വെസ്റ്റ്ബാങ്കിനെ ഇസ്രേയേലിനൊപ്പം ചേര്‍ക്കുമെന്നാണ് അവിടുത്തെ ഭരണാധികാരികള്‍ പറയുന്നത്. ജൂലൈ ഒന്നിന് ഇതിന്റെ നടപടികള്‍ തുടങ്ങുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. പലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമായതിനാല്‍ തന്നെ ഇസ്രായേല്‍ തീരുമാനത്തെ ലോകത്തെ വിവിധ രാജ്യങ്ങളും സംഘടനകളും എതിര്‍ക്കുകയാണ്. വെസ്റ്റ്ബാങ്കിനെ ഔദ്യോഗികമായി തന്നെ ഇസ്രായേലിന്റെ ഭാഗമാക്കുന്നതോടെ, സ്വതന്ത്ര്യ രാഷ്ട്രമായി നിലനില്‍ക്കാനുള്ള പലസ്തീന്റെ ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയാകും
എവിടെയാണ് വെസ്റ്റ്ബാങ്ക്
പേര് സൂചിപ്പിക്കുന്നത് പോലെ അത് ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗത്താണ്. ഇതിന്റെ വടക്കും പടിഞ്ഞാറും തെക്കും ഭാഗത്ത് ഇസ്രായേലും കിഴക്ക് ജോര്‍ദ്ദാനും സ്ഥിതി ചെയ്യുന്നു.
1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കുന്നത്. പലസ്തീന്‍ അത് അവരുടെ അധീനതയിലുള്ള പ്രദേശമാണമെന്ന് പറയുന്നു. 21 നും 30 നും ലക്ഷത്തിനിടയില്‍ പലസ്തീന്‍കാരായ അറബ് വംശജര്‍ ഇവിടെ താമസിക്കുന്നുവെന്നാണ് വിവിധ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ആക്രമത്തിലൂടെ പിടിച്ചെടുത്ത പ്രദേശം എന്ന നിലയില്‍ ഇവിടെ ഇസ്രേയേല്‍ വിവിധ കോളനികളും ഉണ്ടാക്കിയിട്ടുണ്ട്. 132 സെറ്റില്‍മെന്റ് കോളനികൾ ഇസ്രായേല്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇസ്രായേല്‍ കോളനികൾ സ്ഥാപിച്ചത് അന്താരാഷ്ട്ര നിയമ പ്രകാരം ശരിയല്ലെന്ന നിഗമനത്തിലാണ് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും. എന്നാല്‍ ഇസ്രായേലിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിച്ചത്.
ഇപ്പോഴെന്താണ് ഇസ്രയേല്‍ ചെയ്യുമെന്ന പ്രഖ്യാപിച്ചിരിക്കുന്നത്?
ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആദ്യം പറഞ്ഞത് വെസ്റ്റ് ബാങ്കിനെ ഇസ്രയേലിന്റെ അധീനതയിലാക്കുമെന്നാണ്. അതായത് കൂട്ടിച്ചേര്‍ക്കുമെന്ന്. ഇത് പ്രത്യക്ഷത്തില്‍തന്നെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ്. ഇസ്രായേലിന്റെ പരമാധികാരത്തിന് കീഴില്‍ ആക്കുകയെന്നതാണ് കൂട്ടിചേര്‍ക്കല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂത കുടിയേറ്റമേഖലകളില്‍ ഇസ്രേല്‍ പരമാധികാരം നടപ്പിലാക്കുമെന്നാണ് ഉദ്ദേശിച്ചതെന്നാണ് നെതന്യാഹു വിശദീകരിച്ചത്. അങ്ങനെ നടപ്പിലാക്കിയാല്‍ ഇവിടെ ഉള്ള പലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രായേല്‍ പരമാധികാര മേഖലകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കും. വെസ്റ്റ്ബാങ്കിന്റെ 30 ശതമാനവും ഇത്തരത്തില്‍ ഇസ്രയേല്‍ പരമാധികാരത്തിന്‍ കീഴില്‍ വരുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി പ്രദേശങ്ങള്‍ പിന്നീട് അധീനതയിലാക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ അധികാരികള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
വെസ്റ്റ്ബാങ്ക് ചരിത്രപരമായി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പലസ്തീന്‍ വ്യക്തമാക്കുന്നത്. വെസ്റ്റ്ബാങ്കും ഗാസ സ്ട്രീപ്പും തങ്ങളുടെ സ്വതന്ത്ര്യരാജ്യത്തിന്റെ ഭാഗമാകേണ്ട പ്രദേശങ്ങളാണെന്ന് പലസ്തീന്‍ നിലപാടിനൊപ്പമാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളും എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇതുവരെ ഇസ്രായേല്‍ തയ്യാറായിട്ടില്ല.
