പെരുകുന്ന വിലക്കയറ്റനിരക്കുകാരണം ധനകാര്യ നയരൂപീകരണ കമ്മിറ്റി (എംപിസി ) കഴിഞ്ഞ യോഗത്തിൽ പലിശനിരക്കു വർധനയ്ക്കു താൽക്കാലിക വിരാമംനൽകി. ഉപഭോക്തൃവില സൂചികയനുസരിച്ച് ജൂലൈ മാസത്തെ വിലക്കയറ്റനിരക്കു 6.9 ശതമാനമായിരുന്നു. പരമവധി 6 ശതമാനംഎന്ന പരിധിയാണിതുമറികടന്നത്. 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും വിലക്കയറ്റ നിരക്ക് ഉയർന്നതോതിൽതന്നെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ കണക്കു കൂട്ടൽ. വർധിക്കുന്ന വിലക്കയറ്റനിരക്കു ആർബിഐയെ പലിശ നിരക്കു നിർണയ സംവിധാനം ഉപയോഗിക്കുന്നതു തടഞ്ഞിരിക്കയാണ്. ഇതോടെ തുറന്ന വിപണി പ്രക്രിയ (ഒഎംഒ )പോലുള്ള ഇതര പരിഹാരങ്ങളിലേക്ക് അവരുടെ ശ്രദ്ധതിരിച്ചു. വിപണിയിലെ പണമൊഴുക്കു നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതാണ് ഒഎംഒ. വിപണിയിലേക്കു കൂടുതൽ പണം എത്തിക്കണമെങ്കിൽ ആർബി ഐ സർക്കാർ സെക്യൂരിറ്റികൾ വാങ്ങും. പണമൊഴുക്കു നിയന്ത്രിക്കേണ്ടി വരുമ്പോൾ ഗവണ്മെന്റ് സെക്യൂരിറ്റികൾ വിൽക്കുകയാണുചെയ്യുക. കഴിഞ്ഞ ഡിസമ്പർ മുതൽ ആർബിഐ ഹൃസ്വകാല സെക്യൂരിറ്റികൾ ഇടവിട്ടു വിൽപനനടത്തുകയും ദീർഘകാല സെക്യൂരിറ്റികൾ വാങ്ങുകയും ചെയ്യുന്ന പ്രത്യേക ഒഎംഒ സംവിധാനം നടപ്പാക്കി വരികയാണ്. ഇവിടെ ഒഎംഒയുടെ ലക്ഷ്യം പണത്തിന്റെ ഒഴുക്കു നിയന്ത്രിക്കുകയല്ല, മറിച്ച് വരുമാന വക്രത (യീൽഡ് കർവ്) കൈകാര്യം ചെയ്യുകയാണ്. ഓപറേഷൻ ട്വിസ്റ്റന്റെ ഇന്ത്യൻ പതിപ്പായി ഇത് അറിയപ്പെടുകയും ചെയ്തു. 1961ൽ അമേരിക്കൻ കേന്ദ്ര ബാങ്കാണ് ആദ്യമായി ഓപറേഷൻ ട്വിസ്റ്റ് പ്രയോഗിച്ചത്. പിന്നീട് 2011ൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിൽനിന്നു കരകയറ്റാനും ഈവിദ്യ പരീക്ഷിച്ചു. ഓപറേഷൻ ട്വിസ്റ്റിലൂടെ ദീർഘകാല ഓഹരി വരുമാനം താഴ്ത്തിക്കൊണ്ടുവരാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ബോണ്ട് വിലകളും ബോണ്ട് വരുമാനവും തമ്മിൽ പരസ്പര വിരുദ്ധമായ ബന്ധമാണു നിലനിൽക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ റിസർവ് ബാങ്ക് ദീർഘകാല ബോണ്ടുകൾ വാങ്ങുമ്പോൾ അതിന്റെ ഡിമാന്റുവർധിക്കുകയും ബോണ്ടു വിലകൾ കൂടുകയും ചെയ്യും. ദീർഘകാല ബോണ്ടുകളുടെ വില വർധിക്കുമ്പോൾ അതിന്റെ വരുമാനം കുറയുകയാണ് ചെയ്യുക. ദീർഘകാല ബോണ്ടു വരുമാനം കുറയുമ്പോൾ വായ്പാചിലവു കുറയുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കടമെടുക്കുന്നവർക്ക് ഇതുഗുണകരമാണ്. 