അസമത്വംനീക്കുമെന്ന് പ്രതീക്ഷിക്കാം. ഇൻഷുറൻസിന്റെ വ്യാപനം ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയിലേയ്ക്ക് കൂടുതൽപേരെ ആകർഷിക്കുന്നതിനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം. നികുതികിഴിവ് വർധിപ്പിച്ചുകൊണ്ടായിരിക്കും ഇതിന്റെ സാധ്യത പരീക്ഷിക്കുക. കോർപറേറ്റുകൾക്കും ജീവനക്കാർക്കും ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് ആരോഗ്യപരിപാലന പരിശോധനകൾ എന്നിവയ്ക്ക് ഉയർന്ന നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കാം. ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനാകും പ്രാധാന്യംനൽകുക. വികസനത്തിന് ധനകാര്യസ്ഥാപനം അടിസ്ഥാനസൗകര്യവികസനത്തിന് 1.02 ലക്ഷംകോടി രൂപചെലവഴിക്കുകയെന്ന ലക്ഷ്യത്തോടെ ഇൻഫ്രസ്ട്രക്ചർ പ്രൊജക്ടുകൾക്ക് ധനസഹായം നൽകുന്നതിന് പുതിയ ധനകാര്യ പദ്ധതി പ്രഖ്യാപിക്കാനിടയുണ്ട്. പൊതുമേഖല ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിനും ബജറ്റിൽ നടപടികളുണ്ടാകും. വ്യക്തിഗത ആദായ നികുതി സ്ലാബുകളുടെ പരിധി ഉയർത്തുകയും സ്റ്റാൻഡേഡ് ഡിഡക്ഷൻ തുകവർധിപ്പിക്കുകയുംചെയ്ത് വ്യക്തികളുടെ ഉപഭോഗശേഷി വർധിപ്പിക്കാനും സർക്കാർ തയ്യാറായേക്കും.

from money rss https://bit.ly/2MIcWNe
via IFTTT

വെറും കണക്കിലെ കളിയാവില്ല ബജറ്റ് 2021

2001 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ഉദ്ദേശലക്ഷ്യം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ, കടം അഥവാ ധനക്കമ്മി കുറയ്ക്കൽ ആയിരിക്കും(Fiscal consolidation). ഈ സാമ്പത്തിക വർഷം നവംബർ വരെയുള്ള വരവു ചെലവ് കണക്കുകൾ അനുസരിച്ച് ധനക്കമ്മി ഏകദേശം 11 ലക്ഷം കോടി രൂപയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാർച്ച് അവസാനത്തോടെ അത് ഏറ്റവും കുറഞ്ഞത് 14 ലക്ഷം കോടിയെങ്കിലുമാകും. അതായത് ദേശീയ വരുമാനത്തിന്റെ 7.3%. കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ച 3.5 ശതമാനത്തിന്റെ സ്ഥാനത്താണിത്. അതുകൊണ്ടുതന്നെ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ധന ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന മൂന്നു ശതമാനത്തിലേക്ക് ധനക്കമ്മി കുറച്ചു കൊണ്ടുവരാനുള്ള നടപടികൾക്കാകും ബജറ്റ് ഊന്നൽ നൽകുക. ഏകദേശം 17 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജുകൾ കോവിഡിനെ തുടർന്ന് പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഇത് തീരെ അപര്യാപ്തമാണെന്നും കൂടുതൽ പാക്കേജുകൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ഒരു വലിയ വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏതു ചെലവുചുരുക്കൽ നടപടികളും വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചേക്കാം. എന്നാൽ, കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മാത്രമാകില്ല ചെലവുചുരുക്കൽ തീരുമാനത്തിലേക്ക് സർക്കാരിനെ നയിക്കുക. