കോവിഡിനെതുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നിൽകണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്നകാര്യത്തിൽ സംശയമില്ല. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനൽകുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക. അടുത്തകാലത്തായി ജനങ്ങൾക്ക് സ്വാഭാവികമായുമുള്ള സംശയം ബജറ്റിലെ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുമോയെന്നതാണ്. പദ്ധതികൾ പ്രഖ്യാപിക്കയും യഥാസമയം അതുനടപ്പാക്കുകയുംചെയ്യുമ്പോഴാണ് ബജറ്റ് അർത്ഥവത്താകുന്നത്. 2018, 2019 വർഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേൽപ്പിച്ചിരുന്നു. വികസനപ്രവർത്തനങ്ങൾ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികൾ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്നകാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളിൽ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സർക്കാരിനായെന്നകാര്യത്തിൽ സംശയമില്ല. പ്രതീക്ഷകൾ കോവിഡ് വ്യാപനത്തെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി താഴെത്തട്ടിൽവരെ രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വിവിധമേഖലകൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾക്ക് സർക്കാർ രൂപംനൽകിയേക്കും. ഗൾഫിൽനിന്ന് തിരിച്ചെത്തിയവർ ഉൾപ്പടെ നാട്ടിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് അനുകൂലമായ പദ്ധതികളും പ്രോത്സാഹനങ്ങളും ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. കോവിഡിനെതുടർന്ന് ഏറ്റവും പ്രതിസന്ധിനേരിട്ട വിഭാഗമാണ് വ്യാപാരികൾ. ഏറെക്കാലം അടച്ചിട്ടതിനാൽ കച്ചവടക്കാരിൽ ഭൂരിഭാഗവും കടക്കെണിയിലുമാണ്. വരുമാനമില്ലാതെ വായ്പ തിരിച്ചടക്കാനാവാതെ നട്ടംതിരിയുകയാണ് പലരും. വ്യാപാരി സമൂഹത്തെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കാം. ജോലി നഷ്ടപ്പെട്ടവലിയൊരു സമൂഹവും പ്രതീക്ഷയോടെയാണ് ബജറ്റിന നോക്കിക്കാണുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റിൽ നികുതിഭാരമുണ്ടാകില്ലെന്നും ഇളവുകളുണ്ടാകുമെന്നും അദ്ദേഹം സൂചനനൽകിയിട്ടുണ്ട്.പുതിയ നിയമങ്ങൾക്കെതിരയെുള്ള കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് പ്രത്യേക സഹായവും ബജറ്റിൽ പ്രഖ്യാപിക്കും. കാർഷികമേഖലയ്ക്ക് സ്വാഭാവികമായും ബജറ്റിൽ ഊന്നലുണ്ടാകും. വലിയൊരുവിഭാഗം വോട്ടർമാരെ കയ്യിലെടുക്കാൻ കാലാകാലങ്ങളിലായി സർക്കാരുകൾ പ്രയോഗിച്ചുവരുന്ന ബ്രഹ്മാസ്ത്രമാണ് ക്ഷേമപെൻഷനുകളുടെ വർധന. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ ബജറ്റിൽ പ്രഥമപരിഗണന ക്ഷേമപെൻഷനുകളുടെവർധനയ്ക്കുണ്ടാകും. ഇതുമനസിലാക്കി ഒരുമുഴംമുമ്പെ എറിഞ്ഞവടിയാണ് യുഡിഎഫ് സർക്കാരിന്റെ ന്യായ് പദ്ധതി. സർക്കാർ അധികാരത്തിൽവന്നാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ(വർഷം 72,000 രൂപ)നൽകുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്. ജനകീയ പദ്ധതികൾക്കൊപ്പം വൻകിട വികസന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാനും സർക്കാരിനാവില്ല. മലയോര ഹൈവേ, വിഴിഞ്ഞം, കോവളം-ബേക്കൽ ഉൾനാടൻ ജലപാത, അതിവേഗ റെയിൽപാത തുടങ്ങിയവ ഇനിയും കടലാസിൽമാത്രമാണ്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനോടൊപ്പം പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുകയെന്നതുമാണ് സർക്കാർ നേരിടുന്നവെല്ലുവിളി. എങ്ങനെ അധികവിഭവ സമാഹരണം നടത്തി ഈ വെല്ലുവിളിയെ അതിജീവിക്കുമെന്നാണ് കണ്ടറിയേണ്ടത്. വെല്ലുവിളി 60,000 കോടി രൂപയുടെ 821 വികസന പദ്ധതികൾ ഇപ്പോൾതന്നെ കിഫ്ബിവഴി സർക്കാർ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളിൽ പലതും പാതിവഴിയിലുമാണ്. ഖജനാവിൽ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങൾക്കൊരുങ്ങുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉൾപ്പെടയുള്ള അധികബാധ്യതകൂടി മുന്നിൽകാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തിൽ സർക്കാരിന് കഴിയില്ല. അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴിൽനഷ്ടവും രൂക്ഷമായതിനാൽ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വർധിപ്പിക്കുന്നകാര്യത്തിൽ സർക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവർധന ഉൾപ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവർത്തനങ്ങൾക്ക് വീണ്ടുംവീണ്ടും കടമെടുക്കുകയെന്നതാണ്. കേന്ദ്ര ധനവിനിയോഗ വകുപ്പ് നിർദേശിച്ച ബിസിനസ് സൗഹൃദ പരിഷ്കാരങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് പൊതുവിപണിയിൽനിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാൻ കേന്ദ്രം കേരളത്തിന് ഇപ്പോൾ അനുമതി നൽകിയിട്ടുണ്ട്.കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങൾക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിർദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷൻ കാർഡ്, ബിസിനസ് സൗഹൃദ പരിഷ്കരണങ്ങൾ, തദ്ദേശസ്ഥാപന പരിഷ്കരണം, വൈദ്യുതി മേഖലയിലെ പരിഷ്കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി. സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നിൽ രണ്ടുഭാഗവും നികുതിവരുമാനത്തിൽനിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉൾപ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകൾ. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വർധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തിൽ 38ശതമാനവും നികുതിയേതരവരുമാനത്തിൽ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള ബജറ്റുകൾ എത്രത്തോളം പ്രസക്തമാണന്നകാര്യമാണ് ശ്രദ്ധേയം. പലപ്പോഴും അതൊരു പ്രകടനപത്രികയുടെ സാധ്യതകൾമാത്രമായി ചുരുങ്ങുന്നുവെന്നതാണ് യാഥാർഥ്യം. ബജറ്റിന്റെ നിലനിൽപ്പുപോലും വരുന്ന തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽവരുന്നുഎന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
from money rss https://bit.ly/2KbZ3pq
via IFTTT
from money rss https://bit.ly/2KbZ3pq
via IFTTT