2021 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാരിന്റെ കടമെടുപ്പുതുക 12 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. സർക്കാർ ബോണ്ടുകൾ, പ്രത്യേകിച്ച് ദീർഘകാല ബോണ്ടുകൾ വിപണിയിൽ യഥേഷ്ടം നിറയുന്നത് ബോണ്ടു വരുമാനം മുകളിലേക്കുപോകാൻ കാരണമാകുന്നു. താഴ്ന്ന പലിശയും ഇഷ്ടംപോലെ പണലഭ്യതയുമുള്ള സാഹചര്യത്തിലും ദീർഘകാല ബോണ്ടു വരുമാനത്തിൽ സാനുപാതികമായ താഴ്ച ഉണ്ടായില്ല. സമാനമായി, ആർബിഐ പലിശനിരക്കു ഉടൻ കുറയ്ക്കില്ല എന്ന വാർത്തയും ദീർഘകാല ബോണ്ടുകളുടെ വരുമാനം കൂടാൻ കാരണമായിട്ടുണ്ട്. ഈപശ്ചാത്തലത്തിലാണ് ഓപ്പൺമാർക്കറ്റ് ഓപ്പറേഷൻസ് വഴി ആർബിഐ, സർക്കാർ സെക്യൂരിറ്റികളുടെ ഇടവിട്ടുള്ള വാങ്ങലും വിൽപനയും നടത്തുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് 27, സെപ്തംബർ 3 തിയതികളിൽ 10,000 കോടി വീതം 20,000 കോടി രൂപയ്ക്കുള്ള ഇടപാടാണു രണ്ടുഘട്ടങ്ങളായി നടക്കുക. ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ സർക്കാരിന് വിപണിയിൽനിന്ന് കുറഞ്ഞ ചിലവിൽ പണം കടമെടുക്കാൻകഴിയും. കോർപറേറ്റ് ബോണ്ടുവരുമാനവും ഈ ക്രമത്തിലായതിനാൽ കോർപറേറ്റ് മേഘലയ്ക്കും ഗുണകരമാണ്. ഉദാഹരണത്തിന് സർക്കാർ ഓഹരികളുടെ വരുമാനം കൂടിയാൽ കോർപറേറ്റ് ബോണ്ടുകളിൽ നിക്ഷേപകർ കൂടിയവരുമാനം ആവശ്യപ്പെടും. ഇങ്ങിനെ വരുന്നത് കോർപറേറ്റ് സെക്ടറിൽ വായ്പാ ചിലവുവർധിപ്പിക്കും. റിസർവ് ബാങ്കിന്റെ ഒഎംഒയിലൂടെ ദീർഘകാല സർക്കാർ ഓഹരികളും കോർപറേറ്റ് ഓഹരികളും തമ്മിലുള്ള അകലം കുറയാനിടയാക്കും. എങ്കിലും, ധനകമ്മിയുടെ വ്യാപ്തി വർധിക്കുകയും വിപണിയിൽ നിന്നുള്ള സർക്കാർ വായ്പകൂടുകയും ചെയ്യുന്നത് ഓഹരി വിപണിയിലെ ട്രെന്റ് വിരുദ്ധമാക്കിയേക്കാം. അത്തരം സാഹചര്യത്തിൽ ഒഎംഒ യിലൂടെ റിസർവ് ബാങ്ക് സജീവമായി ബോണ്ടു വിപണിയിൽ ഇടപെട്ട് സ്ഥിതിഗതികൾ തണുപ്പിക്കേണ്ടിവരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)
from money rss https://bit.ly/3hEYmAz
via
IFTTT