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച ഉത്തേജക നടപടികൾ യഥാസമയത്തു പിൻവലിക്കാഞ്ഞത് മൂലമുണ്ടായ പണപ്പെരുപ്പം 2013-ഓടെ മറ്റൊരു സാമ്പത്തിക പ്രതിസന്ധിക്കിടയാക്കി എന്നത് സർക്കാരിന്റെ സാമ്പത്തിക ഉപദേശകർ മറന്നുകാണാനിടയില്ല. നേരിട്ടോ അല്ലെങ്കിൽ തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികളിൽ കൂടിയോ ജനങ്ങളിലേക്ക് കൂടുതൽ പണം എത്തിക്കുന്നതിന് പകരം സംഘടിത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നടപടികൾക്കായിരിക്കും ബജറ്റ് പ്രാമുഖ്യം നൽകുക. വരുന്ന ദശകത്തിൽ പുതുതായി ഏകദേശം 10 കോടി യുവാക്കൾ തൊഴിൽസേനയിലേക്ക് വന്നുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ആളുകൾക്ക് കാർഷികേതര മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കപ്പെടണമെങ്കിൽ ഇടത്തരം വ്യവസായ സംരംഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. എന്നാൽ, ഇന്ത്യയിൽ ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ വിരളമാണ്. സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളാകട്ടെ, ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പര്യാപ്തവുമല്ല. ഉദാഹരണമായി 2% ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ മാത്രമാണ് പത്തിൽ കൂടുതൽ തൊഴിലാളികൾ ഉള്ളത്. അതിനാൽ തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇടത്തരം സംരംഭങ്ങളുടെ വളർച്ചക്ക് ആവശ്യമായ പരിഷ്കാരങ്ങൾക്ക് ബജറ്റിൽ തുടക്കം കുറിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, കുറഞ്ഞ ചെലവിൽ വ്യവസായ ആവശ്യത്തിന് ഭൂമി ലഭ്യമാക്കൽ, കൂടുതൽ യുക്തിസഹമായ നികുതി സമ്പ്രദായം, വൈദ്യുതി നിരക്കുകൾ, സമയ ബന്ധിതമായ തർക്ക പരിഹാര വ്യവസ്ഥ, ഉദാരമായ തൊഴിൽ നിയമങ്ങൾ തുടങ്ങിയ മേഖലകളിൽ. കോവിഡിനെ തുടർന്ന് ബാങ്കിങ് മേഖല തീവ്രമായ പ്രതിസന്ധി നേരിടുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം പൊതുമേഖല ബാങ്കുകളുടെ മൊത്തം കിട്ടാക്കടം അവരുടെ മൊത്തം വായ്പയുടെ 18 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മൂലധന നിക്ഷേപം ഈ ബാങ്കുകളിൽ നടത്താൻ ഗവണ്മെന്റിനെ നിർബന്ധിതമാക്കും. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏകദേശം രണ്ടര ലക്ഷം കോടി നിക്ഷേപിച്ചതിനു പുറമേയാണിത്. അതോടൊപ്പം ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള കൂടുതൽ പരിഷ്കരണ നടപടികളും പൊതുമേഖല ബാങ്കുകളുടെ കാര്യത്തിൽ ബജറ്റ് പ്രഖ്യാപിച്ചേക്കാം. വാണിജ്യബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുത്ത് തിരിച്ചു പിടിക്കുന്നതിനായി ഒരു Bad Bank സ്ഥാപിക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നു വരുന്നുണ്ട്. എന്നാൽ, കിട്ടാക്കടം വീണ്ടും കൂടില്ലെന്ന് ഉറപ്പുവരുത്താൻ അതു കൊണ്ടുമാത്രം സാധിക്കില്ല. മറിച്ച്, കിട്ടാക്കടം ഉണ്ടാകാനുള്ള കാരണങ്ങളെയാണ് ഇല്ലാതാക്കേണ്ടത് അല്ലെങ്കിൽ നിയന്ത്രിക്കേണ്ടത് എന്ന മറുവാദവുമുണ്ട്. അതിനാൽതന്നെ ബജറ്റ് ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്താനിടയില്ല. കൂടുതൽ വായ്പ നല്കുവാനായി ബാങ്കുകളെ പ്രേരിപ്പിക്കാൻ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ റിപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് ഗണ്യമായ കുറവ് വരുത്തുകയുണ്ടായി. എന്നാൽ, ദീർഘകാല വായ്പകളോട് ബാങ്കുകൾ ഇപ്പോഴും മുഖം തിരിക്കുന്നുണ്ട്. ഏകദേശം