അധിനിവേശത്തിനുള്ള ഇസ്രായേല്‍ ന്യായികരണങ്ങള്‍ എന്തൊക്കെയാണ്
ജൂതന്മാരുടെ വിശുദ്ധ ദേശമാണ് വെസ്റ്റ്ബാങ്ക് എന്നും അതുകൊണ്ട് തന്നെ അതിന്റെ അവകാശികള്‍ തങ്ങളാണെന്നുമുളള വാദമാണ് ഇസ്രായേല്‍ മുന്നോട്ടുവെയ്ക്കുന്നത്. അതുപോലെ ജോര്‍ദാന്‍ താഴ് വര ഇസ്രായേലിന്റെ സുരക്ഷയ്ക്ക് പ്രധാനമാണെന്നും അവര്‍ വാദിക്കുന്നു. വെസ്റ്റ്ബാങ്കിലെ പ്രദേശങ്ങള്‍ക്ക് മേല്‍ ഇസ്രേയേല്‍ പരമാധികാരം സ്ഥാപിക്കുന്നത് ഒരു തരത്തിലും പലസ്തിനുമായുള്ള സമാധാന ശ്രമങ്ങളെ ബാധിക്കേണ്ട കാര്യമില്ലെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.
ഇതില്‍ ട്രംപിന്റെ നിലപാട് എന്താണ്. അമേരിക്കയുടെ നിലപാടില്‍ മാറ്റമുണ്ടായോ
അമേരിക്കയുടെ നിലപാടില്‍ മാറ്റം ഉണ്ടായി. നേരത്തെ വെസ്റ്റ്ബാങ്കിലെ പ്രദേശങ്ങള്‍ ഇസ്രായേല്‍ പരമാധികാരം പ്രഖ്യാപിക്കുന്നതിനോട് അമേരിക്കയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ട്രംപ് പ്രഖ്യാപിച്ച ഇസ്രായേല്‍ പലസ്തീന്‍ സമാധാന നിര്‍ദ്ദേശങ്ങളില്‍ ഇതുകൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. അമേരിക്കയിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ്. അതുകൊണ്ട് തന്നെ നവംബറിലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വെസ്റ്റ് ബാങ്ക് പദ്ധതി നടപ്പിലാക്കാനാണ് നെതന്യാഹുവിന്റെ നീക്കം. ഇസ്രായേലിലെ നാഷണൽ യുണിറ്റി സര്‍ക്കാര്‍ ജൂലൈ ഒന്നുമുതല്‍ ഇതിന്റെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണ്
ഇസ്രായേല്‍ ഇതിനകം തന്നെ ഈ മേഖലയില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപ്പോള്‍ പുതിയ നടപടി അടിസ്ഥാനപരമായി എന്തുമാറ്റമാണ് ഉണ്ടാക്കുക
ഇപ്പോള്‍ തന്നെ ഇസ്രായേല്‍ നിയമങ്ങള്‍ വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കോളനികള്‍ക്ക് ബാധകമാണ്. അതേസമയം പലസ്തീന്‍കാര്‍ക്ക് ബാധകമല്ല. നേരത്തെ ഇവിടെ കോളനികളും അതുപോലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തണമെങ്കില്‍ ഇസ്രേയേല്‍ സര്‍ക്കാരിന്റെ അനുമതി വേണമായിരുന്നു. എന്നാല്‍ പുതിയ നീക്കം നടപ്പിലാക്കിയാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി തീരുമാനിക്കാന്‍ കഴിയും. ഇവിടെ താമസിക്കുന്ന പലസ്തീന്‍ വംശജര്‍ക്കും ഇസ്രേയല്‍ തീരുമാനങ്ങള്‍ ബാധകമാക്കാനും സാധ്യതയുണ്ട്. ഇസ്രായേലിന്റെ നീക്കം പലസ്തീനുനമായി നിലനിൽക്കുന്ന സംഘർഷം വർധിപ്പിക്കും. പശ്ചിമേഷ്യ കൂടുതൽ സംഘർഷ ഭരിതമാക്കാനും ഇത് കാരണമാകുും. അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉപയോഗി്ച്ച് ഇസ്രേയിലിനെ പിന്തിരിപ്പിക്കാനാണ് പലസ്തീന്‍ ശ്രമം നടത്തുന്നത്. ഐക്യരാഷട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്രസ്, യൂറോപ്യന്‍ യൂണിയന്‍, അറബ് രാജ്യങ്ങള്‍ എന്നിവര്‍ ഇതിനകം തന്നെ ഇസ്രായേലിന്റെ നീക്കത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്.
* This article was originally published here