പെട്ടെന്ന് സമ്പന്നനാകാനുള്ള കുറുക്കുവഴികളൊന്നും വിനോദ് കൃഷ്ണന് ആവശ്യമില്ല. സമ്പാദിക്കുന്ന പണം സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം. അതോടൊപ്പം തരക്കേടില്ലാത്ത ആദായവും ലഭിക്കണം-അതുമാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ലഘു സമ്പാദ്യ പദ്ധതികളിലാണ് വിനോദ് ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. ആർബിഐ ഫ്ളോട്ടിങ് റേറ്റ് സേവിങ്സ് ബോണ്ട് 2020 പുറത്തിറക്കിയതോടെ എന്തുകൊണ്ട് മാറിച്ചിന്തിച്ചുകൂടായെന്ന് വിനോദിന് തോന്നി. സർക്കാരിനുവേണ്ടി റിസർവ് ബാങ്കാണ് ബോണ്ട് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്ന മറ്റുപല നിക്ഷേപ പദ്ധതികൾക്കുമുള്ള അപകടസാധ്യത തെല്ലുമില്ല. നിലവിൽ ബോണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.15ശതമാനമാണ്. ആറുമാസത്തിലൊരിക്കലാണ് പലിശനിരക്ക് പരിഷ്കരിക്കുക. അതിനനുസരിച്ച് മുമ്പ് നടത്തിയ നിക്ഷേപമാണെങ്കിലും പലിശനിരക്കിൽമാറ്റംവരും. ബോണ്ടെന്നുകേട്ടാൽ പിന്തിരിയുന്നവർക്ക് ചിന്തിക്കാനുള്ള അവസരമാണ് ആർബിഐയുടെ സേവിങ്സ് ബോണ്ട്. പൊതുമേഖല ബാങ്കുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, ഐഡിബിഐ ഉൾപ്പടെയുള്ള സ്വകാര്യ ബാങ്കുകൾ വഴി എളുപ്പത്തിൽ നിക്ഷേപിക്കാനും കഴിയും. ഇലക്ട്രോണിക് രൂപത്തിലാണ് ബോണ്ടുകൾ സൂക്ഷിക്കുക. ഇതിനായി ബോണ്ട് ലഡ്ജർ അക്കൗണ്ട് ഉണ്ടാകും. നിക്ഷേപകർക്ക് സർട്ടിഫിക്കറ്റുകളാണ് കൈമാറുക. സവിശേഷതകൾ ഇന്ത്യക്കാരായ വ്യക്തികൾക്ക് സ്വന്തമായോ ജോയന്റ് അക്കൗണ്ടായോ നിക്ഷേപിക്കാം. ആറുമാസത്തിലൊരിക്കൽ പലിശനിരക്ക് പരിഷ്കരിക്കും. 2021 ജനുവരി ഒന്നിനാണ് പലിശയുടെകാര്യത്തിൽ ഇനി തീരുമാനമെടുക്കുക. എല്ലാവർഷവും ജനുവരി ഒന്നിനും ജൂലായ് ഒന്നിനും ബോണ്ടിൽനിന്നുള്ള പലിശ ലഭിക്കും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. 1000 രൂപയുടെ ഗുണിതങ്ങളായി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ലഘുസമ്പാദ്യ പദ്ധതികളിലൊന്നായ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റി(എൻഎസ് സി)നേക്കാളും 0.35ശതമാനം അധിക പലിശ ആർബിഐയുടെ ബോണ്ടിന് ലഭിക്കും. അഞ്ചുവർഷത്തെയോ പത്തുവർഷത്തെയോ സർക്കാർ സെക്യൂരിറ്റികളിലെ ആദായംനോക്കിയാണ് മൂന്നുമാസത്തിലൊരിക്കൽ എൻഎസ് സിയുടെ പലിശ പരിഷ്കരിക്കുക. ഏഴുവർഷമാണ് ബോണ്ടിന്റെ കാലാവധി. ഉപാധികൾക്കുവിധേയമായി കാലാവധിയെത്തുംമുമ്പ് നേരത്തെ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കും. ഇതിനായി നിക്ഷേപകന്റെ പ്രായമാണ് കണക്കിലെടുക്കുക. 60നും 70നും ഇടയിലാണ് പ്രായമെങ്കിൽ ആറുവർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലാണെങ്കിൽ അഞ്ചുവർഷവും 80നുമുകളിലാണെങ്കിൽ 4വർഷവും