Story Dated: Saturday, January 10, 2015 08:17
തലയോലപ്പറമ്പ്: ജില്ലയിലെ അറിയപ്പെടുന്ന മൂന്ന് സെറ്റില്‍മെന്റ് കോളനികള്‍ സ്‌ഥിതിചെയ്യുന്ന വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സംഘം വിലസുന്നു. സംഘങ്ങളുടെ പ്രവര്‍ത്തനം അതിരുവിട്ടിട്ടും ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് റവന്യു വില്ലേജ് അധികൃതര്‍ക്ക്. പ്രധാന സെറ്റില്‍മെന്റ് കോളനികളാ മടത്തേടം, ഇറുമ്പയം, ചന്ദ്രാമല പ്രദേശങ്ങളിലുള്ള സാധാരണക്കാരായ പട്ടികജാതി കുടുംബങ്ങളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
രാജ്യത്തിന്റെ അഭിമാനമായി മാറിയ മേവെള്ളൂര്‍ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കായിക താരങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍പോലും ഇവരുടെ ഇടപെടലുകള്‍മൂലം നഷ്‌ടമായിക്കൊണ്ടിരിക്കുകയാണെന്ന് നഷ്‌ടമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യാപകപരാതി ഉയര്‍ന്നുകഴിഞ്ഞു. വ്യാജസര്‍ട്ടിഫിക്കറ്റുകളും രേഖകളും കൃത്രിമമായി നിര്‍മിച്ചാണ് ഇവരുടെ വിളയാട്ടം. ആനുകൂല്യങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ സംശയം പ്രകടിപ്പിക്കുന്ന ഉദ്യോഗസ്‌ഥരെ ഇവര്‍ പടിനല്‍കി വശത്താക്കുന്നു.
പട്ടികജാതി കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ഭവനനിര്‍മാണം, വീട് അറ്റകുറ്റപണി, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയാണ് വ്യാജരേഖകളുണ്ടാക്കി കവര്‍ന്നെടുക്കുന്നത്. യാതൊരു മാനദണ്‌ഡവുമില്ലാതെ പഞ്ചായത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന വ്യാജസംഘടനകളാണ് ഇതിനുവേണ്ട എല്ലാ കരുക്കളും നീക്കുന്നതെന്ന് കെ.പി.എം.എസ് പഞ്ചായത്ത്‌തല മോണിട്ടറിംഗ് കമ്മിറ്റി ആരോപിക്കുന്നു. മൂന്ന് സെറ്റില്‍മെന്റ് കോളനികളുടേയും പുരോഗതി ഉറപ്പുവരുത്തുവാന്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ക്കും ഇവര്‍ തുരങ്കം വെക്കുന്നു.
വരുമാന ലഭ്യതയില്‍ ജില്ലയില്‍ മുന്നില്‍നില്‍ക്കുന്ന പഞ്ചായത്തിലെ മൂന്ന് സെറ്റില്‍മെന്റ് കോളനികളിലും കാലാനുസൃതമായ ഒരു വികസന പ്രവര്‍ത്തനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യമേഖലയാണ് തീര്‍ത്തും പരിതാപകരം. കേരളത്തിന് നിരവധി ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്‌ത ഈ കോളനികളില്‍ കായികരംഗത്തെ സജീവമാക്കുവാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
വനിത സ്‌പോര്‍ട്ട്‌സ് അക്കാദമിയെ സജീവമാക്കുന്നത് കോളനികള്‍ സംഭാവന ചെയ്‌ത കായികതാരങ്ങളാണ്. ഇറുമ്പയം കോളനിയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊതുശ്‌മശാനം കയ്യേറ്റത്തിലൂടെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 41 സെന്റില്‍ നിലനിന്നിരുന്ന ശ്‌മശാനം ഇപ്പോള്‍ 11 സെന്റായി ചുരുങ്ങിയതായി ആക്ഷേപമുണ്ട്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അനേ്വഷണം നടത്തണമെന്നും പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നവരെ അറസ്‌റ്റ് ചെയ്യണമെന്നും കെ.പി.എം.എസ് ഭാരവാഹികളായ വി.കെ ബാബു, പി.ടി അനില്‍കുമാര്‍, എം.കെ കുഞ്ഞന്‍ എന്നിവര്‍ അധികാരികളോട് ആവശ്യപ്പെട്ടു.