നാലു ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത ഇപ്പോൾ ബാങ്കുകളുടെ കൈവശം ഉണ്ടായിട്ടാണ് ഈ നടപടി. മാത്രമല്ല ദീർഘകാല പദ്ധതികളെ ശരിയായി വിലയിരുത്തി വായ്പ നല്കുവാനുള്ള കഴിവ് ബാങ്ക് ബോർഡുകൾക്കില്ല എന്ന ആക്ഷേപവുമുണ്ട്. അതിനാൽ പഴയ കാലത്തെ ICICI, IDBI എന്നിവയുടെ മാതൃകയിൽ വികസന ബാങ്കുകളെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. ഒരു പക്ഷേ, ഇതിന്റെ സൂചന ബജറ്റിൽ കണ്ടേക്കാം. വരുമാന നികുതിയുൾപ്പെടെയുള്ള നികുതി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നതിനുള്ള നടപടികൾക്കും ബജറ്റ് തുടക്കം കുറിച്ചേക്കാം. കഴിഞ്ഞ ബജറ്റിൽ കണക്കാക്കിയ മൊത്തം വരുമാനമായ 22.5 ലക്ഷം കോടി രൂപയിൽ വെറും 8 ലക്ഷം കോടി മാത്രമേ നവംബർ വരെ പിരിഞ്ഞു കിട്ടിയിട്ടുള്ളൂ. നികുതി വരുമാനത്തിൽ ഡ്യൂട്ടി മാത്രമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പെട്രോളിന്മേലുള്ള എക്സൈസ് നികുതി ഏകദേശം 20 രൂപയിൽ നിന്ന് 33 രൂപ ആയും ഡീസലിന്മേൽ 16-ൽനിന്ന് 32 ആയും ഉയർന്നതാണ് ഇതിനു കാരണം. ചരക്കു സേവന നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ജി.എസ്.ടി. കൗൺസിലിനാണെങ്കിലും നികുതിഘടന ലഘൂകരിച്ചു വരുമാനം വർധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ഉദ്ദേശം ബജറ്റിൽ സൂചിപ്പിച്ചേക്കാം. നികുതി നിരക്കുകളുടെ എണ്ണം കുറക്കൽ, ഇ-ഇൻവോയിസിങ് ബാധകമാക്കാനുള്ള കുറഞ്ഞ വാർഷിക വിറ്റുവരവ് ഇപ്പോഴുള്ള 500 കോടിയിൽനിന്നു 100 കോടിയിലേക്കോ മറ്റോ കുറയ്ക്കൽ, സ്വകാര്യ യാത്രാവാഹനങ്ങൾ, നിർമാണ മേഖലയുടേതുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ എന്നിവയിൽ ഇപ്പോൾ ചുമത്തുന്ന 28% നികുതി കുറയ്ക്കൽ തുടങ്ങിയവ അടിയന്തിര പ്രാധാന്യം അർഹിക്കുന്ന നടപടികളാണ്. ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി ഒഴികെയുള്ള (അതും ക്രൂഡോയിൽ വില കുറഞ്ഞാൽ മാത്രം) നികുതി നിരക്കുകളിൽ വർധന വരുത്താൻ സാധ്യതയില്ല. അതുപോലെ തന്നെ വരുമാന നികുതി ഉൾപ്പെടെയുള്ള പ്രത്യക്ഷ നികുതി നിരക്കുകളിൽ ഇളവുകളും പ്രതീക്ഷിക്കേണ്ട. പ്രധാന നികുതിയേതര വരുമാനമായ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ/സ്വകാര്യവൽക്കരണത്തിലൂടെ ഏകദേശം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ടത്. എന്നാൽ, ഇതേവരെ 6000 കോടി രൂപ മാത്രമാണ് കിട്ടിയത്. അതുകൊണ്ടു തന്നെ, തന്ത്രപ്രധാനമല്ലാത്ത എന്നാൽ ലാഭത്തിലുള്ളവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണത്തിനുള്ള ഒരു രൂപരേഖ വരുന്ന ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. ചുരുക്കത്തിൽ, വരുമാനം പെരുപ്പിച്ചും ചെലവ് മറച്ചും യഥാർഥ ധനക്കമ്മി കുറച്ചു കാണിക്കുന്ന ശൈലിയിൽനിന്ന് വെത്യസ്തമായി 5 ട്രില്യൻ ഡോളർ എന്ന ലക്ഷ്യത്തിലേക്ക് സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തുന്ന നയ പരിപാടികൾക്കാവും ഇത്തവണത്തെ ബജറ്റ് ഊന്നൽ നൽകുക. (ലേഖകൻ ന്യൂഡൽഹിയിൽ കൃഷി മന്ത്രാലയം ഡയറക്ടറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.) Content Highlights: Pre Budget 2021 Analysis

from money rss https://bit.ly/3j2w4kN
via IFTTT