പൂർത്തിയാക്കിയാൽ പണം പിൻവലിക്കാൻ അനുവദിക്കും. നിക്ഷേപിക്കുമ്പോഴോ നിക്ഷേപത്തിൽനിന്ന് വരുമാനം ലഭിക്കുമ്പോഴോ ആദായനികുതി ഇളവുകളൊന്നുമില്ല. പലിശ വരുമാനത്തിന് ആദായനികുതി നൽകണമെന്നുചുരുക്കം. നേട്ടങ്ങൾ ഉയർന്ന പലിശനിരക്ക്: ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ഉയർന്ന പലിശനിരക്കാണ് ബോണ്ടിനുള്ളത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിന് നിലവിൽ ലഭിക്കുന്ന പലിശ 6.8ശതമാനമാണ്. ബാങ്കുകളിലെ സ്ഥിര നിക്ഷേപം പിപിഎഫ്(7.1%)എന്നിവയുമായി താരതമ്യംചെയ്യുമ്പോഴും ആദായനിരക്ക് കൂടുതലാണ്. ഇടക്കിടെ മാറുന്ന പലിശ: വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതായതിനാൽ പലിശ നിരക്കിൽ ആറുമാസംകൂടമ്പോൾ മാറ്റമുണ്ടാകും. പലിശ ഉയരുന്ന സാഹചര്യംവന്നാൽ നിക്ഷേപകന് ഗുണകരമാകും. എൻഎസ് സിയുടെ പലിശ നിരക്ക് ഉയരുന്നതിന് ആനുപാതികമായിട്ടാകും ബോണ്ടിന്റെ നിരക്കിലും മാറ്റമുണ്ടാകുക. നഷ്ടസാധ്യതയില്ല: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന കടപ്പത്രമായതിനാൽ നഷ്ടസാധ്യത തീരെയില്ലെന്നുപറയാം. സ്ഥിര വരുമാനം: നിശ്ചിത ഇടവേളകലിൽ സ്ഥിരമായി വരുമാനം ബോണ്ടിൽനിന്ന് ലഭിക്കും. ആറുമാസംകൂടുമ്പോഴാണ് പലിശ ബാങ്കിലെത്തുക. പോരായ്മകൾ നിക്ഷേപത്തിനായി പദ്ധതികൾ തേടുമ്പോൾ നികുതി ബാധ്യതയെക്കുറിച്ചാണ് ആദ്യം ആലോചിക്കുക. നിലവിൽ ബോണ്ടിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യങ്ങളൊന്നുമില്ല. പലിശ നിരക്കിലെ റിസ്ക് ആറുമാസത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാൽ ഭാവിയിൽ ആദായംകുറയാനും കൂടാനും സാധ്യതയുണ്ട്. കൂട്ടുപലിശയുടെ നേട്ടമില്ല ആറുമാസംകൂടുമ്പോൾ പലിശ നൽകുന്നതിനാൽ പലിശയ്ക്കുമേൽ പലിശലഭിക്കാനുള്ള അവസരമില്ല. ലഭിക്കുന്ന പലിശ മറ്റ പദ്ധതികളിൽ വീണ്ടും നിക്ഷേപിച്ച് കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. പണമാക്കൽ കാലാവധിയെത്തുംമുമ്പ് നിക്ഷേപം പിൻവലിക്കാനാൻ ബുദ്ധിമുട്ടാണ്. ബോണ്ട് പണയംവെച്ച് വായ്പയെടുക്കാനും കഴിയില്ല. അനുയോജ്യം ബാങ്ക് നിക്ഷേപവും ലഘു സമ്പാദ്യ പദ്ധതികളുമായി താരതമ്യംചെയ്യുമ്പോൾ ബോണ്ടിൽനിന്നുള്ള ആദായം കൂടുതലാണ്. സുരക്ഷിത നിക്ഷേപമെന്നനിലയിൽ ആദ്യഗണത്തിൽതന്നെ ഈ പദ്ധതി പരിഗണിക്കാം. നിശ്ചിത വരുമാനം ഇടവേളകളിൽ ആവശ്യമുള്ളവർക്കും പദ്ധതി ഗുണകരമാണ്. അതേസമയം, ഉയർന്ന സ്ലാബിൽ(20ശതമാനം മുതൽ 30ശതമാനംവരെ)ആദായനികുതി നൽകുന്നവർക്ക് പദ്ധതിയിൽനിന്നുള്ള നേട്ടം പരമിതമായിരിക്കും, പ്രത്യേകിച്ച് പണപ്പെരുപ്പനിരക്കുമായി താരതമ്യംചെയ്യുമ്പോൾ. feedbacks to: antonycdavis@gmail.com
from money rss https://bit.ly/35iRBRw
via IFTTT
from money rss https://bit.ly/35iRBRw
via IFTTT