ഏപ്രിൽ ഒന്നിന് അവസാനിച്ച വ്യാപാര ആഴ്ചയിൽ വിപണി രണ്ടുശതമാനത്തിലേറെയാണ് നേട്ടമുണ്ടാക്കിയത്. യുഎസിൽ ഉത്തേജനപാക്കേജ് പ്രഖ്യാപിച്ചത് ആഗോളതലത്തിലും ജിഎസ്ടി വരുമാനത്തിൽ റെക്കോഡ് നേട്ടമുണ്ടാക്കിയത് ആഭ്യന്തരതലത്തിലും വിപണിയിൽ ചലനമുണ്ടാക്കി. അതേസമയം, രാജ്യത്ത് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ ആശങ്ക നിലനിൽക്കുന്നുമുണ്ട്. മൂന്നുദിവസംമാത്രം നീണ്ടുനിന്ന വ്യാപാര ആഴ്ചയിൽ സെൻസെക്സ് 1,021.33 പോയന്റാണ് നേട്ടമുണ്ടാക്കിയത്. 50,029.83ൽ ക്ലോസ്ചെയ്തു. നിഫ്റ്റിയാകട്ടെ 360.05 പോയന്റ് ഉയർന്ന് 14,867.35ലുമെത്തി. എച്ച്സിഎൽ ടെക്നോളജീസ്, ഐടിസി, ഇൻഡസിൻഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ബജാജ് ഓട്ടോ എന്നീ ഓഹരികളാണ് ഈ വിഭാഗത്തിൽ മികച്ചനേട്ടമുണ്ടാക്കിയത്. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക 3.9ശതമാനവും ഉയർന്നു. പ്രകാശ് ഇൻഡസ്ട്രീസ്, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻസ്, ടാറ്റ മെറ്റാലിക്സ്, ഗ്രാഫൈറ്റ് ഇന്ത്യ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. മിഡ്ക്യാപ് സൂചികയാകട്ടെ 2.7ശതമാനവുംനേട്ടമുണ്ടാക്കി. അദാനി ട്രാൻസ്മിഷൻ, ജിൻഡാൽ സ്റ്റീൽ, അദാനി എന്റർപ്രൈസസ്, വോഡാഫോൺ ഐഡിയ, സെയിൽ, ഗ്ലൈൻമാർക്ക് തുടങ്ങിയ ഓഹരികൾ 7-15ശശതമാനം നേട്ടത്തോടെ സൂചികയ്ക്ക് കരുത്തായി. ലാർജ് ക്യാപ് സൂചിക 2.5ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ലിയു സ്റ്റീൽ, ടാറ്റ സ്റ്റീൽ, എൻഎംഡിസി, ഹിൻഡാൽകോ, ബാങ്ക് ഓഫ് ബറോഡ, ഗെയിൽ തുടങ്ങിയ ഓഹരികളാണ് ലാർജ് ക്യാപിൽ മുൻനിരയിലെത്തിയത്. 36,679.56 കോടി രൂപ കൂട്ടിച്ചേർത്ത് വിപണിമൂല്യത്തിന്റെകാര്യത്തിൽ ടിസിഎസ് മുന്നിലെത്തി. ഇൻഫോസിസിന്റെ മൂല്യം 20,877.24 കോടിയും ഹിന്ദുസ്ഥാൻ യുണിലിവറിന്റ മൂല്യം 19,842.1 കോടിയും വർധിച്ചു. അതേസമയം, എച്ച്ഡിഎഫ്സി ബാങ്കിന് 3142.29 കോടിയും ഭാരതി എയർടെലിന് 768.88 കോടി രൂപയും ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷന് 171.38 കോടിരൂപയും നഷ്ടമായി. നിഫ്റ്റി മെറ്റൽ സൂചിക 8.6ശതമാനവും പൊതുമേഖല ബാങ്ക് സൂചിക 4.7ശതമാനവും ഫാർമ സൂചിക നാല് ശതമാനവും നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പോയവാരം അറ്റവിൽപ്പനക്കാരായി. 767.03 കോടി മൂല്യമുള്ള ഓഹരികളാണ് അവർ വിറ്റഴിഞ്ഞത്. അതേസമയം, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 3,965.69 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുംചെയ്തു. മാർച്ചിലെ കണക്കെടുക്കുകയാണെങ്കിൽ 1,245.22 കോടി രൂപയുടെ ഓഹരികൾ വിദേശനിക്ഷേപകർ പോക്കറ്റിലാക്കി. 5,204.42 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും. വരും ആഴ്ച വരും ആഴ്ചയിലും വിപണി മികച്ചനേട്ടമുണ്ടാക്കാനാണ് സാധ്യത. പുറത്തുവരാനിരിക്കുന്ന കോർപ്പറേറ്റ് പ്രവർത്തന ഫലങ്ങളാകും അത് എത്രത്തോളമുണ്ടാകുമെന്ന് തീരുമാനിക്കുക. ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയതും വിപണിയെ ചലിപ്പിക്കും. സമ്പദ്ഘടനയുടെ ഉയർത്തെഴുന്നേൽപ്പാണ് ജിഎസ്ടി വരുമാനത്തിൽ പ്രകടമായത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുംആഭ്യന്തര നിക്ഷേപകരും വിപണിയുടെ നേട്ടത്തിൽ പങ്കുകാരാകുമെന്നകാര്യത്തിലും സംശയമില്ല.
from money rss https://bit.ly/31PpPch
via IFTTT
from money rss https://bit.ly/31PpPch
via IFTTT